കേരളത്തില്‍ പലയിടത്തും നാലുകെട്ടും എട്ടുകെട്ടും പതിനാറ് കെട്ടും ശൈലിയിലുള്ള അനേകം നിര്‍മ്മിതികള്‍ നമുക്ക് കാണാനാവും.
ഏറെ പ്രത്യേകതകള്‍ അവകാശപ്പെടാനാവുന്ന വ്യത്യസ്തമായ ഒരു എട്ടുകെട്ട് സംബന്ധിച്ചാണ് ഈ അദ്ധ്യായത്തില്‍ പറയുന്നത്..വളരെ പ്രശ്സ്തമായ ഒരു മുസ്ലിം കുടുംബത്തെ ക്കുറിച്ച് കൂടിയാണ് പറയാനുള്ളത്...
കൊല്ലം കരുനാഗപ്പള്ളിക്ക് 3 കി.മീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് എട്ടുകെട്ട് മാതൃകയിലുള്ള കോഴിക്കോട് കോയിക്കല്‍ കൊട്ടിലപ്പാട്ടു തറവാട് മാളിക.
വിശാലമായ വരാന്തകളും ഉരുളന്‍ തൂണുകളും തടിയാല്‍ നിര്‍മ്മിതമായ മച്ചുകളും ഗോവണിയും, നടുമുറ്റവും വായുസഞ്ചാരം യഥേഷ്ടം ലഭിക്കുന്ന തരത്തിലുള്ള ഈ തറവാട് മാളിക ഏറെ സുന്ദരമാണ്.
തലമുറകള്‍ പലതു വന്നിട്ടും ഇത് നില നിന്നു പോന്നതിനു പിന്നിലൊരു കഥയുണ്ട്.
1840 - 1920 കാലഘട്ടത്തില്‍ ഇവിടെ ജീവിച്ചിരുന്ന അല്‍ഹാജ്.യൂസുഫ് മുസലിയാര്‍ 1914 ല്‍ ദീര്‍ഘവീക്ഷണത്തോടെ ( കൊല്ലവര്‍ഷം-1089 കന്നി മാസം -11) തയ്യാറാക്കിയ ഒരു ഭാഗപത്രമാണ് ഈ തറവാടിന്റെ നിലനില്പിന്റെ കാതല്‍..
ആഭാഗപത്രപ്രകാരം 'ഈ തറവാടും അത് നില്‍ക്കുന്ന രണ്ടേക്കറോളം സ്ഥലവും ആര്‍ക്കും കൈമാറ്റം ചെയ്യാനാവില്ല.'
' തന്റെ പുത്രമിത്ര കളത്രാദികള്‍ക്കായി കാലാകാലം ഉപയോഗിക്കാന്‍ പാകത്തിലാണ് ആ ഭാഗപത്രം തയാറാക്കപ്പെട്ടത്.'
മാത്രമല്ല, വിശേഷാല്‍ സന്ദര്‍ഭങ്ങളിലൊത്തു കൂടണമെന്നതടക്കം വ്യവസ്ഥകള്‍ അതില്‍ എഴുതി ചേര്‍ത്തിരുന്നു..
കുടുംബത്തിലെ തലമുതിര്‍ന്ന ആളാണ് തറവാട്ടു കാരണവര്‍. അദ്ദേഹത്തിനായി പ്രത്യേക മുറിയുണ്ടാകും. വേണമെങ്കില്‍ വേറെ കെട്ടിടം വയ്ക്കാം. പക്ഷേ കൈമാറ്റം ചെയ്യാനാവില്ല...
അതുപോലെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും വീടില്ലെങ്കില്‍ ഈ തറവാട് മാളികയില്‍ താമസിക്കാം.
ലഭിക്കുന്ന ആദായം എങ്ങനെ ചിലവഴിക്കണമെന്നതുമൊക്കെ ഭാഗപത്രത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്..
കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചു തുടങ്ങിയ മാളിക,അടുത്ത കാലത്താണ് കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ആകര്‍ഷകമാക്കി പുതുക്കി പണിതത്.
ഭാഗപത്രത്തില്‍ പറഞ്ഞതു പോലെ വിശേഷാല്‍ സന്ദര്‍ഭങ്ങളില്‍ നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കള്‍ തറവാട്ടില്‍ ഒത്തുകൂടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ബന്ധങ്ങള്‍ നിലനിര്‍ത്താനും പരസ്പരം ഇഴയടുപ്പം വര്‍ദ്ധിപ്പി ക്കാനും ഇത്തരം ഒത്തുചേരല്‍ ഗുണകരമെന്നും പുതുതലമുറയ്ക്ക് വലിയ പാഠമാണിതെന്നുമാണ് തറവാട്ടിലെ അഞ്ചാം തലമുറയില്‍പ്പെട്ട അഡ്വ. നുഫൈല്‍ പറഞ്ഞത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ കോയിക്കല്‍ കൊട്ടിലപ്പാട്ട് തറവാട്ടിലും ആഘോഷങ്ങള്‍ നടന്നിരുന്നു ... കഴിഞ്ഞ നബിദിന വേളയിലും ഇവിടെ കുടുംബാംഗങ്ങള്‍ ഒത്ത് കൂടി.
'ക്ഷണക്കത്ത് 'സിനിമയിലൂടെ കടന്നുവന്ന ചലച്ചിത്രതാരം നിയാസിന്റെ പിതാവ് കമറുദീന്‍ മുസ്ലിയാരാണ് ഇപ്പോഴത്തെ കാരണവര്‍. ഇദ്ദേഹത്തിന്റ ഇരട്ടസഹോദരനായ ഷംസുദീന്‍ മുസ്ലിയാര്‍ അടുത്തിടെ മരണപ്പെട്ടതിന് ശേഷമാണ് കമറുദീന്‍ മുസലിയാര്‍ കാരണവര്‍ സ്ഥാനമേറ്റത്.
ഓരോ ഒത്തുകൂടലും ബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനും പരസ്പരം കൈത്താങ്ങാകാനും പര്യാപ്തമാകുന്നുവെന്നത് ഏറെ പ്രസക്തമാണ്.
വിഷമതകള്‍ പങ്കുവയ്ക്കാനാകാതെ പ്രതിസന്ധികളില്‍ ഒറ്റപ്പെട്ടു ഒതുങ്ങിപ്പോകുന്ന അണുകുടുംബങ്ങളുടെ പുതുകാലത്ത് കൂട്ടു കുടുംബങ്ങളുടെ ശക്തിയും പ്രസക്തിയും പുതു തലമുറക്കായി പകരുക കൂടിയാണ് കോയിക്കല്‍ കൊട്ടിലപ്പാട്ട് തറവാട്....
ഇതേക്കുറിച്ച് ഞാന്‍ തയ്യാറാക്കിയ വാര്‍ത്താ റിപ്പോര്‍ട്ട് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്നു.
സി.ജെയുടെ നാട്ടു സഞ്ചാരവും എഴുത്തും തുടരും.....
0 Comments