കാട് കത്തുമ്പോള്‍ © ശ്രീരേഖ സുധന്‍



കാട് കത്തുമ്പോള്‍ ഞാന്‍ നിലാവിനെ
പറ്റി എഴുതാറുണ്ട്..
എന്തൊരു വിരോധാഭാസമാണ്.
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോഴാണെത്രെ
എന്റെ കാട്  കത്തുന്നത്..

കാടേറിപ്പോയ സ്വപ്നങ്ങളെല്ലാമപ്പോള്‍
ചൂടില്‍ വെന്തുരുകി പ്രാണന് 
വേണ്ടി  പിടയും 

തളിരിട്ട് നിന്ന പച്ചപ്പുകള്‍ നിന്ന് കത്തും 
പ്രതീക്ഷയുടെ ഒരു മുള പോലും 
ശേഷിക്കാതെ..
എന്റെ മുയല്‍ക്കുഞ്ഞുങ്ങളും 
മാന്‍ക്കിടാങ്ങളും  മൃതിയടഞ്ഞിട്ടുണ്ടാകും 
ചിതല്‍പ്പുറ്റുകളില്‍ എന്റെ കാമനകള്‍ 
പിടഞ്ഞമര്‍ന്നിരിക്കും.

എന്നിലെ കാട്ടുകുതിരകള്‍ മാത്രം 
അപ്പോഴേക്കും അതിര്‍ത്തി 
കടന്നിട്ടുണ്ടാകും.

ചെങ്കനല്‍ ബാക്കിയാക്കി പകലിന്റെ 
ചിതമെല്ലെ കത്തിയമരുമ്പോള്‍ 
ഈ രാവുമാത്രമിങ്ങനെ നക്ഷത്രവിളക്കുകള്‍ 
തെളിയിച്ച് നിലാവ് പുതച്ചു പുലരിക്കായ് 
കാത്തു കിടന്നിട്ടുണ്ടാകും..

അതാണ്, കാട് കത്തുമ്പോള്‍ 
ഞാന്‍ നിലാവിനോട് സംവദിക്കുന്നത്.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

2 Comments

Previous Post Next Post