ശനിയന്‍ | Episode 3.4

saniyan,dileep,chief,e-delam-online,chorithanam


ഇതിപ്പോ എന്ത് എഴുതും എന്ന് താടിക്കു കയ്യും കൊടുത്തു ഇരുന്നപ്പോഴാണ് ദിലീപ് വിഷയം വന്നത് . നടിയെ ആക്രമിച്ച കേസെ. ആദ്യം കരുതി എഴുതാം എന്ന് പിന്നെ വേണ്ട എന്ന് വെച്ചു . അയ്യെ സ്ത്രീവിരുദ്ധന്‍ ആണെന്നൊന്നും പറയല്ലേ. ദുരിതം ഏറ്റുവാങ്ങുന്നവര്‍ സമൂഹത്തില്‍ ഏതു തട്ടില്‍ ഉള്ളവരാണെങ്കിലും നിയമം തുല്യമായിരിക്കണം എന്ന് മണിക്കൂറില്‍ നാല്‍പതു വട്ടം പറഞ്ഞു ആഘോഷമാക്കുന്ന  ചാനല്‍ തമ്പുരാക്കന്മാര്‍ പിന്നെ എന്തിനാണ് ഈ ഒരു കേസ് മുഖ്യ വാര്‍ത്ത ആകുന്നത് ? പോക്‌സോ കേസിലെ ഇര ജീവനൊടുക്കിയപ്പോള്‍ വാര്‍ത്ത ( പ്രാധാന്യം കൊടുത്തോ എന്നൊന്നും ചോദിക്കെരുത് ) എന്നാല്‍ ആക്രമിച്ചു എന്ന കേസില്‍ തുമ്മിയാല്‍ പോലും അതിന്റെ അര്‍ത്ഥ വിസ്താരം നടത്തുന്ന കോട്ടിട്ട ഇശ്വരന്മാരും . ഉളുപ്പില്ലേ ? ഈ പറഞ്ഞ ഇരയക്കൊപ്പം ഒന്നും അവിടെ കണ്ടില്ല.  ഒരു കൈതാങ് കൊടുത്തിരുന്നു എങ്കില്‍ പൊലിയില്ലയിരുന്നു ആ ജീവനുകള്‍. എന്നിട്ടും നമ്മള്‍ ഇരിക്കുകയാണ് ഫോണ്‍ കണ്ടുകിട്ടുമോ എന്നുള്ളതാണ്. വാര്‍ത്ത ആക്കണ്ട ചെങ്ങായി ഈ ചെയ്തവര്‍ പുറത്തു ഇറങ്ങി കയ്യും വീശി നടക്കുന്നു എന്നേലും പറഞ്ഞൂടെ ? ന്യൂസ് വാല്യൂ ഇല്ല എന്നു വല്ല മാനദണ്ഡവും ഉണ്ടോ ആവോ ?

നിങ്ങള്‍ അത്രയേറെ ഒരാളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അയാളെ പോകാന്‍ അനുവദിക്കുക, നിങ്ങള്‍ക്കായിട്ട് വിധിക്കപെട്ടതാണെങ്കില്‍ അവര്‍ തിരിച്ചു വരും. അയ്യോടാ ഉവ്വേ, പ്രേമത്തെ പറ്റിയാണ് പറഞ്ഞു വരുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് ഒരു തിരിച്ചു വരവിന്റെ കഥയാണ്. ജെ.ആര്‍.ഡി ടാറ്റ നട്ടും ബോള്‍ട്ടും കൊടുത്തു വളര്‍ത്തിയ ടാറ്റ എയര്‍ലൈന്‍സ് സര്‍ക്കാര്‍ ഏറ്റെടുത്തു എയര്‍ ഇന്ത്യ ആക്കിയതും കാലം പോകവേ ഓടിച്ചെല്ലുന്ന നാട്ടിലും പിന്നെ വിമാനത്തില്‍ കയറുന്ന യാത്രക്കാരുടെയും 'ഊഷ്മളമായ' സ്വീകരണം ഏറ്റു വാങ്ങിയതും ഒക്കെ ഒരു കാലം. ടാറ്റ പോലെ ഒരു വന്‍കിട കുത്തകയ്ക്കു ഈ സ്ഥാപനം വില്‍ക്കരുത് എന്ന് നിലവിളിക്കുന്നവരോട്, ഇന്ത്യന്‍ റെയില്‍വേയെ പോലെ കൃത്യനിഷ്ഠ എന്നും പറഞ്ഞു പായുന്ന ബീമാനം ആയതു കൊണ്ടും (ഒര്‍മ്മ ഇല്ലേ, എന്നും കാണും എയര്‍ ഇന്ത്യയെ അഭിനന്ദിക്കാന്‍ ഒരു കൂട്ടം യാത്രക്കാര്  കൗണ്ടറിനു മുന്നില്‍), രാഷ്ട്രീയക്കാരുടെ കണക്കുക്കള്‍ എഴുതാന്‍ ആയി പറ്റുബുക്കിന്റെ പറ്റു തന്നെ കൊടുക്കാന്‍ പാടുപെടുന്ന. പറന്നെറങ്ങിയാല്‍ വല്ലതും ഊരി തെറിച്ചുപോയോ എന്ന് നോക്കാനും കിടക്കുന്ന എയര്‍ ഇന്ത്യയെ എല്ലവര്‍ക്കും അറിയാമെങ്കിലും സര്‍ക്കാരു തന്നെ നോക്കി വളര്‍ത്തണം, ഏത്... കൊറോണ കാലത്തു ലോകത്തില്ലാത്ത ടിക്കറ്റ് നിരക്ക് വാങ്ങിയ നമ്മുടെ സര്‍ക്കാര്‍, ഉവ്വാ ! അതിനെ ഒന്ന് ആരേലും എടുത്തു ശെരിയാക്കട്ടെ എന്ന്. അതില്‍ യാത്ര ചെയ്യുന്ന പലരും ആഗ്രഹിച്ച കാര്യം ആണ് അത്. അത് ഞഞ്ഞാ പിഞ്ഞാ പറഞ്ഞു മുടക്കരുത്. തലപ്പാവ് എടുത്തു കയ്യില്‍ പിടിച്ചു നില്‍ക്കുന്ന മഹാരാജ ഇനിയെങ്കിലും അതൊന്നു തലയില്‍ വെച്ചോട്ടെ.

ഭാരതം ഒരു മതേതര രാജ്യമായിട്ടാണ് ഉത്തരക്കടലാസില്‍ കുട്ടിയോള് എഴുതുക.അല്ല അത് പിന്നെ അങ്ങനെയാണെല്ലോ വിഭാവനം ചെയ്തത്. വിഭാവനം ചെയ്ത പലതും പ്രഭാതമായപ്പോളേക്കും വിമാനം കയറി എന്നുള്ളതാണ് ഈ നാടിന്റെ ശാപം. ഈ കാണുന്ന കോടാനുകോടി ആളുകളെ ഭരിക്കാനും വഹിക്കാനും വേണ്ടി ജനാധിപത്യ വ്യവസ്ഥിതിയില്‍ ആണത്രേ ഭാരതം പടുത്തുയര്‍ത്തിയത്. അങ്ങനെ ഉള്ള ഈ ഭാരതത്തില്‍ ഇങ്ങു വാര്‍ഡ് തിരഞ്ഞെടുപ്പ് മുതല്‍ അങ്ങ് പ്രധാനപ്പെട്ട മന്ത്രി ആകുന്നതിനു മതവും ജാതിയും കഴിഞ്ഞേ എന്തുമുള്ളു എന്നാണ് ചിലര്‍  പറഞ്ഞു നടക്കുന്നത്. അങ്ങനെ എങ്കില്‍ ഈ സ്റ്റുഡന്റ് പോലീസില്‍ മതപരമായ വേഷം അനുവദിക്കേരുതോ എന്ന് ചിന്താലുക്കളായ മത സ്‌നേഹികള്‍ ചോദിക്കുന്നത്. അല്ല തെറ്റ് പറയാന്‍ പറ്റൂല, മാതാശ്രീയെ തല്ലിയാലും രണ്ടു  അഭിപ്രായം പ്രതീക്ഷിക്കാവുന്ന സമൂഹമാണേ. 

നിയമത്തിന്റെ കരം ശക്തമാക്കാനായിട്ട് മുന്തിയ ഇനം ലേഹ്യം വാങ്ങിക്കുക എന്നിട്ട് പതിയെ പതിയെ ലേഹ്യം ലോപിച്ചു ലോഹ്യം ആകുക അതും കഴിഞ്ഞു ലോ ലവിടെങ്ങാനും കൊണ്ട് കുത്തി ചാരി വെയ്ക്കുക. അതാണ് ലോകായുക്തയിലും നടക്കുന്നത് എന്നാണ് ആരൊക്കെയോ പറയുന്നത്. ലോകായുക്തയെ കുറിച്ച് ഇങ്ങനെ യുക്തിക്കു നിരക്കാത്തത് പറയരുത് പ്രത്യേകിച്ചും അഴിമതിക്കെതിരെ പടപൊരുതുന്ന കടത്തനാടന്‍ അമ്പാടി 70 mm പോലെ ഒരു ഭരണ യന്ത്രം ഇവിടെ ഉള്ളപ്പോള്‍. വേറെ ഏതൊക്കെയോ സംസ്ഥാനങ്ങളില്‍ ഇമ്മാതിരി വെള്ളം ചേര്‍ത്തിട്ടുണ്ടത്രെ. മറ്റുള്ള സംസ്ഥാനങ്ങള്‍ക്കു , എന്തിനു ലോകത്തിനു തന്നെ മാതൃക ആകണം എന്നും പറഞ്ഞു മാപ്പുണ്ടാക്കിയ സര്‍ക്കാര്‍ ആണോ ഈ പറയുന്നത് ? നമ്മള്‍ ഈ കാര്യത്തില്‍ മറ്റുള്ളവരെ പിന്തുടരണം എന്ന് ? ഹായ് സുബാഷ് സുബാഷ് !

ചൊറിതണം: പച്ചക്കറി കൃഷിക്കാരില്‍ നിന്ന് വാങ്ങുക അത് കമ്പോളത്തില്‍ വില്‍ക്കുക കര്‍ഷകര്‍ക്ക്  അവരുടെ വിളകള്‍ക്ക് അര്‍ഹതപ്പെട്ട വില നല്‍കുക. സംഗതി ഒക്കെ കൊള്ളാം പക്ഷെ ഇടപെട്ടിരിക്കുന്നത് ഹൊര്‍റ്റികൊര്‍പ്പയതു കൊണ്ടും സംഭവം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയതു കൊണ്ടും പൈസ കിട്ടാന്‍ അതിന്റേതായ കാലതാമസം വരും. ആ ഫയല്‍ അവിടെ പോയി ഇവിടെ പോയി, കടയില്‍ കയറി ചായേം കുടിച്ചു ബസ് മാറി കയറി ഇറങ്ങി ഫണ്ട് അനുവദിച്ചു കിട്ടുമ്പോള്‍ ഒരു സമയം പിന്നെ അത് കറങ്ങി തിരിഞ്ഞു അശാന്തപരിശ്രമത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥ തലത്തില്‍ കയറി ഇറങ്ങി വരാന്‍ അതിന്റേതായ സമയം എടുക്കും. അതിപ്പോ ഏതു സര്‍ക്കാര്‍ ആണേലും അങ്ങനെ തന്നെ. അറിയാന്‍പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ ഈ ഉത്സാഹ കമ്മറ്റിക്കാരെ ഇത്രയും അധികം സര്‍വീസില്‍ എങ്ങനെ കുത്തികയറ്റുന്നു .പി എസ സി യെ സമ്മതിക്കണം . പുതിയ റോഡ് പണിഞ്ഞു അതില്‍ പിന്നെ കുഴി വന്നോ അല്ലേല്‍ തോട് ആയോ എന്നറിയാണേല്‍ ആര്‍ക്കേലും അപകടം പറ്റണം. കോടികളുടെ സ്വപ്നം കാണുമ്പോ എവിടെ കിടക്കുന്നു റേഷന്‍ കടയിലെ സര്‍വ്വര്‍ ആര് നോക്കുന്നു കൃഷിക്കാരെ. നമ്മുക്ക് ആ തമിഴന്‍ ലോറിയിലെ പച്ചക്കറി മതി . വാളയാര്‍ കടന്നാല്‍ ഹോര്‍ട്ടികോര്‍പ് പൈസ റെഡി മണിയാണ്. കേരള മണ്ണിന്‍ന്റെ കുഴപ്പം ആവും ചിലപ്പോ.

Post a Comment

0 Comments