Advertisement

Responsive Advertisement

കഥകളി | കവിത | ജിബി എസ്.



ഉയരുന്നു കേളികൊട്ടുണരേണം മനസ്സുകള്‍
അച്ചമില്ലാതെ അചിരേണ പോക നാം
അണിമതി ആകാശത്തും വേഷങ്ങള്‍ അരത്തും
നിറമേഴും ചാര്‍ത്തുവാന്‍ ഒരുങ്ങുന്നു മടിയാതെ
മദ്ദളം ചേങ്ങില ഇലത്താളവും ചേര്‍ന്ന്
കൊട്ടുന്നു കേളിക്കൈ കളി തുടങ്ങാന്‍ നേരമായ്
നാലു താളങ്ങളില്‍ തോടയം പുറപ്പാടും
വന്ദനശ്ലോകങ്ങളും സ്തുതിയും കേമമായ്
അതിവൃഷ്ടിപോല്‍ മേളപ്പദം
അരങ്ങത്ത് തിമിര്‍ക്കുന്നു
ഉയരുന്നു തിരശ്ശീല വേഷങ്ങളാടുന്നു
മുദ്രകള്‍ വരയ്ക്കുന്നു മായികലോകം മുന്നില്‍
പച്ചകള്‍ കത്തി കരി താടിയും മിനുക്കുകള്‍
വിഹരിക്കുന്നു മുന്നില്‍ കാഹളം മുഴക്കുന്നു
നിദം ചീറ്റുന്നുവെങ്ങും നിണം ചിന്തീടുന്നു
യുദ്ധവും വധങ്ങളും ഹൃത്തടം തകര്‍ക്കുന്നു
തകരും മനസ്സിനെ കരകേറ്റാനായി ചാരു-
ചിത്രങ്ങള്‍ വരയ്ക്കുന്നു ചേലഞ്ചും വേഷങ്ങള്‍
സ്വപ്‌നങ്ങള്‍ സ്വയംവരം ജീവിതം എന്നിങ്ങനെ
സുന്ദര ചരിതങ്ങള്‍ ആടിത്തിമര്‍ത്തീടുന്നു
ഏറ്റമൊടുവിലായി തിരശ്ശീലയും താഴ്ന്നു
ആട്ടവിളക്കണഞ്ഞു കളിക്കാര്‍ മടങ്ങുന്നു
കാലത്തിന്‍ യവനിക തിരശ്ശീലകള്‍ താഴ്ത്തി
എങ്കിലും ശേഷിപ്പൂവാ മായികലോകം മുന്നില്‍
മനവും മിഴിയുമാ മുദ്രയില്‍ തങ്ങിനില്‍ക്കും
കാതിലായ് കഥകളിപ്പദങ്ങള്‍ മുഴങ്ങീടും
കനകചാരുത ചിന്തും വേഷങ്ങള്‍ തെളിഞ്ഞീടും
ഒളിയൊട്ടും മങ്ങിടാതെ ഓര്‍മ്മതന്‍ അരങ്ങത്ത്.

Post a Comment

1 Comments