ബിനീഷിന്റെ ഡിസ്ചാര്‍ജ് വിവരം സജി അറിയുമ്പോള്‍ വെയില്‍ പടിഞ്ഞാറെത്തിയിരുന്നു . കഴിഞ്ഞ എട്ടു പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ബിനീഷിനെ കുറിച്ച് വീട്ടില്‍ സംസാരിക്കുന്നതും അത് താന്‍ കേള്‍ക്കുന്നതും ആദ്യമായാണ്. മൂന്നാല് മാസത്തെ ഹോസ്പിറ്റല്‍ വാസം രണ്ടു നാള്‍ മുന്നെയാ തീര്‍ന്നത്. ഹാര്‍ട്ട്ന്റെ വാല്‍വിനു എന്തോ തകരാണത്രെ. ഞങ്ങളുടെയും അവന്റെയും അയല്‍ക്കാരി സുനിതേച്ചി അമ്മച്ചിയോടു അടക്കം പറയുന്നത് കേട്ടപ്പോള്‍ അമ്മച്ചിയുടെ മറുപടിയാണ് സജിയുടെയും മനസ്സില്‍ ആദ്യം വന്നത്...
' അതിനവന് ദുശീലങ്ങളൊന്നും ഇല്ലല്ലോ... '????
ദൃഡമായ ശരീരം... മുടങ്ങാതെയുള്ള വ്യായാമം...., അടുക്കള മുറ്റത്തെ പച്ചക്കറി തോട്ടം... അവന്റെ ജീവിത ശൈലി വേണമെങ്കില്‍ തനിക്കും മാതൃകയാക്കാം എന്ന് തോന്നിയിരുന്നു.
''ഇപ്പൊ എന്തെല്ലാം സൂക്കേടാ ത്രേസ്സ്യ മ്മച്ചി...
പഴേ കാലത്ത് ഇത് വല്ലോം ണ്ടോ..?
പത്തു നൂറ്റമ്പത് കൊല്ലാ ഓരോരുത്തര് ജീവിച്ചത്... ലോകാവസാനം അല്ലാതെന്താ?... ചെറിയേ കുട്ട്യേളാ മരിച് പോണത്..!
സുനിതേച്ചിയുടെ വ്യാകുലതക്ക് അമ്മച്ചി പറഞ്ഞ മറുപടി കേള്‍ക്കാന്‍ സജി കാത്തു നിന്നില്ല.. സജി ആരോടും പറയാതെ പുറത്തേക്ക് ധൃതിപെട്ട് നടന്നു പോയി.
ബിനീഷ് അവന്റെ വീട്ടു മുറ്റത്ത് മഞ്ഞ മന്ദാരം പരവതാനി വിരിച്ച തണലിലൂടെ പയ്യെ വളരെ പയ്യെ ഉലാത്തുന്നത്, കല്ലുകള്‍ ഇളകി മാറിയ മതിലിന്റെ വിടവിലൂടെ സജി ഒരു നിമിഷം നോക്കി നിന്നു.. .
' സജീ... ഫോണെടുത്തില്ലാ ..'.
ഗേറ്റ് കടക്കുന്ന സജിയോട് മൊബൈല്‍ ഫോണ്‍ നീട്ടി കൊണ്ട് ജുമോള്‍ വാതില്‍ക്കലെത്തി..
'ഏയ്യ്.. അതില്‍ ചാര്‍ജില്ല... കുത്തി വെച്ചേക്ക്....' സജി പുറം കാലുകൊണ്ട് ഗേറ്റ് അടച്ചു തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഫോണ്‍ എടുക്കാതെ പോയ സജിയോട് ചെറിയൊരനിഷ്ടം കാണിക്കാണെന്ന മട്ടില്‍ വാതില്‍ നീട്ടി അടച്ചു ജുമോള്‍ തന്റെപാട് നോക്കി പോയി. വഴിയില്‍ ഫോണ്‍ എടുക്കാത്തത് കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു താന്‍ പറഞ്ഞത് പാഴ് വാക്കല്ലായെന്ന് സജി തിരിച്ചറിയണമെന്ന് അവള്‍ തെല്ലോന്ന് ആഗ്രഹിച്ചു.. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ എത്തുന്ന ഒന്നര മാസക്കാലം സജി മുടങ്ങാതെ ചെയ്യുന്നതാകെ വൈകുന്നേരങ്ങളിലെ അലസമായ ഈ നടത്തമാണ്.കവല വരെ എന്തെങ്കിലും ആലോചിച്ചോ , കാണുന്നവരോട് കുശലം പറഞ്ഞോ.., ഒന്നുമില്ലെങ്കില്‍ പഴം പച്ചക്കറികള്‍ വാങ്ങിയോ തിരിച്ചു നടക്കും. ഇന്നത്തെ അസ്തമനതോട് കൂടി ഈ തവണത്തെ അവധിയും തീര്‍ന്നു.
അവസാനം കണ്ടപ്പോള്‍ ബിനീഷ് തന്നോട് എന്തോ പറയാന്‍ വെമ്പുന്നത് ഒരിക്കല്‍ കൂടി മനസ്സിലിട്ട് ഊഞ്ഞാലാട്ടി അവന്റെ ഗേറ്റിന് മുന്നിലൂടെ സജി നടന്നു പോയി. താന്‍ നടന്നു പോവുന്നത് ബിനീഷ് നോക്കുന്നത് സജി ഇടം കണ്ണു കൊണ്ട് കാണാതെ കണ്ടു . അവന്റെ വീടിന് എതിര്‍ ദിശയില്‍ നടക്കാന്‍ മുന്‍പേ ബുദ്ധി തോന്നാതിരുന്നതില്‍ സജിയ്ക്ക് ചെറിയൊരു കുറ്റബോധം തോന്നി. അല്ലെങ്കിലും ചില ബോധോദയം വൈകിയേ വരത്തൊള്ളൂ.. സജി സ്വയം പഴിച്ചു. ബിനീഷിന്റെ നോട്ടത്തില്‍ ഒരു കുറ്റപ്പെടുത്തലുണ്ടോ, അതോ നഷ്ടബോധമാണോ...? ഏയ്യ്.... അല്ലെങ്കില്‍ തന്നെ കുറ്റപ്പെടുത്താന്‍ തരമില്ല. നാട്ടിലുള്ള സകലമാന ആളുകളെയും ഓസി ജീവിച്ചു തടിതപ്പുന്ന അവന് ദുബായില്‍ നല്ല രീതിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന തന്നെ കുറ്റപ്പെടുത്താന്‍ എന്ത് യോഗ്യത. ഇപ്പോഴത്തെ ഹോസ്പിറ്റല്‍ ചിലവ് പോലും എങ്ങനെ സാധിച്ചു കാണുവോ ആവോ..? അതിനെ കുറിച്ച് അന്വേഷിക്കാന്‍ നില്‍ക്കണ്ട, അന്വേഷിച്ചാല്‍ ചിലപ്പോള്‍ ചിലവ് താന്‍ വഹിക്കേണ്ടി വരും. തന്റെ ഉള്ളില്‍ പൊടിഞ്ഞ നന്മയുടെ ഉറവ പെട്ടെന്ന് സ്വാര്‍ത്ഥത തട്ടി മാറ്റിയത് സജി തിരിച്ചറിഞ്ഞില്ല. ഒരേ സമയം മനസ്സും ബുദ്ധിയും ഈഴ ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. ഹൃദയം ഒന്ന് പറയുമ്പോള്‍ ബുദ്ധി മറ്റൊന്ന് പറയും. ഇതു രണ്ടും ഒരുമിച്ച് കൊണ്ടുപോവുക എന്നത് ദുസ്സഹമാണ്. തട്ടിയും തിരിച്ചും അവസാനം നമ്മള്‍ ഒരാള്‍ പറയുന്നത് മാത്രം അനുസരിക്കും.. അത് മിക്കവാറും ഹൃദയ പക്ഷം ആയിരിക്കും.. പക്ഷെ വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന ന്യുനപക്ഷങ്ങളെ പിന്തള്ളി വിവേകത്തിന് മുന്‍ഗണന കൊടുക്കുന്ന ബഹു ഭൂരിപക്ഷം മാത്രമേ രക്ഷപെട്ടു കണ്ടിട്ടുള്ളു...
ഒരു വയറ്റില്‍ പിറന്നെങ്കിലും രൂപത്തില്‍ പോലും ഞങ്ങള്‍ രണ്ടും രണ്ടായിരുന്നു. ബിനീഷിന് ചെമ്പിച്ചു കോലന്‍ മുടി, തനിക്ക് ചുരുണ്ടു കറുത്ത കൊഴുത്ത മുടി. അവന്‍ വെളുത്ത് മെലിഞ്, താന്‍ തടിച്ചു ഇരുണ്ട്... തനിക്ക് സജീഷ് എന്ന് പേരിട്ടത് ബിനീഷ് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . തന്റെ പേര് അമ്മച്ചി പോലും ഓര്‍ക്കാത്ത മറ്റെന്തോ ആയിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ ബിനീഷ് പായയില്‍ നീന്തുന്ന തന്നെ നോക്കി സജീഷ് എന്ന് വിളിച്ചു. അന്നുതൊട്ട് സജീഷ് എന്ന പേര് ഉറച്ചു. തന്നെയും കാത്ത് അംഗനവാടിയുടെ വേലിക്കരികില്‍ ബിനീഷ് എന്നും കാത്തു നില്‍ക്കുമായിരുന്നത്രെ.സജീയാണെങ്കില്‍ അങ്കണവാടിയില്‍ നിന്ന് കിട്ടുന്ന മിട്ടായിയും മധുരവും എല്ലാം ബിനീഷിന് വേണ്ടി വൈകുനേരം വരെ ഇറുക്കി പിടിച്ചിരിക്കും. ഇടക്ക് എടുത്ത് നക്കി നോക്കും. വീണ്ടും ഇറുക്കി പിടിക്കും. വൈകുനേരം ആവുമ്പോഴേക്കും തുപ്പല്‍ പുരണ്ട ഒരു മിട്ടായി തുണ്ടോ, ഒരു ലഡ്ഡു കഷ്ണമോ ബിനീഷിന് നീട്ടും. എല്ലാം കുഞ്ഞു നാളില്‍ ആരൊക്കെയോ പറഞ്ഞു കേട്ട കഥകളാണ്. അതൊന്നും തന്റെ ഓര്‍മ്മയില്‍ പോലും ഇല്ല. ചിലപ്പോഴെല്ലാം പഴയതെല്ലാം താന്‍ തന്നെയാണോ ചെയ്തത് എന്ന് സജി അത്ഭുതപ്പെടാറുണ്ട്.
പണ്ടെല്ലാം താന്‍ ബിനീഷിനെ ബിനിച്ചാച്ചന്‍ എന്നാ വിളിച്ചിരുന്നത്. ഹൈസ്‌കൂള്‍ കാലമെത്തിയപ്പോള്‍ എന്തു കൊണ്ടോ സജി തന്നെ ' ബിനീ ' എന്ന് തിരുത്തി വിളിച്ചു. വീണ്ടും വളര്‍ന്നപ്പോള്‍ ' ബിനി '., ബിനീഷിലേക്ക് വഴി മാറി. പക്ഷെ ബിനീഷ് അന്നും എന്നും സജീഷിനെ ' സജി ' എന്നെ വിളിക്കാറുള്ളു.
സത്യത്തില്‍ മുപ്പത്തഞ്ചു കൊല്ലം മുന്‍പ് അവനെതേടി വന്ന ശുക്രന്‍, അവന്‍ നിരസിച്ചത് കാരണം മാത്രം അനിയനായ താന്‍ ഏറ്റെടുത്തു . അവന് ഈ റേഷന്‍ കടേലെ അരിയും, കന്നാസും, സൈക്കിളില്‍ പോവാനുള്ള സ്പീഡും മതിത്രേ... ഒരുഗതിയും പരഗതിയുമില്ലാതെ ഡിഗ്രി കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ബിനീഷിന് വിദേശത്തു നേഴ്‌സ് ആയി ജോലി ലഭിച്ച ജുമോള്‍ടെ ആലോചന വരുന്നത്. വിദേശത്തേക്ക് പോകും മുന്‍പേ വീട്ടുകാര്‍ക്ക് മിന്നു കെട്ട് കഴിച്ചു വെക്കണം. കെട്ട് കഴിഞ്ഞയുടനെ ചെക്കനെ അവള്‍ വിദേശത്തേക്ക് കൊണ്ടു പോകും.. അവിടെ നല്ലൊരു സ്ഥാപനത്തില്‍ ജോലി ശെരിയാക്കി കൊടുക്കപ്പെടും. പിന്നെയുമുണ്ട് വാഗ്ദാനങ്ങള്‍..., വീട് പുതുക്കി പണിയിച്ചു തരും, കെട്ട് പൊട്ടിച്ചു വീട്ടില്‍ വന്ന് നില്‍ക്കുന്ന പെങ്ങളെ നല്ലൊരുത്തന്റെ കൂടെ പിന്നെയും കെട്ടിച്ചു കൊടുക്കപ്പെടും.പിന്നെ ദൈവമറിയുന്നതും അറിയാത്തതുമായ സകലമാന ബാധ്യതകളും തീര്‍ത്തു കൊടുക്കപ്പെടും... അങ്ങനെപോവുന്നു വാഗ്ദാനപട്ടിക... ജോലിയില്ലാത്ത എന്നാല്‍ ബാധ്യതകള്‍ ഏറെയുള്ള ഒരു കൗമാരക്കാരന്‍ തന്റെ സര്‍വ്വ ബലവുമെടുത്തു ജുമോളെ നിരസിച്ചപ്പോള്‍ നാട്ടുകാരെല്ലാം പറഞ്ഞു പമ്പര വിഢി... അമ്മയുയുടെ വാക്കുകള്‍ കടം കൊണ്ടാല്‍ ' യോഗം വേണം.., യോഗം... '.
പക്ഷെ ആ യോഗം പുല്‍പള്ളി തറവാടിനെ വിട്ടു പോവാന്‍ തെല്ലൊന്നു മടിച്ചു. തനിക്ക് ജുമോളുടെ ആലോചന സ്വീകരിക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. നാട്ടില്‍ അപൂര്‍വമല്ലാതെ കാണുന്ന ചില കുല്‍സിത വാദികള്‍ ഈ ആലോചനയെ കുറിച്ച് രഹസ്യമായും പരസ്യമായും പുലഭ്യം പറഞ്ഞു. ജുമോള്‍ എന്തോ പേരുദോഷം കേള്‍പ്പിച്ചതാണെന്നും, വിദേശത്തു മറ്റെന്തോ പറയാന്‍ കൊള്ളാത്ത ജോലിയാണെന്നും പറഞ്ഞു പറഞ്ഞവര്‍ സംതൃപ്തിയണഞ്ഞു. എല്ലാത്തിലും അമാനുഷികത കണ്ടെത്തുന്ന നാട്ടിലെ വല്യമ്മമാര്‍ പെണ്ണിനെന്തോ കാര്യമായ ദോഷമുണ്ടെന്നും കെട്ട് കഴിഞ്ഞയുടനെ ചെറുക്കന്‍ ചോരതുപ്പി ചാവുമെന്നുമാലോചിച്ചു വ്യസനപ്പെട്ടു. കല്യാണം കഴിയാത്ത ചെറുപ്പക്കാരികള്‍ യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ പുറം കാലു കൊണ്ട് തട്ടി തെറിപ്പിച്ച രണ്ടു കൊല്ലത്തെ പ്രേമത്തെ കുറിച്ചാലോചിച്ചു വേദനിച്ചു., മറിയാ കുട്ടിയോടുള്ള പ്രേമം കാരണം സജി വേദനിക്കുന്ന പോലെ ഒന്ന് അഭിനയിക്ക പോലും ചെയ്തില്ലല്ലോ എന്ന് ആലോചിച്ചു അത്ഭുതപെട്ടു. മാനസിക രോഗിയോ, സ്വഭാവദൂഷ്യമോയുള്ള പെണ്ണിനെ ഉപേക്ഷിച്ചു സജി നാട്ടില്‍ തിരിച്ചെത്തുന്നതും, മറിയാ കുട്ടിയോട് ക്ഷമ ചോദിക്കുന്നതും കാണാന്നവര്‍ കാത്തു കാത്തു ജീവിതം തീര്‍ത്തു . ആങ്ങളയെ നഷ്ടപ്പെടുന്നതാലോചിച്ചു സജിയുടെ പെങ്ങന്മാര്‍ ഉറങ്ങാതിരുന്നു. നാട്ടിലെ പ്രധാന സദാചാര വാദിയായ സജിയുടെ അപ്പച്ചന്‍ എന്നെങ്കിലും ഒരിക്കല്‍ തനിക്കും ഭാര്യയ്ക്കും കൈവരാന്‍ സാധ്യതയുള്ള വിദേശവാസത്തെ സ്വപ്നം കണ്ടതുകൊണ്ട് മാത്രം എല്ലാം കണ്ടിട്ടും കേട്ടിട്ടും മിണ്ടാതെ മുറുക്കാനും ചവച്ചിരുന്നു.
മുപ്പത്തഞ്ചു വര്‍ഷത്തിനിടയില്‍ നാട്ടില്‍ പലതും നടന്നു.., ചപ്പിയ മൂക്കുള്ള പൊട്ടത്തി ചാവി തന്റെ കുഞ്ഞിന്റെ അച്ഛന്‍ ആരാ എന്ന് പറയാതെ കടത്തിണ്ണയില്‍ കിടന്ന് ചത്തു, അവളുടെ കുഞ്ഞിനെ ശിശു വകുപ്പ് കൊണ്ടു പോയി. പഴം വിറ്റു നടന്നിരുന്ന തമിഴന്‍ ചേരുണ്ണിയെ ആ കുഞ്ഞിന്റെ പിതൃത്വം ആരോപിച് നാട്ടുകാര്‍ അടിച്ചു കൊന്നു. ചേരുണ്ണിയുടെ ഓല കൂരയ്ക്ക് നാട്ടിലെ നല്ല നടപ്പുക്കാര്‍ തീകൊളുത്തിയപ്പോള്‍ ബിനീഷ് ചേരുണ്ണിയുടെ പെങ്ങള്‍ ചെമ്മല്ലിയെ കെട്ടി. നാട്ടുകാര്‍ എല്ലാം പറയാതെ പറഞ്ഞു
' കടിഞ്ഞൂല്‍ പൊട്ടന്‍.. '
നാട്ടിലെ പ്രധാന പണക്കാരനായ ഔപ്പച്ചന്റെ മകള്‍ ഇവക്കുട്ടി വടക്കൂന്ന് തേപ്പു പണിക്ക് വന്നവന്റെ കൂടെ ഒളിച്ചോടി. സുകുവേട്ടന്റെ പതിമൂന്ന് വയസുള്ള ഒരേ ഒരു മകന്‍ ആരോടും ഒന്നും മിണ്ടാതെ പറമ്പിലെ മാവില്‍ കെട്ടി തൂങ്ങി ചത്തു. തടിയന്‍ ഡെവിടിനെ കടലില്‍ പോയപ്പോള്‍ ഇറ്റലിക്കാര്‍ വെടിവെച്ചു കൊന്നു. പ്രളയം വന്ന് രണ്ടു തവണ നാടു മുഴുവന്‍ പട്ടിണി കിടന്നു..ജുമോള്‍ടെ സഹായം പറ്റി സജിയുടെ അയല്‍ക്കാരനായ ജിനീഷും, അനിയേട്ടനും അവരുടെ ബന്ധുക്കളും ദുബൈയിലും മറ്റു പല രാജ്യങ്ങളിലേക്കും ചേക്കേറി.. ബിനീഷും ചെമ്മല്ലിയും പുല്‍പള്ളി തറവാടിന്റെ ഒരു മതിലകലത്തില്‍ വാടകയ്ക്ക് തമസമാക്കി. കുട്ടികള്‍ നാലെണ്ണം അവിടെ ഓടി കളിച്ചു നടന്നു. അവരോടുള്ള അവഗണന അപ്പച്ചന്‍ ആ മതിലിനോട് പോലും കാണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറയിട്ടും പടിഞ്ഞാറുള്ള ആ മതില്‍ ആരും എത്തി നോക്കുക പോലും ചെയ്തില്ല. മുക്കുറ്റിയും, കമ്മ്യൂണിസ്റ്റ് പച്ചയും അവിടെ അള്ളിപിടിച്ചു വളര്‍ന്നു. ആ തല തെറിച്ചവന്‍ എങ്ങനെ തന്റെ വയറ്റില്‍ പിറന്നെന്ന് അമ്മച്ചി വ്യാകുല പെട്ടു. താനൊരുവന്‍ മാത്രമാണ് തല തെറിക്കാത്തവന്‍ എന്ന് ബിനീഷ് ഇടക്കിടെ തിരുത്തി പറഞ്ഞു. കുട്ടികള്‍ മൂന്നായതോടു കൂടി സജിക്ക് വീട്ടുകാരോട് പഴയ സ്‌നേഹമില്ലയെന്ന് സജിയുടെ അമ്മച്ചിയും പെങ്ങന്മാരും കൊച്ചച്ചനോട് ഇടക്കിടെ പരാതി പെട്ടു. സൂര്യനെന്നും കിഴക്കുദിച്ചു പടിഞ്ഞാറസ്തമിച്ചു. അമാവാസികള്‍ പലതും കടന്നു പോയി.... ഓരോ കാലത്തും, തലമുറ മാറുന്നതിനു അനുസരിച് സജിയും, ബിനീഷും, ജുമോളും, ചെമ്മല്ലിയും നാട്ടില്‍ സംസാര വിഷയമായി. സജിയുടെ നിഗൂഢമായ വിദേശ വാസവും , ബിനീഷിനോട് വീട്ടുകാര്‍ക്കുള്ള അകല്‍ച്ചയുടെ കാര്യ കാരണങ്ങളും ഓരോ തലമുറയും പുതുമ ചോരാതെ പറഞ്ഞു നടന്നു. ചെമ്മല്ലിയുടെ ഓരോ പ്രസവവും, സജിയുടെ ഓരോ അവധിയും പുല്‍പള്ളി തറവാടിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ള ഋതുക്കളായി.
ജുമോള്‍ടെ കാലില്‍ തൂങ്ങി സജിയും, സജിയുടെ കാലില്‍ തൂങ്ങി മറ്റു പലരും ചങ്ങല കണക്കെ ദുബായിലെത്തി. നാടും നാട്ടാരും വികസിച്ചു. പക്ഷെ, ഒരു മതിലപ്പുറവും ഇപ്പുറവും ഇരുന്ന് സജിയും ബിനീഷും രണ്ടു ദിശയിലേക്ക് സഞ്ചരിച്ചു.. യുദ്ധവും, സമാധാനവും പോലെ , ദാരിദ്ര്യവും, സമ്പത്തും പോലെ , ഒറ്റപ്പെടലും, ആള്‍കൂട്ടവും പോലെ , അരാജകത്വവും, സന്തോഷവും പോലെ , നേട്ടവും, നഷ്ടവും പോലെ തീര്‍ത്തും വ്യത്യസ്തരായി കാലം അവരെ രൂപ പെടുത്തി .
ഒരമ്മയുടെ മക്കളില്‍ തന്നെ ബുദ്ധി നിയന്ത്രിക്കുന്ന ഒരാള്‍, ഹൃദയം നിയന്ത്രിക്കുന്ന മറ്റൊരാള്‍... ഒരു ഗര്‍ഭപാത്രത്തില്‍ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേര്‍ ജനിക്കുന്നതില്‍ പരം അത്ഭുതം പ്രപഞ്ചോല്പത്തിയ്ക്കു പോലുമില്ല. ഒരു ബിന്ദുവില്‍ നിന്ന് എതിര്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ഒരു നേര്‍ രേഖ പോലെ ., ഒരിക്കലും ഒരുമിക്കാത്ത രണ്ടു പേര്‍...
സജി അവസാന പഫ് വലിച്ചെടുത്തു സിഗരറ്റ് കൊള്ളി താഴെ ഇട്ടു ചവിട്ടി അരച്ചു.
''സജിയേട്ടാ ... എന്നേ വന്ന്...?'' ഫ്രൂട്ട്‌സ് കട നടത്തുന്ന സുനി പാമ്പ് പൊത്തില്‍ നിന്ന് തല വെളിയിലെക്കിടുന്നമാറു ചോദിച്ചു. നാട്ടില്‍ വേരുകളില്ലാത്ത വ്യക്തിയായിരുന്നു സുനി. പെട്ടെന്നൊരു ദിവസം എവിടുന്നോ വന്ന്, അങ്ങാടിയില്‍ പഴക്കട തുടങ്ങി. നാട്ടിലെ ഏറ്റവും പ്രായം ചെന്ന അമ്മിണിയമ്മ വലത്തേ കൈ നെറ്റിയോട് ചേര്‍ത്തുവെച്ചു സുനിയെ സൂക്ഷിച്ചു നോക്കി പറഞ്ഞു.., ' പൊട്ടത്തി ചാവിന്റെ അതേ മൂക്ക്...!''
' രണ്ടാഴ്ച്ചായി... ' അയാള്‍ മറുപടി പറഞ്ഞു.
' കൊറേ ഇണ്ടാവോ..? '
' മ്മ്മ് പോവാറായി... '
'പെണ്ണുങ്ങള്‍ക്കും കുട്ടേള്‍ക്കും സുഗല്ലേ...? '
' മ്മ്മ്... '
' ബിനിയേട്ടന്റെ വിവരം അറിഞ്ഞില്ലേ ...?, '
' മ്മ്... '
' കണ്ടീര്‍ന്നോ ...? നേരം കിട്ടി ണ്ടാവൂല ലെ..!?''
സുനി പഴം ത്രാസില്‍ തൂക്കി തിട്ടപ്പെടുത്തുന്നതിനിടയില്‍ ചോദ്യവും ഉത്തരവും പറഞ്ഞു.
ചില ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യമില്ലാത്തത് കൊണ്ടു തന്നെ സജി കേട്ട ഭാവം കാണിച്ചില്ല.അയാള്‍ ഇടം കണ്ണുകൊണ്ട് ചുറ്റും നോക്കി. പഴം പച്ചക്കറി വാങ്ങാന്‍ വന്നവര്‍ മാത്രമല്ല അങ്ങാടിയിലെ സകലമാന ആള്‍ക്കാരും തന്നെ തന്നെ നോക്കി നില്‍ക്കുന്നു. റേഷന്‍ കട നടത്തുന്ന വാസുവണ്ണന്‍ തന്റെ തിമിരം പിടിച്ച കാഴ്ച വെച്ച് സജിയുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ പാടുപെട്ടു...
' മൂക്കാത്തത് നോക്കിയെട് സുനീ.... കൊണ്ടാവാന് ള്ള താ.... '
ഉപഭോഗത്താവിന്റെ അവകാശമെന്നവണ്ണം പഴുത്തു കറുപ്പ് വന്ന രണ്ടു പഴം കുട്ടയിലേക്ക് തിരിച്ചിട്ട് സജി പറഞ്ഞു. ചവിട്ടി നില്‍ക്കാന്‍ ഒരു തലയും, തൊഴുതു കുമ്പിടാന്‍ ഒരു കാലുമില്ലാതെ നമുക്ക് ജീവിതം ദുസ്സഹമായി തുടങ്ങി..
' നമ്മക്ക് ഒരു വിസ കിട്ടോ സജിയേട്ടാ...? ' സുനി അടുത്തുള്ളവര്‍കേള്‍ക്കാത്ത മട്ടില്‍ ചോദിച്ചു .
' മ്മ്മ്മ്.... '
സജി നോക്കാമെന്നോ, ഇല്ലന്നോ..., സന്തോഷമോ സങ്കടമോ തോന്നിക്കാത്ത മുഖഭാവത്തോടെ പറഞ്ഞു.
തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ കടത്തിണ്ണയിലെ ബെഞ്ചില്‍ ബിനീഷ് തീര്‍ത്തും അവശനായി ഇരിക്കുന്നു. തന്റെ ഒരു നോട്ടത്തിനായി ബിനീഷ് കാത്തിരിക്കുന്നത് പോലെ സജിയ്ക്ക് തോന്നി. ഒരിക്കല്‍ ഒരുമിച്ച് ഉണ്ടു ഉറങ്ങിയവര്‍ എത്രത്തോളം അപരിചിതരായി.. എത്രതന്നെ ഇറുക്കി പിടിച്ചാലും വഴുതി പോവുന്ന ബന്ധങ്ങളുടേത് കൂടിയാണ് ജീവിതം.. ആസ്വഭാവിതയൊന്നും തോന്നിപ്പിക്കാത്ത വിധം കാലം അത് കൈകാര്യം ചെയ്തു കൊള്ളും... കാലത്തിന്റെ അനിവാര്യതയാണത്...
ബിനീഷിന്റെ കണ്ണുകള്‍ മിണ്ടാനായി വെമ്പി. മൗനം പുരണ്ട വാക്കുകള്‍ അവിടെയാകെ ചിതറി കിടന്നു. സജി ഒന്നും മിണ്ടാതെ നടന്നു പോയി. അല്ലെങ്കിലും എത്രയെത്ര വാക്കുകള്‍ ആണ് അവഗണന കൊണ്ട് മുറിവേറ്റ് മരിച്ചിട്ടുള്ളത്. സജിയുടെ തിരിച്ചു വരവോ, ഒരു തിരിഞ്ഞു നോട്ടമോ പ്രതീക്ഷിച്ചു കൊണ്ട് ബിനീഷ് പിന്നേയും കടത്തിണ്ണയില്‍ കുറച്ചു നേരം കൂടി ഇരുന്നു . കാലം കൊണ്ടുറച്ച ഒരു പാറ ചേറാവാന്‍ വെമ്പി തോറ്റു പോവുന്നതിന് ആ സന്ധ്യ സാക്ഷിയായി.
പിറ്റേന്ന് നേരം പുലരും മുന്‍പ് സജീഷും കുടുംബവും തിരികെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. ' അമ്മച്ചിടെ പിള്ളേരേ... ഇനി വരുമ്പോ അമ്മച്ചി ഇണ്ടാവോ ആവോ...!'' കൊച്ചുമക്കളെ കെട്ടി പിടിച്ചു അമ്മച്ചിയുടെ സ്ഥിരം കരച്ചില്‍ പ്രഹസനം.,
''കരയല്ലേ അമ്മച്ചിയെ, ഞങ്ങള്‍ക്ക് എപ്പോ വേണെങ്കിലും ഇങ്ങോട്ട് വരാലോ.. ആകെ ടു ഹവറിന്റെ യാത്രയല്ലേ ഉള്ളൂ... ' എന്ന് ജുമോള്‍ടെ മറുപ്രഹസനം.
ഇതെല്ലാം കേള്‍ക്കാനും കാണാനും താല്പര്യം ഇല്ലാത്തത് കൊണ്ടു തന്നെ സജി ആദ്യമേ കാറിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു. കല്ലുകള്‍ ഇളകി മാറിയ, പായല്‍ പിടിച്ച ചെങ്കല്‍ മതിലിന്റെ വിടവിലൂടെ എന്തോ പറയാന്‍ വെമ്പുന്ന, തിളക്കമാര്‍ന്ന രണ്ടു കണ്ണുകള്‍ സജിയെ തിരികെ വിളിച്ചു.... താണ്ടിയ മഴയും വെയിലും തിരികെ വിളിച്ചു. അംഗനവാടിയിലേക്കുള്ള യാത്ര, വഴിയിലെ ബദാം മരം, വീണു കിട്ടുന്ന വാവ്വാല് ചപ്പിയ ബദാം, അത് പൊട്ടിച്ചു കാമ്പ് എടുത്ത് തരുന്ന ബിനിച്ചാച്ചന്‍.... എല്ലാം ഒരു നിമിഷം സജിയുടെ കണ്മുന്നിലൂടെ മിന്നി മാഞ്ഞു.. ബിനിച്ചാച്ചന്‍ ഇന്നും അവിടെയാണ് കുഞ്ഞേ.. നിന്റെ കയ്യിലെ സ്‌നേഹം പുരണ്ട മധുരത്തിനായി കാത്തു നില്‍ക്കുകയാണ് .. ഒരു കണ്‍ചിമ്മലിന്റെ വേഗതയില്‍ സജി സ്വബോധം വീണ്ടെടുത്തു.. കാറിന്റെ വലതു വശത്തെ കണ്ണാടിയിലൂടെ സജീഷ് കണ്ടതൊന്നും കാണേണ്ടതാണെന്നു ഭാവിക്കാതെ മറന്നു വെച്ചെന്ന് തോന്നിപ്പിച്ച ഇല്ലാത്ത എന്തോ ഒന്ന് കയ്യിലെ ബാഗില്‍ പരതി.
എയര്‍പോര്‍ട്ടില്‍ ചെക്കിങ്ങും ബോഡിഗും കഴിഞ്ഞ് നേരം കൊല്ലുമ്പോള്‍ സജിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു ആദരാജ്ഞലി പോസ്റ്റ്.
ബിനീഷ് പുല്‍പള്ളി ഹൗസ് ആദരാഞ്ജലികള്‍....
ഒരു നിമിഷം സജി എന്തോ ഓര്‍ത്തു നിന്നു ... എന്തോ പറയാന്‍ വെമ്പി നിന്ന ബിനീഷിനെ ഓര്‍ത്തു.. പരിസരബോധം വീണ്ടെടുത്ത് ഒന്നു കൂടി പോസ്റ്റില്‍ കണ്ണോടിച്ചു...
പുല്‍പള്ളി ഫിലിപ്പോസിന്റെയും, ത്രേസ്യ ഫിലിപ്പോസിന്റെയും മൂത്ത മകന്‍ ബിനീഷ്. പി. അല്പം മുന്‍പ് ഹൃദയാഘാതം മൂലം മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ ചെമല്ലി. മെസ്സേജ് മുഴുവന്‍ വായിക്കാന്‍ സജിയ്ക്ക് താല്പര്യം തോന്നിയില്ല
'' അല്ല..., ഇവരെന്തിനാ വീട്ടുപേരെല്ലാം ചേര്‍ക്കുന്നത് .. അവന്‍ കുടുംബത്തിന് പുറത്തായിട്ട് കാലം കുറേ ആയതല്ലേ... ' സജീഷ് പറയാതെ പറഞ്ഞു.
ഉടന്‍ തന്നെ സജി ഗ്രൂപ്പ് അഡ്മിനെ ഫോണില്‍ വിളിച്ചു ഇഷ്ടക്കേട് അറിയിക്കുകയും, ശക്തമായി താക്കീത് നല്‍കുകയും ചെയ്തു. അന്ന് മുഴുവന്‍ സജീയെ ആസ്വസ്ഥനായി കാണപ്പെട്ടു. ഒന്നു രണ്ടു തവണ ജുമോളോട് കാര്യമില്ലാത്ത കാര്യത്തിന് തര്‍ക്കിക്കുകയും ചെയ്തു. അന്നേ ദിവസം അമ്മച്ചിയേയോ, അപ്പച്ചനെയോ അന്വേഷിക്കാന്‍ സജിക്ക് മനസ്സ് വന്നില്ല., അവര്‍ തിരിച്ചും സജിയെ തിരക്കിയില്ല... നീതികരിക്കാതെ പോയ എന്തോ ഒന്ന് അയാളെ മുറിവേല്‍പ്പിച്ചു കൊണ്ടേയിരുന്നു. ഉത്തരം ഒന്നും പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ ജുമോള്‍ ദുബായില്‍ തിരിച്ചെത്തിയിട്ടും കാരണം തിരക്കാന്‍ മെനക്കെട്ടില്ല.
ഒരു ഋതു കൂടി അവസാനിച്ചു, പക്ഷെ ചോദ്യം പിന്നേയും ബാക്കിയായി.. വിവേകത്തിനാണോ വികാരത്തിനാണോ മുന്‍തൂക്കം കൊടുക്കേണ്ടത്..?


1 Comments
Suprr ayi ezhuthiii...manassil oru vedana pole thonni....
ReplyDelete