അനഘയും അനസൂയയും | സരിത ജി

saritha-g-satheesh-malayalam-kavitha


വര്‍
ഇരട്ടകളായിരുന്നു
അനഘയും
അനസൂയയും!

സൗഭാഗ്യങ്ങള്‍ക്കു
മേലെ
പിറന്നു വീണവര്‍
കണ്ണെത്താ
ദൂരത്തെ
നെല്‍പ്പാടങ്ങള്‍ക്കും
പത്തായം
നിറയുന്ന
നാളികേരങ്ങള്‍ക്കും
അവകാശികളായവര്‍

തങ്കമുരച്ച്
തൊട്ടുകൊടുത്തതും
സ്വര്‍ണതളികയിലിരുത്തി
നൂല്‍കെട്ടിയതും
ചന്ദനംതേച്ചുള്ള 
കുളിയും 
പട്ടിണി
കുടിലുകളിലെ
അതിശയങ്ങളായിരുന്നു

ദീര്‍ഘായുസിനായി
കളമെഴുത്തും
സര്‍പ്പം പാട്ടും
പതിവായിരുന്നു

ജന്മനാളില്‍
നാടടങ്കം 
സദ്യയും
കോടിയും
കുഞ്ഞികൈകളില്‍
നിറയെ വെള്ളി
കാശും

ഏഴാം വയസ്സ്
തികഞ്ഞെന്റെ
പിറ്റേന്ന് 
തെക്കേ വരമ്പിറങ്ങി 
ദീപാരാധന
തൊഴാന്‍ പോയവര്‍
പിന്നെ തിരിച്ചുവന്നില്ല!

ചൂട്ടുകള്‍ തീതുപ്പി
നെട്ടോട്ടമോടി
കാവും കുളവും
പരതിനോക്കി!

പെമാരി
പെയ്തിറങ്ങി
ഒരു നാട് മുഴുവന്‍
ഉണര്‍ന്നിരുന്നു

തെളിയാത്ത
പുലര്‍കാലം
കണികണ്ടത്
ചെമ്പക ചോട്ടില്‍
കിടക്കുന്ന
രണ്ടു കുഞ്ഞു
ശരീരങ്ങളായിരുന്നു.

ഇരുവരും
കണ്ണുകള്‍
തുറന്നു വെച്ചു
മഴ കൊണ്ടു കിടക്കുന്നു
മരിച്ചിട്ടും
ജീവന്റെ ചൂട്
പേറിയവര്‍!

ഇരുവരും ഭദ്രയില്‍
ലയിച്ചെന്ന്
നാട്ടുകേള്‍വി!

ഇന്നുമവര്‍ക്കായി 
കൂവളമരത്തിന്റെ
ചോട്ടിലെ
കുരിയാലകളില്‍ 
കല്‍വിളക്കുകള്‍
തെളിയും 

ഉത്സവകാലത്ത്
നാട് കാണാന്‍
മുടിപ്പറയിറങ്ങുമ്പോള്‍
ആദ്യം അവരെ
ചെന്നു കാണും!

കേട്ട കഥകള്‍ക്ക്
അപ്പുറം അവര്‍
പ്രഹേളികയാണ്!

എങ്ങോട്ടോ
മാഞ്ഞു പോയവര്‍ 
ഇപ്പോഴും
ആ വീട് കാണുമ്പോള്‍
ചെമ്പകം മണക്കുമ്പോള്‍
ഓര്‍ത്തുപോകും
അവര്‍ എങ്ങനെയാകും
മരിച്ചത്?

അനഘയും
അനസൂയയും
--------© saritha g---------

Post a Comment

1 Comments

  1. യഥാർത്ഥ കഥയാണോ?
    നന്നായിട്ടുണ്ട്...
    എഴുത്ത് തുടരൂ 👍

    ReplyDelete