എത്ര കൂട്ടിയും കിഴിച്ചും നോക്കിയിട്ടും ഒരു ഉത്തരത്തിലേക്ക് എത്താന്‍ കഴിയാഞ്ഞ എനിക്ക്, അവസാനം ആ നിഗമനത്തിലേക്ക് ആണ് വന്നു ചേരാന്‍ കഴിഞ്ഞത്. ട്രൂ ലവ് വില്‍ ഫോളോ യൂ ഫോര്‍ മെനി ബര്‍തസ്. കഴിഞ്ഞ ജന്മങ്ങളിലെന്നോ നമ്മുടെ കൂടെ ഉണ്ടായിരുന്ന നമ്മളോട് അത്ര മേല്‍ ചേര്‍ന്നിരുന്നവര്‍ സ്‌നേഹിച്ചിരുന്നവര്‍ വരും ജന്മങ്ങളിലും നമ്മളിലേക്ക് കടന്നു വരും. എന്നിട്ട് കഴിഞ്ഞ ജന്മത്തിന്റെ വൈബ്,അഥവാ തരംഗങ്ങള്‍ മനസിലേക്ക് പല സൂചകങ്ങള്‍ വഴി ഇട്ടു തരും. നമ്മുടെ ഇന്നിന്റെ ജീവിത വഴികളില്‍ കഴിഞ്ഞ ജന്മത്തിലേക്ക് പാലം ഇട്ട് തരുന്ന ഓര്‍മകളുടെ കണ്ണി വിളക്കി ചേര്‍ത്ത് കൊണ്ടേ ഇരിക്കും.
ഞാന്‍ പറഞ്ഞത് മനോഹരമായ വശം ആണെങ്കിലും കഴിഞ്ഞ ജന്മത്തില്‍ നമ്മോട് വിദ്വേഷം പുലര്‍ത്തിയവരും വരുന്നുണ്ടോ എന്ന് സംശയമുണ്ട്. അനുഭവമെന്ന ടോര്‍ച്ചിന്റെ ദിവ്യ പ്രകാശത്തില്‍ ഇത് വരെ കിട്ടിയ പണികളുടെ എണ്ണം നോക്കിയ സംശയ ലേശമന്യേ പറയാന്‍ കഴിയും. കാരണം പണി തന്നവര്‍ ഒന്നും ഈ ജന്മത്തില്‍ നമ്മള്‍ക്കു ശത്രുത ഉള്ളവരല്ല. മറിച്ചു നമ്മള്‍ ഒരുപാട് ഉപകാരം ചെയ്തു കൊടുത്തവര്‍ കൂടെയാണ്. ഈ ഉപകാരം ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞവര്‍ കൂടെയാണ്! അപ്പൊ ഉറപ്പല്ലേ ഇവരൊക്കെ മറ്റേ ടീം ആണ്. കഴിഞ്ഞ ജന്മത്തില്‍ നിന്നു വിടാതെ പിന്തുടര്‍ന്നു വന്നവര്‍.
പറഞ്ഞു വന്നത് പൂര്‍വ ജന്മ ബന്ധങ്ങള്‍ ജനി സ്മൃതികള്‍ക്ക് ഇപ്പുറവും നമ്മെ പിന്തുടരുന്നതിനെ പറ്റി. ചില ആളുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, ചില മണം പോലും എന്നെ പഴയ ഏതോ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകാറുണ്ട്. എന്നാലോ ഇവക്കൊന്നും ഈ ജന്മവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.
Deja-vu എന്ന ഒരു ഇംഗ്ലീഷ് വാക്കുണ്ട്. ഒരു സ്ഥലം നമുക്ക് പഴയ ഓര്‍മ്മകള്‍ തരുന്നു. ഈ ഒരു അവസ്ഥയിലൂടെ (State of Mind) ഞാന്‍ മുമ്പെങ്ങോ കടന്നു പോയി എന്ന തോന്നല്‍ ഉണ്ടാകുന്നു എന്നൊക്കെ ആണ് അതിന്റെ അര്‍ത്ഥം. പല സിനിമകളും പുനര്‍ ജന്മത്തെ മനോഹരമായി പറഞ്ഞു വെക്കുന്നുണ്ട്.
ആത്മാവ് ഇപ്പോളുള്ള നമ്മുടെ ശരീരത്തില്‍ എത്തും മുമ്പ് ആത്മീയമായ ഏതൊക്കെയോ ലോകത്ത് കറങ്ങി നടന്നിട്ടാണത്രെ വരുന്നത്. ആ അനുഭവങ്ങളിലേക്കും നമ്മളെ ചിന്തകളെ എത്തിക്കുമത്രേ!ചിലപ്പോ നമ്മുടെ ആത്മാവ് ടൂര്‍ പോയ സ്ഥലങ്ങളുടെ ഓര്‍മയും നമ്മള്‍ക്ക് തരുമായിരിക്കും. എന്റെ സ്വന്തം ആത്മാവിനോട് ഞാന്‍ ചോദിക്കാറുണ്ട് വല്ല യൂറോപ്യന്‍ ടൂര്‍ ഒക്കെ പൊയ്ക്കൂടാരുന്നോ? എനിക്ക് ചുളുവില്‍ ആ ഫീല്‍ ഒക്കെ ചിലപ്പോ കിട്ടി എങ്കിലോ. പിന്നെ പോട്ടെ ചിലപ്പോ ഇന്ത്യ വിടാന്‍ പെര്‍മിഷന്‍ ഉണ്ടാവൂലഎനിക്ക് ചില തരംഗങ്ങള്‍ കിട്ടാറുള്ളത് ഹോട്ടലുകള്‍ക്ക് മുന്നില്‍ എത്തുമ്പോളാണ്. ഇവിടെ നിന്നും എന്തോ കഴിച്ചല്ലോ എന്ന തോന്നല്‍ , അല്ലെങ്കില്‍ സ്‌മെല്‍! പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും ആ ഹോട്ടലില്‍ കയറി കാണില്ല. ഉറപ്പായും കഴിഞ്ഞ ജന്മം ഞാന്‍ ഒരു ഭക്ഷണ,ആക്രാന്ത പ്രേമി ആയിരുന്നിരിക്കണം.
ജീവിതത്തില്‍ അത്ര മേല്‍ സ്വാധീനം ചെലുത്തിയ ചിലരെ, ആദ്യമായി കാണുന്ന കുറച്ച് ആളുകളെയൊക്കെ വര്‍ഷങ്ങളുടെ പരിചയം ഉണ്ടെന്നു നിങ്ങള്‍ക്കും അനുഭവപ്പെടാറില്ലേ ? ആരോയോക്കെയോ പുലര്‍കാല സ്വപ്നങ്ങളില്‍ കണ്ടതായി തോന്നാറില്ലേ? കഴിഞ്ഞ ജന്മങ്ങളില്‍ ഒരുമിച്ച് ജീവിച്ചു മതിയാവാത്ത ആത്മാ ക്കള്‍ പുനര്‍ജന്മത്തില്‍ സംഗമിക്കുമായിരിക്കും. ആ ഒരു തരംഗം നമ്മള്‍ക്കു തരുന്ന എല്ലാ സൂചകങ്ങളും, പാതി മുറിഞ്ഞു പോയ സ്വപ്നങ്ങളുമെല്ലാം അതാവും പറഞ്ഞു വെക്കുന്നത്.
ഇടക്കിടെ മിന്നി മായുന്ന എന്റെ അരൂപിയായ ഈ കൂട്ട് മനുഷ്യ രൂപം പൂണ്ട് എന്നോട് ചേരുമോ? എത്ര സങ്കീര്‍ണ്ണമാണ് മനുഷ്യ മനസ്സ്. എന്റെ മനസ്സിലെ യുക്തിയും ഫാന്റസിയും തമ്മില്‍ പൊരിഞ്ഞ യുദ്ധത്തിലാണ്! ഇങ്ങനെ ഒരു അദൃശ്യ സാന്നിധ്യം എന്നെ വായിക്കുന്ന നിങ്ങള്‍ക് അനുഭവപ്പെട്ടിട്ടുണ്ടോ?
മനുഷ്യ മനസ്സ് എന്നും സ്‌നേഹം കൊതിക്കുന്നതാണ്. ഒരു ജന്മത്തില്‍ അല്ലെങ്കില്‍ മറ്റൊരു പുനര്‍ ജന്മത്തില്‍ അവ ആഗ്രഹിക്കുന്ന സ്‌നേഹവും, കരുതലും വന്നു ചേരട്ടെ. ഓര്‍മ്മകള്‍ കഴുത്തിനു പിടിക്കാതെ, മനസിന് വിങ്ങല്‍ ആവാതെ ജന്മ ജന്മാന്തരങ്ങളോളം ഹൃദയത്തിന് സാന്ത്വനമാവട്ടെ?
-----------©binajbhargavi--------------
2 Comments
നന്നായി എഴുതി. ചില യാത്രകളിൽ എനിക്കും തോനിയിട്ടുണ്ട് ഇവിടമൊക്കെ ഞാൻ മുൻപ് വന്നിട്ടുള്ളത് പോലെ, ചിലപ്പോ എൻ്റെ ആത്മാവും അവിടൊക്കെ കറങ്ങി നടന്നാലും എന്നിലേക്ക് കയറിവന്നത്.
ReplyDeleteഒരുപാട് നന്ദി സ്നേഹം 🥰🙏
Delete