ആവിഷ്‌ക്കാരത്തിന്റെ വിരലുകള്‍ | പത്മരാജ് എരവില്‍

padmaraj-eravil-kavitha


എന്റെ വിരലഗ്രങ്ങളില്‍
കൂര്‍ത്ത നഖങ്ങള്‍ വിരിഞ്ഞത് 
ഞാന്‍ ആഗ്രഹിച്ചിട്ടേയല്ല.
ആവോളം നന്‍മ പെറ്റയെന്‍
മനസ്സിന്‍ ശിഖരങ്ങളില്‍
അസഹിഷ്ണുതകളുടെ
മഴു മൂര്‍ച്ചകള്‍ പച്ചകുത്താന്‍
തുടങ്ങിയപ്പോഴാണ്, 
ഇനിയില്ല സ്വാതന്ത്ര്യമെന്നറിഞ്ഞു
തുടങ്ങിക്കഴിഞ്ഞപ്പോഴാണ്, 
മറു വിധികളെഴുതുമെന്നു
കരുതണ്ട മുനയൊടിഞ്ഞു
മഷിക്കുപ്പികള്‍ പലതും ആറിത്തണുത്തു
വിരലറ്റു കൈപ്പത്തികള്‍
ഛിന്നഭിന്നമായി.

ഏറെക്കാലത്തിന്നൊടുവില്‍
ന്യായ തേജസ്സോടൊരു മുഷ്ടി
കരിങ്കല്ലു പിളര്‍ക്കും
ശക്തിയോടൊരു ആവിഷ്‌ക്കാരം
ഇന്നിതായെന്‍ വിരലഗ്രങ്ങളില്‍
കൂര്‍ത്ത് കൂര്‍ത്ത് നഖമായി
വളര്‍ന്നിരിക്കുന്നു.

ഉയിരു തന്നെ ഉടവാള്‍
ഉള്‍ക്കരുത്തു തന്നെ ചാട്ടവാര്‍
ഉയര്‍ത്തി ഞാനാകാശ മധ്യത്തിലേക്ക്
അസഹിഷ്ണുതകളുടെ മൂര്‍ധാവിലേക്ക് .
നിഴലുകള്‍ ബിംബങ്ങളായി
ശാസനകളെ ചങ്ങലയ്ക്കിടാന്‍
എനിക്കു മുന്നില്‍ അണിനിരന്നു
ഞാനും നിഴലും മാത്രമാണതിന്‍ പിന്നില്‍.

ധരണി തന്‍ ധീരസരണികള്‍
ബഹുമുഖ വ്യാപ്തിയില്‍ വളരുന്നു
ശാസനകളുടെ ശൂല മുനകളെ
ചാമ്പലാക്കുവാന്‍
അരങ്ങിലെ വെളിച്ചം കെടാതെ കാത്തിടാം.

സൂക്ഷിച്ചു നോക്കൂ നിങ്ങളുടെ
വിരലഗ്രങ്ങളിലുമില്ലേ
എന്റേതു പോലെ കൂര്‍ത്ത നഖങ്ങള്‍
അവ ജ്വലിച്ചു നില്‍ക്കുന്നുമില്ലേ ?
-----------------------------------------------------
© padmaraj eravil

Post a Comment

1 Comments