വിശുദ്ധന്‍ | സജി.വി. ദേവ്



കാന്‍സര്‍ വാര്‍ഡിന്റെ 
ഭൂമിശാസ്ത്രത്തില്‍ 
ആമസോണ്‍ മഴക്കാട് പോലെ
എന്നും തളിര്‍ത്ത് 
പൂത്തുലഞ്ഞ്
പുഞ്ചിരിക്കുന്ന 
പൂവുകള്‍ കാണാം.


ചിരി പേടകത്തിലേറി
കുരുന്നുകള്‍
ശലഭങ്ങളായി
മനം കവരുമ്പോള്‍
ഉള്ളു വേവുന്ന മണവുമായി
ചിരിവരുത്തുന്നു രണ്ട് പേര്‍. 

ദൈവമില്ല എന്ന് സമര്‍ത്ഥിച്ച
കുഞ്ഞൊറോതച്ചേട്ടനെ 
ഓര്‍ത്തുപോയി 
ഭ്രാന്തനെന്നും 
തെമ്മാടിയെന്നും 
നിഷേധിയെന്നും
വിളിച്ചവരോട് പുശ്ചം. 

സത്യം പറഞ്ഞതാണ്
കുഞ്ഞൊറോത ചേട്ടനെന്ന് 
ഈ മഴക്കാടുകളിലൂടെ
സഞ്ചരിക്കുമ്പോള്‍ കാണാം.

എന്നിട്ടും തീരാദു:ഖം തന്ന് 
ജനിപ്പിക്കുമ്പോള്‍ 
കുറ്റപ്പെടുത്താന്‍ 
കണ്ടെത്തിയ മാര്‍ഗ്ഗം 
ഇതൊക്കെ ദൈവത്തെ 
തോല്‍പ്പിക്കാന്‍ 
സാത്താന്റെ 
കണ്‍ കെട്ടുകളാണന്ന്
ക്ലീന്‍ ചീട്ട് നല്‍കി
വിശുദ്ധനാക്കുന്നു. 

കുഞ്ഞൊറോത ചേട്ടന് ചുറ്റും
ശാസ്ത്ര പുസ്തകങ്ങള്‍ 
പെറ്റു കൂട്ടുന്നു.

വചനങ്ങള്‍ വളമാക്കി 
മഴക്കാടുകള്‍ തഴച്ചുവളരുന്നു.
ഓരോ ഇതളും പുഞ്ചിരിയായ് 
കൊഴിഞ്ഞ് വീഴുന്നതറിഞ്ഞുകൊണ്ട്.

--------------------------------------

© SAJI V DEV

Post a Comment

1 Comments