premraj-k-k-short-story


മ്പലത്തില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ ഭാര്യ പറഞ്ഞു 
'ചെരുപ്പ് എടുക്കാന്‍ മറക്കേണ്ട കേട്ടോ..'
ഓ, പിന്നെ ഞാന്‍ ആണല്ലോ എപ്പോഴും ചെരുപ്പ് എടുക്കാന്‍ മറക്കുന്നത്.. കുറച്ചു ദിവസം മുമ്പ് ഇവളാണ് ഒരു വീട്ടില്‍ വിരുന്നിനു പോയി ചെരുപ്പ് എടുക്കാന്‍ മറന്നത്..  അനുസരണ ഉള്ളത് നല്ല ദാമ്പത്യ ജീവിതത്തിന് നല്ലതാണു എന്ന് കരുതി ഒന്നും മിണ്ടിയില്ല. 
കയ്യില്‍ ഇരിക്കുന്ന കുഞ്ഞിന് ചെരുപ്പ് ഇല്ലതാനും. 

ചെരുപ്പ് സൂക്ഷിക്കുന്നിടത്തു ആരും ഇരിക്കാറില്ല... റാക്കുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. 
ഇന്നും അങ്ങിനെ തന്നെ. ആരും ഇല്ല. 
എന്റെ ചെരുപ്പ് വെച്ചിരുന്നത് ഏറ്റവും താഴത്തെ മൂന്നാമത്തെ കള്ളിയിലാണ്.. നമ്പര്‍ മൂന്ന് നാലില്‍ ഭാര്യയുടെയും. 
ഇതെന്തു കളിപ്പീരാണ് ഇന്ന്. എന്റെ ചെരുപ്പ് കാണാനില്ല. ഭാര്യ എന്റെ മുഖത്തു നോക്കി എന്ത് പറ്റി എന്ന ചോദ്യവും ആയി നിന്നു . 
'ദേ , ഇവിടൊരു പേപ്പര്‍ തുണ്ട് ' , ജയശ്രീ , എന്റെ ഭാര്യ എനിക്ക് ആ തുണ്ട് കടലാസ് തന്നു. 
അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,  വടിവില്ലാത്ത കൈപ്പടയില്‍. 'ചെരുപ്പ് ഞാന്‍ എടുക്കുന്നു' പിന്നെ ഒരു മൊബൈല്‍ നമ്പറും.. 
ഇത് ആരെടാ ഇങ്ങനെ ചെയ്തത് ! എനിക്ക് അത്ഭുതമായി. 
ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു.. 'ആഹാ, ഇപ്പോള്‍ നിങ്ങടെ ചെരുപ്പും പോയി'..
ഞാന്‍ ചിരിക്കണോ അല്ല ദേഷ്യപ്പെടണോ എന്ന അങ്കലാപ്പിലായി. 
ഒരാഴ്ച ആയില്ല വാങ്ങിയിട്ട്, അതും വല്യ വിലകൂടിയ ഒരെണ്ണം. വല്ല പഴയ ചെരുപ്പും ഇട്ടു വന്നാല്‍ മതിയായിരുന്നു. 
ഏതായാലും നമ്പര്‍ ഉണ്ടല്ലോ, വിളിച്ചു നോക്കാം. 
'രമേശേട്ടാ, നിങ്ങള്‍ ഫോണ്‍ വിളിക്കുകയോ പുതിയൊരെണ്ണം വാങ്ങുകയോ ചെയ്‌തോളൂ, അതിനു മുമ്പ് എന്നെയും മോനെയും വീട്ടില്‍ വിട്ടിട്ടു മതി എല്ലാം..' 
ബൈക്കില്‍ ജയശ്രീയെയും മോനെയും വീട്ടിലേക്കു വിട്ടു. 
ചെരുപ്പില്ലാതെ വണ്ടി ഓടിക്കുന്നതിലുള്ള  ബുദ്ധിമുട്ട് അപ്പോഴാണ് മനസിലായത്. 
ഏതായാലും ചെരുപ്പ് എടുത്തവര്‍ ഒരു മാന്യനാ , മൊബൈല്‍ നമ്പര്‍ എഴുതിവെച്ചിട്ടാണല്ലോ ചെരുപ്പ് എടുത്തത്. വെറും മോഷ്ടാവല്ല, വെറും കള്ളനാ ... 
പണ്ട് ആരോ പാടിയിട്ടുണ്ട് 'വെറും ഒരു മോഷ്ടാവായ എന്നെ നീ കള്ളന്‍ എന്ന് വിളിച്ചില്ലേ ..' 
അങ്ങനെ ഓര്‍ത്തു വീട്ടില്‍ എത്തി. 
ആ ചെറു കടലാസ്സില്‍ നോക്കി ഫോണ്‍ വിളിച്ചു, അങ്ങേ തലക്കല്‍ ശബ്ദം കേട്ടു. 
ഒരു പ്രായമായ സ്ത്രീ ശബ്ദം. 
ഞാന്‍ മലയാളത്തില്‍ പറഞ്ഞു, കാരണം ആ അമ്പലത്തില്‍ പൊതുവെ മലയാളികള്‍ ആണ് വരാറുള്ളത്. 'ഈ നമ്പര്‍ അമ്പലത്തില്‍ ചെരുപ്പ് വെച്ച ഇടത്തുനിന്നും കിട്ടിയതാണ്' 
മറുതലക്കല്‍ നിന്നും 'ഓ, മനസിലായി. ഇങ്ങോര്‍ക്ക് ചെരുപ്പില്ലാതെ നടക്കാനാവില്ല, ആണിരോഗം കാരണം, ' അവര്‍ നിര്‍ത്താതെ തുടര്‍ന്നു . 'അമ്പലത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇങ്ങേരുടെ ചെരുപ്പ് പൊട്ടിപ്പോയി, പിന്നെ ഇങ്ങേരുടെ കാല്‍ വല്യ സൈസ് ആണേ.. പാകമായ ഒന്നും കണ്ടില്ല, നിങ്ങളുടെ ചെരുപ്പാണ് പാകമായതു' 
എനിക്ക് ധൃതിയായി 'ശരി, ഞാന്‍ എവിടെ വരണം? എനിക്ക് ഇനി ആ ചെരുപ്പ് വേണ്ട. പുതിയൊരെണ്ണം വാങ്ങണം' 
സ്ത്രീ പറഞ്ഞു 'ഇങ്ങേര്‍ , ഇവിടില്ല, ഇപ്പോള്‍ വരും '
'ശരി, ഞാന്‍ എവിടെ വരണം എന്ന് പറയൂ '
അവര്‍ തുടര്‍ന്നു 'നിങ്ങള്‍ വീട്ടിലേക്കു വന്നോളൂ'
എനിക്കതു ആശ്വാസമായി, ആളെ കിട്ടിയല്ലോ. വീടെങ്കില്‍ വീട്, പോവുകതന്നെ. 
'ശരി അഡ്രസ് പറയൂ' 
അവര്‍ അഡ്രസ് പറഞ്ഞു.. അധികം ദൂരമില്ല. അമ്പലത്തില്‍ നിന്നും ഏറിയാല്‍ ഒരു കിലോമീറ്റര്‍ .
ഭാര്യ അടുക്കളയില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു എന്റെ സംസാരം. 
'ജയേ , നീ വല്ലതും കഴിക്കാന്‍ എടുത്തുവെക്കൂ , ഞാന്‍ പോയേച്ചും വരാം' 
അവള്‍ പറഞ്ഞു 'പോകുമ്പോള്‍ ഇവനെയും കൂട്ടിക്കോ' 
എനിക്ക് സംശയം ആയി 'ഹേ, അവിടേക്കു പോകാന്‍ ഞാന്‍ എന്തിനാ മോനെ കൂട്ടുന്നത്?'
ജയ : 'നിങ്ങള്‍ക്കു ഒരു കൂട്ടായല്ലോ' അവള്‍ ചിരിച്ചു. 
'ഓ, ശരി ശരി' 
'പിന്നെ, അവിടെന്നും ഒന്നും കഴിക്കാനൊന്നും നിക്കണ്ട, പോവുക, കാശു വാങ്ങുക , വരിക, അത്ര മാത്രം'
'ഓ, ശരി, അപ്പോള്‍ പുതിയൊരെണ്ണം വാങ്ങാന്‍ കടയില്‍ പോകണ്ടേ'
'ഇന്ന് വേണ്ട, അത് നാളെയും ആകാമല്ലോ, എന്നെ ഇവിടെ കുറച്ചു സഹായിക്കൂ മനുഷ്യാ'
ഏതായാലും തിരക്ക് കൂട്ടണ്ടല്ലോ.. സാവധാനത്തില്‍ ഏതാനും ഇഡലിയും ചായയും കുടിച്ചു.  ചെറിയൊരു  തുണി കൊണ്ടുള്ള  ബാഗും കൈയില്‍ കരുതി, ചെരുപ്പ് വാങ്ങാനല്ല , വരുന്ന വഴിയില്‍ എന്തെകിലും പച്ചക്കറിയോ മറ്റോ വാങ്ങാമല്ലോ. പ്ലാസ്റ്റിക് ബാഗുകള്‍ ഇവിടെ  ഉപയോഗിക്കാന്‍ പാടില്ലല്ലോ  

 കല്യാണ്‍ നഗറില്‍   കുറച്ചു  നേരം അന്വേഷിക്കേണ്ടി വന്നു അയാളുടെ വീട് കണ്ടെത്താന്‍. ഒരു ചെറിയ ഇടുങ്ങിയ വഴിയിലൂടെ കയറി ഇടതും വലതും തിരിഞ്ഞു വേണം വീട് എത്താന്‍ . 

ഒടുവില്‍ വീട് കണ്ടുപിടിച്ചു. ഒരു പഴയ വാതിലുള്ള വീട്, അത്രതന്നെ പഴക്കമുള്ള കാളിങ് ബെല്‍ സ്വിച്ചും .
സ്വിച്ച് അമര്‍ത്തിയപ്പോള്‍ വലിയ ശബ്ദത്തില്‍ അത് അകത്തു മുഴുങ്ങന്നതു കേട്ടു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോളാണ് വാതില്‍ തുറന്നതു. 

ഒരു അമ്പതു-അറുപതു വയസുള്ള ഒരു സ്ത്രീ വാതില്‍ തുറന്നു, പരിചയമുള്ളതു പോലെ ചിരിച്ചു. 
'വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?' 
അവര്‍ എന്നെ തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു തോന്നി. വേറെ ആരും വരാനില്ലാത്തതുകൊണ്ടാവും.. 
പിന്നെ ഇന്നൊരു അവധി ദിവസം കൂടിയാണല്ലോ. 

'ഇരിക്കൂട്ടോ , അങ്ങേര്‍ ഇപ്പൊ വരും.' 

അവര്‍ ചൂണ്ടിക്കാട്ടിയ ഒരു പഴയ കസേരയില്‍ ഞാനിരുന്നു, മോനെ മടിയില്‍ ഇരുത്തി. 
അവര്‍ നേരെ വീടിനകത്തേക്ക് പോയി. 

ഒരു ചെറിയൊരു പൂമുഖം , നിറയെ പഴയ സാധനങ്ങള്‍ വച്ചിരിക്കുന്നു. അതില്‍ കുറെ പത്രങ്ങള്‍. മലയാള പത്രങ്ങളാണ് കൂടുതല്‍. 

ഒരു ഭിത്തിയില്‍ ചെറിയൊരു ചില്ലലമാര. അതിന്റെ കണ്ണാടി വാതിലുകള്‍ ഇടത്തോട്ടും വലത്തോട്ടും നീക്കാം. 

മോന്‍ അപ്പോഴേക്കും മടിയില്‍ നിന്നും ഊര്‍ന്നു താഴേക്കിറങ്ങി. എന്തെകിലും വലിച്ചു താഴെ ഇടാന്‍ അവന്‍ ധൃതി കൂട്ടി. 
 അപ്പോഴേക്കും അവര്‍ ഒരു കപ്പ് ചായയും ആയി വന്നു, കുറച്ചു ബിസ്‌കറ്റും. 

ബിസ്‌കറ്റ് കണ്ടപ്പോള്‍ മോന്‍ ഒന്നടങ്ങി. 

'മോന് കുറച്ചു പാല്‍ എടുക്കട്ടേ?' അവര്‍ ചോദിച്ചു. 
ഞാന്‍ ഉടന്‍ പറഞ്ഞു 'അയ്യോ, വേണ്ട, അവന്‍ വീട്ടില്‍ നിന്നും കുടിച്ചാ ഇറങ്ങിയത് ' 


അവര്‍ തുടര്‍ന്നു ' ഇങ്ങേര്‍ക്ക്, ചെരുപ്പില്ലാതെ ഒരടി നടക്കാനാവില്ല, കാല് നിറയെ ആണിയാണ് , ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് , മരുന്ന് കുറയുന്നതല്ലാതെ ആണി കുറയുന്നതേയില്ല , ഈ ആണി എടുത്തു വല്ല ആശാരിക്കും കൊടുക്കാന്‍ പറ്റുമോ?? ' അവര്‍ ചിരിച്ചു.
എനിക്കെതിരെ ഉള്ള ഒരു കസേരയില്‍ ഇരുന്ന് അവര്‍ തുടര്‍ന്നു  .. 
 'അമ്പലത്തില്‍ നിന്നും ഇറങ്ങിയപ്പോളാണ്, അത് പൊട്ടിപോയതു, അവിടെയെങ്ങും കടയൊന്നും  ഇല്ലല്ലൊ. '

ഞാന്‍ അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അവര്‍ തുടര്‍ന്നു . 

'ഇങ്ങോര്‍ വീട്ടിലിരിക്കാറെ ഇല്ല, എപ്പോഴും കറക്കമാ, അങ്ങാടി, കൂട്ടുകാര്‍, കേരളം സമാജം എന്നൊക്കെ പറഞ്ഞു ' 

അടുക്കളയില്‍നിന്നും കുക്കര്‍ കൂകി വിളിച്ചു.. അവര്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞു അകത്തേക്ക് പോയി.

മോന്‍ ഏതോ ഒരു പഴയ പുസ്തകം എടുത്തു തുറന്നു നോക്കികൊണ്ടിരുന്നു.

ഞാന്‍ പതുക്കെ എഴുന്നേറ്റു ഭിത്തിയിലുള്ള അലമാരക്കുള്ളിലേക്കു കണ്ണോടിച്ചു.

പൊടിപിടിച്ചു കിടക്കുന്ന കുറെ സമ്മാനങ്ങള്‍, അവാര്‍ഡ് ഫലകങ്ങള്‍ . അതിനിടയില്‍ ഞാന്‍ ഒരു ഐഡന്റിറ്റി കാര്‍ഡ് കണ്ടു. ഞാന്‍ ഞെട്ടിത്തരിച്ചുപോയി. എന്റെ പേരുള്ള ഒരു കാര്‍ഡ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തുള്ള ഒരു കാര്‍ഡ്. ഫോട്ടോയും ഉണ്ട്. ടാഗ് നിറം മങ്ങിപോയിരിക്കുന്നു. എന്നാലും സ്‌കൂളിന്റെ പേര് വായിക്കാം. 

എന്നാലും ഇതെങ്ങനെ ഇവിടെ വന്നു? ഞാന്‍ കുട്ടിക്കാലത്തേക്ക് ഒരു യാത്ര നടത്താനൊരുങ്ങവേ അവര്‍ വന്നു. ഞാന്‍ അവരോടു ചോദിച്ചു 'നിങ്ങള്‍ നാട്ടില്‍ എവിടെയാണ്'
അവര്‍ സാരിത്തുമ്പ് കൊണ്ട് കൈകള്‍ തുടച്ചു കൊണ്ട് പറഞ്ഞു 'ഞാനും ഇങ്ങേരും കണ്ണൂര്‍ക്കാരാണ് , ഒരേ നാട്ടുകാര്‍' 
ഞാന്‍ അതിശയത്തോടെ പറഞ്ഞു 'ഞാനും കണ്ണൂര്‍ക്കാരനാ, ഭാര്യ പട്ടാമ്പിക്കാരിയും ' .

ചില്ലലമാര ചൂണ്ടി ഞാന്‍ ചോദിച്ചു 'ഇതില്‍ ഇരിക്കുന്ന സ്‌കൂള്‍ ബാഡ്ജ് ആരുടെയാണ്' 

അവര്‍ കുസൃതി ചിരിയോടെ പറഞ്ഞു 'അതോ ... അത് ഇങ്ങോര്‍ക്ക് നാട്ടില്‍ വെച്ച് കിട്ടിയതാണ്, ഒരു കുട്ടി സമ്മാനിച്ചതാണത്രേ '

എന്റെ ദൈവമേ, ഞാന്‍ ശരിക്കും ഞെട്ടിയത് അപ്പോഴാണ്. അറിയാതെ ഞാന്‍ ആ ചൂരല്‍ കസേരയില്‍ ഇരുന്നുപോയി. 

അവര്‍ എന്തോ വീണ്ടും പറഞ്ഞു, ഞാന്‍ കേട്ടില്ല. അവര്‍ മോനെയും എടുത്തു പോകുന്നത് കണ്ടു. 

അതെ, ആ കാര്‍ഡ് എന്റേതാണ് , ഞാന്‍ കൊടുത്തതാണ് ഇത്. എനിക്കോര്‍മ്മവരുന്നു . 

ഏതാണ്ട് ഇരുപതു വര്ഷം മുമ്പ്. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തു് എനിക്ക് കാല്‍പ്പന്ത് കളി  വളരെ ഇഷ്ടമായിരുന്നു. പലപ്പോഴും വല്യ ചേട്ടന്‍മ്മാരുടെ കൂടെ കളിക്കാറുണ്ട് , അവര്‍ എന്നെ ഇപ്പോഴും ഗോളി ആക്കുകയാണ് ചെയ്യുക. കാരണം ഞാന്‍ അവരെക്കാള്‍ ചെറുതും പിന്നെ എനിക്ക് ഷൂസ്സും ഇല്ലായിരുന്നു. 

ഒരു എല്‍ ഐ സി ഏജന്റ് ആയ എന്റെ അച്ഛന് ഷൂ വാങ്ങി തരാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല. അല്ല , ഞാന്‍ ഷൂ വേണമെന്ന് അച്ഛനോട് പറഞ്ഞിട്ടുമില്ല. 
ആ കാലത്ത് ഞാന്‍ മാത്രമല്ല ഷൂ ഇല്ലാതെയിരുന്നത്, പലരും. 
അതുകൊണ്ടു തന്നെ ഷൂ ഒരു അത്യാവശ്യ വസ്തു ആണെന്ന് എനിക്കും തോന്നിയില്ല. എന്റെ സമപ്രായക്കാരോടൊത്തു ഫുട്ബാള്‍ കളിക്കുമ്പോള്‍ കുഴപ്പമില്ല, ഞാന്‍ ഫോര്‍വേഡ് കളിക്കാറുണ്ട്. ഞാന്‍ വലിയൊരു കളിക്കാരനൊന്നും അല്ല. എന്നാലും തരക്കേടില്ല എന്ന് കൂട്ടുകാര്‍ പറയാറുണ്ട്. അന്ന് നമ്മുടെ പി ടി മാഷ് കിഷോര്‍ സാര്‍ ആയിരുന്നു. 
ആഹാ , എന്തോരു സ്‌റ്റൈലായിരുന്നു സാറുടെ ഡ്രസ്സിങ് ! പാന്റ്‌സിനു മാച്ച് ആയ ഷൂസും കൂളിംഗ് ഗ്ലാസും ഒക്കെ ആയിട്ടു. 

അങ്ങനെ നമ്മുടെ സ്‌ക്കൂളില്‍ സ്‌പോര്‍ട്‌സ് ഡേ വന്നു..  അപ്പോള്‍ ഗ്രൂപ്പ് ആയിട്ടായിരുന്നു മത്സരം.

യെല്ലോ, റെഡ്, ഗ്രീന്‍, ഓറഞ്ച്, ബ്ലൂ അങ്ങനെ അഞ്ചു ഗ്രൂപ്പ്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ റെഡ് ഗ്രൂപ്പില്‍ ആയിരുന്നു എന്നാണ് എനിക്കോര്‍മ്മ.   ഓട്ടത്തിനും ചാട്ടത്തിനും ഞാനും ഉണ്ടായിരുന്നു.
അതോടപ്പം ഫുട്‌ബോള്‍ മാച്ചും വെച്ചു . അതിനും ഞാന്‍ പേര് കൊടുത്തു. അപ്പോള്‍ കിഷോര്‍ സാര്‍ പറഞ്ഞു ഫുട്ബാള്‍ കളിക്കണമെങ്കില്‍ ഷൂ വേണം. ഒരു ഗ്രൂപ്പിന് ഒരു ഫുട്‌ബോള്‍ ടീം മാത്രം. കുട്ടുകളുടെ ക്ലാസ് നോക്കിയല്ല ടീം ഉണ്ടാക്കിയത്. 
എന്നും കൈകുന്നേരം പരിശീലനകളി ഉണ്ടായിരുന്നു. ഷൂ ഇല്ലാതെ പരിശീലനം നടന്നു. ഒരു ദിവസം പരിശീലനത്തിനിടെ കല്ലിനിടിച്ചു പരിക്കുപറ്റി. അന്ന് സാര്‍ പറഞ്ഞു ഷൂ ഇല്ലാതെ വരണ്ട എന്ന്.
എനിക്ക് വല്ലാത്ത സങ്കടമായി. കാണികള്‍ക്കു ഇരിക്കാനുള്ള ഇടത്തിരുന്നു ഞാന്‍ കുറെ നേരം കരഞ്ഞു. 
കൂട്ടുകാരും കൂടെ ഫുട്ബാള്‍ കളിക്കുന്നവരും എല്ലാവരും പോയിട്ടും ഞാന്‍ പോയില്ല. അവിടെത്തന്നെ ഇരുന്നു. 
കുറെ കഴിഞ്ഞു പ്യൂണ്‍ വന്നു വിളിച്ചു ഗേറ്റിനു പുറത്താക്കി ഗേറ്റ് പൂട്ടി അയാള്‍ പോയി. 
വീട്ടിലെത്തി കാലും മുഖവും കഴുകി വിളക്കിനു മുന്നിലിരുന്നു രാമനാമം ജപിച്ചു പഠിക്കാനിരുന്നപ്പോള്‍ അച്ഛന്‍ വന്നു. 
അച്ഛനില്‍ വന്നപാടെ മേശവിളക്കിനു മുന്നിലിരുന്നു കുത്തിക്കുറിക്കാന്‍ തുടങ്ങി. അമ്മയോട് കാര്യം അവതരിപ്പിച്ചു. 'അമ്മ അപ്പോള്‍ തന്നെ നിരുത്സാഹപ്പെടുത്തി. 
നിര്‍ബന്ധിച്ചപ്പോള്‍ 'അമ്മ അച്ഛനോട് പറഞ്ഞു.
അച്ഛന്‍ പെട്ടന്ന് തന്നെ  ഉത്തരം പറഞ്ഞു 'ഷൂ ഇട്ടിട്ടു ഫുട്ബാള്‍ കളിക്കേണ്ട , വല്ലതും പഠിക്കാന്‍ നോക്ക്' 
സങ്കടം സഹിക്കാതെ ഞാന്‍ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങാന്‍ കിടന്നു. 
ഉറക്കം വന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രി ആയപ്പോള്‍ വിശപ്പും കൂടി, മെല്ലെ എഴുന്നേറ്റു അടുക്കളയില്‍ ചെന്നപ്പോള്‍ മേശപുറത്തിറക്കുന്നു, കുറെ ദോശയും സാമ്പാറും. അമ്മ എടുത്തുവെച്ചതാ. 
അധികം ശബ്ദമുണ്ടാക്കാതെ എല്ലാം കഴിച്ചു. അപ്പോള്‍ ഞാന്‍ കേട്ടു അമ്മ ചിരിക്കുന്നത്. 
വല്യ ദേഷ്യക്കാരനെപോലെ ഞാന്‍ വീണ്ടും ഉറങ്ങാന്‍ പോയി. 


പിറ്റേന്ന് വീണ്ടും സ്‌കൂളില്‍പ്പോയി . ക്ലാസ് തുടങ്ങി കുറേനേരം കഴിഞ്ഞപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാന്‍ കുറച്ചു സംശയത്തോടെയും കുറച്ചു പേടിയോടെയും ഓഫീസിലേക്ക് ചെന്നു . 

'വരൂ രമേശ് ' ഹെഡ് മാസ്റ്റര്‍ വിളിച്ചു. 
ഞാന്‍ അടുത്തേക്ക് ചെന്നു , ഭവ്യതയോടെ നിന്നു , അടി കിട്ടുന്നുണ്ടെങ്കില്‍ കുറച്ചു ശക്തി കുറയട്ടെ എന്ന് കരുതി. 


ഹെഡ് മാസ്റ്റര്‍ ഒരു പൊതി കെട്ട് കൈയില്‍ തന്നു പറഞ്ഞു  'ഇത് നിനക്കാ , ഒരാള്‍ നിനക്ക് തരാന്‍  പറഞ്ഞു' 

ഒരു പെട്ടി. കടലാസ് പെട്ടി. അതിശയത്തോടെ ഞാന്‍ ചോദിച്ചു 'ആരാ സര്‍ തന്നത്?' 
'അച്ഛന്റെ ഒരു ഫ്രണ്ട് തന്നതാ , രാംദാസ് അങ്കിള്‍' 
ഹെഡ് മാസ്റ്റര്‍ അത്രയും പറഞ്ഞു എന്നോട് പോയിക്കൊള്ളാന്‍ ആംഗ്യം കാട്ടി. 

ഹെഡ് മാസ്റ്ററുടെ റൂമിനു പുറത്തുവന്നു ഞാന്‍ പെട്ടി തുറന്നുനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. പുതിയ ഒരുജോഡി ഷൂ. അതും സ്‌പോര്‍ട്‌സ് ഷൂ.

പിന്നീട് അതിട്ടാണ് സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തത് . ഫുട്‌ബോള്‍ കളിച്ചതും , നമ്മുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടിയതും ഒക്കെ ഞാന്‍ ഓര്‍ത്തെടുത്തു. 

 അതിനിടയ്ക്കാണ് എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയതു. എവിടെ പോയത്എന്നറിയാതെ ഞാന്‍ ഓഫീസില്‍ പരാതി പറഞ്ഞു. അവര്‍ എനിക്ക് വേറെ കാര്‍ഡ് ഉണ്ടിക്കിത്തരികയും ചെയ്തിരുന്നു. ഞാന്‍ തരക്കേടില്ലാതെ പഠിക്കുന്നത് കൊണ്ടാകാം കാര്‍ഡ് വളരെ എളുപ്പത്തില്‍ കിട്ടിയത്. 

 
പിന്നീട് തുടര്‍ച്ചയായി നാലു  വര്‍ഷം , പത്താംക്ലാസ്സുവരെ എനിക്കു ഷൂ കിട്ടികൊണ്ടിരുന്നു . 
സ്‌കൂള്‍ തുറന്നു ആദ്യ ആഴ്ച ഹെഡ് മാസ്റ്റര്‍ വിളിപ്പിക്കും ഷൂ തരും. 
ഞാന്‍ രാംദാസ് അങ്കിളിനെ കണ്ടിട്ടേയില്ല, എന്നാല്‍ അങ്കിള്‍ എന്നെ കാണാനും വന്നില്ല. 
അങ്ങനെ പത്താം  ക്ലാസും കഴിഞ്ഞു, പ്രീ-ഡിഗ്രിക്ക് , പിന്നെ ഡിഗ്രിക്ക് കുറച്ചു ദൂരെയുള്ള കോളേജില്‍ പഠിച്ചു . അപ്പോഴൊന്നും ഞാന്‍ രാംദാസ് അങ്കിളിനെ ഞാന്‍ ഓര്‍ത്തില്ല. അല്ല പിന്നീട് ഞാന്‍ അങ്കിളിനെ ഓര്‍ത്തതേയില്ല.

ഇപ്പോള്‍ ആ മനുഷ്യനെ കാണാന്‍ ഞാന്‍ നിക്കുന്നു. അതും ഒരു ചെരുപ്പിന്റെ കണക്കു പറയാന്‍. 
ഇപ്പോള്‍ ആ മനുഷ്യനെ കാണാന്‍ ഞാന്‍ അയാളുടെ വീട്ടില്‍ നില്‍ക്കുന്നു.  അതും ഒരു ചെരുപ്പിന്റെ കണക്കു പറയാന്‍. 

ഞാന്‍ ഭൂമിയുടെ അടിയിലോട്ടു വഴുതി വീഴുന്നതുപോലെ തോന്നി. ചെവികള്‍ കൊട്ടിയടയുന്നു. ഞാന്‍ ഒരു കുഞ്ഞു കടുക് മണിയോളം ആയതുപോലെ തോന്നി. ആ വീടിന്റെ ഉത്തരം എന്നില്‍നിന്നും മുകളിലേക്ക് മുകളിലേക്ക് ഉയര്‍ന്നു ഉയര്‍ന്നു പൊങ്ങുന്നതുപോലെ...  ഞാന്‍ വലിയ ഒരു കാട്ടില്‍ അകപെട്ടതുപോലെ ആടിയാടി ആ ചൂരല്‍ കസേരയില്‍ വീണു. 
എനിക്ക് നഷ്ടപെട്ട ചെരുപ്പ് ഒരു പുല്‍നാമ്പിനെക്കാള്‍ ചെറുതായി.. ആര്‍ക്കും ഇടാന്‍ പറ്റാത്ത അത്രയും ചെറുതായിപോയതുപോലെ. 

അപ്പോഴേക്കും അവര്‍ മോനെയും കൊണ്ട്  വീട്ടിലേക്കു കയറിവന്നു. ഞാന്‍ പെട്ടന്ന് അവനെയും എടുത്തു പുറത്തിറങ്ങാന്‍ ഒരുങ്ങി.  അവര്‍ ചോദിച്ചു 'അങ്ങോര്‍ വരാന്‍ നില്‍ക്കുന്നില്ലേ? ചെരുപ്പിന്റെ പൈസ വാങ്ങിട്ടു പോയിക്കൊള്ളു' 
ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു 'എല്ലാം കിട്ടി...  അഡ്വാന്‍സായി തന്നിരുന്നു'.
--------------------------------
© premraj k.k.