പ്രയാണം (ജീവിതയാനം) | കവിത | ഷിജിചെല്ലാംകോട്

മുള്‍വഴികള്‍ പിന്നിട്ട ദൂരമേ തിരിയില്ല,
ഉള്‍ത്തട്ടിലതിന്‍ നോവുകള്‍ കല്ലിച്ചിരിക്കേ..
തൊട്ടില്ല തൊട്ടെന്ന മട്ടിലെന്തോ കുടഞ്ഞ
പോലല്‍പ്പ മാത്ര വിടര്‍ന്നുമടര്‍ന്നും ജീവിതം.
വിഫല സ്വപ്നങ്ങള്‍ നിരാശയിലാഴ്ന്നും,,
സഫല വര്‍ണ്ണ കനവുകളാകാശമായും,
തുടര്‍ച്ചകളാവര്‍ത്തനങ്ങളില്‍ ശങ്കിച്ചും,
ഒടുവിലാ നിത്യതയിലേക്കു നടന്നേറുന്നു.
ഗത കാല വ്യഥകളിലകം മുറിഞ്ഞ പെണ്‍,
നിണ കഥകളില്‍ മരവിച്ചു പോം നിര്‍ഭയ,
മണിപ്പൂര്‍ കലാപങ്ങള്‍, അവളുടെ നഗ്‌നത
കണ്ടു രസിച്ച ഭരണ ഭ്രാന്തണി ക്രൂരതകള്‍.
വിദൂരമല്ലാ നമ്മളില്‍ നമ്മളെത്തന്നെയരും
കൊല ചെയ്യും വിഭജനാന്ധതയിലാഴുവാന്‍.
തൊട്ടിരിക്കുവോരെയകറ്റും തീണ്ടാക്കാലം
കൊട്ടി വിളിക്കുന്നു വടക്കേപ്പുറങ്ങളില്‍.
വീഥിയെല്ലാമൊരേ കാഴ്ചകളല്ല, വിസ്മയം
തീര്‍ക്കും നിമ്‌നോന്നതികളുമിരമ്പലും,
വര്‍ണ്ണ വസന്തങ്ങളും കൊടിയ വേനലും...
വന്യകാനനങ്ങളുമനന്ത മരുക്കളുമുണ്ടാ-
മതിന്‍ പ്രക്ഷുബ്ദതയെ വകഞ്ഞേറണം.
ശിരസ്സപ്പൊഴുമില്ല പിന്‍ കാഴ്ചയറിയുവാന്‍.
നാവനക്കുന്നിപ്പൊഴും നാടിന്‍ മിടിപ്പിനായ്.
ചോര പൊടിയും വിരലുകള്‍ വരയ്ക്കുന്ന
ഭീതി ചിത്രങ്ങള്‍ക്കു താഴെയീ പേരുമുണ്ടാം.
ആധി പെരുക്കുന്ന ഭാവിയെച്ചൊല്ലി ദൂരം
ഭരിയ്ക്കുന്ന ദുരിതത്തിനെവിടെയറുതി?
ഇല്ലാത്ത സ്‌നേഹത്തില്‍ ചങ്കു തകരുന്ന
പൊല്ലാപ്പു പങ്കിടാനാകാതെ നോവുന്നു.
കൂട്ടി വച്ചതിന്‍ പങ്കു പറ്റിപ്പോമുറ്റവരാരും
കൂട്ടിനില്ലാതൊറ്റയായ് ചുറ്റുമാഴ്ന്ന ശൂന്യത
കാണ്മൂ നിലയറ്റ ജലധിയിലെന്ന പോല്‍.
ചുമക്കുന്ന ഭാരത്തിനപ്പുറം കനപ്പെടും
തമ്മിലട വച്ചുണര്‍ത്തിയ ദീര്‍ഘ മൗനം.
കനല്‍ കിണ്ടിയിട്ട കരളിന്റെ കദനങ്ങള്‍
കാലമുണക്കാ മുറിവായ് തെളിയ്ക്കവെ
കാലിടറുന്നു, കണ്ടാലറിയാത്ത നമ്മളില്‍
പടയൊരുക്കം മാത്രം ശിഷ്ട യാത്രയില്‍.
എന്തോ നേടേണ്ടതിന്‍ വെമ്പല്‍ മാത്രം.
എന്തോ നേടേണ്ടതിന്‍ വെമ്പല്‍ മാത്രം.
0 Comments