നക്ഷത്രങ്ങള്‍ ഉണരാത്ത വീട് © ദിവ്യ സി ആര്‍

0


'നമുക്ക് മരിക്കാം..'

 കൈകളില്‍ വാരിയെടുത്ത അവളുടെ മുഖത്തേക്ക് നോക്കി വിറയാര്‍ന്ന വാക്കുകളാല്‍ അയാള്‍ പറഞ്ഞു.

 ആദ്യം അല്പം ഞെട്ടലോടെ അവളത് കേട്ടുവെങ്കിലും പതിയെ പതിയെ അയാള്‍ പറയുന്നതില്‍ ശരികളുണ്ടെന്ന് അവള്‍ക്ക് തോന്നി.

' നമുക്ക് മരിക്കാം..'

'പക്ഷെ കുഞ്ഞുങ്ങളെ..'

 വാക്കുകള്‍ പുറത്തേക്ക് വരാതെ വ്യക്തത വരാതെ ഗദ്ഗദം കൊണ്ടടഞ്ഞ ശബ്ദം വിതുമ്പി .

അവള്‍ തന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണെന്ന് അയാള്‍ക്ക് മനസ്സിലായി. അത് അംഗീകരിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

' കടം കയറി തൂങ്ങിച്ചത്ത തള്ളയുടെയും തന്തയുടെയും മക്കളായി അവരെ നാട്ടില്‍ തെണ്ടി നടക്കുന്നത് നിനക്ക് കാണണോ...?'

അയാളുടെ ശബ്ദം പരുഷമായി.

നിശബ്ദത കൊണ്ട് വിങ്ങിയ ഹൃദയം അമര്‍ത്തിപ്പിടിച്ച് അവള്‍ തന്റെ കുഞ്ഞുങ്ങളെ അമര്‍ത്തി ചുംബിച്ചു. കുട്ടികള്‍ ഉണര്‍ന്നാല്‍ തന്റെ പദ്ധതികള്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ അയാള്‍ അവളെ തനിക്ക് അരികിലേക്ക് വലിച്ചെടുപ്പിച്ചു.

' നമുക്ക് മരിക്കേണ്ട ജീവിക്കാം.!' 

'എന്റെ കുഞ്ഞുങ്ങളെ കണ്ട് കൊതി തീര്‍ന്നിട്ടില്ലെനിക്ക്. എങ്ങനെയെങ്കിലും നമുക്ക് ജീവിക്കാം.ഏതെങ്കിലും നാട്ടില്‍ പോയി ആരാരും കാണാതെ..'

' ആശാ.. നീയെന്താ ഇങ്ങനെ.. ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത്.? ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ബാധ്യതകളല്ല നമുക്കുള്ളത്.  കോടികളുടെ കടമാണ് നമ്മുടെ ആകെ സമ്പാദ്യം. ഈ വീടും പുരയിടവും ഉടന്‍ തന്നെ ബാങ്കുകാര്‍ ജപ്തി ചെയ്യും. നാട്ടുകാരുടെ മുന്നില്‍ ഭിക്ഷക്കാരായി നമുക്ക് ഇറങ്ങേണ്ടിവരും. ആരും സഹായിക്കാനില്ലാതെ ദാരിദ്ര്യവും പേറി ജീവിക്കാന്‍ നമുക്ക് സാധിക്കില്ല.'

ശബ്ദം ദയനീയമായി.

 ജീവിച്ചു കൊതി തീരാത്ത അവളുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷകളുടെ നേര്‍ത്ത തെളിച്ചമൂറിയിറങ്ങി.

 പക്ഷേ, അയാളുടെ തീരുമാനം ഉറച്ചതും മനസ്സ് ദൃഢവുമായിരുന്നു. 

ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ തലയിണ കയ്യിലെടുത്തു. അപ്പോഴേക്കും അവളുടെ ശബ്ദം ഉയര്‍ന്നു തുടങ്ങി. അയാള്‍ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ ശബ്ദം ഉയര്‍ന്നതല്ലാതെ താഴ്ന്നതേയില്ല.

' ആത്മഹത്യ കുറിച്ച് അവളോട് പറയേണ്ടിയിരുന്നില്ല' എന്നയാള്‍ ആ നിമിഷമോര്‍ത്തു. 

'വൈകുന്ന ഓരോ നിമിഷവും തന്റെ തിരു തീരുമാനം തടസ്സപ്പെടാം' എന്ന നിഗമനത്തില്‍ പതിയെ അവളെ അരികിലേക്ക് വിളിച്ചു. ഭയന്നു വിറച്ചു നിന്ന അവള്‍ അയാള്‍ക്കരുകിലേക്ക് വരാന്‍ മടിച്ചു.  എന്നാല്‍ ഒരു മാനസികരോഗിയുടെ മനോനിലയില്‍ വളരെ പെട്ടെന്ന് അയാള്‍ അവളെ കടന്നു പിടിക്കുകയും ആത്മഹത്യ ചെയ്യാന്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ അവളുടെ കഴുത്തില്‍ കുരുക്കുകയും ചെയ്തു. ഒരുപക്ഷിക്കുഞ്ഞിനെപ്പോലെ അവളുടെ പ്രതിരോധങ്ങള്‍ ലക്ഷ്യം കാണാതെ ചിറകുകള്‍ താഴ്ത്തി, ജീവനറ്റ ശരീരം നിലത്ത് വീണു.

 അപ്പോഴും അവളുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെ തിളക്കം നിന്നിരുന്നത് പോലെ അയാള്‍ക്ക് തോന്നി.

    കിടക്കയില്‍ സുന്ദരമായ നാളുകളെ കുറിച്ച് സ്വപ്നം കണ്ടുറങ്ങിയ രണ്ടു കുട്ടികളുടെ അരികിലേക്ക് അയാള്‍ അല്പസമയം നോക്കിയിരുന്നു. പത്തും പന്ത്രണ്ടും വയസ്സുകളുള്ള രണ്ടാണ്‍ കുട്ടികള്‍ മരണത്തിലേക്ക് അച്ഛന്‍ ക്ഷണിക്കുകയാണെന്നറിയാതെ പരസ്പരം പുണര്‍ന്നുറങ്ങുന്നു.

  ' പണം സമ്പാദിക്കാന്‍ അറിയാത്തവന്റെയും പിടിപ്പിക്കേടിന്റെ കഥകള്‍ നാളെ തനിക്ക് ചുറ്റും പറയുന്ന കഥകളില്‍ മുഖ്യതന്തുവായിരിക്കുമെന്ന് ചിന്ത അയാളെ കൂടുതല്‍ കൂടുതല്‍ പ്രകോപിതനാക്കി. 

'ഇല്ലാ.. ഈ ഭൂമിയില്‍ എനിക്കിനി ജീവിക്കേണ്ട.  ശുദ്ധ ഹൃദയമുള്ള മനുഷ്യര്‍ ഈ ഭൂമിക്ക് എന്നും ശാപം തന്നെയാണ്. ഞാനും എന്റെ കുടുംബവും ഈ ഭൂമിക്ക് ഭാരമാക്കാന്‍ ആഗ്രഹിക്കുന്നില്ല.'

'ആഗ്രഹിച്ചുവച്ച വീട്ടില്‍ ഇഷ്ടമുള്ള പെണ്ണിനെയും കല്യാണം കഴിച്ച് മക്കളുമായി സന്തോഷമായി ജീവിക്കാന്‍ ആഗ്രഹിച്ച മനുഷ്യന്റ തകര്‍ച്ച തുടങ്ങിയതെപ്പോഴാണ്..' ചിന്തകള്‍ കാട് കയറാന്‍ തുടങ്ങിയപ്പോള്‍ ഒരു കുട്ടി ഒന്നനങ്ങി നീങ്ങി കിടന്നു.  അയാള്‍ അവനെ വീണ്ടും നീക്കി കിടത്തി നെഞ്ചിന്‍ പുറത്തേക്ക് കയറി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് തന്റെ ഭാരം ഒന്നൊന്നായി ഒഴിയുന്നതുപോലെ തോന്നി. അടുത്ത കുട്ടിയെയും കൊലപ്പെടുത്തി തളര്‍ന്നിരിക്കുമ്പോള്‍ മക്കളുടെ കളിച്ചിരികളും കുട്ടികളുടെ ബഹളവും ചുറ്റിലും നിറയുന്നത് പോലെ.. ഭാര്യയുടെ കഴുത്തില്‍ ചുറ്റിയ കയര്‍ അഴിച്ചെടുത്ത് ഫാനില്‍ചുറ്റി, തന്റെ കഴുത്തില്‍ ഒരറ്റം കുരുക്കിട്ട് ഒരു ജന്മം അവസാനിപ്പിക്കുമ്പോള്‍ ഒരു കുടുംബത്തിന്റെയും ദൈന്യത ഓര്‍ത്ത് നക്ഷത്രങ്ങള്‍ പോലും തേങ്ങിയിട്ടുണ്ടാവും.!

   പിറ്റേദിവസം കടക്കാരെത്തുമ്പോള്‍ നിശബ്ദമായ വീടിന്റെ തേങ്ങലുകള്‍ മാത്രം അവിടെ അവശേഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയിലെ കൊലപാതകവും ആത്മഹത്യയും ചെയ്ത കുടുംബത്തിന്റെ ദുരന്തകഥ ലോകം മുഴുവന്‍ അറിയിക്കാനുള്ള ആവേശത്തിലായിരുന്നു നാട്.!

 എല്ലാ ദുരന്തങ്ങളെയും പോലെയും ഒരാഴ്ച പറഞ്ഞുതീര്‍ത്തു മറ്റൊരു കഥയിലേക്ക് നാടും നാട്ടുകാരും ചേക്കേറി കഴിഞ്ഞിരിക്കുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം വീട് ബാങ്ക് ഏറ്റെടുത്തു.

അധികം വൈകാതെ പുതിയ താമസക്കാരുടെ വരവില്‍ വീട് സന്തോഷിച്ചു. ആഘാതത്തില്‍ പതറിനിന്ന വൃക്ഷങ്ങളും ചെടികളും വീണ്ടും ജീവനിട്ടു. കുട്ടികളോടിക്കളിച്ച മുറ്റത്ത് വസന്തത്തിന്റെ വര്‍ണ്ണങ്ങള്‍ പൂക്കളമിട്ടു.

രാവ്; പരന്നൊഴുകുംനേരം നക്ഷത്രങ്ങള്‍ ഇടയ്ക്കിടെ ആ വീടിന്റെ ജനാലയിലൂടെ ഉള്ളിലേക്ക് നോക്കി.

 അതെ.! 

അവര്‍ ശാന്തമായി ഉറങ്ങുന്നുണ്ട്.!

©divyacr

Post a Comment

0 Comments
Post a Comment (0)
To Top