അവള്‍ © ബിന്ദുമോള്‍

13



അയാള്‍ വന്നു കേറിയപ്പോള്‍ മുതല്‍ അവളാകെ ഇടറിയാടി നടക്കുകയായിരുന്നു. തൊണ്ടയില്‍ ഒരു തുള്ളി വെള്ളമില്ല, 'കയ്യും കാലും വിറച്ചിട്ട് പണിയൊന്നും എടുക്കാന്‍ വയ്യല്ലോ ന്റീശോയേ'. ഇപ്പൊ വരും വിളി,മണിക്കൂറ് ഒന്നെടുത്തു കുളിമുറിയില്‍ നിന്നിറങ്ങി ടിവി റൂമില്‍ കയറിയിട്ടുണ്ട്,'ഗ്ലാസ്സും വെള്ളവും കൊണ്ടുവാടീ എന്ന് ആജ്ഞ വരും മുമ്പേ അതെല്ലാം അവിടെ ഒരുക്കി വെച്ചു. വരുമ്പോള്‍ കൊണ്ടുവന്ന പന്നിയിറച്ചി കുരുമുളകും മസാലയും ചേര്‍ത്തു നല്ല കുറുക്കനെ...

 ഓക്കാനം തൊണ്ടയില്‍ വന്നു കറുമുറു പറയുന്നുണ്ട്. അവള്‍ പതുക്കെ ടിവി മുറിക്കു മുമ്പില്‍ നിന്ന് അകത്തേക്ക് എത്തി നോക്കി.

  അനിമല്‍ പ്ലാനറ്റില്‍ ഇര പിടഞ്ഞോടുകയാണ്,പിന്നില്‍ കാടിന്റെ അധിപന്‍...വിശപ്പിന്റെ മുരളിച്ച കേട്ടപ്പോള്‍ അവള്‍ക്ക് രോമങ്ങളെല്ലാം എഴുന്നു...

പല്ലു കിടുകിടുത്തു 'ഈശോ മറിയം ഔസേപ്പേ '

   തുടയിടുക്കിലൂടെ എന്തോ ഒഴുകി ഇറങ്ങി..ഓടി കുളിമുറിയില്‍ കയറി അടിവയര്‍ വേദന അവള്‍ ആസ്വദിച്ചു.. വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങി ഒലിച്ചു പോകുന്ന രക്തച്ചാ ലിനോടൊപ്പം അവളുടെ പേടിയും ഒലിച്ചുപോയി.

  കാട്ടുപന്നിയുടെ മുരളിച്ചയും ഒരുതരം വാടയും മുറിയില്‍ നിറഞ്ഞപ്പോള്‍ അവള്‍ കണ്ണ്

   തുറന്നു. തന്റെ കാലുകളില്‍ ഇപ്പോള്‍ പിടി വീഴുമെന്നും ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്കിടയിലൂടെ വലിച്ചിഴക്കപ്പെടുമെന്നും അവള്‍ ഓര്‍ത്തു, നടന്നതും അത് തന്നെ.വലിച്ചെറിയപ്പെട്ട തുണികള്‍  അവളില്ലാതെ നഗ്‌നമായി കിടന്നു.വേദനിപ്പിച്ചുകൊണ്ട് നീങ്ങിയ കരങ്ങള്‍ അടിത്തുണിയുടെ കനം തട്ടി അറപ്പോടെ നിന്നു. 'പണ്ടാരത്തുണികെട്ടിപ്പൊതിഞ്ഞോ 'കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കുള്ളിലെ വിജയി ആര്‍ത്തട്ടഹസിച്ചു..

 വയനാടന്‍ ചുരം ഇറങ്ങി കനത്ത ഗന്ധത്തോടെ കാറ്റ് വീട്ടില്‍ അടിച്ചു കയറുന്നത് തന്റെ ശരീരം എങ്ങനെയാണ് തടുക്കുന്നതെന്ന് അവള്‍ അതിശയത്തോടെ ഓര്‍ത്തു..

 അയാള്‍ വീട്ടിലെത്തിയാല്‍ അവള്‍ മിക്കവാറും കുളിമുറിയില്‍ ആയിരിക്കും.പുറത്തെ ആ  സൂതികാ  ഗൃഹത്തില്‍ അവള്‍ രാജ്ഞിയാവും.

അറിയാതെ പെറ്റിട്ട കുഞ്ഞുങ്ങളെ അവള്‍ അപ്പോള്‍ ഓര്‍ക്കാറില്ല സുഖപ്രസവത്തിന്റെ ഓരോ വേദനയും ക്ലോസറ്റിലേക്ക് രക്താണ്ഡങ്ങളായി  പെറ്റിട്ടു..

'ന്റടിയെ നീയീ ചരക്കും കെട്ടിപ്പൊതിഞ്ഞു നടക്കാതെ വല്ലാശുത്രിലും പൊക്കോളുട്ടാ 'എപ്പ നോക്യാലും മൂത്രപ്പെരെലു   പെറ്റു കെടക്കണ്ട '... തെക്കേലെ സാറാ ചേട്ടത്തി  കുറ്റത്തിന്റെ എരിവും പുളിയും ചേര്‍ത്ത് തലയിലേക്ക് കുടഞ്ഞിടുമ്പോള്‍ അവള്‍ തന്റെ ഉള്ളിലെ പിറക്കാനിരിക്കുന്ന രക്ത മുട്ടകളെ ഓര്‍ത്ത് കിരുകിരുത്തു..

' നാറി, പോയി പണ്ടാരടങ്ങടി ശവമേ'

 അയാള്‍ പ്രാക്കിന്റെ പതിവ്‌സഞ്ചി തട്ടി കുടഞ്ഞിട്ടു കാലിയാക്കി സ്ഥലം വിട്ടു. ഇനി അയാള്‍ വരുന്നതുവരെ ആ പ്രാക്കിന്‍ കുഞ്ഞുങ്ങള്‍ ഈ വീടിന് ചുറ്റും ഇടറിയിടറി നടക്കും അയാള്‍ വരണം ഇനി ഈ വീട്ടില്‍ അവയ്ക്ക് കയറണമെങ്കില്‍. കുറെ കഠിനമായ തെറിപദങ്ങള്‍ അവളുടെ വായിലും നാക്കിലും തികട്ടി.പോണോടത്തൊക്കെ ചാര്‍ച്ചക്കാരി കളാണ് അയാള്‍ക്ക്.

കിട്ടാവുന്നിടത്തെ തീറ്റയൊക്കെ തിന്നു തിന്നു കെട്ടിയ കുറ്റിയില്‍ കുരുങ്ങി കുരുങ്ങി വരുന്ന പശു പോലെ ചിലപ്പോള്‍ അവള്‍ക്ക് അടുത്തെത്തും. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മടുപ്പോടെ അയാള്‍ പുറത്തിറങ്ങും.

' ടി കന്നാലി  കെട്ട്യോനെ പൊകച്ചു ചാടിച്ചാ? മോറ് തെളിഞ്ഞല്ലോ '

 സാറാ ചേട്ടത്തിക്ക് അറിയാം തന്റെ മനസ്സ്. അയാള്‍ വരുന്നത് കണ്ടാല്‍ പിന്നെ അവള്‍ക്ക് കലിയാണ്. അയാള്‍ പോകുന്നതു വരെ അവളുടെമനസ്സ് അവള്‍ പറയുന്നത് കേള്‍ക്കില്ല. ശരീരം അത്രയും കേള്‍ക്കില്ല.. മക്കളാകട്ടെ തന്തയും തള്ളയും പോരു കോഴികളെപ്പോലെ നില്‍ക്കുന്നതിനിടക്ക് കണ്ണും തുറിച്ചു നില്‍ക്കും..

'കെട്ടികൊണ്ടന്ന ദെവസം തൊട്ട് തൊടങ്ങിയ പെടപ്പാ സാറച്ചേട്ടത്തി. ന്റെ ഉള്ളില് തെള ക്കണ  തെളപ്പുണ്ടല്ലാ അത് നെങ്ങക്കൊന്നും പറഞ്ഞാ മനസ്സിലാവൂല്ല '

 'ന്റെടീ.. അതൊക്കെ എനിക്കര്‍യാം. പെണ്ണിന്റെ പെടപ്പൊക്കെ അവള്‌ടെ ഉള്ളിലാടി. അത് പൊറത്തേക്ക് തൂവ്യ അവള് പെഴച്ചോളാവും... അവനെ നോക്കണ്ട, രണ്ട് പീക്കിരി കൊച്ചുങ്ങളല്ലെടി സഹിക്ക്..'

കപ്പമൂട് പുഴക്കി മണ്ണിളക്കി തട്ടിക്കുടയുന്നതിനിടയില്‍ സാറാചേട്ടത്തി പറഞ്ഞു.

'അതാ പ്പോ ന്റെ സങ്കടം ചേട്ടത്യേ, അതുങ്ങളൊന്നു കാലാറി കാണണം..'

  'ടീ നീയാ പെമ്പിളഡോട്രെ ഒന്നു പോയി കാണടി.. നല്ല ഡോക്ടറാന്ന് ആ സൂസിക്കൊച്ചു പറഞ്ഞാര്‍ന്നു '

'ആ പോണം 'അലസമായ ഏതോ ചിന്തയുടെ പാരമ്യത്തില്‍ അവള്‍ തലകുലുക്കി.

കെട്ടിക്കേറി വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആദ്യമായി അവള്‍ തന്റെ കെട്ടുതാലി കുരുക്കാണെന്നറിഞ്ഞത്. അമ്മച്ചീ ന്നും വിളിച്ചു അയാള്‍ കേറി വരുമ്പോള്‍ തെറ്റൊന്നും തോന്നീല്ല. അപ്പച്ചന്റെ രണ്ടാം കെട്ട്. അപ്പച്ചന്‍ ചാകാന്‍ കെടന്നപ്പോ എന്നെ ഏല്‍പ്പിച്ചേച്ച പോയത്. എന്നെല്ലാം കേട്ടപ്പോള്‍ പാവം തോന്നി.. ചെറുപ്പം തട്ടിത്തൂവി നില്‍ക്കുന്ന സ്ത്രീ. ഈ നല്ല പ്രായത്തില്‍ ആരുംല്ലാണ്ടായല്ലോ..

പക്ഷെ! അടുക്കളപ്പുറത്തെ ചായ്പ്പില്‍ കെട്ടിവരിയുന്ന നാലുകാലുകളും കാട്ടു പന്നിയുടെ മുരളിച്ചയും കേട്ടപ്പോള്‍.....

അന്നു തൊട്ടിന്നോളം വെറുപ്പിന്റെ കയ്‌പോടെയല്ലാതെ അയാളെ നേരിടാന്‍ തനിക്കായിട്ടില്ല. അവിടെ നില്‍ക്കാനും തോന്നിയില്ല. അപ്പനും അമ്മയും മരിച്ച തനിക്ക് ആങ്ങള ദാനം നല്‍കിയ ഈ മണ്ണിലേക്കുള്ള തിരിച്ചു വരവ്.. ക്ഷമയാചന  കൂട്ടിചോദ്യം, ഇനി ആവര്‍ത്തിക്കില്ലെന്നുള്ള സത്യം ചെയ്യല്‍ രണ്ടു മക്കളെ സമ്മാനിച്ച, കനത്ത ഗന്ധം പേറി വരുന്ന വയനാടന്‍ കാറ്റാണ് തനിക്ക് അയാള്‍.

ടീവി യില്‍ മക്കള്‍ അനിമല്‍ പ്ലാനറ്റ് വെക്കുമ്പോള്‍ അവള്‍ തിമിട്ടും..

'അപ്പായി വരുമ്പോള്‍ മാത്രം അമ്മച്ചി മിണ്ടത്തില്ല. മക്കള്‍ മുറുമുറുക്കും.. വിശക്കുന്ന മൃഗത്തിന്റെ മുരള്‍ച്ച തന്നെ പലതും ഓര്‍മിപ്പിക്കും എന്ന് അതുങ്ങള്‍ക്ക് എങ്ങനെ അറിയാന്‍? ആ കാഴ്ച്ചയില്‍ തന്നെ തന്റെ ഉള്ളില്‍ പതുങ്ങിയുറങ്ങുന്ന കുഞ്ഞുമുട്ടകള്‍ പൊട്ടും എന്ന് അവര്‍ക്കറിയില്ലല്ലോ. അയാളോടുള്ള വെറുപ്പ് മാത്രമല്ല തന്റെ ശരീരം കാണിക്കുന്നത് എന്ന് തോന്നിതുടങ്ങിയിട്ട് കുറെ മാസമായി.. തീണ്ടാരിത്തുണി കഴുകി കഴുകി പിഞ്ഞിയിട്ടും മുട്ടകള്‍ പൊട്ടിത്തുറക്കുന്നത് നിന്നിട്ടില്ല. ഉടല്‍ചുഴികളിലോരോന്നിലും വേദന പൊട്ടിപ്പടരുന്നത് ഇപ്പോള്‍ തുടരത്തുടരെയാണ്. കാഴ്ച്ച മങ്ങി മങ്ങി താനൊരു കണ്ണുപൊട്ടിയാകുമോ....

'ഈശോയെ പൊടികുഞ്ഞുങ്ങളാണേ. കാക്കേം പരുന്തും കൊത്താതെ പറക്കാന്‍ കഴിയുന്ന വരെ എങ്കിലും..'

'അമ്മച്ചി കഴിക്കാന്‍ വല്ലതും താ വെശക്കുന്നു '

അവള്‍ മകളെ സൂക്ഷിച്ചു നോക്കി.എട്ടു വയസ്സിന്റെ വളര്‍ച്ചയൊന്നുമില്ലാത്ത ഒരു പീക്കിരികൊച്ച്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ താഴത്തെതിനെ കൂടി നോക്കേണ്ടവള്‍..

'മക്കളിങ്ങു വാ.. അമ്മച്ചി പറയട്ടെ. ഐശ്വര്യമുള്ള കണ്ണും മൂക്കും. മണ്ണു പുരണ്ട തലമുടി. കളി കഴിഞ്ഞുള്ള വരവാണ്. 'പാപ്പി എവടെ മോളേ '

 'അവന്‍ സാറചെടത്തിടെ അവിടെ കളിക്ക അമ്മച്ചി എനിക്ക് കഞ്ഞി താ.'.

അവള്‍ക്ക് കണ്ണു നിറഞ്ഞു തുളുമ്പി.. 'അമ്മച്ചി ചെലപ്പോ ഒരോടത്തിക്ക് പോവും. കൊറേ ദെവസം കഴിയും തിരിച്ചു വരാന്‍. അപ്പായി വരുമ്പോ ന്റെ മോള് പറഞ്ഞാ കേക്കണം ട്ടാ.. വിളിച്ചാ കൂടെ പോണം ട്ടാ '

'അതിന് ന്റെ പൊന്നമ്മച്ചി ഞങ്ങളെ വിട്ട് എങ്ങാട്ടും പോണ്ട. അപ്പയിയെ ഞങ്ങക്ക് പേടിയാ. അപ്പായി വേണ്ട ഞങ്ങക്ക് '

കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് സങ്കടം മുട്ടി..

'അമ്മച്ചിക്ക് വയ്യാന്നു സാറചേട്ടത്തീനോട് പോയി പറഞ്ഞാ നീയ്.. കഞ്ഞി ഇത്തിരി അവിടന്ന് കുടിച്ചോ,പാപ്പിക്കും വാങ്ങിക്കോട് '

'ഉവ്വമ്മച്ചി 'മകള്‍ പുറത്തേക്ക് ഓടി മറയുന്നത് മങ്ങിയ കാഴ്ചയിലൂടെ അവള്‍ കണ്ടു. 'ഇത്തിരി വെള്ളം തന്നിട്ട് പോ മോളെ '

ഇല്ല അവള്‍ അത് കേട്ടിട്ടില്ല. തൊണ്ട വരളുന്നുണ്ട്.. കൊര്‍ച്ച് വെള്ളം കിട്ടിയാര്‍ന്നെങ്കി...

എണീറ്റു നിക്കാന്‍ നോക്കീട്ടു വയ്യല്ലോ ന്റീശോയെ.. വിരിച്ച കരിമ്പടവും കടന്ന് ഒരു കറുത്തിരുണ്ട പുഴയാണോ ഒഴുകിപ്പോകുന്നത്?

'ആരാ ന്റെ കൈ പിടിക്കണേ'അയ്യോ എനിക്ക് വയ്യല്ലോ.. ന്റെ മക്കളെ കാത്തോളണേ ഈശോയെ '.. മൂക്കു തുളക്കുന്ന കനത്ത ഗന്ധം മരണത്തിന്റെ തണുപ്പായി പടരുന്നത് അവള്‍ പതിയെ പതിയെ അറിഞ്ഞു...

©bindhumol


Post a Comment

13 Comments
  1. Super👍👍👍

    ReplyDelete
  2. തീക്ഷണമായ വേദന വാക്കുകളിലും നിറഞ്ഞിരിക്കുന്നു. മനോഹരമായ അവതരണം..... ഇഷ്ടം

    ReplyDelete
  3. Really heart touching 💓 can't even imagine the life .... sherikkum emotional aayi tto.... great writing 🙏🙏

    ReplyDelete
  4. ഹൃദയ സ്പർശിയായ വരികൾ...മനോഹരമായ അവതരണം.വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു ഭാരം...എത്രയോ സ്ത്രീ ജന്മങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം,,,ആരോടും തുറന്ന് പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കി ,സ്വന്തം ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ എല്ലാം സ്വപ്നം കാണാൻ പോലും വഴിയില്ലാത്ത ജീവഛവമായി ജീവിതം കഴിച്ചു കൂട്ടുന്ന കുറേ ജന്മങ്ങൾ. 😢🙏🏻

    ReplyDelete
  5. ഹൃദയ സ്പർശിയായ എഴുത്തു..വായിച്ചു തീരുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ബാക്കിനിൽക്കുന്നു...പ്രിയ കൂട്ടുകാരി ഇനിയും ഒത്തിരി സൃഷ്ട്ടികൾക്ക് ജന്മം കൊടുക്കാൻ സാധിക്കട്ടെ

    ReplyDelete
  6. Goood one🤚🏻💯

    ReplyDelete
  7. Dear... You are a good writer👍👍👍 go ahead🥰

    ReplyDelete
  8. 👍🏻👍🏻👍🏻

    ReplyDelete
  9. Dear Mam,
    You’re are inspiring ❤️‍🔥
    keep going 👍🏻

    ReplyDelete
Post a Comment
To Top