മീന്‍ മണമുള്ള ആദ്യ ചുംബനം | പഥികന്‍

meen-manamulla-aadhya-chumabanam


ഒന്ന്
കട്ടിലും എഴുത്തുമേശയും അന്യോന്യം സ്ഥലം മാറ്റി, മുറിയിലേക്ക് വെളിച്ചമെത്തുന്ന രീതിയില്‍ നീലനിറമുള്ള ജനല്‍ കര്‍ട്ടനുകള്‍ രണ്ടു വശങ്ങളിലേക്കുമായി നീക്കിയിട്ടു.  ഷെല്‍ഫിലെ പുസ്തകങ്ങളെല്ലാം കട്ടിലിലേക്ക് വലിച്ചിട്ട് പൊടി തട്ടി വീണ്ടും അടുക്കി വച്ചു. ഒഴിവു ദിവസങ്ങളില്‍ ഇങ്ങനെ വസ്തുവകകള്‍ സ്ഥാനം മാറ്റുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്. ഓരോ തവണ അങ്ങനെ  മാറുമ്പോഴും  ഒരു പുതിയ സ്ഥലത്തു താമസത്തിനെത്തിയപോലെ തോന്നും. അങ്ങനെ അപ്രതീക്ഷിതമായാണ് പുസ്തകക്കൂട്ടത്തില്‍ നിന്നും 'മഴപ്പുസ്തകം' കയ്യിലുടക്കുന്നത്. വിക്ടര്‍ ജോര്‍ജിന്റെ മനോഹരമായ കവര്‍ ചിത്രത്തിനപ്പുറം  ആദ്യ പേജില്‍ പ്രിയ സഖാവിന് എന്നെഴുതിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ  കയ്യക്ഷരം. ഓര്‍മ്മകള്‍ കൂടിളകിയ തേനീച്ചക്കൂട്ടത്തെ പോലെ തലയ്ക്കു ചുറ്റിലും  മുരളാന്‍ തുടങ്ങി. ഓര്‍മ്മകളില്‍ ആദ്യ പ്രണയത്തിന്റെ തണുപ്പ്.  ആദ്യമായി കിട്ടിയ ജന്മദിന സമ്മാനം.  ഞാന്‍ പേജുകളിലൂടെ കണ്ണോടിച്ചു.  ചില വരികളില്‍ അടിവരയിട്ടിരിക്കുന്നു. ഞങ്ങള്‍ ഏറ്റവും തല്ലുകൂടിയിട്ടുള്ളത് ഇതിനായിരുന്നു. പുസ്തകങ്ങളില്‍ അടിവരയിടുന്നതോ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോ അവള്‍ക്കിഷ്ടമില്ലായിരുന്നു. പുസ്തകങ്ങളെ അവള്‍  ഒരു നിധിപോലെ സ്‌നേഹിച്ചിരുന്നു. തേനീച്ചക്കൂട്ടം പതിയെ തലക്കകത്തേക്കു കയറിയിരിക്കുന്നു. ഇല്ല മനസ്സ് സ്വസ്ഥമാവുന്നില്ല. ഷവറില്‍ നിന്നും തലയിലൂടെ തണുത്ത വെള്ളം വീണപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. എത്രമേല്‍ നിറമുള്ള ഓര്‍മ്മകളെങ്കിലും ചിലപ്പോള്‍ നിറങ്ങള്‍ കൂട്ടുപിണഞ്ഞ്  ഒന്നും വ്യക്തമാവില്ല. ഞാന്‍ വീട്ടില്‍നിന്നുമിറങ്ങി മെയിന്‍  റോഡിലേക്കെത്തി. ഇന്ന് ഞായറാഴ്ച്ച അല്ലെ ഇന്നും പോകാനുണ്ടോ?  ഉം.. പോയിട്ട്  വരാം. എതിരെ വന്ന ബ്രാഞ്ച് സെക്രട്ടറിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. ആദ്യം വന്ന ബസ്സിനു കൈകാണിച്ചു നിര്‍ത്തി. കോഴിക്കോട്  കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെത്തുമ്പോള്‍  പുറപ്പെടാന്‍ തയ്യാറായി ഒരു ആനവണ്ടി നില്‍ക്കുന്നു.  ചില യാത്രകള്‍ അങ്ങനെയാണ്  തീരുമാനിച്ചിറങ്ങിയാല്‍ അപ്രതീക്ഷിതമായി അനുകൂലഘടകങ്ങള്‍ കൂടെയുണ്ടാവും. അല്ലെങ്കിലും ആള്‍ക്കൂട്ടത്തില്‍ അങ്ങനെ ബസ്സ് കാത്തുനില്‍ക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. പരിചയമുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ആശങ്കയോടെയാണ്  ഞാന്‍ ബസ്സിലേക്ക് കയറിയത്.  ഒഴിവു ദിവസമായതിനാല്‍  ബസ്സില്‍ തിരക്ക് വളരെ കുറവാണ്. പരിചയമുള്ള ആരുമില്ല. ആശ്വാസം. അല്ലെങ്കിലും  ഈ നൂറ്റാണ്ടിന്റെ മുഖാവരണത്തില്‍ ഓരോ മനുഷ്യരും സ്വതന്ത്രരാണ്.  തങ്ങള്‍ പ്രകടമാക്കുന്ന വികാരത്തെ മറ്റൊരു മനുഷ്യന്‍ കാണാതെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാം. പലപ്പോഴും എനിക്കും അത് ആശ്വാസമായി തോന്നിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന യാത്രക്കാരെ മാത്രം  വഹിച്ചുകൊണ്ടാണ് ബസ്സ് യാത്ര പുറപ്പെടുന്നത്. എത്രയെത്ര യാത്രകള്‍ ഇതേ പാതയില്‍ ഞങ്ങള്‍ ഒന്നിച്ചു പോയിരിക്കുന്നു. എന്റെ തൊട്ടടുത്ത സീറ്റ് മറ്റാര്‍ക്കും നികത്താനാവാത്ത ശൂന്യതയില്‍  മൗനത്തിന്റെ ഭാരം പേറിയിരിക്കുന്നു. നൗഫല്‍ തന്റെ പുസ്തകത്തില്‍ പറയുന്നു ചേര്‍ത്തുപിടിക്കാന്‍ വിരലുകള്‍ ഇല്ലാതാവുമ്പോഴാണ് മനുഷ്യന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക എന്ന്. എത്ര ശരിയാണത് ചേര്‍ത്ത് പിടിക്കണമെന്നുമില്ല. മറ്റൊരാള്‍ നല്‍കുന്ന നിറഞ്ഞൊരു പുഞ്ചിരി തന്നെ മതിയാവും ഒരു മനുഷ്യന് അയാള്‍ ഒറ്റയല്ല എന്നൊരു തോന്നലുണ്ടാകാന്‍.  

ആയാസമേതുമില്ലാതെ ആനവണ്ടി ചുരം കയറിക്കൊണ്ടിരുന്നു. ഓരോ ഹെയര്‍പിന്‍ വളവുകള്‍ കയറി  മുകളിലേക്കെത്തുമ്പോഴേക്കും തണുപ്പ് കൂടിവന്നു. ഞാന്‍ പുറത്തേക്കു കണ്ണുകള്‍ പായിച്ചുകൊണ്ട് എത്രാമത്തെ തവണയാണ് ചുരം കയറുന്നത് എന്നോര്‍ത്തെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. എണ്ണിയാലൊടുങ്ങാത്ത അത്രയും യാത്രകള്‍. കാരണം ഈ യാത്രകള്‍ക്ക്  കൃത്യമായ തുടക്കവും ഒടുക്കവും ലക്ഷ്യവും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ഓരോ യാത്രകള്‍ക്കും ആദ്യമായി പോകുന്നതുപോലെ പുതുമയുണ്ടായിരുന്നു, പ്രതീക്ഷകളുണ്ടായിരുന്നു. കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി ഞാന്‍ ഉറങ്ങാന്‍ ഒരു പരിശ്രമം നടത്തി. യാത്രകളിലെ ഉറക്കത്തിനു എപ്പോഴും ഒരു പ്രത്യേകതയുണ്ട്. എപ്പോഴും അവളുടെ മുഖമാണ്. തൊട്ടരികില്‍ ചുമലിലേക്ക് തല ചായ്ച്ച് അവള്‍ ഇരിക്കുന്നുണ്ടെന്നൊരു തോന്നലാണ്. അവളെക്കുറിച്ചുള്ള ഓര്‍മ്മകളെന്നാല്‍ മീന്‍മണമുള്ള ആദ്യ ചുംബനത്തിന്റെ ഓര്‍മ്മയില്‍ തുടങ്ങുന്നു.. ഒരു വേരായി ഒരു വള്ളിയായി മരമായി ഇടതൂര്‍ന്ന വനമായി മനസ്സില്‍ അവള്‍ നിറയുന്നു. ചില മനുഷ്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അങ്ങനെയാണ്. ഒരിക്കലും മായ്ഞ്ഞു പോകാത്തത്രയും ഓര്‍മ്മകള്‍ .

രണ്ട്
ന്യൂസ് ഡെസ്‌കിലെ അവിലിന് അടിപിടികൂടുന്ന ഒരു പകലാണ് അവള്‍ ആദ്യമായി ഓഫീസിലെത്തുന്നത്. സ്വാഭാവികമായ പരിചയപ്പെടലിനപ്പുറത്ത് ജീവിതത്തെ തന്നെ ഉഴുതുമറിക്കാന്‍ കെല്‍പ്പുള്ള ഒരാളായിരിക്കും അവളെന്നു എനിക്കപ്പോള്‍ മനസിലായിരുന്നില്ല. കട്ടും കോപ്പിയും എഡിറ്റും പേസ്റ്റുമൊക്കെയായി വാര്‍ത്തകളെ കീറിമുറിച്ചു തുന്നിച്ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ന്യൂസ് ഡസ്‌കിനെ മറ്റൊരു ലോകമാക്കി തീര്‍ത്തിരുന്നു. എല്ലാം സമപ്രായക്കാര്‍, പരിചയക്കാര്‍, പുതുതായി വന്നതെങ്കിലും  ആ ലോകത്തിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരാളാവാന്‍ അവള്‍ക്കും അധിക സമയം വേണ്ടിവന്നില്ല. പരിചയപെടലിന്റെ അവസാനത്തില്‍ അവള്‍ ചോദിച്ചു മാഷിന്റെ പേരെന്താ?. 'മാഷിന് പിന്നെന്തിനാ വേറൊരു പേര് നീ മാഷേന്ന്  തന്നെ വിളിച്ചോ'. കൂട്ടുകാരന്റെ ആദ്യ കമന്റ്.  അവള്‍ ചിരിച്ചു. അതും ശരിയാണല്ലോ നീ മാഷേന്ന് തന്നെ വിളിച്ചോ ഞാനും പറഞ്ഞു.  വായനാദിനവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ പ്രസിദ്ധമായ പത്തു പുസ്തകങ്ങള്‍ സെലക്ട് ചെയ്തു ഒരു ഫീച്ചര്‍ തയ്യാറാക്കുക എന്നതാണ് അവള്‍ക്ക് ആദ്യമായി കിട്ടിയ ജോലി. അയാള്‍ നിന്നെ സഹായിക്കും എനിക്ക് നേരെ വിരല്‍ചൂണ്ടി എഡിറ്റര്‍ പറഞ്ഞു. ഞാനവളെയും കൂട്ടി ലൈബ്രറിയിലേക്ക് നടന്നു. ഇവിടുത്തെ ജോലിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്  ഇവിടെ സ്വസ്ഥമായിരുന്നു വായിക്കാന്‍ ലൈബ്രറി ഉണ്ട് എന്നതും അതിന്റെ ചുമതലയും താക്കോലും എന്റെ കയ്യിലായിരുന്നു എന്നതുമായിരുന്നു. 
എടോ താന്‍ വായനയുണ്ടോ?  ഞാന്‍ അവളോട് ചോദിച്ചു. 
ഉം.. പക്ഷെ ഇപ്പോള്‍  വായന വളരെ കുറവാണ് സമയം കിട്ടില്ലപ്പാ.  ഇനിയിപ്പോ നല്ലോണം  വായിക്കാലോ ജോലി ഇത് തന്നെയല്ലേ. 
പിന്നേ ഏതാ  നിന്റെ ഇഷ്ടമേഖല?  വായന, പിന്നെ സിനിമ. അവള്‍ പറഞ്ഞു. ആഹാ കൊള്ളാലോ.. ഞാനും അങ്ങനെയൊക്കെ തന്നെ ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.   ഖസാക്കിന്റെ ഇതിഹാസവും നൂറ്‌സിംഹാസനങ്ങളുമടക്കം പത്തെണ്ണം ഞങ്ങള്‍ ഫീച്ചറിനായി സെലക്ട്  ചെയ്തു. നീ ഇത് വച്ച് എഴുതിനോക്ക്. ഞാന്‍ അവളോട് പറഞ്ഞു.  ഇതെല്ലാം മാഷ് വായിച്ചതാണോ അതേല്ലോ ...  ഞാന്‍ മറുപടി പറഞ്ഞു. കുറച്ചെണ്ണം  താനും വായിച്ചതാണെന്ന് അവളും പറഞ്ഞു.  ആദ്യ ജോലി തന്നെ അവള്‍ക്ക് കൃത്യമായി ചെയ്യാന്‍ പറ്റി. മാഷേ താങ്ക്‌സ് ട്ടോ... അവള്‍ പറഞ്ഞു. ഉം.. ഞാന്‍ മറുപടി ഒരു മൂളലില്‍ ഒതുക്കി.
പിന്നീട് ഒരു ദിവസം അവള്‍ പറഞ്ഞു. മാഷേ നൂറ്‌സിംഹാസനങ്ങള്‍ വായിച്ചു ട്ടോ... എന്തൊരു പുസ്തകമാണ് ല്ലേ? 
അതേ, ശരിക്കും..എന്നെയും ഇത്ര പ്രയാസപ്പെടുത്തിയ മറ്റൊരു പുസ്തകം വേറെയില്ല. അതൊരു തുടക്കമായിരുന്നു.  സിനിമകളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു  അവളുടെ കയ്യില്‍.  അവള്‍ കണ്ട് ഇഷ്ടപ്പെട്ട സിനിമകള്‍ എനിക്ക് തന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍  ഞാന്‍ അവള്‍ക്കും സജെസ്റ്റ് ചെയ്തു ചിലപ്പോളൊക്കെ തിരിച്ചും.  രണ്ട് മാസത്തിലൊരിക്കലും മൂന്ന്മാസത്തിലൊരിക്കലുമൊക്കെയായിട്ടായിരുന്നു ഓഫീസില്‍  ശമ്പളം കിട്ടിക്കൊണ്ടിരുന്നത് എങ്കിലും ജോലിയുടെ തിരക്കിലും ഞങ്ങള്‍ പുസ്തകങ്ങളിലും  സിനിമകളിലുമായി സന്തോഷം കണ്ടെത്തിക്കൊണ്ടിരുന്നു. നഗരത്തിലെ സാംസ്‌കാരിക പരിപാടികളിലും  പുസ്തക പ്രകാശന ചടങ്ങുകളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. അപ്പോഴേക്കും തീര്‍ച്ചയായും അവള്‍ എനിക്ക് നല്ലൊരു കൂട്ടായി മാറിയിരുന്നു.


മൂന്ന്
ഓഫീസിലെ ഉച്ചസമയമെന്നാല്‍ ആഘോഷത്തിന്റെയാണ്  പല വീടുകളില്‍നിന്ന്  എത്തുന്ന ഭക്ഷണങ്ങളുടെ സംഗമം അതുവരെ ശ്വാസമടക്കിപ്പിക്കിടിച്ചു ന്യൂസ് ഡെസ്‌കിലിരുന്നതിന്റെ മുഴുവന്‍ അവശതയും അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ തീര്‍ത്തുകളയും. അന്ന് എന്തോ ഒരു വാര്‍ത്ത പ്രാധാന്യമുള്ള ദിവസമായിരുന്നു. അതുകൊണ്ടു തന്നെ  സീറ്റില്‍ നിന്ന് ഞാനും അവളും എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നു. കാന്റീനിലെ ചുമരിനു അഭിമുഖമായുള്ള ഡെസ്‌കില്‍ ഞങ്ങളിരുന്നു. ഡെസ്‌കിന്റെ കാലിനു രണ്ടു തട്ട് തട്ടി  ഞാന്‍ ശാസ്ത്രീയപരമായി ചോറ്റുപാത്രം തുറന്നു ഇരുന്നു കഴിയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ പാത്രത്തിന്റെ മൂടി അടച്ചു. ഞാന്‍ ആശങ്കയോടെ അവളെ നോക്കി എന്താ പറ്റിയതെന്നു ചോദിച്ചു ഒന്നുല്ല  ഇന്നിനി കഴിക്കാന്‍ പറ്റില്ല മാഷെ.. എന്താന്ന് പറയെടോ  ഞാന്‍ വീണ്ടും ചോദിച്ചു. ഏയ് അതല്ല ഇങ്ങനെ ആയിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക്  ഭക്ഷണം കഴിക്കാന്‍ പറ്റില്ല. മാഷ് കഴിക്കൂ.. ഞാന്‍ ഇവിടിരിക്കാം. അത് കേട്ടപ്പോള്‍ എനിക്കും വല്ലാതെ ആയി ഒരാളെ മുന്നിലിരുത്തി എങ്ങനെയാണു ഭക്ഷണം കഴിക്കുക?  ഞാന്‍ പിന്നെയും എന്തൊക്കെയോ ചോദിച്ചു അവള്‍ മൂളിക്കൊണ്ടിരുന്നു. ചില കൂട്ടുകാരികളില്‍ നിന്നും പീരീഡ്‌സിന്റെ ദിവസങ്ങള്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. 
എങ്കിലും എനിക്കെന്തോ ഒറ്റയ്ക്ക് കഴിക്കാന്‍ മനസ്സുവന്നില്ല. ഇന്നാ ഞാന്‍ ഒരു ചോറുരുള അവള്‍ക്കു നേരെ നീട്ടി. അതവള്‍ വാങ്ങുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിച്ച ഉടനെ അവള്‍ പൊട്ടിക്കരഞ്ഞു.  വല്ലാതെയായി എന്തെ ഞാന്‍ വീണ്ടും ചോദിച്ചു   ഇങ്ങനെ അമ്മയായിരുന്നു എനിക്ക് ചോറുതന്നിരുന്നത്. മീനിന്റെ അല്പഭാഗം ഉള്ളില്‍ വച്ച് ചോറുരുളകളാക്കുന്ന വിദ്യ ഒരു പക്ഷെ  എല്ലാ അമ്മമാര്‍ക്കും  അറിയുമായിരിക്കണം. അമ്മ.. അമ്മ..  അവള്‍ ഉറക്കെ ഉറക്കെ കരയാന്‍ തുടങ്ങി എന്ത് ചെയ്യണമെന്നറിയാതെ അതെ നില്പില്‍ ഞാനും. എങ്കിലും അവളുടെ ചുമലില്‍ തട്ടി  സാരല്ലെടോ പോട്ടെ എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു. കരച്ചിലുകള്‍ എനിക്കെപ്പോഴും വീര്‍പ്പുമുട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. പൊടുന്നനെ അവള്‍ എന്നെ കെട്ടിപ്പിടിച്ച്  വീണ്ടും കരയാന്‍ തുടങ്ങി എനിക്കെന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നു അറിയില്ലായിരുന്നു. എങ്കിലും ഞാനവളെ  ചേര്‍ത്തുപിടിച്ചു. കരച്ചിലിന്റെ ശബ്ദം നേര്‍ത്തു വന്നു ഒടുവില്‍ വിതുമ്പലോടെ അവളെന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു. കണ്ണീരും മീന്‍ മണവുമുള്ള ചുംബനം ഏറ്റുവാങ്ങുമ്പോള്‍ ഞാന്‍ സ്തബ്ധനായിരുന്നു. ആദ്യ ചുംബനം. ആകപ്പാടെ ഒരു മരവിപ്പ്. അവള്‍  കരഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്നോ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നും അറിയുമായിരുന്നില്ല. 'എടോ ആരെങ്കിലും കണ്ടാല്‍ എന്തു കരുതും പോയി കണ്ണ് തുടക്ക്' അവളെ  അടര്‍ത്തിമാറ്റി ഞാന്‍ പറഞ്ഞു. സോറി അത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു. പിന്നീട് എന്തോ എനിക്ക് ഓഫീസിലേക്ക് പോകാന്‍ തോന്നിയില്ല.  വൈകുന്നേരം ബസ് സ്റ്റോപ്പില്‍ വച്ച് അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ നോക്കി ഞാന്‍ ചോദിച്ചു. എന്തുപറ്റിയെടോ?. ഏയ്..ഒന്നുല്ല. പെട്ടെന്ന് അമ്മയെ ഓര്‍മ്മ വന്നു അതാ. എന്റെ മുഖത്തു നോക്കാന്‍ അവള്‍ക്കൊരു ജാള്യമുണ്ടായിരുന്നു. അമ്മക്ക് എന്ത് പറ്റി ഞാന്‍ ചോദിച്ചു. അവള്‍ ഏറെ സങ്കടത്തോടെ മുഖമുയര്‍ത്തി പറഞ്ഞു അമ്മ ഞങ്ങളെയൊക്കെ ഒറ്റക്കാക്കി പോയി. ഞാന്‍ പിന്നെ അതേക്കുറിച്ചൊന്നും ചോദിച്ചില്ല. മനുഷ്യര്‍ ഓര്‍ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട് നമുക്കെന്തു പ്രയോജനം. മരണങ്ങള്‍ പ്രത്യേകിച്ചും.


നാല് 
പിന്നീട് അവളെ കാണുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൊരുക്കുമ്പോള്‍ വെറുതെ തല്ലുപിടിക്കുമ്പോള്‍ മറ്റാരോടും തോന്നാത്ത എന്തോ ഒരു പ്രത്യേകത. എന്തെന്നില്ലാത്ത അനുഭൂതി. ജീവിതത്തില്‍ ഒരുപാടു പേരെ കണ്ടിട്ടുണ്ടെങ്കിലും അത് വരെ ഇല്ലാത്ത എന്തോ ഒന്ന് മനസ്സില്‍ കിടന്നു പിടയുന്നു.  ന്യൂസ് ഡെസ്‌കില്‍ ഇടയ്ക്കിടെ കണ്ണുകള്‍ അവള്‍ക്കു നേരെ പാളിപ്പോകുന്നു. അപ്പോഴൊക്കെ അവളെന്നേയും നോക്കും പുരികം വളച്ചു എന്താന്ന് ചോദിക്കും  ഞാന്‍ തലയാട്ടി  ഒന്നുമില്ലെന്ന് പറയും. ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍ എന്തോ ഒരു പ്രയാസം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല ഹെഡ് ലൈനിലെ അക്ഷരത്തെറ്റ് തിരുത്തിയ എഡിറ്റര്‍ ചോദിച്ചു എന്തുപറ്റിയെടോ ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണത്തെ എനിക്ക് അയാളോട് പറയാന്‍ പറ്റില്ലാലോ. ചിന്തയിലും മനസിലും അവളുടെ മുഖം മാത്രം.  അവള്‍ പതിയെ മനസിലേക്ക് കയറുകയായിരുന്നിരിക്കണം. അതുവരെ  ജീവിതത്തില്‍ ഒരിക്കല്‍പോലും പിടിതരാതെ വഴുതിപ്പോകുന്നൊരു സ്ഫടികപ്പാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രണയം. മൂന്നാലുദിവസത്തെ മനസിന്റെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍  അവളോട് പറയാന്‍ തീരുമാനിച്ചു.  ഓഫീസില്‍ എത്തിയ ഉടനെ അവളോട് പറഞ്ഞു. വാ... നമുക്കൊരു ചായ കുടിച്ചിട്ടു വരാം. അവള്‍ എഴുന്നേറ്റു ഞങ്ങള്‍ റോഡിലൂടെ നടന്നു.  എടോ ഞാനൊരു കാര്യം പറയട്ടേ.. കൊറേ ദിവസമായി ഞാന്‍ ഭയങ്കര പ്രശ്‌നത്തിലാണ്.  ഞാനിതുവരെ ഇങ്ങനെ ഒരു അവസ്ഥയില്‍ കൂടി കടന്നു പോയില്ല അതാ... നീയെങ്ങനെ എടുക്കുമെന്നോ എന്ത് മറുപടി പറയുമെന്നോ അറിയില്ല. എനിക്ക്....  എനിക്ക്....  നിന്നെ ഇഷ്ടമാണ്. ഇത് നിന്നോട് പറയാതെ എനിക്കൊരു സമാധാനവുമില്ല.  എവിടുന്നോ കിട്ടിയ ഊര്‍ജ്ജത്തില്‍  ഞാന്‍ പറഞ്ഞൊപ്പിച്ചു. മാഷേ അവള്‍ എന്നെ ആശ്ചര്യത്തോടെ വിളിച്ചു. കുറച്ചു നേരത്തെ മൗനത്തിനു  ശേഷം അവള്‍ പറഞ്ഞു. മാഷിനെ എനിക്കും ഇഷ്ടമാണ് മാഷിനോട് സംസാരിക്കുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസമുണ്ടാകാറുണ്ട്. പക്ഷെ.. മാഷേ... അവള്‍ വീണ്ടുമെന്തോ പറഞ്ഞു തുടങ്ങിയപ്പോള്‍  ഞാന്‍ പറഞ്ഞു. എടോ ഞാന്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. മറുപടി നീ ഇപ്പോ പറയണമെന്നില്ല. ഇനി മറുപടി എന്തായാലും പ്രശ്‌നവുമില്ല. എന്തായാലും ഇനിയുള്ള ജീവിത്തില്‍ നീ കൂടെ ഉണ്ടാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.  നിന്നോടിത് നേരിട്ട്  പറയാന്‍ എനിക്ക് ഒരു സ്‌പേസ് ഉണ്ട് എന്നു കരുതുന്നത് കൊണ്ടാണ് ഞാന്‍ പറഞ്ഞത്.  തിരക്കുകളും പ്രശ്‌നങ്ങളും മാറ്റിവെക്കാം. നീ ആവശ്യമുള്ള സമയമെടുത്തോ  ഇനി വേറെന്തെങ്കിലും പ്രശ്‌നമുണ്ടെകില്‍ അത് പറഞ്ഞോ അതിലും പ്രശ്‌നമില്ല. നീ ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ അത്രയും കൂടി പറഞ്ഞു. എന്നാലും മാഷെ.. ഞാന്‍... അത്... അവള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..കൂള്‍ബാറില്‍ അഭിമുഖമായാണ് ഇരിക്കുന്നതെങ്കിലും എനിക്കും അവള്‍ക്കും മുന്‍പൊരിക്കലും ഇല്ലാത്ത വിധം അന്യോന്യം മുഖത്തു നോക്കാന്‍ പ്രയാസമായിരുന്നു.  നീ ചായ കുടിക്ക്. പോകാം. അല്പ നേരത്തെ നിശബ്ദതക്കൊടുവില്‍ ഞാന്‍ പറഞ്ഞു. ഒരു മഴ പെയ്തു തോര്‍ന്ന ആശ്വാസമായിരുന്നു എനിക്ക്. പല കൈവഴികളായി ഒഴുകിയ ഒരു പുഴ ഒന്നിച്ച്  ഒഴുകുവാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. രാവിലെ എണീക്കുന്നതു മുതല്‍ വൈകീട്ട്  ഓഫിസ് വിടുന്നവരെ എന്തെന്നില്ലാത്ത സന്തോഷം. രാത്രികളില്‍ രാവിലെ ആവാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്. ചുണ്ടുകളില്‍ എപ്പോഴും പുഞ്ചിരി. അവള്‍ മറുപടിയായി ഒന്നും പറഞ്ഞിരുന്നില്ല ചിലതൊക്കെ വാക്കുകള്‍ കൂട്ടിപ്പറയുമ്പോള്‍ ഭംഗി നഷ്ടപ്പെടും. മനസിന്റെ ഭാഷ മനസിലാക്കാന്‍ വാക്കുകള്‍ ആവശ്യമില്ലല്ലോ. ആ മൗനം തന്നെ ആയിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രണയം. ഒയ്, അതെ,  മാഷ്, മുത്ത്, ഇങ്ങള്, നീ , താന്‍ ,  എടോ, പട്ടി, കള്ളപ്പന്നി എന്നിങ്ങനെ ഞങ്ങളുടെ മാന സികാവസ്ഥക്കനുസരിച്ച് ഇഷ്ടമുള്ള പേരുകള്‍ വിളിച്ചുകൊണ്ടിരുന്നു ഓരോ നിമിഷത്തിലും  പ്രണയിച്ചുകൊണ്ടിരുന്നു. വിചിത്രമെന്നു പറയട്ടെ  സ്‌നേഹക്കൂടുതല്‍ ഉള്ളപ്പോഴാണ് ഞങ്ങള്‍ തെറികള്‍ വിളിച്ചിരുന്നത്. ചെറ്റ എന്നതിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനെ കുറിച്ച് ഒരേ അഭിപ്രായമായിരുന്ന ഞങ്ങള്‍ ആ വാക്കിനെ മാറ്റി നിര്‍ത്തിയിരുന്നു.


അഞ്ച് 
ഓഫീസ് കഴിഞ്ഞാല്‍ ഞങ്ങള്‍ നേരത്തെ ഇറങ്ങും. മാനാഞ്ചിറയിലെ സ്ഥിരം ഇരിപ്പിടമുണ്ട് അല്ലെങ്കില്‍ മാനാഞ്ചിറ ചുറ്റി ആര്‍ട്ട് ഗാലറിയില്‍ വന്നിരിക്കും. അതുമല്ലെങ്കില്‍ ആര്യഭവനില്‍ പോയി മസാലദോശയും ചായയും കഴിക്കും. ദാരിദ്ര്യമാണെങ്കിലും വൈകിക്കിട്ടുന്ന ശമ്പളത്തില്‍ നിന്ന്  ചായക്കുള്ള പൈസയൊക്കെ കരുതിവെക്കാന്‍ അവള്‍ക്കറിയാമായിരുന്നു. അത്യാവശ്യത്തിനു കടം ചോദിച്ചാല്‍ തരാനും  ശമ്പളം കിട്ടുമ്പോള്‍ യാതൊരു ദയയും കൂടാതെ ചോദിച്ചു വാങ്ങാനും അവള്‍ക്കു പ്രത്യേക മിടുക്ക് ആയിരുന്നു.  ചിലപ്പോഴൊക്കെ കുറച്ച് നടക്കാം എന്ന തീരുമാനത്തിലെത്തുമ്പോള്‍ ആര്‍ട്ട് ഗാലറിയുടെ സൈഡിലൂടെ റെയില്‍ ക്രോസ് ചെയ്ത് ഞങ്ങള്‍ ബീച്ചിലേക്ക് നടക്കും. അങ്ങനെ സംസാരിച്ച് നടക്കുമ്പോള്‍ സമയവും ദൂരവും പോകുന്നത് അറിയുകയേയില്ല. ഞങ്ങള്‍ക്ക് മാത്രം പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങള്‍ എവിടുന്നുണ്ടാകുകയാണെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ സിനിമ രാഷ്ട്രീയം തുടങ്ങി ഞങ്ങള്‍ക്കറിവുള്ളതും ഇല്ലാത്തതുമായ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. എനിക്കവളെ കേട്ടുകൊണ്ടിരിക്കാനായിരുന്നു ഇഷ്ടം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കവള്‍ ഷാളിന്റെ തുമ്പ് കൊണ്ട് എന്നെ അടിക്കും  ഞാന്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ആ നീ പറയ് മുത്തേ എന്ന് ഞാന്‍ സപ്പോര്‍ട്ട് കൊടുക്കും. അപ്പോള്‍ അവള്‍ ചുണ്ടിലൊരു ചിരിയുമായി കണ്‍കോണിലൂടെ പ്രേമപാരവശ്യത്തോടെ നോക്കും. എനിക്കേറ്റവും പ്രിയപ്പെട്ട നോട്ടങ്ങളിലൊന്നാണതെന്നു വേറെ കാര്യം. ചില ദിവസങ്ങളില്‍ എല്‍ ഐ സി ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഞങ്ങള്‍ മിഠായി തെരുവിലേക്ക് നടക്കും. പബ്ലിക്ക് ലൈബ്രറിക്കു താഴെയായി പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു ബുക് ഷോപ്പുണ്ട് അവിടെ കയറും. ചിലപ്പോള്‍ കാലങ്ങളായി തേടി നടക്കുന്ന ചില പ്രിന്റ് ഔട്ടായ പുസ്തകങ്ങള്‍ അവിടുന്ന് കിട്ടിയേക്കും. അപ്പോഴേക്കും മിഠായി തെരുവിലെ അനേകം കടകളില്‍ നിന്ന് ജോലി കഴിഞ്ഞ സ്ത്രീകള്‍ ഇറങ്ങിയിട്ടുണ്ടാവും. സെയില്‍ ഗേളിന്റെ കുപ്പായത്തില്‍ നിന്നും അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെ പരകായപ്രവേശം നടത്താനുള്ള അവരുടെ ധൃതി കാണുമ്പോള്‍ ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു മാഷേ നമുക്കും ഇങ്ങനെ തിരക്കാവുമോ ? ആവോ അറിയില്ല ഞാന്‍ അത്രമാത്രം പറഞ്ഞു. ഉം ... അവളൊന്ന് മൂളുക മാത്രം ചെയ്തു. രാധാ തിയേറ്ററും കഴിഞ്ഞ് ആര്യഭവനിലേക്കെത്തുന്നതു വരെ അവള്‍ നിശബ്ദയായിരുന്നു. മൗനത്തിന്റെ അനിവാര്യമായ ഇടവേളകള്‍. പക്ഷേ എത്ര പിണക്കമായിരുന്നാലും  ആര്യഭവനിലെ വലത്തേമൂലയിലെ രണ്ടുപേര്‍ക്കു മാത്രം ഇരിക്കാവുന്ന ഇരിപ്പിടത്തില്‍ മസാലദോശക്കു അപ്പുറവും ഇപ്പുറത്തുമിരുന്നാല്‍ തീരാത്ത പ്രശനങ്ങള്‍ ഞങ്ങള്‍ക്കിടയില്‍  ഉണ്ടായിരുന്നില്ല.


ആറ് 
ഒരിക്കല്‍ മാനാഞ്ചിറയിലെ പ്രതിമക്ക് ചുവട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ അവള്‍ എന്നെ നോക്കാതെ പറഞ്ഞു  അതെ മാഷേ മാഷിനെ എനിക്ക് ഏറ്റവും ഇഷ്ടമാവാന്‍ കരണമെന്താന്നോ?  എന്താ? എന്നെ കേള്‍ക്കുന്നു  എന്നത് തന്നെ. എന്നാ പിന്നെ നിനക്കൊരു റോബോട്ടിനെ വാങ്ങിയാപ്പോരേ ഞാന്‍ പോട്ടെ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഏയ് അങ്ങനെയല്ല.. മാഷിനെ എനിക്കിഷ്ടമാണ്. ഒരുപാട് ഇഷ്ട്ടമാണ്. എന്നാ നമുക്ക് നാളെ പോയി കല്യാണം കഴിച്ചാലോ? പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് നാളെയോ?... എന്ന് അവള്‍ ആശ്ചര്യത്തോടെ നോക്കി. പിന്നെ പറഞ്ഞു. സമയമായില്ല ആദ്യം ഒരു വീടുണ്ടാകണം അച്ഛനെ  സമാധാനത്തോടെ അവിടെ താമസിപ്പിക്കണം. പിന്നെ..  പിന്നെ.. അവള്‍ എന്തോ പറയാന്‍ തുടങ്ങി. അച്ഛനെ നിന്റെ കൂടെ  കൂട്ടിയാല്‍ പോരെ?  ഞാന്‍ ചോദിച്ചു. അതല്ല പിന്നെ വേറെയൊരു കാര്യമുണ്ട് അത് ഞാന്‍ പിന്നെ പറയാം..  നീ പറയുന്നെങ്കില്‍ പറയ് ഞാന്‍ ദേഷ്യപ്പെട്ടു.
മാഷ് ആരോടും പറയരുത്.  ഇല്ല പറയില്ല. അച്ഛനോട്  ഒരു കല്യാണം കഴിക്കാന്‍ പറയണം അമ്മ മരിച്ചതില്‍  പിന്നെ അച്ഛന്‍ ഒറ്റക്കാണ്  അപ്പൊ പിന്നെ അച്ഛന് അവിടെ വിട്ടു വരികയും വേണ്ട. 
അത് നല്ലകാര്യമല്ലേ  നമുക്ക് ശരിയാക്കാമെന്നേ..എനിക്കവളോട് വല്ലാത്ത വാത്സല്യം തോന്നി. കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ അമ്മയിലേക്ക് എത്തുമെന്നും കരയുമെന്നും ഉറപ്പായതിനാല്‍ വിഷയം മാറ്റാനായി അവളുടെ കയ്യിലെ കുപ്പിവളകള്‍  നോക്കിക്കൊണ്ടു പറഞ്ഞു. നീ  ശിലായുഗത്തിന്നു ബസ്സ് കിട്ടാതെ നില്‍ക്കയാണ് ല്ലേ?  ഇപ്പൊ കുപ്പിവളകളൊക്കെ ആരെങ്കിലും ഇടുമോ?  ആളുകള്‍ എന്ത് പറയും. പിന്നെ....അവന്മാരുടെ പൈസക്കല്ലേ നമ്മളിതു വാങ്ങുന്നത് നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യുക അതിനു മറ്റുള്ളവരുടെ സമ്മതം നോക്കേണ്ട കാര്യമില്ല അവര്‍ ദേഷ്യത്തോടെ പറഞ്ഞു. ഓരോ കാര്യത്തിനും അവള്‍ക്ക് അവളുടേതായ തീര്‍പ്പുകള്‍ ഉണ്ടായിരുന്നു. പിന്നെ കുപ്പിവളയിലല്ലേ നിന്റെ സന്തോഷം കിടക്കുന്നത്. ഞാനവളെ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു. ആ... തന്നെ ഇയാള്‍ക്ക് അത് അറിയാഞ്ഞിട്ടാ സ്‌കൂളില്‍ പഠിക്കുമ്പോ കൂട്ടുകാരികളൊക്കെ ഇട്ടു വരുമ്പോ എനിക്ക് എത്ര ആഗ്രഹമുണ്ടായിരുന്നു എന്നറിയോ? എത്ര കരഞ്ഞിട്ടുണ്ടെന്നു അറിയോ നിങ്ങള്‍ക്ക് അതൊന്നും പറഞ്ഞാ  മനസ്സിലാവില്ല..  ആ..നീ എന്തേലും ചെയ്യ് സംഗതി വീണ്ടും സെന്റിമെന്റല്‍ മോഡിലേക്ക് പോയപ്പോള്‍ വിഷയത്തില്‍ നിന്നും മെല്ലെ പുറകോട്ടു വലിഞ്ഞു. ഞാന്‍ പെട്ടെന്ന് ചോദിച്ചു  അതേ.. എഡോ നമുക്ക് മൂക്ക് കുത്തിയാലോ ? ആ.. എനിക്കും  ആഗ്രഹമൊക്കെ ഉണ്ട് പക്ഷേ പേടിയാണ്.  അതൊക്കെ നമുക്ക് മാറ്റാമെന്നേ..  ഇപ്പൊ  തന്നെ പോയാലോ?  ങേ ഇപ്പോളോ! ആ ഇപ്പോള്‍ തന്നെ പോകാം. തീരുമാനം പെട്ടന്നായിരുന്നു. ഓട്ടോയില്‍ പോകുമ്പോള്‍ അവള്‍ എടോ നല്ല വേദനയുണ്ടാവൂല്ലേ   ഇന്ന്  വേണോ എന്നൊക്കെ ചോദിക്കുന്നത് കണ്ട ഓട്ടോക്കാരന്‍ സംശയത്തോടെ ഞങ്ങളെ തിരിഞ്ഞു നോക്കി. ചേട്ടാ ഇതു അതല്ല.  മൂക്ക് കുത്തണ കാര്യമാണ് ഞങ്ങള്‍ പരസ്പരം ചിരിച്ചു.  ഇയ്യൊന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ?.  അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി. ജ്യൂവല്ലറിയിലെ വെള്ളിവെളിച്ചത്തില്‍ ഇരിക്കുമ്പോള്‍ സെയില്‍സ്മാന്‍ പറഞ്ഞു  തല ഇളക്കരുത് ഇളക്കിയാല്‍ മുറിയും. അവള്‍ എന്നെ പേടിയോടെ നോക്കി. ഞാന്‍ തിരിഞ്ഞ് അവനെ രൂക്ഷമായി നോക്കി.  ഒരു കൊഴപ്പോമില്ല   തല അമര്‍ത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു  ഇളകാതെ ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങള് ചെയ്യാന്‍ നോക്ക്.  ഒരൊറ്റ പ്രസ്സിന്റെ നിസ്സാരത കൊണ്ട്  സെയില്‍സ്മാന്‍ മൂക്കുത്തി ഫിറ്റ് ചെയ്‌തെങ്കിലും അവളുടെ നഖങ്ങള്‍ എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. അവിടെ നിന്നും ഇറങ്ങി പാളയം ബസ് സ്റ്റാന്‍ഡിലൂടെ മാര്‍ക്കറ്റും പിന്നിട്ട് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ അവള്‍ ഇടയ്ക്കിടെ മൂക്കുത്തി തൊട്ടുനോക്കുകയും വേദനയോടെ ശൂ...എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു. ഇത്രൊയൊന്നും വേദന ഉണ്ടാവില്ല. അവളുടെ നഖപ്പാടു കൊണ്ട് ചോര പൊടിഞ്ഞ് തുടങ്ങിയ  എന്റെ കൈത്തണ്ട കാട്ടികൊണ്ടു ഞാന്‍ പറഞ്ഞു. വല്യ കാര്യായിപ്പോയി... ങ്ങക്കല്ലായിരുന്നോ തിരക്ക് അനുഭവിച്ചോ. അവള്‍ പകുതി കാര്യമായും കളിയായും  പറഞ്ഞു. അല്പ സമയത്തിന് ശേഷം  അവള്‍ എന്റെ കൈകള്‍ നേഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാനല്ലേ... സാരൂല്ലാ ട്ടോ എന്ന് പറഞ്ഞു. മൂക്കുത്തി കാണിച്ചുകൊണ്ട്  ചോദിച്ചു. എങ്ങനെ ഉണ്ട് ?  ഞാന്‍ പറഞ്ഞു അടിപൊളി ആയിട്ടുണ്ട് വേറെ എവിടേലും ആയിരുന്നേല്‍ ഞാന്‍  കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നേനെ. അയ്യടാ മോനെ.. ഇതിനാണല്ലേ  മൂക്കുത്തിപ്പൂതി..  പെട്ടന്ന് ഞങ്ങളുടെ ചിരികളുടെ രസച്ചരട്  മുറിച്ച്  അവളുടെ ഫോണ്‍ റിങ് ചെയ്തു. അവള്‍ ഫോണെടുത്തു ദേഷ്യത്തോടെ ആ ശരി എന്ന് മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. സംശയത്തോടെ നോക്കിയ എന്നോടു പറഞ്ഞു. അച്ഛനാണ്... ഞായറാഴ്ച ഏതോ ഒരു തെണ്ടി പെണ്ണുകാണാന്‍ വരുന്നുണ്ടു പോലും  നാശം പിടിക്കാന്‍..അവള്‍ ദേഷ്യത്തോടെ ഫോണ്‍ പഴ്‌സിലേക്ക് വച്ചു. നീ പോയി നോക്ക് നല്ല ബന്ധം വല്ലോം ആണേല്‍ കല്യാണം കഴിക്കാലോ?. പോടാ പട്ടി കൊല്ലും ഞാന്‍... അവള്‍ എന്നെ നോക്കി ദേഷ്യപ്പെട്ടു. 


ഏഴ് 
വെള്ളിഴായ്ച്ച രണ്ടു പേരും ഒരേ സമയത്താണ് ഓഫീസിനു മുന്‍പില്‍ ബസ്സിറങ്ങിയത്  മെയില്‍ റോഡില്‍ നിന്നും ഓഫീസിലേക്കുള്ള ഇടവഴിലേക്ക് തിരിഞ്ഞപ്പോഴും അവള്‍ നിശബ്ദയായിരുന്നു. തലേന്നത്തെ ഫോണ്‍ കോള്‍അവളെ വല്ലാതെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായിരുന്നു.  ഞാന്‍  അവളോട് ചോദിച്ചു. എഡോ നീ ഒ.കെയല്ലേ അല്ലന്നേ...അവള്‍ പ്രയാസത്തോടെ പറഞ്ഞു. മുകളിലേക്കുള്ള സ്റ്റെപ്പിനടുത്തെത്തിയതും അവള്‍ പെട്ടന്ന് ചോദിച്ചു. നാളെ വീട്ടില്‍ പോകണം ഇന്ന് ലീവ് ആക്കിയാലോ? പിന്നെന്താ  ഇന്നു കയറണ്ട പോയേക്കാം.  എപ്പോഴും തീരുമാനങ്ങള്‍ വളരെ പെട്ടന്നായിരുന്നു ഞങ്ങള്‍ക്കിടയില്‍. ഓഫീസില്‍ എത്തിയ ശേഷമാണ് ലീവാക്കുന്നതെങ്കില്‍  നേരെ റെയില്‍വേ സ്റ്റേഷനിലേക്കു പോകും.   9.30  ന്റെ കണ്ണൂര്‍ പാസഞ്ചറില്‍ കയറും. ഇടക്കിങ്ങനെ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരു പ്രാന്തു തോന്നി കൃത്യമായ ലക്ഷ്യമില്ലാതെ വെറുതെ യാത്ര പോകാറുണ്ട്. ചിലപ്പോ കണ്ണൂരോ തലശ്ശേരിയോ ഇറങ്ങി  തിരിച്ചുപോരും. എങ്കിലും ഒരിക്കലും ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി സമരസപ്പെടേണ്ടി വന്നിരുന്നില്ല. എല്ലാതവണത്തേയും പോലെ ബോഗിയില്‍ വളരെ കുറച്ചു മാത്രം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  തീവണ്ടി യാത്രകളില്‍ ആനവണ്ടി യാത്രകളിലേന്നതു പോലെ ഞങ്ങള്‍ ചേര്‍ന്നിരിക്കാറില്ല. അധികം സംസാരിക്കാറുമില്ല. അഭിമുഖമായിരുന്ന് വെറുതേ പുറത്തേക്ക് നോക്കിയിയിരിക്കും. ഇത്തവണ അവള്‍ കൂടുതല്‍ നിശബ്ദയായിരുന്നു. കാറ്റില്‍ പാറുന്ന മുടിയിഴകളെ ഇടതു കൈ കൊണ്ട് അവള്‍ മാടിയൊതുക്കും. അവളെ അങ്ങനെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ മറ്റെല്ലാം മറക്കും.  ട്രെയിന്‍ കൊയിലാണ്ടിയും പയ്യോളിയും വടകരയും പിന്നിട്ട് മാഹിയിലെത്തി. 'വെള്ളയാങ്കല്ലില്‍ അപ്പോഴും ആത്മാവുകള്‍ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു. അതില്‍ ഒന്ന്  ദാസനായിരുന്നു'. ഞാന്‍ പെട്ടന്ന് പറഞ്ഞു മയ്യഴി എന്ന ബോര്‍ഡ് കാണുമ്പോള്‍ തന്നെ എനിക്ക് ദാസനെ  ഓര്‍മ്മവരും.  അവള്‍ ഒന്നു പുഞ്ചിരിച്ചു അപ്പൊ ചന്ദ്രികയെയോ?  കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ചോദിച്ചു. മാഷേ.. ഞാന്‍ മരിച്ചു പോയാല്‍ മാഷ് എന്ത് ചെയ്യും?. ആവോ.. അറിയില്ല.  ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും ഞാന്‍ മറു ചോദ്യമെറിഞ്ഞു. അവള്‍ കുറച്ചുനേരം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു. പിന്നെ പറഞ്ഞു നമുക്ക് വേറെന്തെങ്കിലും പറയാം. (അല്ലെങ്കിലും അവള്‍ ദുര്‍ബലമാകുന്ന ഒന്നു രണ്ടിടങ്ങളുണ്ട് മരണത്തെ കുറിച്ചുള്ള സംസാരം ഓര്‍മ്മകള്‍, റോഡ് ക്രോസ് ചെയ്യല്‍. തുടങ്ങിയവയാണ് അതില്‍ ഏറ്റവും പ്രധാനം. സീബ്രാ ലൈനില്‍ കൂടിയാണെങ്കിലും റോഡ് ക്രോസ് ചെയ്യാന്‍ അവള്‍ക്ക് പേടിയായിരുന്നു. കൂടെയുള്ള എന്റെ കൈയ്യില്‍ മുറുകെ പിടിച്ചാണ് അവള്‍ റോഡ് ക്രോസ് ചെയ്യുക. അതിനെ കുറിച്ച് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. ദൂരെ നിന്ന് ഒരു വണ്ടി വരുന്നുണ്ടെങ്കില്‍പോലും അവള്‍ ഷര്‍ട്ടിന്റെ കയ്യില്‍ പിടിച്ച് പിറകോട്ടു വലിക്കും.)  ദാസന്‍, ചന്ദ്രിക, ഗസ്‌തോവന്‍ സായ് വ്  ഖാലിയാര്‍ ഞങ്ങള്‍ കഥാപാത്രങ്ങളുടെ പേരുകള്‍  പറഞ്ഞു കൊണ്ടേയിരുന്നു. അയ്യോ തെറ്റി ഖാലിയാര്‍ ഖസാക്കിലല്ലേ ? മൈമൂനയും രവിയും അപ്പുക്കിളിയുമാക്കെ ഖസാക്കിലാണല്ലോ അല്ലേ.  അവള്‍ ചിരിയോടെ പറഞ്ഞു. മാഷേ.. നമുക്കൊരീസം തസ്രാക്കില്‍ പോകണം ട്ടോ . പിന്നെന്താ നമുക്ക് പോയിക്കളയാം. നീ  നാളെ വീട്ടില്‍ പോകുകയല്ലേ? പോയിട്ട് വാ... അന്ന്  തന്നെ പോയിക്കളയാം.  ഇതേ പോലെ അപൂര്‍വ്വം ചില യാത്രകള്‍ ഞങ്ങള്‍ മാറ്റി വച്ചു.  വീടിന്റെ കാര്യം ഓര്‍മ്മവന്നതുകൊണ്ടാവണം. അവള്‍ എന്റെ അടുത്തേക്ക് വന്നിരുന്നു. എന്റെ വിരലുകളില്‍ വിരല്‍ കോര്‍ത്തുപിടിച്ച് പറഞ്ഞു. മാഷേ... എനിക്കെന്തോ പേടിയാവുന്നു..എന്തിന് ?
അറിയില്ല, എന്റെ ചുമലിലേക്ക് തല ചായ്ച് കിടന്നുകൊണ്ടവള്‍  പറഞ്ഞു. വീണ്ടും എന്തെങ്കിലും ചോദിച്ചാല്‍ ഒരു പക്ഷെ അവള്‍ കരഞ്ഞേക്കും.  അതുകൊണ്ടു തന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. അവളെ ആര്‍ദ്രതയോടെ  ചേര്‍ത്ത് പിടിച്ചു. അവളുടെ  തലയിലേക്ക് മെല്ലെ തല ചായ്ച്ചു. ട്രെയിന്‍ ധൃതിയേതുമില്ലാതെ ഓടിക്കൊണ്ടിരുന്നു.

എട്ട്
രാവിലെ തന്നെ ആകാശം മൂടിക്കെട്ടിയ പ്രതീതി ആയിരുന്നു. മഴ എപ്പോള്‍ വേണമെങ്കിലും പെയ്‌തേക്കാം എന്ന സ്ഥിതി.  വീട്ടില്‍ പോകേണ്ടതിനാല്‍ അവള്‍ നേരെത്തെ ഇറങ്ങി. ഒരു ചായ കുടിക്കാനെന്ന വ്യാജേന ഞാനും അവളോടൊപ്പം ഇറങ്ങി.  കെ എസ് ആര്‍ ടി സി സ്റ്റാന്റിലെത്തി അവള്‍ ബസ്സില്‍ കയറി.  ഞാനും പോന്നോട്ടെ ....അവള്‍  ഒന്നും പറഞ്ഞില്ല.  അവള്‍ വേണ്ടെന്നു പറഞ്ഞാലും ഞാന്‍ പോകുമായിരുന്നു. 
പെട്ടന്നുള്ള യാത്ര ആയതിനാല്‍  ഒന്നിച്ചിരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കിലും അവളുടെ തൊട്ടു പിറകിലത്തെ സീറ്റ് എനിക്കും കിട്ടി. നഗരത്തിരക്ക് കഴിഞ്ഞ് ബസ്സ് വേഗമെടുത്ത് തുടങ്ങി.  മുന്‍പിലത്തെ സീറ്റിലെ  കമ്പിയില്‍ പിടിക്കാനെന്ന വ്യാജേന ഞാന്‍  അവളുടെ മുടി ഇഴകള്‍ എന്റെ വിരലുകളില്‍ ചുറ്റിക്കൊണ്ടിരുന്നു... അവളുടെ വിയര്‍പ്പിന്റെ മണം. അവളുടെ പിന്‍കഴുത്തിലെ മറുകില്‍ അപ്പോള്‍ എനിക്കൊരു ഉമ്മ കൊടുക്കാന്‍ സത്യമായും അതിയായ ആഗ്രഹമുണ്ടായി. അല്ലെങ്കിലും എഴുത്തുകാരൊക്കെ പറയുന്നത് സത്യമാണ്. പ്രണയിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് യാതൊരു ചിന്തയുമുണ്ടാകില്ല. ആളുകള്‍ കയറുകയും  ഇറങ്ങുകയും ചെയ്ത ഒരു സ്റ്റാന്‍ഡില്‍ വച്ച് അവള്‍ പിറകിലെ സീറ്റില്‍ എന്റെ അടുത്തേക്കായി വന്നു. ഞാന്‍ സൈഡ് സീറ്റിലിരുന്നോട്ടെ? യാത്രകളില്‍  ഞങ്ങള്‍ വഴക്കടിച്ചുകൊണ്ടിരുന്നത് സൈഡ് സീറ്റിനു വേണ്ടിയായിരുന്നു. ഞാന്‍ മാറിയിരുന്നു കൊടുത്തു. അവള്‍ എന്റെ ചുമലിലേക്ക് തല ചായ്ച്ചു കിടന്നു. ചില യാത്രകള്‍ അങ്ങനെയാണ്  ഒരിക്കലും അവസാനിക്കേണ്ടായിരുന്നു എന്ന് തോന്നും. ഞാനവളുടെ വിരലുകള്‍ കയ്യിലെടുത്ത് പൊട്ടിച്ചുകൊണ്ടിരുന്നു  അവള്‍ മറ്റാരെങ്കിലും  ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയത്തോടെ മറ്റു സീറ്റുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.  സമയം എത്രവേഗമാണ് ഓടി മത്സരം ജയിച്ചത്. ബസ്  കല്‍പ്പറ്റ സ്റ്റാന്റിലെത്തി അപ്പോഴേക്കും മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു  അപ്പൊ ശരി..  മാഷിന് ഇനിയെന്താ പരിപാടി  എനിക്കെന്തു പരിപാടി തിരിച്ചുപോകണം ഉം.. അവള്‍ ഒന്ന് അമര്‍ത്തി മൂളി. നമുക്കൊരു ചായ കുടിച്ചിട്ട് പോയാലോ? ഇനിയിപ്പോ ഒരു  ദിവസം കഴിഞ്ഞല്ലേ കാണൂ.. അത്രയും നേരം കൂടെ അവളോട് സംസാരിക്കാലോ.. മറ്റൊരു സ്ഥലത്തു നിന്ന് ഉണ്ടാവുന്ന ധൈര്യം എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക്   
സ്വന്തം നാട്ടിലെത്തുമ്പോള്‍ ഇല്ലാതാകുന്നതെന്ന് അവളുടെ വെപ്രാളം കണ്ടപ്പോള്‍  ഞാന്‍ വെറുതെ ചിന്തിച്ചു. തിരിഞ്ഞും മറിഞ്ഞും നോക്കിയും മനസ്സില്ലാ മനസ്സോടെ എങ്കിലും അവള്‍ സമ്മതിച്ചു. ചേട്ടാ ഒരു കട്ടന്‍.. ഒരു കാപ്പി.. അടുത്ത കടയിലേക്ക് കയറി ഞാന്‍ പറഞ്ഞു. കടിയെന്താ വേണ്ടത്? ഒന്നും വേണ്ട അവള്‍ മറുപടി പറഞ്ഞു.  അത് പറഞ്ഞാ പറ്റില്ല എന്തേലും ഒന്ന് കഴിക്ക് ബസ്സില്‍ ഏതുനേരം കയറിയതാണ്?  എന്തായാലും പ്രശ്‌നമില്ല.. മാഷ് പറഞ്ഞോ മറുപടി കേട്ടപ്പോള്‍ എനിക്ക് ദേഷ്യവും ചിരിയും വന്നു. എനിക്കറിയാവുന്ന  പെണ്ണുങ്ങളുടെ ഒരു പൊതു സ്വഭാവമാണിത്.  അനാവശ്യമായ ഔപചാരികത ഹോട്ടലില്‍ കയറിയാല്‍ ആവശ്യമുള്ള ഭക്ഷണം ഏതെന്നു പറഞ്ഞുകൂടേ.. . മറ്റാരായിരുന്നെങ്കിലും ഞാന്‍ ദേഷ്യപ്പെട്ടേനെ. പക്ഷെ എന്ത് കൊണ്ടോ അവളോടൊന്നും പറയാന്‍  തോന്നിയില്ല. ഏതു യുദ്ധം ജയിച്ച രാജാവാണെങ്കിലും ചിലര്‍ക്കു മുന്‍പില്‍  ആയുധം വച്ച്  നിരുപാധികം കീഴടങ്ങുമല്ലോ. ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവള്‍ക്കു പോകാനുള്ള  ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ബസ്സില്‍ കയറിയ അവള്‍ ക്‌ളീനറോട് ഒരു മിനുട്ട് എന്ന് പറഞ്ഞു തിരിച്ചിറങ്ങി ബാഗില്‍ നിന്നും പൈസ എടുത്തിട്ട് പറഞ്ഞു ഇത് സരിതച്ചേച്ചിക്കു കൊടുക്കണം ചിട്ടിയുടെ പൈസയാണ്.  ശരി കൊടുത്തേക്കാം..തിങ്കളാഴ്ച നേരത്തെ വരില്ലേ, വീട്ടിലെത്തിയിട്ട് വിളിക്കു.  ഉം.. ഞാന്‍ വിളിക്കാം. അവള്‍ പറഞ്ഞു. അവളുടെ ബസ്സ് ജീവന്‍ വച്ച്  മുമ്പോട്ടു  നീങ്ങിത്തുടങ്ങി.  അവള്‍ കണ്ണില്‍ നിന്നു  മറഞ്ഞപ്പോള്‍  മുതല്‍ ഒരു ശൂന്യത ആയിരുന്നു. അല്ലെങ്കിലും അവള്‍ കൂടെ ഉള്ളപ്പോഴായിരുന്നു ഞാന്‍ നിവര്‍ന്നു നിന്നിരുന്നത്. ജീവിക്കാനും സന്തോഷിക്കാനും കാരണങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ ഫോണ്‍ കയ്യിലെടുത്തു അവളുടേതായി ഒരു മെസ്സേജ് ബസ്സിന്റെയും ചായയുടെ പൈസ കൊടുത്തതില്‍ പിന്നെ കയ്യില്‍ വേറെ പൈസ ഉണ്ടാവില്ലെന്നെയറിയാം. ചായയുടെ പൈസ എന്നെ കൊടുക്കാന്‍ സമ്മതിക്കില്ലെന്നും അറിയാം  ചേച്ചിക്കൊന്നും കൊടുക്കേണ്ടട്ടോ ചിട്ടി പൈസ ഞാന്‍ കൊടുത്തതാണ്. അപ്പോള്‍ മാത്രമാണ് ഞാന്‍ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചത്.  ഇപ്പൊ വരാമെന്നു പറഞ്ഞാണ് ഓഫീസില്‍ നിന്നും  ഇറങ്ങിയത്. പഴ്‌സും എ ടി എം കാര്‍ഡുമൊക്കെ ബാഗിലാണല്ലോ.  അവള് പൈസ തന്നില്ലായിരുന്നെങ്കില്‍ എങ്ങനെ പോകുമായിരുന്നു.  എങ്കിലും പൈസ ഇല്ലെന്നു സമ്മതിക്കുന്നതിലെ ജാള്യവും അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കുവാനുമായി ഓ പിന്നെ നിന്റെ പൈസ ഉണ്ടായിട്ടാണല്ലോ ഞാന്‍ എല്ലായിടത്തും പോകുന്നത്.  എന്ന് റിപ്ലെ മെസേജ് നല്‍കി ഫോണ്‍ പാന്റിന്റെ പോക്കറ്റിലേക്കിട്ടു.  എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. നമ്മളെ നമ്മളെപ്പോലെ മനസിലാക്കുന്ന മറ്റൊരാള്‍ ഉണ്ടാവുക എന്നത് ഭാഗ്യമാണ്. ഞാന്‍ പോലും ഒരിക്കലും ആ നേരം വരെ പഴ്‌സിനെ പറ്റി ചിന്തിരിച്ചിരുന്നില്ല. അവള്‍ക്കു ഭയങ്കര പ്രായോഗിക ബുദ്ധിയാണ്. പല അവസരങ്ങളിലും ഞാനത് നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. ബസ്സിനു പൈസ പോലുമില്ലാതെ യാത്രയയ്ക്കാന്‍ പുറപ്പെട്ട ബുദ്ധിശൂന്യതയോര്‍ത്ത് ഞാന്‍ വല്ലാതെയായി. എങ്കിലും ഓര്‍മ്മകളിലേക്ക് കൂട്ടി വെക്കാന്‍ അവളോടൊപ്പം ഒരു യാത്ര കൂടി എന്നത് മറ്റെല്ലാ ചിന്തകളെയും മാറ്റിമറിച്ചിരിക്കും. അപ്പോഴേക്കും മഴ പെയ്ത് തുടങ്ങിയിരുന്നു.  നിഗൂഢമായ ഭാവത്തില്‍ പ്രകൃതിയും മാറിയിരിക്കുന്നു. അന്നാദ്യമായാണ് താമരശ്ശേരി ചുരം കയറി കല്‍പ്പറ്റ എത്തി അവിടെനിന്നും മാനന്തവാടി തൊട്ടില്‍പ്പാലം വഴി വയനാടിനെ ഒന്ന് പ്രദക്ഷിണം വച്ച് തിരിച്ച് കോഴിക്കോടേക്ക്  വന്നതും. സാധാരണ താമരശ്ശരി ചുരം കയറയുകയും അത് വഴി തന്നെ തിരിച്ചിറങ്ങുകയും ചെയ്യുകയാണ് പതിവ് . ബസ്സിലിരിക്കുമ്പോഴും ചിന്തയില്‍  മുഴുവന്‍ അവള്‍ തന്നെ ആയിരുന്നു. ഞാന്‍ അത്രമേല്‍ സ്‌നേഹത്തോടെ അരുമയോടെ അവസാനത്തെ തീവണ്ടിയാത്രയില്‍ ഞങ്ങളെടുത്ത സെല്‍ഫി നോക്കി.  മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പര്‍ അതായിരുന്നു. അപ്പോഴേക്കും അവളുടെ മെസേജ് മാഷേ.. ഞാന്‍ വീട്ടില്‍ എത്തി ട്ടോ..  മാഷ് എവിടെത്തി? ഞാന്‍ ഒരു ലവ് ഇമോജി മാത്രം റിപ്ലെ കൊടുത്തു. അല്ലെങ്കിലും വാക്കുകളേക്കാളേറെ സംവദിക്കുന്ന ഇമോജികള്‍ വന്നു നിറയാറുണ്ടല്ലോ നമ്മുടെ ചാറ്റ് ബോക്‌സുകളില്‍. ബസ്സ് എനിക്ക് പരിചയമില്ലാത്ത ഏതൊക്കെയോ സ്ഥലങ്ങളെ പിന്നിലാക്കിക്കൊണ്ട് ഓടിക്കൊണ്ടിരുന്നു. അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. ബസ്സിറങ്ങി വീട്ടിലെത്തുമ്പോഴേക്കും മഴ അതിന്റെ സര്‍വ്വ ശക്തിയുമെടുത്തു പെയ്തു കൊണ്ടിരുന്നു.  

ഒന്‍പത്
ഉരുള്‍ പൊട്ടലിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു  ഒരു ഗ്രാമത്തെയാകെ പ്രകൃതി വിഴുങ്ങിയിരിക്കുന്നു. സ്‌ക്രോളിംഗ് ന്യൂസുകള്‍ക്കിടയില്‍ അവ്യക്തമായ ചില ചിത്രങ്ങള്‍  കൂടി ചാനലുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നു  പെട്ടെന്ന് തലച്ചോറില്‍  ഒരു വെള്ളിടി വെട്ടിയപോലെ. ചിത്രങ്ങളില്‍ തെളിയുന്നത് പരിചിതമായ പ്രദേശങ്ങള്‍ ഏതാനും മണിക്കൂറുള്‍ക്ക് മുമ്പ് ഞാന്‍ സഞ്ചരിച്ച വഴികള്‍ ഒരു നിമിഷം ശ്വാസം നിലച്ചത്  പോലെ തോന്നി മരണ സംഖ്യ ഇനിയും കൂടിയേക്കും.... ധാരാളം പേര് മണ്ണിനടിയില്‍പ്പെട്ടതായി സൂചന... തീക്കനലുകള്‍ നെഞ്ചിലേക്ക് കോറിയിട്ടുകൊണ്ട് വീണ്ടും വാര്‍ത്താ ചാനലിന്റെ ശബ്ദം.. പൊടുന്നനെ വലിയ ശബ്ദത്തോടെ ഇടിവെട്ടി. ഭയങ്കരമായ കാറ്റും വീശുന്നുണ്ടായിരുന്നു.ഞാന്‍ അവളുടെ ഫോണിലേക്കു വിളിച്ചു നോക്കി നോട്ട് റീച്ചബിള്‍  എന്നായിരുന്നു മറുപടി. പെട്ടെന്ന് കറന്റു പോയി ചുറ്റിലും കറുത്ത ഇരുട്ട് ഞാന്‍ വീണ്ടും അവളുടെ ഫോണിലേക്കു വിളിച്ചു  ബീപ്പ് ശബ്ദമല്ലാതെ മറ്റൊന്നുമില്ല.  അങ്ങനെ  രണ്ടാവര്‍ത്തി  കൂടി വിളിച്ചു നോക്കാന്‍ അവസരം തന്നു ഫോണും നിദ്രയിലേക്ക് മടങ്ങി.  ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്ന നിമിഷത്തെ ഞാന്‍ ശപിച്ചുകൊണ്ടിരുന്നു. ചുറ്റിലും  ഇരുട്ട്.   മഴ അതിന്റെ സര്‍വ്വ ശക്തിയില്‍ താണ്ഡവമാടിക്കൊണ്ടിരിക്കുന്നു. മറ്റൊന്നും കാണാത്തത്രയും ഇരുട്ട്.  വാതില്‍ തുറന്നപ്പോള്‍ ശക്തമായ കാറ്റിനൊപ്പം മഴവെള്ളവും അകത്തേക്ക് കയറി. ഞാന്‍ മഴയില്‍ പുറത്തേക്കിറങ്ങി എന്ത്  ചെയ്യണമെന്ന് അറിയില്ല ഈ മഴയില്‍ എങ്ങനെ അങ്ങോട്ടു പോകും. ധൃതി കാരണം സ്റ്റെപ്പുകളില്‍ കാല്‍ വഴുതി  നിലകിട്ടാതെ ഞാന്‍ മുന്നിലേക്ക് മറിഞ്ഞു ബാക്കിയുള്ള പടികളില്‍ ചിലതിനെ തൊട്ട് ഞാന്‍ മണ്ണിലേക്ക് വീണു. എഴുന്നേല്‍ക്കണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല. കാഴ്ച മങ്ങുന്നു. വായില്‍ ചളിവെള്ളത്തോടൊപ്പം ചോരയുടെ ചവര്‍പ്പ്.


പത്ത്
കാലില്‍ പ്ലാസ്റ്ററും തലയില്‍ ബാന്‍ഡേജുമായി ആശുപത്രിയിലും വീട്ടിലുമായി നിന്ന മൂന്നു മാസങ്ങള്‍ കൊണ്ട് എന്നെ ഞാനാക്കി നിലനിര്‍ത്തിയതെല്ലാം എനിക്ക് നഷ്ടപ്പെട്ടിരുന്നു. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഓഫീസില്‍… ഒരു അന്യഗ്രഹ ജീവിയെപ്പോലെ ഞാനെല്ലാവരെയും മിഴിച്ചു നോക്കി എന്റെ സീറ്റിലിരുന്നു.. അവളുടെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുന്നു. ഞാന്‍ എന്ററില്‍ ശക്തിയായി കൈയ്യമര്‍ത്തുമ്പോള്‍ തല ഉയര്‍ത്തി നോക്കുവാനും തല്ലിപ്പൊളിക്കുകയാണോ എന്ന് ചോദിക്കാനും മാഷേന്ന് സ്‌നേഹത്തോടെ വിളിക്കാനും  ഇനി അവള്‍ ഉണ്ടാവില്ല. മിനിട്ടുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം മനസ്സ് നൂലുപൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ പാറിക്കൊണ്ടിരുന്നു. കുറച്ചു നേരത്തെ ആലോചനക്കൊടുവില്‍  ഞാന്‍ എഴുന്നേറ്റു  എഡിറ്ററുടെ മുറിയിലേക്കു നടന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍  ഞാന്‍ ഈ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല.  അത്രയും എഴുതിയ വെള്ളക്കടലാസ് അയാള്‍ക്ക് നല്‍കി തിരിച്ചൊരു ചോദ്യത്തിനും ഇടം നല്‍കാതെ  ഞാന്‍ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി അവസാനമായി ന്യൂസ് ഡെസ്‌കിലേക്കു  നോക്കി. ഇവിടുത്തെ ഓരോ ദിവസവും വിലപ്പെട്ടതായിരുന്നു. പക്ഷെ ഇനിയൊരിക്കലും അത് പഴയപോലെ ആവില്ല . ആത്മാവില്ലാത്ത ശരീരം പോലെ ആയിരിക്കുന്നു.  ഇവിടെയൊന്നും അവശേഷിക്കുന്നില്ല. ഞാന്‍ ഇറങ്ങി നടന്നു ഉള്ളിലൊരു സമുദ്രം  ഇളകി മറിഞ്ഞു കൊണ്ടേയിരുന്നു.  
 

പതിനൊന്ന്
ഭീകരമായൊരു ഹോണ്‍ ശബ്ദം കേട്ട് ഞാന്‍ കണ്ണുതുറന്നു  ചാവാന്‍  വേറെ എത്ര സ്ഥലമുണ്ട്  ഇതിന്റെ അടിയിലേക്കുതന്നെ പണ്ടാരമടങ്ങണോ ഓവര്‍ടേക്ക്  ചെയ്തു വന്ന ഒരു ബൈക്ക് യാത്രക്കാരനെ ചീത്തവിളിച്ചുകൊണ്ട് ഡ്രൈവര്‍ ബസ്സ് സഡണ്‍ ബ്രേക്കിട്ടു. അവരോടുള്ള ദേഷ്യം ഗിയറിലും ആക്‌സിലറേറ്ററിലുമായി തീര്‍ത്തു കൊണ്ട്   ഡ്രൈവര്‍ വണ്ടി മുമ്പോട്ടെടുത്തു.  അതെങ്ങനെയാ കൂടെ ഒരു പെണ്ണും കൂടിയുണ്ടെങ്കില്‍ പിന്നെ ഇവിടെ ഒന്നും അല്ലാലോ അയാള്‍ അരിശം തീരാതെ പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു. എനിക്കതു കേട്ടപ്പോള്‍ എന്തോ ചിരിയാണ് വന്നത്. പ്രണയിക്കുന്നവരെ കുറിച്ച് അയാള്‍ക്കെന്തറിയാം. ഞാന്‍ കണ്ണുകള്‍ അമര്‍ത്തിതുടച്ചു .... പുറത്തേക്കു നോക്കിയിരുന്നു  അല്പ സമയം കൂടി കഴിഞ്ഞപ്പോള്‍  പ്രകൃതിക്ഷോഭത്തില്‍  കിടപ്പാടം തകര്‍ന്നവര്‍ക്ക്  സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ വീടുകള്‍ കണ്ടുതുടങ്ങി. ഞാന്‍  ബസ് സ്റ്റോപ്പില്‍ ഇറങ്ങി. ഒരു പക്ഷെ അവളുടെ അച്ഛന്‍ ഇതിലേതെങ്കിലും ഒരു വീട്ടില്‍ താമസിക്കുന്നുണ്ടാവണം. അവളുടെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട് എന്നത്. അവളുടെ സ്വപ്നം സാധ്യമായിരിക്കുന്നു. ഒരു പക്ഷേ കല്യാണമെന്ന സ്വപ്നം സാധ്യമായിട്ടുണ്ടാവില്ല. ഓരോ തവണ വരുമ്പോഴും സിനിമയിലൊക്കെ കാണുന്നത് പോലെ അവള്‍ ബാക്കിയാക്കി പോയതൊക്കെ പൂര്‍ത്തിയാക്കണമെന്ന് തോന്നും. പിന്നെ വേണ്ടന്ന് വയ്ക്കും മൂന്ന് മണിക്കൂറില്‍ തീരുന്ന സിനിമയല്ലല്ലോ ജീവിതം. 
ബസ് സ്റ്റോപ്പിന്റെ  വലതുഭാഗത്ത്  ഒരു ചായക്കട, തൊട്ടടുത്തായി മലഞ്ചരക്ക് കട കഴിഞ്ഞ തവണ വന്നതില്‍ നിന്നും പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ ചെറിയ അങ്ങാടി. ഞാന്‍ കടയിലേക്ക് കയറി ചേട്ടാ  ഒരു കട്ടന്‍.. ഞാന്‍ കട്ടന്‍ കയ്യില്‍ പിടിച്ചു കൊണ്ട് മരത്തിന്റെ ബഞ്ചിലേക്കിരുന്നു.  അതേയ് ഇവരില്‍ ആരെയെങ്കിലും പിന്നെ കണ്ടു കിട്ടിയോ ബസ് സ്റ്റോപ്പിന് സമീപത്തായി  ഉരുള്‍ പൊട്ടലില്‍ കാണാതായവരുടെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. എവിടുന്ന്  മോനെ പോയത് പോയത് തന്നെയാണ് .എവിടെ കിട്ടാന്‍ അയാളുടെ കണ്ണിലും വിഷാദമുണ്ടായിരുന്നു ഭാര്യയെയും ഒരു മകനെയുമായിരുന്നു  പ്രകൃതി അയാളില്‍ നിന്നും തട്ടിപ്പറിച്ചത്. മരിച്ചുപോയെന്നറിഞ്ഞാല്‍ ഇത്ര ആധിയുണ്ടാവുമായിരുന്നില്ല  പക്ഷെ ഇത് അയാള്‍ പറഞ്ഞു നിര്‍ത്തി.  ഞാനും ചിന്തിച്ച് നോക്കി. ശരിയാണ്  ഇനിയൊരിക്കലും തിരിച്ചു വരാന്‍ സാധ്യത ഇല്ലാത്ത മരിച്ചുപോയ മനുഷ്യരെ നമുക്ക് മറന്നു കളയാം എന്നാല്‍ മണ്ണിനടിയില്‍  പെട്ടുപോയെന്നു കരുതുന്ന മനുഷ്യരെ നാം എങ്ങനെയാണ് മറക്കുക. സിനിമയിലൊക്കെ കാണുന്നതുപോലെ അവര്‍  കുത്തൊഴുക്കില്‍ പെട്ട് മറ്റേതെങ്കിലും സ്ഥലത്തു എത്തിയിട്ടുണ്ടാവുമെന്നു വെറുതെ ആശ്വസിക്കും.  എന്നാല്‍ ഇത്ര കാലമായിട്ടും  അവര്‍ എന്തുകൊണ്ട് തിരിച്ചുവന്നില്ല എന്ന് പ്രയോഗിക ബുദ്ധിയുടെ മറുചോദ്യമെറിയും.  എങ്കിലും മരണത്തിന്റെ നൂല്‍ പാലത്തിനടിയിലൂടെ  അവര്‍ തിരിച്ചു  വരുമെന്ന്  വെറുതെ പ്രത്യാശിക്കും.  പ്രതീക്ഷകളും പ്രത്യാശകളും പ്രയോഗികതകള്‍ക്കും അപ്പുറത്താണല്ലോ.   ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ ഒരു പക്ഷെ അവളുടെയും  ചിത്രമുണ്ടായിരിക്കണം ഞാന്‍ ഒരിക്കല്‍ പോലും അങ്ങോട്ട്  നോക്കിയില്ല  എനിക്കൊരിക്കലും അവളെ കാണാതാവുന്നില്ലല്ലോ. മൊബൈല്‍ ഫോണിന്റെ, ലാപ്‌ടോപ്പിന്റെ മുഖചിത്രത്തില്‍ അവളുടെ മുഖം. ഓരോ ദിവസവും ആദ്യവും അവസാനവും കാണുന്ന മുഖം അവളുടേത് തന്നയാണണല്ലോ. കൂടാതെ ലാപ്‌ടോപ്പിലെ ഒരു ഫോള്‍ഡര്‍ നിറയേ അവളുടെ ചിത്രങ്ങളാണ്. പിന്നെങ്ങനെ അവളെ കാണാതാവും. എങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍,  തിരക്കിലോടുന്ന ബസ്സുകളില്‍ സിഗ്‌നലില്‍ നിര്‍ത്തിയ ഓട്ടോകളില്‍ അവസാനമായി ഏതെങ്കിലും ടൂ വീലറില്‍, അഗ്രഭാഗത്ത് ചെണ്ടുകള്‍ പിടിപ്പിച്ച  ഒരു  റോസ് നിറത്തിലുള്ള ഷാള്‍ ഉണ്ടോ എന്ന് ആകാംഷയോടെ നോക്കും. ഓര്‍മ്മയിലിപ്പോഴും  അവള്‍ അവസാനമായി ധരിച്ച  കരിനീല നിറമുള്ള ചുരിദാറും  റോസ്  നിറത്തിലുള്ള ഷാളും. എത്ര പെട്ടെന്നാണ് ഓരോ മനുഷ്യരും ഓര്‍മ്മകള്‍ മാത്രം അവസാനിപ്പിച്ച് മനസും കവര്‍ന്ന് അപ്രത്യക്ഷ്യരാകുന്നത്.


പന്ത്രണ്ട് 
ബസ്സ് തിരികെ യാത്ര തുടങ്ങി  വഴിയരികിലെ  ബോര്‍ഡില്‍ 'നന്ദി വീണ്ടും വരിക'  ഇത്രമാത്രം  തെളിഞ്ഞു കണ്ടു. അതെ എല്ലാത്തിനും നന്ദി..  ഇതേ പോലെ പ്രതീക്ഷയോടെ പുറപ്പെട്ടു പോരുന്ന മറ്റൊരു ദിവസത്തിനായി, ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ഒരാളെ കാണുവാനായി  നല്ല നിമിഷങ്ങള്‍ മാത്രം കോര്‍ത്തിണക്കിയ ഒരു സ്വപ്നം കാണാന്‍ വേണ്ടി മാത്രം  ഞാന്‍ കണ്ണുകളടച്ചു.
------------------------------------------

Post a Comment

2 Comments