കാറ്റാടിപ്പാടത്തെ നീളന്‍ ചിറകുകള്‍ | ഉഷ മണലായ

usha-manalaya-short-story


ലോങ്ങ് ഡ്രൈവ് അതും ബുള്ളറ്റില്‍. ഈ മോഹം ഒരുനാള്‍ പൊടുന്നനെ പൊട്ടി മുളച്ചതല്ല.  കൊല്ലങ്ങള്‍ കൊണ്ട് മനസ്സില്‍  രൂപപ്പെട്ടതാണ്.   ഞങ്ങള്‍ സാരംഗപാണി എന്ന് വിളിക്കുന്ന അച്ഛന്റെ അനന്തിരവന്‍ വണ്‍ മിസ്റ്റര്‍ സാരംഗാണ് ഈ ബൈക്ക് യാത്രയുടെ ത്രില്‍ എന്നില്‍ കുത്തിനിറച്ചത്. ഹൊസ്സൂരില്‍ കാറ്റര്‍ പില്ലര്‍ എന്ന മൈനിംഗ് ഏന്റ് എക്വിപ്പ്‌മെന്റ് കമ്പനിയിലെ  എന്‍ജിനീയറാണയാള്‍.  വീക്കെന്റുകളില്‍, ബുള്ളറ്റില്‍ കുട്ടുകാരുമൊത്തുള്ള യാത്രാ കഥകള്‍ കേട്ട് തുരുമ്പിച്ച ഒരു കൗമാരക്കാരന്റെ സ്വപ്നം ഇതായില്ലെങ്കിലല്ലേ അദ്ഭുതമുള്ളു.  മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞാനും ബുള്ളറ്റില്‍ പറക്കാന്‍ പോകുന്നു........ എന്റെ മനസ്സ് കുളിര്‍ത്തു. അത് സന്തോഷ പെരുമഴയായി പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബസ്സിന്റെ വിന്റോ സീറ്റിലിരുന്ന് ഞാനറിയാതെ ഉറക്കെച്ചിരിച്ചു പോയി.  സഹയാത്രികന്‍ എന്നെ മിഴിച്ച് നോക്കി. 'പിരാന്തന്‍ 'എന്ന് മനസ്സില്‍ പറഞ്ഞ പോലെ തോന്നി.
 പ്ലസ് ടു കഴിഞ്ഞ് യാതൊരുവിധ ലക്ഷ്യബോധവുമില്ലാതെ ഇരിക്കുകയായിരുന്നു. അച്ഛന്‍ മനപ്പൂര്‍വം ഓരോരോ വിഷയങ്ങള്‍ എടുത്തിടും. ഞാന്‍ മൂളിക്കൊടുക്കും.

 ' എടാ മിഥുന്‍ നീ കീം എഴുതുന്നില്ലേ?  ക്രാഷിന് ചേര്‍ന്നാലോ ''?

'ങും 'ഞാന്‍ മൂളും.

 'എന്‍ജീയറിംഗ് ആണ്  ആണ്‍കുട്ടികള്‍ക്ക് ചേര്‍ന്ന പ്രഫഷന്‍.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ആകുമ്പോള്‍ കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖലവരെ സ്‌കോപ്പുണ്ട് '. ഞാന്‍ പതിവു മൂളല്‍ ആവര്‍ത്തിക്കും
'പിന്നെ മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ വന്നപ്പോള്‍ ഒരുപാട് ജോലി സാധ്യതയും കൂടിയിട്ടുണ്ട്'. എല്ലാം പറഞ്ഞ് കഴിഞ്ഞ് ഒടുക്കം ഒരു ചോദ്യണ്ട്. എന്താ മിഥുന്‍ നിന്റെ അഭിപ്രായം ' ?
എനിക്ക് എന്നെ കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ലാത്തതു കൊണ്ട് ബഹിരാകാശ ത്തെത്തിയില്ലെങ്കിലും നമ്മുടെ ഭൂമിയില്‍ തന്നെയുള്ള പരമ്പരാഗത കാര്‍ഷിക മേഖലയില്‍ ഉറപ്പാണ് എന്ന് മനസ്സിലും ''അതു നല്ലതാ അച്ഛാ എന്ന് ഉറക്കെയും പറയും .
തീര്‍ന്നോ? ഇല്ലില്ല.
.
 'മിഥുന്‍ , ഹോസ്റ്റല്‍ ലൈഫ് ചീത്ത കൂട്ടു കെട്ടുകളില്‍ കൊണ്ട് ചാടിക്കും . സ്‌കോളര്‍ ആയാല്‍ ഒരു പ്രശ്‌നവും വരില്ല. അതാ നല്ലത് ന്നാ എന്റെ അഭിപ്രായം. 'നിന്റെയോ '? '. ഇതുകൂടി കേട്ടപ്പോള്‍ വീട്ടില്‍ നിന്നും പതിനഞ്ച് കിലോമിറ്റര്‍ അകലെയുള്ള എന്‍ജിനീയറിംഗ് കോളേജിലാണ് തന്റെ സമസ്ത ഭാവിയും കുരുങ്ങിക്കിടക്കുന്നത് എന്ന് ഉറപ്പായി.
ഉടനെ അമ്മടെ ഫോണെടുത്ത് സാരംഗപാണിയെ വിളിച്ച്  കാര്യമവതരിപ്പിച്ചു.
.
'ഡാ നീയ്, തമിഴ്‌നാട് എന്‍ജിനീയറിംഗ് എന്‍ ഡ്രന്‍സ് എഴുത് 'അവന്‍ ഉപദേശിച്ചു.
അങ്ങനെ അവന്റെ കൂടെ പോയ് അതെഴുതി. ധര്‍മ്മപുരിയിലെ 
'ജി സി ഇ 'യില്‍ അഡ്മിഷന്‍ ശരിയായ മെയില്‍ വന്നപ്പോള്‍ ദേ വരുന്നു അടുത്ത ഭൂകമ്പം .'ഇത്ര ദൂരെയോ? പറ്റില്ല പറ്റില്ല. എന്താ മിത്തുട്ടാ ഈ പറയണത് ' അമ്മ നിന്നു കിതച്ചു.
'ഇതെന്താ അമ്മേ വടക്കേ അമേരിക്കയിലൊന്നുമല്ലല്ലോ. എപ്പോ വേണെങ്കിലും വരാല്ലോ? അപ്പോഴേയ്ക്കാണ് സുനാമിയും ആര്‍ത്തലച്ചെത്തിയത്.
'ഇവിടെ നിന്ന് ദിവസവും പോയി പഠിക്കാന്‍ പറ്റുന്നിടത്ത്  പഠിച്ചാല്‍ മതി. ഞാനെന്റെ എല്ലാ മക്കളെം  അങ്ങനാ പഠിപ്പിച്ചത്. എന്നിട്ട് അവര്‍ക്കെന്തെങ്കിലും കുഴപ്പണ്ടോ? ഇപ്പഴും ഒറക്കത്തില്‍ പേടിച്ച് കരയണ കുട്ടിയാ നീയ്യ്. അതു മറക്കണ്ട '.  കൊച്ചാക്കി കൊച്ചാക്കി ഈ അച്ഛമ്മ എന്നെ കൊല്ലും മനസ്റ്റില്‍ പിരാകി. അപ്പോഴും സാരംഗപാണിയാണ് രക്ഷയ്‌ക്കെത്തിയത്. അവന്‍ അച്ഛനോടു പറഞ്ഞു .
'മാമേ, അവിടെ ധര്‍മ്മപുരിയിലാകുമ്പോള്‍ ഇവന് എന്റെ കമ്പനിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാം. പിന്നെ കൃത്യ സമയത്താവിടെ എക്‌സാം .അതുകൊണ്ട് ഇരുപത്തിരണ്ടാം വയസ്സില്‍ തന്നെ ഇവന് ജോലിയിലും പ്രവേശിക്കാം '. അതോടെ അച്ഛന്‍ ഫ്‌ലാറ്റ്. സാരംഗപാണിയെന്ന ദുരന്തനിവാരണ സെല്ലിന്റെ സഹായത്തോടെ എല്ലാം സെറ്റില്‍ ചെയ്ത്
കഴിഞ്ഞ ആഴ്ച്ചയാണ് കെട്ടും ഭാണ്ഡവുമെടുത്ത്  ധര്‍മ്മപുരിയിലെത്തിയത് .
     കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയ പണിയാരവും വൈവിധ്യമാര്‍ന്ന പൊങ്കലുകളും  തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടക്കുകയാണ്. ഇന്നെന്തൂട്ടാണാവോ? എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സാരംഗപാണിയുടെ ഫോണ്‍ വന്നത്.
'ഡാ രണ്ടു ദിവസം അവധിയല്ലേ  ഹൊസൂരിലേയ്ക്ക് ബസ് കയറിക്കോ ''. കേട്ടപാതി കിട്ടിയത് വാരിവലിച്ച് ബേഗിലിട്ട് ബസ്സ് കയറി. 
  
വണ്ടി മേളഗിരിയിലെത്തി. അങ്ങ് ദൂരെ പശ്ചിമ ഘട്ടവും പൂര്‍വ്വ ഘട്ടവും കണ്ടുമുട്ടി കുശലം പറയുന്നത് നോക്കിയിരുന്നു. പ്രകൃതിരമണീയമാര്‍ന്ന പശ്ചിമഘട്ടം, കല്ലും പാറക്കെട്ടുകളും കുത്തനെ അടുക്കി വച്ച പൂര്‍വ്വ ഘട്ട മലനിരകളോട് തെല്ല ഹന്തയോടെ സംസാരിക്കുന്നതു പോലെ തോന്നി. എന്റെ ചിന്താ പ്രവാഹങ്ങളെ ഭംഗം വരുത്തിക്കൊണ്ട് 'പ്‌ഠോ 'എന്ന ഒരു ശബ്ദം കേട്ടു .വണ്ടി നിന്നു.ആളുകള്‍ തെരുതെരെ വണ്ടിയില്‍ നിന്നിറങ്ങി. ആരുടെയൊക്കെയോ സംസാരത്തില്‍ നിന്ന് ബെയ്‌സുഹള്ളിയാണ് സ്ഥലമെന്ന് മനസ്സിലായി. ചിരപരിചിതരായ യാത്രക്കാര്‍ കിട്ടിയ വണ്ടികളില്‍ യാത്രയായപ്പോള്‍ ബസ്സ് നേരെയാകുമെന്ന പ്രതീക്ഷയില്‍  വെറും കുന്തം വിഴുങ്ങിയായി ഞാന്‍ നിന്നു. ഒടുക്കം ബസ്സിനെ വഴിയില്‍ നിന്ന് മാറ്റിയിട്ടു. 
ഞാന്‍ സാരംഗപാണിയെ വിളിച്ചു നോക്കി. 
'ഡാ നീ എത്താറായോ'? അവന്റെ ചോദ്യം. ഞാന്‍ വണ്ടി കേടായ കാര്യം പറഞ്ഞു.

 'ഡാ ഞാന്‍ ഹോസ്റ്റലിലേയ്ക്ക് തന്നെ തിരിച്ച് പോയാലോ?അതാ നല്ലത് ന്നാ തോന്നണത്'.
'ഡാ പേടിത്തൂറി നീ കിട്ടിയ വണ്ടിയിലൊന്ന് കയറി ഇങ്ങോട്ടു പോര് '. അവന്‍ പറഞ്ഞു.
'ഒന്നും നിറുത്തുന്നില്ല ' .ന്ന് പറയുമ്പോള്‍ എന്റെ ശബ്ദത്തില്‍ നിഴലിച്ച  വേവലാതി കൊണ്ടാവാം  അവന്‍ പറഞ്ഞു.
' നീ എന്തെങ്കിലും കഴിക്ക് എന്നിട്ട് ലൊക്കേഷന്‍ സെന്റ് ചെയ്യ്.അപ്പോഴേയ്ക്ക് ഞാനെത്താം '.
  അപ്പോഴാണ്  മൂക്ക് തുളച്ച് മുന്നോട്ടു വന്ന കുടല്‍ കത്തിയെരിയുന്ന മണം ഞാന്‍ ശ്രദ്ധിച്ചത്. ഒരു ഹോട്ടലും നോക്കി ആഞ്ഞാഞ്ഞു നടന്നു. ചീറിപ്പായുന്ന വണ്ടികളല്ലാതെ ഒരു നല്ല കടപോലും കണ്ടത്താനായില്ല .ഒടുവില്‍ ക്ഷീണിച്ച് തളര്‍ന്ന ഞാന്‍ റോഡരികില്‍ കുത്തിയിരുന്നു. സമയം ഇഴഞ്ഞ് നീങ്ങി. അവസാനം കറുത്ത കോട്ടില്‍ പൊതിഞ്ഞ ഒരു രൂപവും വഹിച്ച  സ്വന്തം ബുള്ളറ്റ് എന്റെ തൊട്ടുമുമ്പില്‍ വന്നു നിന്നു. ഞാന്‍  ചാടിക്കയറി.  
ബൈക്ക് മുന്നോട്ടു കുതിക്കുമ്പോള്‍ അവന്‍ ചോദിച്ചു. 
'ഡാ നീ എന്തെങ്കിലും കഴിച്ചോ'  ? 
'ഒന്നും കിട്ടിയില്ല'. ഞാന്‍ മറുപടി പറഞ്ഞു. 
'കിട്ട്ണത് കഴിക്കാണ്ടെ ഓന്‍ പൊറോട്ടേം ബീഫും അന്വേഷിച്ച് നടന്നു കാണും '.അവന്‍ സ്വഗതം പറയുന്നത് കേട്ടു. അപ്പോഴാണ് റോഡരികില്‍ ഒരു വലിയ വിമാനച്ചിറക് ഞാന്‍ കണ്ടത്. 
'ഡാ ഇവിടെ അടുത്താണോ എയര്‍പോര്‍ട്ട് ' ?

 'അല്ല .എന്തേ? ഓ ഇത് കണ്ടിട്ടാണോ? ഇത് വിന്റ് മില്ലിലേയ്ക്കുള്ള ടര്‍ബൈന്‍ ബ്ലേഡുകളാണ് '. 

ഒരിക്കല്‍ രാമക്കല്‍ മേട്ടില്‍ നിന്ന് വിന്റ് മില്ല് കണ്ടിട്ടുണ്ട്. പക്ഷേ വളരെ ചെറിയ ചിറകുകളായാണ് തോന്നിയിട്ടുള്ളത് .
'ഡാ ഇതിന് എത്ര നീളം കാണും '? ഞാന്‍ ചോദിച്ചു.
'ഏതാണ്ട്
നൂറടിയില്‍ അധികം '. 'പിന്നെ നൂറടിയല്ലേ '? എന്റെ ശബ്ദത്തിലെ പരിഹാസം കേട്ട് അവന്‍ വിശദീകരിച്ചു തന്നു.
 ' മുന്നൂറ്റി എണ്‍പതടി അതായത് ഒരു മുപ്പത്തിരണ്ട് നില കെട്ടിടത്തിന്റെ അത്രയും പൊക്കത്തിലാണ്  ഇത് സ്ഥാപിക്കുന്നത്. അല്ലാതെ നിന്റെ തലേടെ ഉയരത്തിലല്ല '.
ബൈക്ക് കുറെ ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ വേറെ ഒരെണ്ണം കൂടി കണ്ടു. ഒരു ഫോട്ടോ എടുക്കാനായി തുനിഞ്ഞ എന്നോടവന്‍ ദേഷ്യപ്പെട്ടു .

''മര്യാദയ്ക്കിരിക്കെ ഡാ. ഈ സ്ഥലം ഇത്തിരി പ്രശ്‌നള്ളതാ'. 

എന്താ പ്രശ്‌നന്ന് പറ? 

      പെട്ടെന്ന് എന്റെ ചെവിയ്ക്കകത്ത് പ്രഷര്‍ കയറിയ പോലെ തോന്നി. 
'ഡാ എന്റെ ചെവികൊട്ടിയടച്ചു '. ഞാന്‍ പറഞ്ഞു
 ഉടനെ വന്നു പരിഹാരം. 'അത് ആള്‍ട്ടിറ്റിയൂഡില്‍ ഉള്ള വ്യതിയാനം കൊണ്ടാണ് .എന്റെ കോട്ടിന്റെ പോക്കറ്റിന്‍ ചൂയിംഗം ഉണ്ട്. അതെടുത്ത് വായിലിട്ട് ചവയ്ക്ക്. ഒക്കെ ശരിയാവും'. 
ചൂയിംഗവും ചവച്ചങ്ങനെയിരിയ്ക്കുമ്പോള്‍ അവന്‍ ഷിറ്റ് എന്ന് പിറുപിറുക്കന്നത് കേട്ടു .
'എന്താ എന്താടാ '?എന്ന് ചോദിച്ചപ്പോള്‍  'ഒന്നു മിണ്ടാണ്ടെയിരിയെ ഡാ ' എന്ന് പറഞ്ഞവന്‍ ചൂടായി.
അപ്പോഴാണ് ഒരു വല്ലാത്ത മൂളല്‍ ഞാന്‍ ശ്രദ്ധിച്ചത്. ഒരു വണ്ടി പോലും ഓവര്‍ ടേക്ക് ചെയ്യുന്നില്ല. ആ മൂളല്‍ കനത്തു വന്നു. എന്നില്‍ എന്തോ ഒരു ഭയം മുളപൊട്ടിത്തുടങ്ങി.അച്ചമ്മ പറഞ്ഞ് തന്ന കഥകളിലെ പ്രേതങ്ങളോരോന്നായിയി മനസ്സില്‍ വന്നു നിറഞ്ഞു. പെട്ടെന്നാണ് വണ്ടികളെല്ലാം നിശ്ചലമായത്. ദൂരെ വളവില്‍ ഒരു ടര്‍ബൈന്‍ ബ്ലേഡ് ഇളകുന്നതു പോലെ തോന്നി.തോന്നിയതാണോ?  ഞാന്‍ കണ്ണുകള്‍ ഇറുകെയൊന്നടച്ചു തുറന്നു . അല്ല അത്  നീണ്ടുനീണ്ടു വരുന്നുണ്ട്. പെട്ടെന്ന് ആ ചിറകുകള്‍ നീണ്ടു കൂര്‍ത്ത ദംഷ്ട്രകളായ് എന്റെ നേര്‍ക്ക് തന്നെ പാഞ്ഞടുക്കുന്നു . ഭൂം ... ഭൂം.... ഭൂം ... ഭും....എന്ന സീല്‍ക്കാരം ഉച്ചസ്ഥായിയിലെത്തി. എന്റെ തലയ്ക്കകത്ത് പെരുമ്പറ മുഴക്കം.   പിടിത്തം അയഞ്ഞു തുടങ്ങി. 

??????????????
കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു കാറിന്റെ പിന്‍സീറ്റില്‍ മലര്‍ന്ന് കിടക്കുന്നു . ചുറ്റും ആളുകള്‍ . മുഖം നനഞ്ഞിരിയ്ക്കുന്നു ആരോ ചോദിച്ചു  .ഹൗ ആര്‍ യു യങ് മാന്‍. ഞാന്‍ എഴുന്നേറ്റിരുന്ന് 'കുഴപ്പമില്ല 'എന്ന് പറഞ്ഞു. 
'ഡ്രിംഗ് ദിസ് ഹോട്ട് ട്ടി '. ഒരാള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ ചായ നീട്ടി. ഞാനത് വാങ്ങി ഒറ്റ വലിയ്ക്ക് അകത്താക്കി. പിന്നെ പതുക്കെ പുറത്തിറങ്ങി. ചുറ്റും നോക്കി. അവന്‍ ഫോണിലും എന്നെയും മാറി മാറി നോക്കുന്നു . ''ആര്‍ യു ഓക്കെ.ഡസ് വി വാണ്‍ട് ടു ഡു എനിതിംഗ് '? കാറുടമയുടെ ശബ്ദം  .
'ഡാ അവര് നിക്കണോ അതോ പോണോ ന്നാ ചോദിച്ചത് ' . സാരംഗ് പറഞ്ഞു.  'വേണ്ട വേണ്ട'' ഞാന്‍ തീര്‍ത്തു പറഞ്ഞു. അവര്‍ പോയി. 'നമുക്കു വിട്ടാലോ '? ഞാന്‍ സമ്മതം മൂളി.

      വണ്ടി മുന്നോട്ട് നീങ്ങുമ്പോള്‍ അവന്‍ ചോദിച്ചു.  'ഡാ ശരിക്കും എന്താ പറ്റിയത് ''? 

'എന്തോ പ്രേതത്തിന്റെത് പോലെ ഒരു മൂളല്‍. ഒപ്പം ആ വലിയ ചിറകുകള്‍ ഒന്നനങ്ങി. പിന്നെ എന്റെ നേര്‍ക്ക് വരുന്ന പോലെ  . ഇതാ ഇപ്പോഴുമാ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.

'ഇതോ? ഈ ശബ്ദം. അല്ലേ? പ്രേതം.മണ്ണാങ്കട്ടി. ഡാ പൊട്ടാ , ഡെയ്ഞ്ചറസ് സോണില്‍ ഡ്രൈവേഴ് സിനെ ജാഗരു ഗരാക്കാന്‍ വേണ്ടിവയ്ക്കുന്ന 'ഗോസ്ലോ ...ഗോ സ്ലോ '  എന്ന സൗണ്ട് സിഗ്‌നല്‍ ആണിത്.  നിനക്ക് പ്രയാസമെന്തെങ്കിലും തോന്നിയെങ്കില്‍  എന്തേ അപ്പോ പറയാത്തെ'?

മിണ്ടാണ്ടിരിയ്ക്ക് എന്നലറിയ അവനോട് എന്തു പറയാന്‍
ഞാനൊന്നും മിണ്ടിയില്ല. അവന്‍ തുടര്‍ന്നു. 
'ടര്‍ബൈന്‍ ബ്ലേഡുകള്‍ വഹിച്ച വണ്ടി വളവു തിരിഞ്ഞ് വരുന്നതു കണ്ടാണ് എല്ലാ വണ്ടികളും കുറച്ചു നേരം നിര്‍ത്തിയിട്ടത് . ബൈക്ക് നിര്‍ത്തിയിട്ട സമയമായതുകൊണ്ട് ആര്‍ക്കും ഒന്നും പറ്റിയില്ല? നീ വണ്ടിയില്‍ നിന്ന് വീഴുന്നത് ആ കാറുടമയാണ് ആദ്യം കണ്ടത് '.
'സോറി ഡാ'' ഞാന്‍ പറഞ്ഞു. അപ്പോഴേയ്ക്കും വണ്ടി  ഒരു ടൗണിലെത്തിക്കഴിഞ്ഞു. 
'ഫസ്റ്റ്
നമുക്കെന്തെങ്കിലും കഴിയ്ക്കാം .എന്നിട്ടാവാം യാത്ര '.  ഏറ്റവും അടുത്ത ഹോട്ടല്‍ ലക്ഷ്യമാക്കി ബുള്ളറ്റ് നീങ്ങീക്കൊണ്ടിരുന്നു. ഹൈവേയില്‍ വച്ച് പ്രേതത്തിനെ കണ്ട് ബോധം കെട്ട കഥ, യക്ഷി നാക്കു നീട്ടി പേടിപ്പിച്ച കഥ. അങ്ങനെ എത്രയെത്ര കഥകള്‍ ഈ സാരംഗപാണി വഴി  നാട്ടില്‍   പാട്ടാകുന്നതോര്‍ത്ത് ഞാന്‍ സര്‍വ്വാംഗം തളര്‍ന്നു.  ''സാരംഗേ? ',ഞാന്‍ ആദ്യമായി അവനെ സ്‌നേഹത്തോടെ വിളിച്ചു. 'എന്താ മിഥുക്കുട്ടാ ' ? അവനും തിരിച്ചുവിളിച്ചു. 
'നീ ഇത് ദയവ് ചെയ്ത് നാട്ടില്‍ പാട്ടാക്കരുത്. അച്ചമ്മ പറയുന്ന കഥകള്‍ തന്നെ ഒരു ജീവിതകാലത്തിന്  ഉണ്ട്. ഇനി ഇതും കൂടി '.എന്റെ ശബ്ദം ദയനീയമായി . അവന്‍ ചിരിച്ചു കൊണ്ട് വണ്ടി സൈഡൊതുക്കി. ഹോട്ടലിന്റെ പടികള്‍ കയറുമ്പോള്‍ എന്റെ ഫോണിലേക്ക് തുരുതുരാ  മെസേജുകള്‍ വന്നു വീഴുന്ന ശബ്ദം കേട്ടു .അവന്‍ ചിരിച്ചതിന്റെ അര്‍ഥം അപ്പോഴെനിക്ക് ബോധ്യമായി '.
---------------©ushamanalaya--------------

Post a Comment

13 Comments

  1. മികച്ച വായനാനുഭവം തരുന്ന കഥ

    ReplyDelete
  2. അടിപൊളി 😍👍👍

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. 👌👌👌നല്ല കഥ

    ReplyDelete
  5. I enjoyed reading your story..Really appreciate it..looking forward to your writing

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. കഥ ഇഷ്ടപ്പെട്ടു.👌

    ReplyDelete
  8. ആകാംക്ഷയുണർത്തുന്ന കഥ

    ReplyDelete
  9. നന്നായിട്ടുണ്ട് 👌👌👌👌

    ReplyDelete