malayalam-story
സ്തമയമായി. തുറന്നു കിടന്ന ജനലഴികളിലൂടെ  കയറിവന്ന  സൂര്യന്‍ മുറിയില്‍ കട്ടിലിന് മേലെനിന്നും താഴെ സിമന്റ് തറയിയില്‍നിന്നും പിരിഞ്ഞു പോയിട്ടില്ല ഉച്ചവെയിലിനേക്കാള്‍ ഭംഗിയുണ്ടായിരുന്നു  അതിനപ്പോള്‍. അവ അകത്തേക്ക്  കടന്നപ്പോള്‍  അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഒരു വെളുത്ത നേരിയത് പോലെ തോന്നിച്ചു. ദീനാമ്മ ജനലിന് പുറത്തേക്ക് നോക്കി. സൂര്യന്‍ അകലെ, ഇവിടെ നിന്നുംനേരേ കാണാന്‍ പറ്റാത്ത അകലത്തിലുള്ള കടലിലേക്കാണ് താഴുന്നത്. അപ്പോള്‍ സൂര്യന് ഉച്ചനേരത്തേക്കാള്‍ കടുപ്പവും വലിപ്പവും  ഉണ്ടായിരുന്നു.  ഇന്ന് പേരക്കുട്ടിക്ക്  പൊരിച്ചു കൊടുത്ത ബുള്‍സൈയുടെ  മദ്ധ്യഭാഗത്ത് പൊന്തിനിന്ന ചുവപ്പ് ഭാഗം പോലെ തന്നെയായിരുന്നു അപ്പോള്‍ സൂര്യന്റെ നിറവും.

തനിക്ക് കാണാനൊക്കാത്ത കടലിന്റെ ആഴങ്ങളിലേക്കിറങ്ങിപ്പോയി സൂര്യന്‍. ദീനാമ്മ ആ കടല്‍തീരം മനസ്സുകൊണ്ട് തെരഞ്ഞു. തന്റെ ബാല്യമെല്ലാം ആ കടല്‍തീരത്ത്,ആ കുഴഞ്ഞ മണ്ണില്‍ കൂട്ടുകാരോടൊപ്പം, ഓടിയും തുള്ളിയും കളിച്ചിരുന്നു. കടല്‍ത്തീരത്ത് ഓടിക്കളിക്കുമ്പോള്‍ ഇടക്കിടെ  കാലുകള്‍ തെന്നി തിരകള്‍ അവരെ കുറച്ചുദുരം കടലിനകത്തേക്ക്  കൊണ്ടുപോകും. പിന്നെ കരുതലോടെ  കരയിലേക്ക് തന്നെ തിരിച്ചെത്തിക്കും. തിരകള്‍ തിരിച്ചപോവുമ്പോള്‍, തങ്ങളെ അവ കൂട്ടമായി പരിഹസിക്കും.

പൊഴിയാന്‍ നേരമാകുമ്പോള്‍ പുക്കള്‍ ഏറെ ശോഭിക്കുന്നതു  പോലെ അസ്തമയ സൂര്യനിലും ദീനാമ്മ പ്രത്യേക സൗന്ദര്യം കണ്ടു.
          xxx      xxx .                           xxx         xxx

താന്‍ ആ കടല്‍മുറ്റത്ത് ഉണ്ടായിരുന്നു, ജീവിതത്തിന്റെ ഏറിയ പങ്കും. കരിമണ്ണിന്റെ മണവും, കടലിന്റെ കലമ്പലും, തിരകളുടെ പ്രണയവും, കടല്‍കാറ്റിന്റെ മൂളലും ദീനാമ്മയുടെ മുന്നിലേക്ക് തിരിച്ചു വന്നു. താന്‍ പിച്ചവെച്ചു വളര്‍ന്ന ഓലക്കുടലിലേക്ക് ദീനാമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചു പോയി.

വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരേയൊരു കയര്‍ കട്ടിലില്‍ അപ്പന്‍ കിടന്നു. അമ്മ മണ്ണായി തീരും വരെ താനും അമ്മയും  തഴപ്പായ വിരിച്ചു താഴെകിടന്നു . പിന്നീടാ മണ്ണില്‍ താന്‍ ഒറ്റക്കാണ് ഉറങ്ങിയത്.

സന്ധ്യക്കഴിഞ്ഞാല്‍  സഞ്ചാരികള്‍ പോയ്മറയും. കടല്‍ക്കാക്കകള്‍ ചേക്കറിയിട്ടുണ്ടാവും.രാത്രി  കൂടുതല്‍ സുന്ദരിയാകും. മേലെ നേരിയനിലാവിന്റെ ചന്ദ്രക്കല. അപ്പോള്‍ തീരം ശൂന്യമാണ്.  ആ ശൂന്യതയില്‍ തിരകള്‍ കരയെ പ്രണയിക്കും.. അത് കാണുമ്പോള്‍ കടലിനെ ചൊടിപ്പിക്കാന്‍ നിലാവ് തീരത്തെഴുതും .....' കടലമ്മ കള്ളിയാണ് '.  നിലാവെഴുതിയതെല്ലാം തിരകള്‍ തന്നെ മായ്ച്ചുകളയുo.എങ്കിലും ഞണ്ടുകളുടെ ചെറുകുഴികള്‍ മുടി പോകാതെ അവിടുണ്ടാവും. അത് കടലമ്മക്ക് ഞണ്ടിന്‍ കുഞ്ഞുങ്ങളോടുള്ള കരുതലാണ്.എന്നിട്ടും പോരാഞ്ഞ് കടല്‍ കാണാനെത്തുന്നവര്‍  നിലാവെഴുതിയതെല്ലാം ചവിട്ടിക്കുഴമ്പാക്കും. നിലാവെഴുതിയത് ലോകം ഇതുവരെ വായിച്ചിട്ടില്ല. ഏറെ പ്രണയകവിതകള്‍ നിലാവ് നിശ്ബ്ദമായി പാടിയെഴുതിയിട്ടുണ്ട്.  സങ്കടങ്ങള്‍ ഏറെ തീരത്തോടു് പങ്ക് വച്ചിട്ടുണ്ടാവാo.അവയെല്ലാം കടല്‍ മായ്ച്ചു കളയും.

 xxx                            xxx-                       xxx

പാതിരാക്ക് മുക്കുവപ്പെണ്ണുങ്ങള്‍ കടലരികത്ത് വെളിക്കിരിക്കാന്‍ കുടിലില്‍ നിന്നിറങ്ങും. വെളുപ്പിന് 'ഐല'ക്കോളിനുള്ള വള്ളക്കാര്‍ പോയാല്‍ പിന്നെ കടപ്പുറം ഏറെ ശൂന്യമായിരിക്കും. ഉറക്കമുണര്‍ന്ന്,മറ്റ് പുരുഷന്മാര്‍ വരുന്നതിന് മുന്‍പ് വേണം എല്ലാം! . ദീനാമ്മക്കതറിയാം. ദീനാമ്മയും കര്‍മ്മിലിയും നിലാവെളിച്ചത്ത് കടലിനരുകില്‍ പോകും. വേണ്ടാത്തതെല്ലാം വിട്ടൊഴിഞ്ഞ് തിരകള്‍ കൊണ്ട് ദേഹശുദ്ധി വരുത്തി തിരിച്ചുവരും. കടലപ്പോള്‍ ഇരമ്പുന്നുണ്ടാകും, കടല്‍ക്കാറ്റപ്പോള്‍ ഏഴാം കരയിലെ പാട്ടുകള്‍ മുളിപാടി വരും. നിലാവത്ത് തിളങ്ങുന്ന കണ്ണുകളുമായി ചെറുഞണ്ടുകള്‍ തീരത്ത് കുഴികള്‍ തേടി നടക്കും. വലിയ ഞണ്ടുകള്‍ ആ കരിമണലില്‍ ഇണചേരുന്നത് കര്‍മ്മലിയും, ദീനാമ്മയും കാണും. അത് കാണുമ്പോള്‍ അവര്‍ക്ക് കോരിത്തരിപ്പുണ്ടാകും.

ഒരിക്കല്‍ ദീനാമ്മയും കര്‍മ്മിലിയും പാതിരാക്ക്  ദേഹശുദ്ധി വരുത്തി വരുമ്പോള്‍ കടപ്പുറത്തെ തൈതെങ്ങിന്റെ മറയിലൊളിച്ചു നിന്ന അങ്ങേക്കരയിലെ ഭ്രാന്തന്മാര്‍ കാമാര്‍ത്തിയോടെ അവരുടെയടുത്തേക്കു പാഞ്ഞുവന്നു. ദീനാമ്മ പേടിച്ചുവിറച്ചു  കരയില്‍ സൂക്ഷിരുന്ന വള്ളത്തിനടിയില്‍ ഒളിച്ചു. കര്‍മ്മിലിയുടെ മാറില്‍ അവര്‍ ആര്‍ത്തിയോടെ പിടുത്തമിട്ടു .ആ കൈളില്‍ നിന്ന് കുതറി മാറാന്‍ പാടുപെടുന്ന കര്‍മ്മിലിയെ രക്ഷിക്കാന്‍ ദീനാമ്മ വള്ളത്തിനരുകില്‍ ഇരുന്ന്  ഒച്ചവച്ചെങ്കിലും അവളുടെ ഉള്ളില്‍ നിന്നൊന്നും പുറത്ത് വന്നില്ല. അവള്‍ കടലമ്മയെ നോക്കി കരഞ്ഞു. കര്‍മ്മലിയുടെ വലിയ മാറില്‍ അവന്മാര്‍ മത്സരിച്ചു പിടുത്തമിടുന്നു. ദീനാമ്മ വീണ്ടും കടലമ്മയെ വിളിച്ചു ...... തിരകള്‍ ആഞ്ഞാഞ്ഞ് കരയിലേക്ക് അലമുറയിട്ട് വന്നപ്പോള്‍,ദിശതെറ്റി വൈകി പറന്നു വന്നൊരു കടല്‍ക്കാക്ക താഴെ കടല്‍ക്കരയിലെ ആ കാഴ്ച കണ്ട് മെല്ലെ താഴ്ന്നു പറന്നു. .കാമത്തിന്റെ കരങ്ങളില്‍ നിന്ന് കുതറിമാറിയെത്തിയ കര്‍മ്മിലിയുമായി ദീനാമ്മ വീട്ടിലേക്ക് ഓടി. കുടിലിലേക്ക് പോകും നേരം കര്‍മ്മിലി കിതച്ചു കൊണ്ട് പറഞ്ഞു.......... ഓ.... എന്തൊരു പിടുത്തമായിരിന്നു,..ആ ഭ്രാന്തന്മാര്‍.......
     
    xx                        xx               x x

ദിവസങ്ങള്‍, കടപ്പുറത്ത് പാതിരാവില്‍ എല്ലാം കഴിഞ്ഞ് കുടിലിലേക്ക് വരുന്ന കര്‍മ്മിലിയെ കാമവെറി മുത്ത ആ  മുക്കുവന്മാര്‍ വെറുതെ വിട്ടില്ല. തെങ്ങിന്‍ ചുവട്ടില്‍ കമഴ്ത്തിവച്ചിരുന്ന വള്ളത്തിനരുകില്‍ ഒളിച്ചിരുന്നു ദീനാമ്മ അതു കണ്ടു കരയും.

പിന്നെ പിന്നെ പാതിരാവുകളില്‍ തൈച്ചോട്ടില്‍ കര്‍മ്മിലിയുടെ എതിര്‍പ്പുകളുടെ ദൈര്‍ഘ്യം കൂടിവരുന്നതായി ദീനാമ്മക്ക് തോന്നി തുടങ്ങി..മുക്കുവ കരങ്ങളുമായുള്ള കര്‍മ്മലിയുടെ ചെറുത്തു നില്‍പ്പിനും കുതറിമാറലുകള്‍ക്കും ശക്തികുറഞ്ഞു വന്നിരുന്നു. തിരിച്ച് വരുന്ന കര്‍മ്മിലിക്ക് കിതപ്പ് ഇല്ലാതായി വന്നു. ദീനാമ്മക്ക് എല്ലാം ആശ്ചര്യമായി.........കര്‍മ്മലിയുടേത് കൊഴുത്ത ശരീരമായിരുന്നു. അവളുടെ മാറിടം ചെന്തെങ്ങിന്‍കരിക്കുപോലെ നിറമുള്ളതായിരുന്നു. കടപ്പുറത്ത് അവളെ നോക്കി വെള്ളമിറക്കാത്തവരില്ല.
    
      xx                   xx                    x x 

നിലത്ത് കുഴമണ്ണില്‍ പായ വിരിച്ചുകിടന്ന ദീനാമ്മയുടെ മനസ്സില്‍ 'ഈ ദിവസങ്ങളില്‍ കര്‍മ്മിലിയില്‍ വന്ന മാറ്റം മാത്രമായിരുന്നു.  സാര്‍ത്തോയുo, പിന്നെ ഷെമ്മാന്‍ പ്രത്രോസുമായിരുന്നു ആ കാട്ടാളന്മാര്‍, അവര്‍ അങ്ങേക്കരയിലൈ കാമപ്രാന്തന്‍മാരായിരുന്നെന്ന് ദീനാമ്മ തിരിച്ചറിഞ്ഞു. കര്‍മ്മിലിയെ വരിഞ്ഞുമുറുക്കിയപ്പോള്‍ മാറി നിന്ന് താന്‍ കരഞ്ഞത് അവള്‍ക്കുവേണ്ടിമാത്രമായിരുന്നു. കടപ്പുറത്ത് ആ നിലാനേരത്ത് ഉണ്ടായിരുന്നത് ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ മാത്രം.എന്നാല്‍ ആ ഭ്രാന്തന്‍ മുക്കുവന്മാര്‍ ഓടിയടുക്കുന്നത് കര്‍മ്മിലിയുടെ അടുത്തേക്ക് മാത്രം. തന്റെയരികില്‍നിന്ന് അവര്‍ വഴി മാറി ഓടി . തന്നെയവര്‍ ഒഴിവാക്കുന്നു. അങ്ങനെയെങ്കില്‍ തന്നെ ഒരു പെണ്ണായി അവര്‍, സാര്‍ത്തോയും ഷെമ്മാന്‍ പതോസും   കാണുന്നില്ലെ........?..... തന്നിലുള്ള സ്ത്രീത്വത്തെ അവള്‍ സ്വയം ചോദ്യം ചെയ്തു!...ദീനാമ്മ മനസ്സില്‍ ആ ചോദ്യം വീണ്ടും, വീണ്ടും ചോദിച്ചു.

പിറ്റേന്ന് കാലത്ത് ദീനാമ്മ മറപ്പുരയില്‍ ഓലക്കീറില്‍ തിരുകിവച്ച കണ്ണാടിയെടുത്ത്, തന്റെ മെലിഞ്ഞ ശരീരത്തിലെ നെഞ്ച് പരതി. മുലക്കണ്ണുകള്‍ രണ്ടുംതള്ളി നിന്നെങ്കിലും മുലകള്‍ക്ക് വലിപ്പം തീരെയില്ല. അവ കര്‍മ്മിലിയുടെതിനേക്കാള്‍ വളരെ ചെറുത്. മനസ്സൊന്ന് നീറി, ഉള്ളിലൊരു നിരാശയും. പിന്നെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ഇപ്പോള്‍ ദീനാമ്മ കരഞ്ഞത് കര്‍മ്മിലിക്ക് വേണ്ടിയല്ലായിരുന്നു, മറിച്ച് അവളെ ഓര്‍ത്ത് മാത്രം.

 കണ്ണ് തുടച്ച്, മറപ്പുര വിട്ട ദീനാമ്മക്ക് മനംമാറ്റം വന്നുതുടങ്ങി....... .വലിപ്പത്തില്‍ കാര്യമില്ല, കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റെയും മിടുക്കിലാണ് എല്ലാം പൂര്‍ണ്ണമാകുന്നത്.ആ കാര്യത്തിന് കര്‍മ്മിലിയെക്കാള്‍ സാമര്‍ത്ഥ്യവും മനസ്സും തനിക്കുണ്ട്. തന്റെയടുത്ത് തൈത്തെങ്ങിന്‍ ചുവട്ടില്‍ വരുന്നവര്‍ പിന്നെ തന്റെ കുടിലിനരുകില്‍ പമ്മി,പമ്മി നടക്കും, പാതിരാവിനായി കാത്ത്............. ദീനാമ്മക്ക്, താന്‍ ഒരു ഇരയായി മാറാന്‍ മോഹം. അവള്‍ വേട്ടക്കാരനായി കാത്തു നിന്നു . പ്രതിരോധിക്കാന്‍ തുനിയാതെ വേട്ടക്കാരന്റെ മുന്നില്‍  ജീവനര്‍പ്പിക്കാന്‍ അവള്‍ തയ്യാറായി. കര്‍മ്മിലിയുടെ പ്രതിഷേധത്തിന്റെ മാറ്റൊലികള്‍  അടങ്ങിയതിന്റെ കാരണം ദീനാമ്മക്ക് അപ്പോള്‍ മനസ്സിലായി.

ഷെമ്മാന്‍പത്രോസിന് കര്‍മ്മിലിയുടെ മാറിടത്തിനോടൊരു രഹസ്യ ഇഷ്ട്ടം തോന്നി. അവളുടെ ശരീരത്തിന്റെ ഗന്ധം അയാളെ മത്തുപിടിപ്പിച്ചു.പത്രോസിന് അവളെ സ്വന്തമാക്കാന്‍ കൊതിയായി. അയാള്‍ സാര്‍ത്തോയെ ഒഴിവാക്കി കടപ്പുറത്ത് പാതിരാ നേരത്ത് ഒറ്റക്ക് വന്നു. ഷെമ്മാന്‍ പത്രോസ് മാത്രം ഒറ്റക്ക് വന്നപ്പോള്‍ കര്‍മ്മിലിക്കയാളോട് ആദ്യമായി അനുരാഗം തോന്നി.

ദീനാമ്മ അടുപ്പില്‍ കഞ്ഞിക്കായി വെള്ളംവച്ച് തീകൂട്ടി. തിളച്ച വെള്ളത്തില്‍ അരിമണികള്‍ കിടന്ന് പുളഞ്ഞു. അവളുടെ അവളുടെ ഉള്ളും.  വെളിക്കിറങ്ങാന്‍ ഇരുന്നപ്പോള്‍ വലിയ ഞണ്ടുകള്‍ ഇണ ചേരുന്നത് അവള്‍ നിരീക്ഷിച്ചു.                
  
     xx          xx               xx          xx 

തരകന്‍ തോമാ വള്ളക്കാശുമായി വീട്ടില്‍ വന്നപ്പോള്‍ ദീനാമ്മ മാത്രമെ ഉണ്ടായുള്ളു. അപ്പന്‍ റേഷന്‍കടയിലായിരുന്നു. പാത്രം കഴുകിക്കൊണ്ടിരുന്ന ദീനാമ്മുടെ ജംബറിന്റെ കൊളുത്തുകള്‍ വിട്ടു നിന്നത് തോമായുടെ കണ്ണിലുടക്കി. അയാളുടെ കണ്ണുകള്‍ ചുവക്കുന്നത് ദീനാമ്മ കണ്ടു. അവള്‍ ഊരിപ്പോയ കൊളുത്തുകള്‍ തിരിച്ചിടാന്‍ മെനക്കെട്ടില്ല.മറിച്ചവള്‍ പാതിരാവില്‍ തൈത്തെങ്ങിന്‍ ചുവട്ടില്‍ മുക്കുവ കാട്ടാളന്മാര്‍ക്കിടയില്‍ പ്രതിരോധിക്കാനോ, പ്രതിഷേധിക്കാനോ മുതിരാതിരുന്ന കര്‍മ്മിലിയെ ഓര്‍ത്തു. തരകന്‍ തോമായ്ക്കു മുന്നില്‍ വേട്ടക്കാരന്റെ അമ്പെയ്തു വീഴാന്‍ മാറുകാട്ടി നിന്ന ഒര് ഇരയായി ദീനാമ്മ നിന്നു.

അപ്പന്‍ കിടന്നിരുന്ന കയറുകട്ടിലില്‍  തരകന്‍തോമായുടെ ബലിഷ്ഠമായ കരങ്ങളില്‍ ദീനാമ്മ പിടഞ്ഞു.അവള്‍ക്ക് കര്‍മ്മിലിയുടെ മനം മാറ്റത്തിന്റെ രഹസ്യം ബോധ്യമായി. ദീനാമ്മ ഇതിനകം തരകന്‍ തോമായുടെ വാമഭാഗമായി മാറിയിരുന്നു മനസ്സിനുള്ളില്‍ .
        
         xx            xx            xx
          
രാത്രി കഞ്ഞി കുടിക്കാനിരുന്ന ദീനാമ്മ ഒന്നോക്കാനിച്ചു. നെയ്ച്ചാളകറി മാറ്റി അച്ചാറു കൂട്ടാന്‍ അപ്പന്‍ പറഞ്ഞു.എന്നിട്ടുo ദീനാമ്മ ശര്‍ദ്ദിച്ചു.അപ്പന്‍ കടലിലേക്ക് തിരിഞ്ഞ് മേലോട്ട് നോക്കി വെളുത്തച്ചനെ വിളിച്ചലറി.

ദീനാമ്മയുടെ ഗര്‍ഭം മറ്റു കുടിലുകളില്‍ മധുരവും, രുചിയുമായപ്പോള്‍  അപ്പന്‍ കടപ്പുറത്ത് നിലാവിനെ നോക്കി കിടന്നു.  ദീനാമ്മ ചെകുത്താനും കടലിനുമിടയിലുമായി വെന്തുരുകുകയായിരുന്നു. കടപ്പുറത്ത് വള്ളമിറക്കാന്‍ അപ്പന്‍  ചെല്ലാതെയായി. കടലില്‍ ചാകര കേറിയപ്പോള്‍ തരകന്‍ തോമായേ ആരും കരയില്‍ കണ്ടില്ല.
 xx                  xx                 x x       x x

കാലത്ത് അപ്പനൊരു വിളി കേട്ടു. വാതില്‍ക്കല്‍ '.തരകന്‍ തോമാ.'....... അപ്പനോടയാള്‍ എല്ലാo പറഞ്ഞു. മറുത്തൊന്നും പറയാന്‍ അപ്പനായില്ല. തരകന്‍ തോമാ ദീനാമ്മയുടെ കൈപിടിച്ചുകൊണ്ടു പുറത്തത്തേക്ക് നടന്നു.

തരകന്‍ തോമാ ദീനാമ്മയുടെ കൈപിടിച്ചു കൊണ്ടുപോയത് അന്ത്രപ്പേര്‍ മുതലാളിയുടെ ബംഗ്ലാവിനു മുന്നിലൂടെയായിരുന്നു. ദീനാമ്മ ആ വലിയ കെട്ടിടസമുച്ചയത്തിലേക്ക് അമ്പരപ്പോടെ നോക്കി. അവള്‍ അതുവരെ ഓലകുടിലുകളേ കണ്ടിട്ടുള്ളു. പിന്നെ കണ്ടത് അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ വലിയ പള്ളിയും. അത് മാത്രമെ ലോകത്തുള്ളുവെന്നു മാത്രമായിരുന്നു അവള്‍ക്ക്.ആ മാളികകളിലുള്ളവര്‍ കഴിക്കുന്നത് എന്തെന്നവളോര്‍ത്തു.   ഉച്ചയ്ക്കും രാത്രിയും ചോറിന് കൂട്ടാന്‍ അറക്കയും, ആകോലിയും മാത്രമായിരിക്കും.  അല്ലെങ്കില്‍ തിരുതയും, കരിമീനുമായിരിക്കുo.അവര്‍ക്ക് കുടിക്കാന്‍ നാരങ്ങാ പിഴിഞ്ഞ മധുരവെള്ളമുണ്ടാകും എപ്പോഴും . ആ ഓടിട്ട മാളികയിലുള്ളവര്‍ക്ക് കാലിലിട്ട് നടക്കാന്‍ പാകത്തില്‍ പഞ്ഞിപ്പരുവത്തിലുള്ള ചെരിപ്പുകളുണ്ടാവും. അവരുടെ ദേഹത്താെകെ വാസന തൈലം പൂശിയിരിക്കും.പണ്ടൊരിക്കല്‍, ഒരു ഈസ്റ്റര്‍ദിനത്തില്‍ അപ്പനുമായി ദീനാമ്മ സിനിമക്കൊട്ടകയില്‍ കണ്ട സിനിമയില്‍ പണക്കാരുടെ ജീവിതരീതികള്‍ അവള്‍ കണ്ടിരുന്നു.ആ മുറ്റത്ത് കിടന്ന  വെളുത്ത കാര്‍  അവള്‍ക്ക്  ബംഗ്ലാവിനോട് ഭയഭക്തി  ബഹുമാനം തോന്നിപ്പിച്ചു.
      xx                                xx                         xx

തോമാ തരകന്റെ വീട്ടിലേക്ക് ദീനാമ്മ ചെന്നുകയറി . വരാന്ത മുതല്‍ അകത്തൊരിടത്തും കുഴമണ്ണില്ല.താഴെ തറയില്‍ സിമന്റ് ചാന്ത്.  അകത്ത് തന്നെ കൊണ്ടുപോയിരുത്തിയ മുറിയില്‍ ഒരു വിരിഞ്ഞു വിടര്‍ന്നു കിടന്ന മരകട്ടില്‍.അതിന് മേലെ പഞ്ഞികണക്കൊരു മൃദൂലമായൊരു മെത്ത.തലയ്ക്കു മുകളില്‍ കാറ്റുപരത്തുന്ന പങ്കകള്‍ കറങ്ങുന്നു.ദീനാമ്മക്ക് ഒന്നുമായുo അടുക്കാനായില്ല. അവള്‍ മുറിക്ക് മേലെ നോക്കി. ഓലകളല്ല,നിറയെ ഓടുകള്‍ വിരിഞ്ഞു കിടക്കുന്നു. കുഴഞ്ഞമണ്ണില്‍ മാത്രം ചവിട്ടിനടന്ന ദീനാമ്മയുടെ മൃദുലമായ കാല്‍പ്പാദങ്ങള്‍ ആ സിമന്റ് തറയില്‍ സ്പര്‍ശിച്ചപ്പോള്‍ ഏറെ നൊന്തു. അവളും തോമായും ആ രാവില്‍  അന്നുറങ്ങി.

രാവേറെയായപ്പോള്‍,  ദിനചര്യക്കായി ദീനാമ്മ എഴുന്നേറ്റു. അവള്‍ തോമായെ വിളിച്ചുണര്‍ത്തി.തോമാ അവളെയും കൊണ്ട് പറമ്പിന്‍ മുലയിലെ ചെറിയ ഇഷ്ട്ടിക മുറി ലൈറ്റിട്ട് തുറന്നു കൊടുത്തു. തോമാ തിരിച്ചു പോയി.ദീനാമ്മ   aആ ചെറിയമുറിയിലെ വെളിച്ചത്തില്‍  ഒരു വെളുത്ത മിനുസമുള്ള കുഴി കണ്ടു. അരികിലൊരു വെള്ളം നിറഞ്ഞ ബക്കറ്റും. അവള്‍ക്ക് ഒന്നും മനസ്സിലായില്ല. ദീനാമ്മ തിരിച്ചു ചെന്ന് തോമായെ വീണ്ടും വിളിച്ചുണര്‍ത്തി. വെളിക്കിരിക്കാന്‍ 'അവിടം.' തന്നെ എന്ന് തോമാ അവളോട് ചുണ്ടികാണിച്ച് പറഞ്ഞു.

ദീനാമ്മ  പിന്നെ, ആ ഇടത്തേക്ക് പോയില്ല. അവള്‍ക്ക് പോകാനൊക്കില്ല. അവള്‍ക്ക് വെളിക്കിരിക്കാന്‍ കടപ്പുറം വേണം, കടലിന്റെ ഇരമ്പല്‍ കേള്‍ക്കണം, കടല്‍ക്കാറ്റ് വേണം, അരികത്തു കൂടെ കടല്‍ ഞണ്ടുകള്‍ കുഴിതേടി പാഞ്ഞോടണം.  നിലാവെളിച്ചത്തില്‍ കുസൃതിഞണ്ടുകള്‍ കരയില്‍ കളിച്ചോടി, കേറി വരുന്ന തിരകള്‍ക്കുള്ളിലേക്ക് ഊളിയിട്ടു പായണം.കടല്‍തിരകള്‍ ഒന്നിന് പിറകെ മറ്റൊന്ന് വന്ന്, തിരിച്ചു'പോകുമ്പോള്‍ അവളെ കളിയാക്കണം.............. '  ദീനാമ്മ തോമായുടെ വീട്ടിലെ പുതുപ്പെണ്ണാണെങ്കിലും പുതിയ വീട്ടില്‍ വയറൊഴിയാന്‍ കടപ്പുറമില്ലാതായി.

ദീനാമ്മക്ക് തിരിച്ചു പോകണം. അവള്‍ക്ക് കടല്‍ത്തീരം തന്നെ വേണം. എല്ലാം കഴിഞ്ഞ് ദേഹം ശുദ്ധമാക്കാന്‍ തിരകള്‍ തന്നെ വേണം.
       
         xx            xx                   xx              x x

പാതിരാവില്‍ കടല്‍ക്കാകള്‍ ഒഴിഞ്ഞ കടപ്പുറത്ത് കടലിന്റെ ഇരമ്പല്‍ കേള്‍ക്കാം. അവള്‍ നടന്നു. ആ  പാതിരാവില്‍ ഒറ്റയ്ക്ക്.  കടല്‍ക്കാറ്റ് ദീനാമ്മയുടെ കണ്ണുകളെ കൂടുതല്‍ ഉപ്പു രസമുള്ളതാക്കി..ദീനാമ്മ കടലരികത്തായി.   അവളുടെ കാലുകള്‍ കരിമണ്ണില്‍ പുതഞ്ഞു. ഇണചേരാന്‍ വെമ്പുന്ന ഞണ്ടുകള്‍ അവള്‍ക്ക് ചുറ്റും പരതി നടന്നു .കടല്‍ക്കാറ്റ് എഴുകരക്കപ്പുറമുള്ള കഥകള്‍  മൂളി. ദീനാമ്മ അപ്പോള്‍ ഒന്നു ചിരിച്ചു.തിരകള്‍ക്കിടയില്‍ ഒരിടം കണ്ടെത്തി  അവള്‍.

ഷെമ്മാന്‍ പത്രാസ്  ഇതിനകം കര്‍മ്മിലിയെ ജീവിതത്തിലേക്ക് ഭാര്യയായി  ലയിപ്പിച്ചിരുന്നു.
Rolland Aroor
Alappuzha