അന്ന് എന്റെ അച്ഛന് ജോലി ചെയ്തിരുന്ന ബാങ്കില്‍ പണം ഇടപാടുകളുടെ കണക്കില്‍ പിഴവ് വന്നു. അത് വലിയ പ്രശ്നമായി. അതിനെ തുടര്‍ന്ന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന് ഒരു തെറ്റും ചെയ്തില്ല എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. ബാങ്കില്‍ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ അറിഞ്ഞത് ആ കമ്പനി വേദയുടെ അച്ഛന് ബാലചന്ദ്രന്റെ ആണെന്ന്. അദ്ദേഹമാണ് അത് നടത്തുന്നത്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഞങ്ങളുടെ അവസ്ഥകണ്ട് അച്ഛന് മാനേജര്‍ പദവി നല്‍കിയത്. പക്ഷെ ആരോ അച്ഛനെ ചതിച്ചു എന്ന് മനസ്സിലായി. അത് ആരാണെന്ന് തിരിച്ചറിഞ്ഞതുമില്ല.
ഇന്ന് പരീക്ഷയാണ്. അതിന്റെ കാര്യം പോലും ഞാന്‍ മറന്നു പോയി. ഒരു ഫോണ്‍കോള്‍ വന്നു. വീട്ടില്‍ ആരോടും ഒന്നും പറയാതെ ഇറങ്ങിയതാണ്. അമ്മുവും അമ്മയുംകൂടി എന്നെ വിളിച്ചായിരുന്നു, ഞാന്‍ ഫോണ്‍ എടുത്തില്ല. അവരോട് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത് വരെ അവരാരും ഒന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞു കഴിഞ്ഞാല്‍ എല്ലാവരും തകരും. ആരെയും അറിയിക്കാതെ ഇതിന് ഒരു പരിഹാരം കണ്ടെത്തണം. അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് അവിടെ ജോലിചെയ്യുന്ന കാര്യം ഞാന്‍ ഓര്‍ത്തത്. അപ്പോള്‍ തന്നെ അവനെ വിളിച്ച് കാര്യം തിരക്കി. അവിടെ പുതിയതായി ഒരു സ്റ്റാഫ് വന്നിട്ടുണ്ടായിരുന്നുവെന്നും ഇത്രയും പ്രശ്നം നടന്നിട്ടും അയാളെ ഇവിടെയെങ്ങും കാണുന്നില്ല എന്നും അവന് പറഞ്ഞു.
പിന്നീട് അയാളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍. അവസാനം ഞാനത് തിരിച്ചറിഞ്ഞു. വേദയായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. ഇതെല്ലാം എന്റെ അച്ഛനെ കുടുക്കാനുള്ള കളികളായിരുന്നു. സംഭവങ്ങള്‍ മാധ്യമവാര്‍ത്തകളിലൂടെ എല്ലാവരും അറിഞ്ഞുകഴിഞ്ഞു. അമ്മയും അറിഞ്ഞു. അമ്മയെ സമാധിനിപ്പിക്കാന്‍ കുറേ കഷ്ടപ്പെട്ടു. അമ്മ ആകെ തകര്‍ന്നു പോയിരുന്നു. ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന് എനിക്ക് ഒരു എത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഞാന്‍ നേരെ വേദയുടെ വീട്ടില്‍ ചെന്നിട്ട് നടന്ന സംഭവം തെളിവ് സഹിതം അവളുടെ അച്ഛനെ കാണിച്ചു. ഉടനെ തന്നെ അവളുടെ അച്ഛന് അവളെ വിളിച്ചിട്ട് നടന്ന സംഭവങ്ങള്‍ സത്യമാണോ എന്ന് ചോദിച്ചു. തെളിവ് സഹിതം കാണിച്ചതുകൊണ്ട് സമ്മതിക്കുകയല്ലാതെ അവള്‍ക്ക് വേറെ വഴിയില്ലായിരുന്നു. ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞിട്ടും അവളുടെ മുഖത്ത്തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല. അതുകൂടി കണ്ടപ്പോള്‍ എനിക്കെന്റെ ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവളുടെ അച്ഛന്റെ മുന്നില്‍വെച്ചു തന്നെ ഞാന്‍ അവളടെ കരണത്ത് ഒന്ന് പൊട്ടിച്ചു. എന്റെ ജീവിതത്തിലേക്ക് ഇനി കയറി വരരുതെന്നും വന്നാല്‍ എന്റെ മറ്റൊരു മുഖം കാണേണ്ടി വരുമെന്നും ഞാന്‍ അവള്‍ക്ക് താക്കീത് കൊടുത്തു. ചെയ്ത തെറ്റിന് അവളുടെ അച്ഛന് എല്ലാവരുടെയും മുന്നില്‍ വെച്ച് അവളെകൊണ്ട് മാപ്പ് പറയിച്ചു.
എല്ലാ പ്രശ്നങ്ങളും തീര്‍ന്ന് ഞങ്ങളുടെ അച്ഛന് തിരികെ വീട്ടില്‍ എത്തി, കൂടെ ഞങ്ങളുടെ സന്തോഷവും. വാര്‍ത്തകള്‍ എല്ലാം അവസാനിച്ചു. എല്ലാം പഴയതുപോലെയായി. പക്ഷേ ആകെയുള്ള ഒരു സങ്കടം എനിക്ക് എക്സാം എഴുതാന്‍ പറ്റിയില്ല എന്നതായിരുന്നു. ഇനിയിപ്പോള്‍ അടുത്ത എക്സാം വരെകാത്തിരിക്കണം. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. അച്ഛന് ഇപ്പോഴും ആ പ്രശ്നത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായിട്ടില്ലായിരുന്നു. ഒരു തെറ്റും ചെയ്യാതെ കുറേനേരം ഒരു കുറ്റവാളിയെ പോലെ നിന്നത് അച്ഛനെ മാനസികമായി ആകെ തളര്‍ത്തിയിരുന്നു. പിന്നീട് അച്ഛന് ആ ജോലി ഉപേക്ഷിച്ചു.
ഒടുവില്‍ ബാലചന്ദ്രന്‍സാര്‍ എന്നെ അവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. അവരുടെ ഒരു റസ്റ്ററന്റില്‍ അക്കൗണ്ടന്റായി ജോലി തരാമെന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം വേദയെ കുറിച്ച് ഒരുപാട് സംസാരിച്ചു. അവളുടെ സ്വഭാവത്തില്‍ അവര്‍ക്ക് വളരെയധികം സങ്കടം ഉണ്ടെന്നും അവളുടെ അമ്മ കരഞ്ഞുപ്രാര്ത്ഥിക്കാത്ത ദിവസങ്ങളില്ലായെന്നും പറഞ്ഞു. ഒരുമകള്‍ ഇല്ലാത്തതുകൊണ്ട് വളരെയധികം സ്നേഹിച്ചാണ് വളര്‍ത്തിയത്. അപ്പോഴാണ് ബാലചന്ദ്രന്‍സാര്‍ മറ്റൊരു സത്യം പറഞ്ഞത്.
(തുടരും)
© Adheena Shajahan | Charummoodu

2 Comments
വളരെ സർഗാത്മകത നിറഞ്ഞ എഴുത്ത്.... വളരെ മികച്ച അവതരണം.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ReplyDeleteനല്ല ഒരു നോവൽ ആയിരുന്നു
ReplyDelete