അവശേഷിച്ചവര്‍ | ആന്റണി പി.ജെ

antony-p-j-kavitha


അവശേഷിച്ചവര്‍
അതിവിശിഷ്ടരായിരുന്നു,
അതിജീവനത്തിന്റെ
പുതുഗാഥ രചിച്ചവര്‍.

കറുത്തകാലത്തിന്റെ
കനിവില്ലാത്ത
ഹസ്തം ഭേദിച്ച്, 
ജീവന്റെ പുതുതീരം പൂണ്ടവര്‍.

നിറമില്ലാത്ത ലോകത്ത്
മഹാന്ധത വെടിഞ്ഞ്,
മിഴിയിലും മനസ്സിലും
പ്രകാശം നിറച്ചവര്‍.

ആയുധപ്പുരകള്‍
ആശ്രയമല്ലെന്ന
തിരിച്ചറിവിന്റെ തിരി
ഉള്ളില്‍, കൊളുത്തിയോര്‍.

ഒരേ താളവും വേഗവുമുള്ള
ഒരൊറ്റനദിയായ്,
ഒരു ദിശയിലേക്ക് മാത്രം
ഒഴുകുന്നവര്‍.

മതത്തിന്റെ മദപ്പാട്
മേനിയിലേകിയ മുറിവ്
സ്‌നേഹം പുരട്ടി
കരിച്ചു കളഞ്ഞവര്‍.

ആഘോഷങ്ങളുടെ
പുറം പൂച്ചറിഞ്ഞ്,
ആചാരങ്ങളുടെ
അകം പൊരുളറിഞ്ഞവര്‍..

മിഴികളില്‍ വസന്തം പൊലിച്ച്,
കാതില്‍ തേന്‍ നിറച്ച്
വസുധയുടെ വൈവിധ്യം
വാനോളമറിഞ്ഞവര്‍.

അഹംഭാവങ്ങളുടെകൊടുമുടികളിടിഞ്ഞ്,
അകല്‍ച്ചയുടെഅതിരുകളകന്ന്,
ഒരു സൂക്ഷ്മാണുവിനാല്‍
പരിണാമം പ്രാപിച്ചവര്‍.

മുന്‍പെങ്ങോ പകുത്തെടുത്ത 
നിറം, മണം, രുചി, രൂപമൊക്കെ
പരസ്പരം പകുത്തു നല്‍കുന്നു
പുതുപുലരിപുല്‍കിയോര്‍.

അപരനിലേക്ക് നീളുന്ന കൈകള്‍,
അവനൊപ്പം നീങ്ങുന്നകാലുകള്‍,
അതെ, ഇത്രയേറേ വിശിഷ്ടരാണ്,
ഇനിയുമിവിടെ അവശേഷിച്ച ജനം!
-----------------------------
© antony pj

Post a Comment

12 Comments

  1. വ്യത്യസ്തമായ ചിന്ത... മനോഹരമായ അവതരണം... ആശയം ✌️👍

    ReplyDelete
  2. നല്ല ആഖ്യാനരീതി. വേറിട്ട ആശയം. അഭിനന്ദനങ്ങൾ.
    അപരിനിലേക്ക് നീളുന്ന കൈകൾ...--മനോഹരം

    ReplyDelete
  3. വളരെ നല്ല ആശയം..
    അവതരണം അതിമനോഹരം. അഭിനന്ദനങ്ങൾ സർ..

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്... ❤️❤️❤️

    ReplyDelete
  5. വളരെ നന്നായെഴുതി 👌

    ReplyDelete
  6. അവശേഷിച്ചവർ എന്ന രചന ശ്രദ്ധേയമാണ്. മഹാമാരിയുടെ പിടിയിൽ നിന്നും മുക്തരാകുന്ന മനുഷ്യരാശിയുടെ ഹൃദയമിടിപ്പുകളാണ് ഇവിടെ പ്രമേയം എന്ന് ആദ്യ വായനയിൽ തോന്നുന്നു. മറ്റു പല അർത്ഥതലങ്ങൾ കണ്ടേക്കാം. തീർച്ചയായും അതിജീവനത്തിന്റെ കാലമാണിത്. ഒപ്പമുണ്ടായിരുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴില്ല. മനസ്സിൽ പ്രകാശം നിറക്കുന്ന മനുഷ്യർ..*ഒരേ താളവും വേഗവുമുള്ള ഒരൊറ്റ നദിയായി ഒരേ ദിശയിലേക്ക് മാത്രം ഒഴുകുന്നവർ* ആഴത്തിൽ സ്പർശിച്ച വരികൾ.. 🍁
    നീയും ഞാനും ഇല്ലാതാകുകയും നമ്മൾ ശേഷിക്കുകയും ചെയ്യണം എന്ന് പറയാറുണ്ട്. *അഹംഭാവങ്ങളുടെ കൊടുമുടികൾ ഇടിയുന്നതോടൊപ്പം* ജ്ഞാനത്തിന്റെ മേഘപാളികളിൽ കൂടു കൂട്ടുകയും വേണം.. വന്യമായ ഈ അണുവിന്റെ ആക്രമണം നമ്മെ തളർത്തുന്നുണ്ട്..എങ്കിലും കവിയോടൊപ്പം നമ്മളും ശുഭ പ്രതീക്ഷയിലാണ്.. നല്ലൊരു പുലരി വീണ്ടും വരുമായിരിക്കും.

    പ്രിയപ്പെട്ട ആന്റണി.. രചന ഇഷ്ടപ്പെട്ടു. ആശംസകൾ 🍁

    വിശ്വനാഥ്

    ReplyDelete
  7. പ്രിയപ്പട്ട ആൻ്റണി , വേറിട്ട ചിന്തയും എഴുത്തും .ആശംസകൾ

    ReplyDelete
  8. വായനയ്ക്കും വിലയേറിയ വാക്കുകൾക്കും നന്ദി... സ്നേഹം...

    ReplyDelete

  9. അർത്ഥവത്തായ വരികൾ വർത്തമാന കാലത്തെ വെളിവാക്കുന്ന കവിത സുന്ദരം

    ReplyDelete
  10. ലളിതമായ ശൈലി കൊണ്ടുള്ള മനോഹരമായ കവിത.
    പാലായനത്തിന്റെ വേദനയാണ് മനസിൽ തെളിഞ്ഞത്...
    ആയുധപ്പുരകൾ ഭീഷണിയായ,
    മതത്തിന്റെ കാർക്കശ്യങ്ങൾ ജന്മഭൂമിക്ക് അന്യരാക്കിയ,
    നിറഞ്ഞ മിഴികളിലൂടെ വസുധയുടെ മങ്ങിയ വൈവിധ്യം കണ്ടു വാത്സല്യം നുകർന്ന,
    ആശ്വാസത്തിന്റെ പൂത്തിരികൾ കണ്ണിൽ തെളിഞ്ഞ ബാല്യങ്ങൾ.
    ഉറക്കത്തിൽ പോലും ഭീകരതയുടെ ദുർമുഖങ്ങൾ അവരെ വേട്ടയാടാതിരിക്കട്ടെ...

    സാമൂഹ്യ പ്രതിബദ്ധതയുള്ള കവിത..
    ആശംസകൾ കവിതയ്ക്കും...പ്രിയ കവിക്കും..

    സ്നേഹത്തോടെ,
    Johnpaul. PV

    ReplyDelete