p-t-john-vaidhyan


നരനും നാരിക്കും നാഴികയെത്തുമ്പോള്‍
നരയാകും വെള്ളിവര താനേ വന്നിടും.

നാട്ടുരാജനും കാട്ടുമൂപ്പനും
നാടന്‍ പെണ്ണിനും നാടോടി പെണ്ണിനും
നേരറിയുന്നോനും നേരറിയാത്തോനും
നേരം നോക്കാതൊരുന്നാള്‍ നരച്ചിടും.

നന്മ വിതച്ചോനും 
തിന്മ വിതച്ചോനും
നരയ്ക്കുമതില്‍ വ്യത്യാസമേതുമില്ല.
നാലുകെട്ടിലും നാടന്‍കുടിലിലും
നാനാ ജാതിക്കും നാനാ ദേശക്കാര്‍ക്കും
നക്ഷത്ര നാഴിക ഭേതമൊട്ടില്ലാതെ
നരയുടെ നാളുകള്‍ ഒരുന്നാള്‍ വന്നിടും.

നവയൗവ്വനം നേടാന്‍ കൊതിക്കുന്നോര്‍
നരമാറ്റി മുഖരാഗം മാറ്റാന്‍ ശ്രമിക്കുന്നു
നരയ്ക്കുമേല്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് തേച്ചാലും
നാലുനാള്‍ നില്‍ക്കില്ല വര്‍ണ്ണപ്പകിട്ടുകള്‍.

നാലാളുള്ളൊരു നാല്‍ക്കവലയിലും
നരവന്ന മനുഷ്യന്‍ വന്ദ്യനാകുന്നു .
നാട്ട്കൂട്ടവും നാട്ടിന്‍പുറങ്ങളും
നരവരനെ തേടുന്ന കാലവും വന്നിടും.

നരവാഴും ഭവനം നശിക്കയില്ല
നന്ദി പെരുകിടും നാനാ ദിക്കിലും
നമിക്കുക സാദരം നരവീണ നരനെ
നാമും നാളെ നരയ്ക്കുമെന്നോര്‍ക്കുക.

നടവഴിയില്‍ തള്ളരുതേ നടക്കലിരുത്തരുതേ
നമുക്കിനി നന്മ പെരുകിടുവാനായ്,
നല്ലഫലങ്ങള്‍ നന്നായി നല്‍കിയ
നന്മ വൃക്ഷങ്ങളെ നല്ലപോല്‍ കരുതിടാം.
--------------------------------------------
© p.t.john vaidhyan