ധര്‍മപുരി © ശരത് രാമചന്ദ്രന്‍

0



ചായ.. മാലിനിയുടെ ശബ്ദം നീരജിനെ ഓര്‍മ്മയുടെ കയങ്ങളില്‍ നിന്നും കരയ്ക്ക് വലിച്ചിട്ടു.

തണുത്ത വെള്ളിയാഴ്ച.. പുതപ്പിനുള്ളിലേയ്ക്ക് ഒന്ന് കൂടി ചുരുണ്ടു നീരജ്. ആവി പറക്കുന്ന ചായ കപ്പ്.. പാതിയുറക്കത്തില്‍ മനസ് മന്ത്രിച്ചു.. ധര്‍മപുരി!.. ഓര്‍മയില്‍ വല്ലപ്പോഴും ഓടി വരുന്ന പേര്..

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു?.. അന്നൊരു വൈകുന്നേരം.. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ.. നീരജിന്റെയും വിനയന്റെയും ആദ്യ ഇന്റര്‍വ്യു ആണ്. ധര്‍മപുരി ആണ് സ്ഥലം.. ബാംഗ്ലൂരില്‍ നിന്നും ദൂരെ എവിടെയോ ഉള്ള ഉള്‍ നാടന്‍ ഗ്രാമം. നാട് വിട്ടുള്ള ആദ്യ യാത്ര.. അറിയാത്ത ദേശങ്ങള്‍.. അറിയാത്ത ഭാഷ..എറണാകുളം കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡില്‍ നിന്ന് വൈകുന്നേരത്തെ ബാംഗ്ലൂര്‍ വണ്ടിയ്ക്ക് കയറി ഇരിയ്ക്കുമ്പോള്‍ ഒരുപാട് ചിന്തകള്‍... പരിചിതമായ കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡിന്റെ മണം വിട്ടു പൂമാര്‍ക്കറ്റുകളുടെയും, ചന്ദനത്തിരികളുടെയും വരണ്ട മണ്ണിന്റെയും മണം ഏറ്റെടുത്തു കണ്ണടച്ച് അവര്‍ ഇരുന്നു. വണ്ടി അവരെയും കൊണ്ട് എങ്ങോട്ടോ പാഞ്ഞുകൊണ്ടിരുന്നു. പാതിരാ കഴിഞ്ഞിരിക്കുന്നു.. ഏതോ പെട്രോള്‍ ബങ്കില്‍ ആണെന്ന് തോന്നുന്നു വണ്ടി നിര്‍ത്തി. കഴിക്കാം, ഇറങ്ങി നടുവ് നിവര്‍ത്താം.. ആരൊക്കെയോ       ഇറങ്ങുന്നുണ്ട്.

വിനയ്..ഞാന്‍ ഒന്ന് മൂത്രം ഒഴിച്ച് വരാം.. നീരജ് അതും പറഞ് ഇറങ്ങുമ്പോള്‍ വിനയ് തല മെല്ലെ ചലിപ്പിച്ചു പിന്നെയും ഉറക്കത്തിലേയ്ക്ക്..

മൂത്രപ്പുരയുടെ അമോണിയ മണം പണ്ടത്തെ കെമിസ്ട്രി ലാബിനെ ഓര്‍മിപ്പിച്ചു. അരണ്ട വെളിച്ചത്തിലും ഇരുണ്ട മഞ്ഞ ചുവരുകള്‍.. ഓക്കാനത്തിന്റെ ഉള്‍ പ്രേരണകളെ തടഞ്ഞ് ഒരുവിധത്തില്‍ നീരജ് പുറത്തിറങ്ങി. അവിടൊരു തൂണില്‍ ചാരി നില്‍ക്കുന്ന വിനയിനെ തട്ടി വിളിച്ച് ചോദിച്ചു.. 'നീയും ഇറങ്ങിയോ '?

'ചായ കുടിയ്ക്കാന്‍ ഇറങ്ങിയതാണ്, നിനക്കും ഒരെണ്ണം പറയാം '. ആവി പാറുന്ന ചായ ചുണ്ടോട് ചേര്‍ക്കുമ്പോള്‍ നീരജ് ചുറ്റിനും പരതി.. വണ്ടി എവിടെ? വിനയ്.. അവന്റെ ശബ്ദം ഒരു ഞെട്ടലായി.. ഒരു അലര്‍ച്ചയായി.. ഓടി പുറത്തേക്ക് നോക്കുമ്പോള്‍ അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞ വഴികള്‍ താണ്ടി ഒരു സോപ്പ് പെട്ടി പോലെ ഓടി മറയുന്നത് തങ്ങളുടെ വണ്ടി ആണ്.. തങ്ങളുടെ ജീവിതമാണ്.. തങ്ങളുടെ പ്രതീക്ഷയാണ്. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപെട്ട രണ്ട് ചെറുപ്പക്കാര്‍.. ആള്‍ക്കൂട്ടത്തില്‍ തനിയെ!ഉടുതുണിയ്ക്ക് മറുതുണി പോലും ഇല്ലാതെ.. ആ കൊടും തണുപ്പിലും അവര്‍ ഉരുകി ഒലിച്ചു. വിഹുലത നിറഞ്ഞ രാത്രി. തലയ്ക്ക് കൈ കൊടുത്തിരുന്ന നീരജിന്റെ തോളില്‍ ഒരു കറുത്ത മെല്ലിച്ച കൈ!ആരെന്നറിയില്ല?.. 'എന്നാ തമ്പി.. പ്രചനം എന്നാ?'.. ഏതോ ഒരു അപരിചിതന്‍.. വാവിട്ട് കരയുന്ന വിനയിനും ഒന്നും പറയാനാകാതിരുന്ന നീരജിനും മുന്നില്‍ ദൈവദൂതനെ പോലെ അയാള്‍.. വിട്ടു പോയ വണ്ടി, അതിലെ തങ്ങളുടെ സര്‍ട്ടിഫിക്കറ്റും തുണിയും അടങ്ങുന്ന ബാഗ്, മാറ്റന്നാളത്തെ ഇന്റര്‍വ്യു.. എല്ലാം കേട്ടു. അയാള്‍ പറഞ്ഞു.. 'അഴലാതെ'..അറിയാത്ത ഭാഷയിലും അത് ഒരു ആശ്വാസവാക്കെന്നു അവര്‍ തിരിച്ചറിഞ്ഞു. അടുത്ത വണ്ടിയില്‍ കൊടുക്കാന്‍ കാശ് ഇല്ലാഞ്ഞിട്ടും ഇരിയ്ക്കാന്‍ സീറ്റ് ഇല്ലാഞ്ഞിട്ടും അയാളുടെ കരുണയില്‍ ഇത്തിരി സ്ഥലം തരപ്പെടുത്തി തരുമ്പോള്‍ അവര്‍ കാണുകയായിരുന്നു.. ദൈവത്തിന്റെ തിളക്കം.. ആരുമല്ലാതായിരുന്ന് എല്ലാം ആയി മാറിയ ഒരാള്‍!സ്‌നേഹത്തിന് ഭാഷ വേണ്ടല്ലോ? അയാളുടെ മെല്ലിച്ച പരുക്കന്‍ കൈ അമര്‍ത്തി വണ്ടി കയറുമ്പോള്‍ അയാള്‍ പറഞ്ഞു 'ഉങ്കളുടെ ലഗേജ് എല്ലാം അങ്കെ താനിരിയ്ക്കു.. ബസ് സ്റ്റാന്‍ഡില്‍ ഓഫീസില്‍ ടിക്കറ്റ് കളക്ടര്‍ പളനി സാമി ചൊല്ലിയാച് എന്ന് പറഞ്ഞാല്‍ പോതും '. മുറുക്കി ചുവപ്പിച്ച അയാളുടെ ചിരി.. ഏറ്റവും മനോഹരമായ കാഴ്ച! ആ ബസിലെ ഇത്തിരി വട്ടത്തിലെ യാത്രയുടെ സുഖം പിന്നീട് ഒരിയ്ക്കലും ഒരു രാജകീയ യാത്രയ്ക്കും കിട്ടീട്ടില്ല. ബാംഗ്ലൂര്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു. അയാള്‍ പറഞ്ഞ പോലെ പുലര്‍ച്ചെ വന്ന ബസില്‍ നിന്നും ബാഗുകള്‍ എല്ലാം സുരക്ഷിതമായി അവിടെ സൂക്ഷിച്ചിരുന്നു. പളനി സാമിയുടെ  ചാര്‍ച്ചക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം ആണ് കിട്ടിയത്. അവര്‍ തന്നെ ധര്‍മപുരിയ്ക്കുള്ള വണ്ടിയില്‍ കയറ്റി വിട്ട് തന്നു. പിന്നീട് എത്രയോ വട്ടം ആ വഴി വന്നുപോയി..

എത്രയോ വട്ടം ആവി പാറുന്ന ചായക്കപ്പില്‍ ചുണ്ട് ചേര്‍ത്തു...? ഉഴറി നടന്ന കണ്ണില്‍ പിന്നീട് ഒരിയ്ക്കലും ഓടി മറഞ്ഞ വണ്ടി കണ്ടില്ല. മുറുക്കി ചുവപ്പിച്ച പളനി സാമിയുടെ ചിരി കണ്ടില്ല..! എങ്കിലും ആ യാത്രയുടെ വിഹ്വലത.. ആ യാത്രയുടെ നിസ്സഹായത.. ആ യാത്രയുടെ മധുരമായി ഇന്നും ഓര്‍മയില്‍...

പാതി ഉറക്കത്തില്‍ മാലിനി വീണ്ടും..'ചായ തണുക്കും, കുടിയ്ക്കൂ '

ധര്‍മപുരിയിലേയ്ക്കുള്ള യാത്രയിലെ തണുത്ത രാത്രിയിലെ ആവി പാറുന്ന ചായ കപ്പും അകന്നുപോയ ബസും ആയിരുന്നു അപ്പോഴും നീരജിന്റെ കണ്ണില്‍...

©sarathramachandran

Post a Comment

0 Comments
Post a Comment (0)
To Top