ഓണപ്പൂക്കള്‍ കാതോര്‍ത്തു നില്‍ക്കുമീ നാട്ടുവഴിയിലൂടെ-
കടന്നുവരുന്നൊരു പെണ്‍കൊടി നീയെന്നുമെങ്ങോ പോയ്?
ഉക്കത്തില്‍ നീയെന്തിയ പാട്ടിന്‍ പൊന്‍കുടവുമായി,
അകന്നു നീപോയതെങ്ങോട്ടാണെന്നൊന്നു പറയൂ?
ഇനിയൊരുനാളും എന്നെപ്പിരിഞ്ഞു നീ പോകരുതേ,
മലനാടിനെ വീണ്ടും പാടിപ്പുകഴ്ത്തുവാന്‍-
കൂട്ടായി നീയെന്നുമെന്‍ ചാരെ വേണമേ!
വള്ളത്തോള്‍ മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി'യെന്നു പണ്ട്-
പാടിപ്പുകഴ്ത്തിയ പുണ്യനാട്!
ബാല്യകാലസഖിയെ ഓര്‍ക്കുവാന്‍ ഞാനൊരു ബഷീറല്ല,
വീണപൂവിന്‍ ദുഃഖമറിയുവാന്‍ ആശാനുമല്ല;
എങ്കിലും പറയട്ടെ, ഈ നാടിന്നു മാറിപ്പോയ്!
ഉഷ്ണതരംഗത്തിന്റെ തീച്ചൂടിലായിന്ന്-
കലാലയമുറ്റങ്ങള്‍ നേരത്തെ പൂട്ടുന്നു!
സ്വാര്‍ത്ഥനാം മര്‍ത്യന്‍ ഇടിച്ചുനിരത്തുന്നു കുന്നുകള്‍,
മണ്ണിട്ടു മൂടുന്നു പച്ചയാം വയലുകള്‍!
ഘോരമാം ശബ്ദത്തില്‍ പാറകള്‍ തകര്‍ക്കുന്നു,
പ്രകൃതിതന്‍ ആത്മാവിനെ മുറിവേറ്റ മാനവന്-
പാരിന്നുമേകിയിതാ കഠിനമാം ചൂടേറെ!
ആധുനികതയുടെ പൊള്ളയാം ഗര്‍വ്വിനാല്‍-
എയര്‍കണ്ടീഷണറുകള്‍ സ്ഥാപിച്ചു മാനവന്‍!
ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീഴുവാന്‍-
നിമിത്തമായിത്തീര്‍ന്നതോ കഷ്ടം, ഈ നരന്‍!
ലോഹക്കൈയുള്ളോരീ ഇരുമ്പുവാഹനങ്ങളാല്‍-
കിളച്ചുമറിക്കുന്നു ഭൂമിയുടെ മാറ് നീ!
അതിനടിയില്‍ പണ്ടാരോ കുഴിച്ചിട്ട ബോംബുകള്‍-
അറിയാതെ പൊട്ടുമ്പോള്‍ തകരുന്നു മാനവം!
താങ്ങാനാവുന്നില്ല ജഗത്തിന് വാനിലെ-
നീലദര്‍പ്പണം നല്‍കും ജ്വലിക്കുന്ന ചൂടിനെ!
ഓര്‍ക്കുക പ്രിയരേ, വരുംതലമുറയ്ക്കുമീ-
മണ്ണില്‍ വസിക്കുവാന്‍ പുണ്യം ബാക്കിവെയ്ക്കൂ!
Subair Perumundasseri
Kozhikkodu

0 Comments