vishappinte-vili-raveendran-sankurutti


വിശപ്പിന്റെ വിളിയതാ വാവിട്ട് കേഴുന്ന
കുഞ്ഞിന്റെ വിങ്ങലില്‍

അമ്മമനസ്സിന്റെ വറ്റിയ നെഞ്ചിലെ
ചോരക്കണങ്ങളില്‍

വിശപ്പിന്റെ വിളിയതാ നീട്ടി വിളിച്ചിട്ടും
വേഗം കുറച്ചിട്ടും തീവണ്ടി തട്ടിതെറിപ്പിച്ച 
എല്ലിന്‍ കഷണങ്ങളില്‍

വിശപ്പിന്റെ വിളിയേതോ നിലയില്ലാക്കയത്തില്‍
ഊര്‍ന്ന് പോകുന്നൊരു ജീവന്റെ പിടച്ചിലില്‍
പ്രതിധ്വനിക്കുന്ന പോല്‍

വിശപ്പിന്റെ വിളിയതില്‍ പാരതന്ത്രിയത്തിന്റെ 
വേദനാ പാത്രം തട്ടി മറിച്ചിട്ട 
പാര്‍ശ്വനും, ബുദ്ധനും,മഹാവീരനും 
ഇന്നന്യമായി.

ആസന്നമായ വിശപ്പെന്ന മൃത്യു
വിഴുങ്ങിക്കളഞ്ഞ മധുവിന്റെ ജീവന്
വൈകിയും കിട്ടാത്ത നീതി ശാസ്ത്രത്തെയും

നെല്ല് തെല്ലളക്കാന്‍ ചൊല്ലാത്ത വേദവും
വിത്തുണ്ണാന്‍ വിധിക്കുന്ന തത്വ ശാസ്ത്രത്തെയും
എന്നിനി മാറ്റുമീ മണ്ണിന്റെ രോദനം
തൊട്ട് തീണ്ടാത്ത പരിസ്ഥിതി ചട്ടങ്ങളും.
© ------- ravindran sankurutti ------------