സ്‌നേഹമെന്നാല്‍ ► ഷാഫി മുഹമ്മദ് റാവുത്തര്‍

snehamennal-shafi-muhammed-rawther


ഹൃദയത്തുടിയിലതുയരും
പ്രഭയാണവിടെത്തുടരും കനകം വിളയും

പ്രണയച്ചിരിയുടെ മുകളില്‍ തെളിയും
കവിതപ്പുഴപോലൊഴുകിപ്പടരും

പശിയില്‍തളരുന്നുദരം തിരയും
അശനത്തുണയായരികത്തണയും

വരയില്‍ തെളിയുന്നഴകായുലകില്‍
നിറമേറിവരും ചരിതം വിരിയും

ദുരിതക്കടലില്‍ വലയും മനുജര്‍
കരകണ്ടുണരും കനിവായ്മരുവും

നിശയില്‍ കരുതല്‍ മിഴിയായ് വിടരും
ഗതിയേകാനൊരു കരമേറിവരും

തളരും തനുവില്‍ കുളിരായ് പടരും
അഴലിന്‍ വഴിയില്‍ തണലേകി വരും

അപരസ്വരവും ഗീതകമാവും
അവനെത്തഴുകും ശാന്തി നിറയ്ക്കും

അറിവിന്നുറവത്തെളിയില്‍ വിളയും
കനിയായ് മധുരം അലിവായലിയും

വിരസത്തറയില്‍ പിരിശം പകരും
തളിരായിലകള്‍ ഹരിതം സരളം

നെറുകില്‍ തടവും വിരലില്‍ ചൊരിയും
കരുണത്താളം കരളും കവരും

സ്‌നേഹം സ്‌നേഹമതാവണമുണ്മ
വാക്കും നോക്കും കാവലുമാവാന്‍...

© ഷാഫിക്കവിതകള്‍

Post a Comment

6 Comments

  1. നല്ല വരികളാണ്. നന്നായി കവിതകളെഴുതുന്ന വ്യക്തിയാണ്. രണ്ടുവർഷം മുമ്പ് ഞങ്ങളൊരുമിച്ച് കുറെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സമയക്കുറവുമൂലം ഗ്രൂപ്പ് വിട്ടതോടെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോൾ കണ്ടതിൽ സന്തോഷം. ആശംസകൾ പ്രിയനേ.

    ReplyDelete
  2. നന്നായിരിക്കുന്നു വാക്കും നോക്കും കാവലാകുന്ന സ്നേഹം എഴുത്തായി പടരട്ടെ ആശംസകൾ

    ReplyDelete
  3. തളിരായിലകൾ ഹരിതം സരളം .എന്തൊരു ശബ്ദഭംഗി

    ReplyDelete
  4. Keep it up!

    ReplyDelete
  5. മനോഹരം

    ReplyDelete