ന്ന് നാം കൈകോര്‍ത്ത്
നടന്ന വഴികള്‍
ഇന്നെന്നിലെ നീ
ഒഴിഞ്ഞുപോയ വീഥിയായ് മാറവേ..
തനിയെ നടന്നീടുന്നു ഞാനും
എന്‍ ചിന്തകളും.

എങ്കിലും മറക്കാത്ത 
ഓര്‍മകളുമായെന്‍ മനം
ഓര്‍മിപ്പിച്ചീടുന്നു പിന്നെയും
തനിയെ അല്ല നീ...
തനിയെ ആവില്ല നീ..
ഓര്‍മകളില്‍ കൂടണയുന്നു ഞാനിന്നും.

നിന്നോര്‍മകള്‍ എന്നില്‍
നിലാവായ് പെയ്തിറങ്ങവെ
തുടിച്ചിടുന്നിതെന്‍ മനം
എങ്ങനെ തനിയെ ആയിടും ഞാന്‍.
എന്‍ ഹൃത്തില്‍ നീ
തുളുമ്പി നിന്നീടവേ.

'ഒരു രാത്രിയ്ക്കും, പകലിനും
നമ്മെ വേര്‍ പിരിക്കാനാവില്ലെന്നു...'
നീ മൊഴിഞ്ഞതും..
എങ്കില്‍....
ഞാന്‍ പ്രിയതേ..
തനിയെ ആകുവതെങ്ങിനെ?

ഗഗനം പോലും അതിന്‍
കണ്ണുനീര്‍ പൊഴിക്കവേ,
മേഘം ചുംബനങ്ങളാല്‍
എന്നെ പൊതിയവേ..
നിശയും എന്നില്‍ കാരുണ്യം
ചൊരിഞ്ഞീടവേ...
തനിയെ എങ്ങനെ
ആകിടുന്നു ഞാന്‍

എന്‍ ചിന്തകള്‍ നീയായ് മാറവേ..
എന്‍ ഹൃദയം ഗദ്ഗദത്താല്‍
നിറയവേ,
ദുഃഖം കണ്ണുനീര്‍ ചോലയായ്
ഒലിഞ്ഞിറങ്ങീടുന്നു..
അപ്പോഴും  ഞാന്‍ 
തനിയെ ആകുവതെങ്ങിനെ?
നീയും,നിന്നോര്‍മകളും.
എന്‍ നിശ്വാസമായിടുമ്പോള്‍.
----------------------------------
©ശ്രീകല സുഖാദിയ