Advertisement

Responsive Advertisement

തൃണവത്ക്കരണം | റോബിന്‍ പള്ളുരുത്തി

 


ഇന്നിന്റെ കാഴ്ചയില്‍ ഞാനൊരു ചെറുതൃണമാണെങ്കിലും
ഞാനുമീ മണ്ണില്‍പ്പിറന്നൊരു ജീവനല്ലോ ?
പറയാന്‍ ഗുണഗണങ്ങളേറെ ഒന്നുമല്ലെങ്കിലും
ഞാനുമീ മണ്ണില്‍ തളിര്‍ത്തൊരു നവതളിരല്ലയോ ? 

ഭൂമിതന്നുദരത്തില്‍ താണുകിടന്നൊരു
വിത്തെന്ന ഗര്‍ഭപാത്രത്തില്‍ നിശബ്ദയായ് ,
നാളേറെ പിന്നിട്ട നിദ്രയിലും
നിത്യം, പ്രാര്‍ത്ഥിച്ചിരുന്നു ഞാന്‍.

ഒരു ദിനമെങ്കിലും ഉറക്കമുണര്‍ന്ന് ,
എന്‍ ബാല്യത്തില്‍ അമ്മതന്‍ കൈകളില്‍
കാറ്റിന്റെ താളത്തില്‍ അലോലമാടി
ഞാന്‍ കണ്ടുമോഹിച്ചൊരാ ഭൂമിയെ വീണ്ടും കാണുവാന്‍,

വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് ഞാനും.
ഒരു ജീവന്റെ അംശമായ് മാറിപിന്നെ,
ഉള്ളില്‍ ജീവന്‍ തുടിക്കുന്ന ബീജമായ്
ചെറുവിത്തായി മണ്ണിന്റെ മാറില്‍ പതിച്ചു ചെമ്മേ.

കാലങ്ങള്‍ താണ്ടി ഞാന്‍ വീണ്ടുമീ മണ്ണില്‍ മിഴിതുറക്കുമ്പൊഴും ,
ഇന്നിന്റെ കാഴ്ചയില്‍ ഞാനൊരു തൃണം തന്നെ വീണ്ടും , 
ഇന്നിന്റെ കാഴ്ചയില്‍ ഞാനൊരു തൃണം തന്നെ വീണ്ടും , 

എങ്കിലുമേവരുമെന്നെ തൃണമെന്ന് ചൊല്ലി അവഗണിക്കുമ്പോഴും ,
ഒരു സമസ്യ മാത്രമെന്‍ ചിത്തില്‍ ബാക്കി ,
പറയുവാന്‍ ഗുണഗണങ്ങളേറെ ഒന്നുമില്ലെങ്കിലും .
ഞാനുമീ മണ്ണിലാരു ജീവനല്ലേ..? 
ഞാനുമീ മണ്ണില്‍ പിറന്നതല്ലേ.. ?

© robin palluruthi

Post a Comment

3 Comments