തെങ്ങ് നമ്മുടെ കല്‍പക വൃക്ഷം | സുമ സതീഷ്‌

suma-satheesh-bahrain


'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴി ഇടങ്ങഴി മണ്ണുണ്ട്...
ഒരു നാഴി ഇടങ്ങഴി മണ്ണുണ്ട്.....................'

പക്ഷെ മണ്ണിന്റെയല്ല തെങ്ങിന്റെ പ്രാധാന്യമാണ് പറഞ്ഞു വരുന്നത്..
ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (APCC) രൂപീകരണം നടക്കുന്നത് തന്നെ തെങ്ങിനെ സംരക്ഷിക്കുക അതിന്റെ അമൂല്യ ഗുണങ്ങള്‍ കാത്തുസൂക്ഷിക്കുക പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്.

തെക്ക് നിന്ന് വന്നത് എന്നര്‍ത്ഥത്തില്‍ തെങ്കായ് പിന്നീട് തേങ്ങ എന്നായി. നാരുള്ള ഫലം എന്നത് നാളികേരവുമായി. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതു കൊണ്ടും പാവനമായ എല്ലാ ചടങ്ങുകളിലും  അനിഷേധ്യ ഉത്പന്നമായത് കൊണ്ടും അത് നമ്മുടെ കല്പകവൃക്ഷവുമായി.

തേങ്ങയുടെ ചകിരിയില്‍ നിന്നും കയര്‍ കണ്ടെത്തിയത്തോടെയാണ് തെങ്ങ് കൃഷി കേരളത്തില്‍ വ്യാപകമായത് എന്ന് പറയപ്പെടുന്നു.  കാ തൊട്ട് വേര് വരെ ഇത്രയധികം മൂല്യമായ വേറെ ഏതു ഫലവൃക്ഷമാണ് നമുക്കുള്ളത്? തെങ്ങിന് പകരം വെക്കാന്‍ വേറെ എന്തുണ്ടിവിടെ? തേങ്ങ വിളയാത്ത, വെളിച്ചിങ്ങ, പൂവ്, കതിര് കൂമ്പ് ഇളനീര്‍ ഇല, തേങ്ങവെള്ളം, ഓല മടല്‍ ചേരി ചിരട്ട ഈര്‍ക്കിണി പാണ് കൊതുമ്പ് തടി നാര് വേര് എന്ന് വേണ്ട എല്ലാം പ്രയോജനപ്രദം.

ഇക്കാലത്ത് തെങ്ങിന്റെ വിവിധ ഭാഗങ്ങളുപയോഗിച്ച് നിര്‍മ്മിച്ച വ്യത്യസ്ത തരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വ്യാപകമായി വിപണിയിലെത്തുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചിരട്ടയെ ഉപയോഗിച്ച് മനോഹരമായി എന്തും ഉണ്ടാക്കുന്ന നിരവധി കലാകാരന്മാര്‍ നാട്ടിലുണ്ട്. അങ്ങിനെ പ്രകൃതിക്കു ഭീഷണി ആവാത്ത ഇത്തരം ഉത്പന്നങ്ങളെ പ്രമോട്ട് ചെയ്യുന്നത്തോടെ തെങ്ങും കര്‍ഷകരും അഭിവൃദ്ധിപ്പെടും. അതാണ് ഈ ദിനാചരണം കൊണ്ടും സംഘടന കൊണ്ടും ഉദ്ദേശിക്കുന്നത്.

ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (APCC)  ആസ്ഥാനം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ്, ഇന്ത്യയുള്‍പ്പെടെ എണ്‍പതിലധികം രാജ്യങ്ങളില്‍    ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് ഈ വിള. ഇതില്‍ മിക്ക രാജ്യങ്ങളും എപിസിസി അംഗങ്ങളാണ്. സെപ്റ്റംബര്‍ 2 ന് കോക്കനട്ട് ദിനമായി ആചരിക്കുന്നത്, പ്രകൃതിയുടെ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായ  തേങ്ങയുടെ ഉപയോഗവും പ്രാധാന്യവും പ്രോത്സാഹിപ്പിക്കാനാണ്.
ഇന്ത്യ, നിലവില്‍ മൂന്നാമത്തെ വലിയ നാളികേര ഉത്പാദക രാജ്യമാണ്.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മറ്റ് പല പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തേങ്ങയില്‍ കൂടുതലും  പ്രോട്ടീന്‍, കൊഴുപ്പ്, നിരവധി പ്രധാന ധാതുക്കള്‍, ചെറിയ അളവില്‍ ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. തേങ്ങയില്‍ പ്രത്യേകിച്ച് മാംഗനീസ് കൂടുതലാണ്, ഇത് എല്ലുകളുടെ ആരോഗ്യത്തിനും കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ  പോഷണോപചയാപചയം അതായത് മെറ്റബോളിസം സാധ്യമാക്കുന്നു. അവയില്‍ ചെമ്പും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു, അതുപോലെ  നമ്മുടെ സെല്ലുകളെ സംരക്ഷിക്കുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റായ സെലിനിയവും നാളികേരത്തില്‍ നിന്നും ലഭ്യമാണ്.

ഇലക്ട്രോ ലൈറ്റുകളുടെയും   ലോറിക് ആസിഡിന്റെ  സമൃദ്ധമായ സ്രോതസ്സാണ് തേങ്ങ എന്ന് എത്രപേര്‍ക്കറിയാം. മറ്റൊരിടത്തും കിട്ടാത്തതും, അമ്മമാരുടെ മുലപ്പാലിലൂടെ മാത്രം ലഭിക്കുന്ന ലോറിക് ആസിഡ് എന്ന മൂല്യമുള്ള പോഷകം തേങ്ങാപാലില്‍ ധാരാളമായുണ്ട് എന്നത് എനിക്കും മഹത്തായ പുതിയറിവാണ്.  ആന്റി ഓക്സിഡന്റുകളും ആന്റി ബാക്ടീരികളും, ആന്റി ഫംഗലും, ആന്റി വൈറലും ഒക്കെ അടങ്ങിയിരിക്കുന്ന ഈ മഹത്തായ വിളവിനെയാണ്  കൊളസ്‌ട്രോള്‍ എന്ന ആരോപണം നല്‍കി, മലയാളി അകറ്റിനിര്‍ത്തി അന്ധമായി പശ്ചാത്യമായതിനെ മാത്രം സ്വീകരിച്ചു മാറാ രോഗികളായി നടക്കുന്നത്. നാം നല്കുന്ന അല്പ ജലത്തിന്റെ സ്മരണയില്‍ തെങ്ങ്  അമൃതജലമാണ് തിരിച്ചു  തരുന്നത്. അതിന്റെ മൂല്യം നമ്മളരറിയുന്നോ? മനുഷ്യന്റെ തലയുടെ വലുപ്പവും തലയോട്ടിയും മുടിയും തലച്ചോറും  കണ്ണും കണ്ണീരും ഒക്കെയായി തേങ്ങ ഒന്നൊന്നര സംഭവമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

തേങ്ങ, വെളിച്ചെണ്ണ വിശേഷങ്ങള്‍ അവസാനിക്കുന്നില്ലിവിടെ.

കാത്തിരിക്കുക...

-------------------------------------

© SUMA SATHEESH

#World-coconut-day

Post a Comment

5 Comments

  1. നന്നായിട്ടുണ്ട് സുമ. വളരെ അമൂല്യമായ ഒരു ഫല വൃക്ഷം. ഇത്ര അമൂല്യമായിട്ടും World coconut day-ക്ക് വേണ്ട പ്രാധാന്യം കേരവൃക്ഷത്തിന്റ നാട്ടുകാർ നൽകുന്നുണ്ടോ. നന്ദി ഈ എഴുത്തിന്.

    ReplyDelete
  2. വലരെ നന്നായിട്ടുണ്ട്. ഇത്രയും അറിവുകൾ തന്നതിന് നന്ദിയുണ്ട്. ആശംസകൾ

    ReplyDelete
  3. കൽപവൃക്ഷത്തെക്കുറിച്ച് നന്നായെഴുതി

    ReplyDelete
  4. സപ്പോർട്ടിനു നന്ദി അനിൽജി പ്രേം usha.... By സുമ

    ReplyDelete
  5. കല്പ വൃക്ഷം എന്ന് തിരുത്തി വായിക്കുക.. 😊

    ReplyDelete