അരുമക്കിങ്ങിണി മുത്തുകൊരുത്തൊരു 
മാല്യമണിഞ്ഞു വരുന്നൂ പുലരികള്‍ 
അരുമകള്‍ തീര്‍ത്ത വിഷുക്കണിയുത്സവ 
മേളമുയര്‍ത്തി ലസിച്ചീടുന്നു...

സൗവര്‍ണ്ണപ്രഭ വിടരുന്നുരുളിയില്‍ 
മഞ്ഞക്കൊന്നപ്പൂക്കണിയാലേ...
കണിവെള്ളരിയും പൊന്‍നാണ്യങ്ങളു -
മമരത്വം പൂണ്ടങ്ങനെ നില്‍ക്കേ.....

കുറുനിര തിങ്ങിയ മുഖമോടമരന്‍ 
ചെറുചിരിയോടയ്ക്കുഴലുവിളിക്കെ 

മിഴിയിണപൊത്തിയുണര്‍ന്നൊരു ബാല്യം 
കണിയെന്നോതി കണ്ണു തുറക്കേ...
വിടരുന്നത്ഭുത, വിസ്മയ ലോകം 
പ്രകൃതിയൊരുക്കിയ പൂക്കണി മേളം 
ഒരു കൈനീട്ടക്കുളിരില്‍ പ്പതിയെ 
നവനവ ലോകസുമങ്ങള്‍ വിടന്നൂ....

കണിയായ് പുതിയ പ്രതീക്ഷയുണര്‍ന്നു...
കളഭം ചാര്‍ത്തിയ പുലരിക്കൊപ്പം 
കനകം വിതറാം, നന്മകള്‍ കൊണ്ടൊരു 
പുതുവര്‍ഷം തീര്‍ത്തിവിടെ രമിയ്ക്കാം.....