ജീവിതത്തോടുള്ള ഭ്രമം | ഖുതുബ് ബത്തേരി

guthub-batheri-kavitha


പഴുത്തുപാകമാകും
മുന്‍പേകൊഴിഞ്ഞിടുന്ന
ഫലങ്ങള്‍
പോലെയാണീ
മര്‍ത്യരും.!
ജീവിത
പെടാപ്പാടിനിടയില്‍
കുഴഞ്ഞു
വീണുപോകുന്നവര്‍,
ഒത്തിരി
സ്വപ്നങ്ങള്‍
കണ്ടുകൊണ്ടുള്ള
പരക്കം പാച്ചിലിനിടയില്‍
കൈവിട്ടുപോകുന്ന
ശ്വാസമിടിപ്പുകള്‍,
ഉറ്റവരുടെ
ഇമകളില്‍
ഒലിച്ചിറങ്ങുന്ന
കണ്ണുനീരിനാല്‍
കുതിര്‍ന്നുപോകുന്ന
ഭാവിയും
വര്‍ത്തമാനവും.!

ശുഭപ്രതീക്ഷ
മുനമ്പിലെത്തും
മുന്നേ
രോഗപീഡകളാല്‍ 
ചുഴിയിലാണ്ടുപോകുന്ന
ജീവിതങ്ങളെ 
ഉദയത്തിനു
മുന്‍പേ 
അസ്തമയം
ഗര്‍ഭം
ധരിക്കുന്നതും
കാണാം.!

പൂരിപ്പിക്കാന്‍
ആവാതെ
നിസ്സഹായതയില്‍ 
ശൂന്യത തളം
കെട്ടിനില്‍ക്കുന്ന
ഇത്തരം ചില 
കാഴ്ചകള്‍
നമ്മുക്ക്
ചുറ്റുമുണ്ടെന്നിരുന്നാലും,
നമ്മളും
ആഗ്രഹങ്ങളുടെ
കോട്ടകള്‍
പണിതുയര്‍ത്തി
സ്വപ്നങ്ങള്‍ക്ക്
ചിറകുനല്‍കി
പരക്കംപായുകയാണ്
ഇടറിവീഴുമെന്നോര്‍ക്കാതെ.!

നിസ്സാരമായയീ ജീവിതം
അത്രമേലാഴത്തില്‍ 
നമ്മയിങ്ങനെ
ഭ്രമിപ്പിച്ചിരിക്കാം.
----©guthub-batheri-----

Post a Comment

0 Comments