ജീവിച്ചിരിക്കെ മരിച്ചുപോയവര്‍ | കവിത | ഖുതുബ് ബത്തേരി

KAVITHA-GUTHUBBATHERI-JEEVICHIRIKKE-MARICHUPYAVAR

ജീവിച്ചിരിക്കെ 
മരിച്ചുപോയവരെയൊന്നു 
ഓര്‍ത്തുനോക്കൂ..

ബലപ്പെട്ട വേരുകളില്ലാതെപ്പടര്‍ന്നു 
കയറിയവരാണവര്‍ 
ഒരുപെരുമഴ 
കാറ്റ് 
അത്യുഷ്ണം
അതിജീവിക്കാനാവാതെ 
തകര്‍ന്നുപോയവരാണവര്‍.
അല്ല 
സ്വപ്നങ്ങളേറെയുണ്ടായിട്ടും 
പ്രതീക്ഷയുടെ പുതപ്പിനുള്ളില്‍ 
ചുരുണ്ടുകൂടിയവരാണവര്‍. 
നിലാവിനെ ഭയന്നു 
നിഴലിലേക്ക്  
മാറിനിന്നവരാണവര്‍, 
നനയാന്‍ മടിച്ചു വെയിലേറ്റ് കരുവാളിച്ചവരാണവര്‍..!

ജീവിച്ചിരിക്കെ 
മരിച്ചുപോയവരെയൊന്നു 
ഓര്‍ത്തുനോക്കൂ..

ഒച്ചയുണ്ടായിട്ടും 
മൗനത്തെ കൂട്ടുപിടിച്ചവരെ, 
കണ്ണുകളുണ്ടായിട്ടും 
കാഴ്ചകളെ ഇരുട്ടാക്കിയവരെ, 
കാതുകളുണ്ടായിട്ടും 
ശബ്ദങ്ങള്‍ അരോചകമായവരെ, 
ചലനശേഷികളെ 
പരിമിതപ്പെടുത്തിയവരെ,  
ജീവിച്ചിരിക്കെ 
മരിച്ചുപോയവരാണവര്‍..

ബാക്കിവെയ്ക്കാന്‍ 
ഓര്‍മ്മകള്‍ 
അവശേഷിപ്പിക്കാത്തവരും 
കടന്നുപോയ വഴികളില്‍ 
പ്രത്യാശയുടെ 
ഒരുനാമ്പുപോലും 
തളിരിടാതെ 
കൊഴിഞ്ഞുവീണവരും.
---------------------------------------
© GUTHUB BATHERI

Post a Comment

4 Comments

  1. ശക്തമായ ഭാഷ🌹🌹

    ReplyDelete
  2. ജീവിച്ചിരിക്കെ മരിച്ചവരും മരിച്ചപോലെ ജീവിക് പോലെ ജീവിക്കുന്നവരും ഒരുപാടൊരുപാടുണ്ട്. നല്ല പ്രമേയം

    ReplyDelete
  3. നല്ല varikal

    ReplyDelete
  4. നല്ല കവിത. അഭിനന്ദനങ്ങൾ

    ReplyDelete