resmi-biju-malayalam-poem


ഞാന്‍ പെറ്റ കുഞ്ഞിനെ
പോലൊരു പെങ്കതിര്‍
തെരുവിലലയാറുണ്ട്.

നിത്യം
ചിത്തഭ്രമത്തിനെ തലയില്‍ ചുമന്നിട്ട്
ചിത്തമില്ലാത്തൊരു
ചിത്രശലഭമായ്
ഒരു പൂവിലും നില്‍പ്പുറക്കാതെ
പാറിപറന്നു നടക്കും ഭ്രാന്തി.

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ചൊന്നിട്ട് അര്‍ത്ഥം വച്ചെന്തോ
അറിഞ്ഞപോല്‍ നിന്നിട്ട്
ആര്‍ത്തൂ ചിരിച്ചങ്
കൈകൊട്ടി പാടീട്ട്
നട്ടുച്ച നേരത്തും
പേരാപ്പെരുമഴയത്തും 
കാറ്റുവകഞ്ഞു നടക്കുന്ന ഭ്രാന്തി.

വൃത്തിയില്ലാത്തവളെന്നും
പറഞ്ഞുകൊണ്ടാട്ടിയകറ്റുന്ന
ആണുങ്ങളില്‍ ചിലര്‍
മായാവികളാം പകല്‍മാന്യര്‍ 
ഇരുളിന്‍ കരിമ്പടം
നൂണ്ടുകൊണ്ട്
കസ്തൂരി തേടുന്ന
മാനിനെപ്പോലെ
മാരീചന്‍ തോല്‍ക്കുന്ന
വേഷപ്പകര്‍ച്ചയില്‍
ഭ്രാന്തിതന്‍ ചുടുചോര
ഞൊട്ടി നുണയുവാന്‍
അവളെ തേടിയിറങ്ങി.

ഇരുളിലാ ഭ്രാന്തിതന്‍
ആര്‍ത്തനാദം കേട്ട്
മഴപോലും ഞെട്ടിത്തരിച്ചു വീണു
വേദന കൊണ്ടു
പുളഞ്ഞൊരാ ഭ്രാന്തിതന്‍
അലര്‍ച്ചയമര്‍ത്തി കനത്തു പെയ്തു
മോഹം മങ്ങി കറുത്തോരാ
ഉടയാട ചീന്തി
കെട്ടി പടര്‍ന്നുകേറി
ആദ്യമേ കണ്ണുകള്‍
കെട്ടിമറച്ച ദേവത
ഒന്നുമേ കണ്ടതില്ല.

കീറിയെറിഞ്ഞിട്ട
ഉടുതുണി പോലെ 
മണ്ണിലും മഴയിലും
പൂണ്ടു കിടന്നോരാ
ഭ്രാന്തിതന്‍ നൊമ്പരം
കാണാതിരിക്കാന്‍
ഇരുളുപോലും
തന്‍ കണ്ണടച്ചു.

മാസങ്ങള്‍ക്കിപ്പുറം അവളുടെ
വയറ്റക്കുള്ളില്‍
ഏതോ വിത്തിന്‍ കതിരിളക്കം
മാതൃത്തമറിയാത്ത ഭ്രാന്തി
ബന്ധങ്ങളറിയാതെ 
ബന്ധുക്കളില്ലാതെ 
സ്വപ്നങ്ങളില്ലാതെ 
ജീവിതമില്ലാതെ
അലയുന്ന ഭ്രാന്തി.

ഭ്രാന്തമാം കൈ നീട്ടി
തന്നുള്‍പ്പൂ മൊട്ടിറുത്തേതോ 
മുറിവില്‍ ചാറൊഴുക്കി
ആര്‍ത്തട്ടഹസിച്ചു ഭ്രാന്തി.
നൂലറ്റ പട്ടം പോല്‍
ആകാശം തൊട്ട്
പറന്നകന്നു.
-------------------------------
© resmi
#resmi2509