പണ്ടു പണ്ടൊരു ദേശത്ത് 
പാല്‍നിലാവിന്‍ നാട്ടില് 
പഞ്ചമിയുടെ വീട്ടില് 
പുഞ്ചപ്പാടം വിളഞ്ഞല്ലോ 

പത്തു പറയ്ക്കു നിലമുണ്ട്,
പത്തരമാറ്റിന്‍ നിറമുണ്ട്,
പാടം കൊയ്യാനാളുണ്ട്,
പൊലി നിറയ്ക്കാനാളുണ്ട്.

കൊയ്ത്തും മെതിയും മേളാങ്കം,
ചേറ്റലും പാറ്റലും പൊടിപൂരം,
പത്തായപ്പുര നിറയുമ്പോള്‍ 
പണിയാളര്‍ക്കോ ഉത്സാഹം.

കേള്‍ക്കുന്നുണ്ടൊരു തേക്കു പാട്ട് ദൂരത്ത്,
വര്‍ണം കൊണ്ടൊരു മായാജാലം പാടത്ത്,
ഇരവും പകലും കാവലിരിക്കും മാടത്ത്,
കനവിലൊരു കൊയ്ത്തു പാട്ടിന്നീണം നെഞ്ചത്ത്.

ഇന്നോ,
ദൈവത്തിന്‍ സ്വന്തം നാട്ടില്,
മതങ്ങള്‍ വേലി കെട്ടിയ നേരത്ത്,
ഈശ്വരനെ ഭാഗം വച്ചൂ വീടുകളില്‍,
പാടങ്ങള്‍ തരിശായീ, പുല്ലും പായലും കൈയേറീ.

നിലങ്ങളുണ്ടോ നികത്തണം,
കൂടിയ വിലക്കു വില്‍ക്കണം,
നികത്തിയിടത്തോ പൊങ്ങണം,
കോണ്‍ക്രീറ്റിന്റെ സൗധങ്ങള്‍.

കൊയ്‌തെടുക്കാന്‍ നിലമില്ല,
നനയ്ക്കുവാനോ ആളില്ല,
പണിയ്ക്കു വേണം ബംഗാളീ....
നമ്മുടെ മക്കള്‍ വിടുപണി ചെയ്യും വിദേശത്ത്.
drnileena