വെറ്റിലയില്‍ ചുണ്ണാമ്പുതേയ്ക്കുമ്പോലെ ഫോണ്‍ സ്‌ക്രീനില്‍ വിരലോടിക്കുന്നതിനിടയില്‍ വൃദ്ധ കൊച്ചുമോനെ നോക്കി.
ഇപ്പോള്‍ കരയുമെന്ന മട്ടില്‍ അവനും പുതുപ്പെണ്ണും.
' അവര്‍ക്കിഷ്ടപ്പെട്ട പെണ്ണിനെക്കെട്ടാതെ നീയിവിളേം വിളിച്ചെറക്കി കൊണ്ടു വന്നാല്‍ അവള് സഹിക്കുവോടാ...' അച്ഛമ്മ അവന്റെ മുഖത്തുനോക്കി. വേദന കണ്ട് സഹതപിച്ചാകാം, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു - ' നാലഞ്ചുമാസം കഴിയുമ്പോ പതിയെ മാറൂടാ മക്കളെ... '
' പിന്നെ, മാസക്കണക്ക് വച്ച് പറയുന്ന കേട്ടാത്തോന്നും അത്രയ്ക്ക് ഉറപ്പാന്ന്...' അവന്‍ പിറുപിറുത്തു.
' ഡാ, കൊച്ചനെ... നിന്റെച്ഛന് ഞങ്ങള്‍ പണ്ടൊരു പെണ്ണിനെ ക്കണ്ട് കെട്ടൊറിപ്പിച്ച്... അതൊക്കെക്കഴിഞ്ഞ് ഒരുനാള്‍ അവന്‍ നിന്റമ്മേട കയ്യുംപിടിച്ച് പടികേറി വന്നിട്ട് പറയുവാ, അമ്മേ, അച്ഛാ, ക്ഷമിക്കണം. എന്റെ കല്യാണം കഴിഞ്ഞൂന്ന്.
നാണംകെട്ടു പോയില്ലേ. അന്ന് എന്റെ പെണക്കം അഞ്ചാറ് മാസം കൊണ്ട് തീര്‍ന്നു, പിന്നാ ഇത്...'
എന്തോ പറയാനാഞ്ഞ കൊച്ചുമകന് മുന്നിലിരുന്ന് ആ വൃദ്ധ യൂ ട്യൂബിലോ മറ്റോ ഉള്ള തമാശ ആസ്വദിച്ചു ചിരിക്കുന്നു. ഒന്നും പറയാതെയവര്‍ പിന്‍വാങ്ങി.
----------©jyothitagor----------
0 Comments