ശനിയന്‍ | Episode 3.5

saniyan-episode-3.4


എന്റെ ഭാരതം വൈവിധ്യങ്ങളാല്‍ അനുഗ്രഹീതമാണ്, പണ്ടെങ്ങോ എഴുതിയ മലയാളം പാഠഭാഗമാണ് ( എന്തേലും മനസിലായിരുന്നത് ആ ഒരു വിഷയം മാത്രമായിരുന്നു). അങ്ങനെ നമ്മന്റെ ഭാരതം ഒരു സെക്കുലര്‍ രാജ്യമാണ് എന്നാണ് വിശ്വാസം (അതോ അന്ധവിശ്വാസമോ) അല്ല അങ്ങനെ ആണെങ്കില്‍ ജനാധിപത്യരാജ്യത്തു മത മൂല്യങ്ങള്‍ക്ക് താഴെ ആണോ തുല്യതയുടെ സ്ഥാനം? ഒരു സംശയം ചോദിച്ചതാ ഇഷ്ടാ പുരികം ചുളിക്കണ്ട. നതാക്കളുടെ മക്കള്‍ വിദേശത്തും അണികളുടെ മക്കള്‍ സ്വദേശത്തും എന്നത് സ്ഥിരം കേള്‍ക്കുന്ന ഒരു പല്ലവി ജോഷി ആയതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. എന്നാലും... ഇന്ത്യന്‍ സൈന്യത്തിന് ഒരു മതമേ ഉള്ളു അത് ഭാരതമാണ്. പിന്നെ നാളയുടെ ഭാരതത്തിന്റെ ഗതി തീരുമാനിക്കേണ്ട വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ എന്തിനു മത ചിഹ്നങ്ങള്‍, എന്തിനു പ്രശ്‌നം ആവണം  വിദ്യാഭാസം എന്നത് പലര്‍ക്കായിട്ട് വീതിച്ചു നല്കുന്നവര്‍ക്കും അറിയാമായിരുന്നിരിക്കണമെല്ലോ ഇങ്ങനെ ഒരെണ്ണം വരും എന്നത്. ഇതിനു കാരണം ഒരു വിഭാഗത്തിന്റെ മുകളില്‍ കെട്ടിവെച്ചൊഴിയേണ്ട എല്ലാവര്‍ക്കും പങ്കുണ്ട്. പാചാന്‍ പോയ കാലത്തു പാച്ചില്ലേല്‍ പിന്നെ പച്ച തൊടാന്‍ പച്ചനോട്ടു കൊടുക്കേണ്ടി വരും. 
 
നോക്കിയും കണ്ടും വോട്ട് ചെയ്തില്ലേല്‍ യൂപി മറ്റൊരു കേരളമോ ബംഗാളോ ചിലപ്പോ കാശ്മീരോ ആയി പോകും എന്നാണ് ഉത്തര പ്രദേശത്തെ മുഖ്യനായ മന്ത്രി പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്തു പല അവസ്ഥാന്തരങ്ങള്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് അതു കൊണ്ട് തന്നെ മറുപടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. പണ്ട് ഈ കേരളം മണ്ണില്‍ വന്നു ഇവിടം ഒരു ആഫ്രിക്കന്‍ ദരിദ്ര രാജ്യത്തിനോട് ഉപമിച്ച മഹാന്മാരല്ലേ അത്രയൊക്കെ കരുതിയാല്‍ മതി. അല്ല ഞങ്ങള് കഴിഞ്ഞ അഞ്ചു കൊല്ലത്തെ കാര്യമാണ് എന്നും പറഞ്ഞു കേരളത്തിന്റെ ഒരേ ഒരു കേന്ദ്രമന്ത്രി വന്നു എന്നാരോ പറഞ്ഞു ശെരിയാണോ എന്തോ ? അപ്പൊ അതിനു മുന്‍പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണം നല്ലതായിരുന്നു എന്ന് സമ്മതിച്ചല്ലോ സധാമാനം. ഈ ലോകസഭയില്‍ ഇപ്പോഴും കോണ്‍ഗ്രസ് കണ്ണില്‍ കുത്തി, നെഹ്റു അങ്ങനെ ചെയ്തു എന്ന് കുറ്റം പറയുന്ന മോദി മന്ത്രിസഭയിലെ മന്ത്രിയാണോ പറഞ്ഞത് എന്നങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. എല്ലാ ഉത്തരങ്ങളുടെയും പ്രദേശം ആയതു കൊണ്ടാവും ആ സ്ഥലത്തിന് അങ്ങനെ പേര് വന്നത് എന്ന് ചായക്കടയില്‍ വെച്ച് ഉള്ളിവട ചോദിച്ചായിരുന്നു. എന്നിട്ടെന്തേ ഗംഗയില്‍ ഒഴുകിനടന്ന ശവശരീങ്ങളുടെ കാര്യത്തില്‍ ഉത്തരത്തില്‍ നോക്കി ഇരിക്കുന്നത് എന്ന് സുഖിയന്‍. എന്തെല്ലാം പറഞ്ഞാലാണ് ഒരു തിരഞ്ഞെടുപ്പ് ജയിക്കാന്‍ പറ്റുന്നത് .

ശനിയന്‍ എഴുതാന്‍ വാര്‍ത്ത തപ്പി ഗോഡൗണില്‍ കയറിയപ്പോള്‍ ഗോഡൗണ്‍ മുതലാളി കൈ മലര്‍ത്തി. ദിലീപിനെയും സ്വപ്നയേയും കടത്തി വെട്ടി ബാബുവും  മലയിടുക്കും പിന്നെ രക്ഷാ ദൗത്യവും കാരണം വേറെ വാര്‍ത്തകള്‍ക്ക് ശ്വാസം എടുക്കാന്‍ 'സ്‌പേസ്' കിട്ടീലത്രേ. മൊബൈല്‍ ഫോണും സാങ്കേതികതയും ഉള്ളത് കൊണ്ട് അപകടം കൂടാതെ ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. അതിനിടയിലും വര്‍ഗീയത പറയാന്‍ മടിക്കാത്ത മിടുക്കന്മാരും ഉണ്ടായിരുന്നു. എല്ലാം നാടിന്റെ ഭാഗ്യം. അല്ല ചാനലുകാരെ വേറെ വാര്‍ത്തകള്‍ ഒന്നും ഇല്ലായിരുന്നോ ഇത് പോലെ പ്രധാനപ്പെട്ടത്? ആ കവറേജും പിന്നെ നാഷണല്‍ ജോഗ്രഫികിന്റെ  ക്യാമറമാനേ പോലും നാണിപ്പിക്കുന്ന ആ ഉത്സാഹവും കണ്ടപ്പോള്‍ പണ്ട് മരടില്‍ ഫ്‌ലാറ്റ് താഴെ വീഴുന്നത് കാണാന്‍ മൂത്രപ്പുരയില്‍ കാമറ സെറ്റ് ചെയ്ത ചെങ്ങാതിയെ ആണ്.

ചൊറിതണം : ഒരു നാടിന്റെ അല്ല ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണ്ടായിരുന്നിരിക്കണം വാവ സുരേഷിന്റെ നില കണ്ടപ്പോള്‍. അതിന്റെ കൂടെ ഒരേ മനസ്സായി ഡോക്ടര്‍മാരും കൂടെ ചേര്‍ന്നപ്പോള്‍ അതിഥിയെ പിടികൂടാന്‍ എത്തുന്ന വാവ സുരേഷ് തിരികെ എത്തി. അതിനിടയില്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തി ആയി എന്ന് പറഞ്ഞ ആ റിപ്പോര്‍ട്ടറുടെ കാണിപ്പയ്യൂര്‍ കഴിവ് ആരും കാണാതെ പോകരുത്. എന്തോന്നടെ ഇത് ? പോസ്റ്റുമാര്‍ട്ടം ആണോ പാസ് മാറ്റണം എന്നാണോ ഉദേശിച്ചത്? ചക്ക ഏതാ ചാലക്കുടി ഏതാ എന്ന് തിരിച്ചറിയാത്ത കുറെ നേര് ചികയാന്‍ നടക്കുന്ന റിപ്പോര്‍ട്ടെര്‍മ്മാര്‍.


Post a Comment

0 Comments