വെയിൽപൂക്കുന്ന മരം | ദിലീപ്‌

vehyilpookkunnamaram-dileep-kavitha


നിന്റെ ഋതുക്കളിൽനിന്നും
കടം കൊണ്ടൊരു
ഗ്രീഷ്മം വേരുകളെ
പുണർന്നു തുടങ്ങിയിരിക്കുന്നു,

ഇലഞരമ്പുകളെ
ചുംബിച്ചുറങ്ങിയിരുന്ന വസന്തം
പൂക്കളടർത്തി
ആകാശം പൊഴിച്ച
ഒറ്റ നക്ഷത്രം പോൽ
അകലങ്ങളിലെ
ഇരുൾ പുതച്ചുറങ്ങുന്നു,

കൊഴിഞ്ഞുവീണ
ഇലകൾ മരത്തിനോട്‌
ഋതുക്കളെക്കുറിച്ച്
ചോദിച്ചിരുന്നുവത്രേ,
ഓർമ്മയിടങ്ങളിൽ
നഗ്നമാക്കപ്പെട്ട മരം
വെയിൽ തുന്നിത്തീർത്ത
ഉടുപ്പിലേക്കപ്പോൾ
സ്വയം ചുരുങ്ങി,

ചില്ലകളെ 
അഗ്നിപടർത്തിയ കൈകളാൽ
പുണർന്നു,
വെയിൽവേരുകൾ ഉടലിലേയ്ക്ക്
പടരുമ്പോഴും മരം, 
മൗനം തുറന്നുവിട്ട
പാഴ്ച്ചിരികളുടെ
കിളിക്കൂടുകൾ വരച്ചിരുന്നു,

ഉടലിലേയ്ക്ക് പടർന്നുകയറിയ
വെയിൽച്ചീളുകളിൽ മരം
വിടപറഞ്ഞുപോയ ഇലകളെ
ഒരിക്കൽക്കൂടി വരച്ചുചേർക്കാൻ
ശ്രമിച്ചു പരാജയപ്പെട്ടു,

മോഹമഞ്ഞകളിൽനിന്നും
ഉടലുരുകുന്ന ഗ്രീഷ്മത്തിലേക്ക്
സ്വയം പരിഭാഷപ്പെടുത്തിയ മരം
തന്നെ നോക്കി പറന്ന
ചിത്രപതംഗങ്ങളുടെ ചിറകുകളിൽ
തീപടരുന്നത് നിസ്സഹായതയോടെ
നോക്കിനിന്നു,

നീർവറ്റിയ കണ്ണുകൾക്കൊണ്ട്
ഇനിയും വസന്തം
തിരഞ്ഞിറങ്ങാനാവില്ല
അഗ്നിയെ ചുംബിച്ച
വേരുകളോട് മഴയുടെ
കഥപറയാനാവാത്ത മരം 
ചില്ലകളിൽ പൂക്കാൻ ഒടുവിൽ 
വെയിലിനുതന്നെ ഇടംകൊടുത്തു....
-------------©dileep..............

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

3 Comments

Previous Post Next Post