പറയാന്‍ മറന്നത് | ജയന്‍ കല്ലറ



യാത്ര തുടങ്ങിയിട്ടേറെയായ്
നിന്നോടു ചൊല്ലുവാനെന്തോ മറന്നപോലെ
പിന്തിരിഞ്ഞെത്താന്‍ കഴിയുവാനാകാത്ത
കാതങ്ങള്‍ താണ്ടിക്കുഴഞ്ഞുപോയെങ്കിലും
നിന്നോടു ചൊല്ലുവാനെന്തോ മറന്നപോലെ.

ദേശദേശാന്തര ഗമനങ്ങളില്‍
കാമമോക്ഷം തേടിയ നാളുകളില്‍
വശ്യസുരഭികള്‍ വിപ്ലവ ബീജങ്ങള്‍
വന്ധ്യതയാര്‍ന്നുള്ളിലന്നൊടുങ്ങുമ്പൊഴും
ഓര്‍മ്മകള്‍ക്കുള്ളിലെ ഊടുവഴിയിലെ
കനകാംബരങ്ങള്‍ ചിരിക്കുന്ന വേലിയില്‍
കഥകള്‍ മണക്കുന്ന കാറ്റു വീശുമ്പോള്‍
നിന്നോടു ചൊല്ലുവാനെന്തോ മറന്നപോലെ.

ആറ്റുവക്കിലന്നന്തിക്കരയാലിന്‍
ചോട്ടില്‍ നിന്നെയും കാത്തു നിന്നപ്പോള്‍
കൂട്ടുകാരികള്‍ക്കൊപ്പം കടവിലെ
കല്പടവുകള്‍ മെല്ലെക്കയറിനീ
കാട്ടുമുല്ലകള്‍ പൂത്തവഴിയിലൂടൊന്നു
നോക്കാതെ പുഞ്ചിരിക്കാതെ പോയ്.
വ്രണിത ഹൃദയം വേരറ്റ ചിന്തകള്‍
ദിക്കുതെറ്റിയുഴറുന്ന കാഴ്ചകള്‍
പ്രളയമേറിച്ചെറിയ തുരുത്തുകള്‍
പ്രകൃതിയില്‍ നിന്നു മാഞ്ഞുപോകുമ്പോലെ
മധുരമജ്ഞാതമായ വികാരങ്ങള്‍
ഒരു നെടുവീര്‍പ്പിലാകെയമര്‍ന്നു പോയ്.

കാലവൃക്ഷത്തില്‍ നിന്നുമൊരുദലം
ചക്രവാളച്ചരിവില്‍ കൊഴിഞ്ഞതും
മലയിറക്കമായ് കലിപൂണ്ട തെയ്യംപോല്‍
പേമാരിയപ്പോള്‍ കരിമ്പട്ടു ചുറ്റി
വെള്ളിവാളൊന്നുയര്‍ത്തിച്ചുഴറ്റി
ഇടിമുഴക്കച്ചിലങ്ക കിലുക്കി 
ആടിത്തിമര്‍ത്തവള്‍ വന്നുപോയി
ദൂരെ ദൂരേക്കകന്നുപോയി
പെയ്‌തൊഴിഞ്ഞ മഴക്കാറു തൂവിയ
കുളിരു വന്നെന്റെ കവിളില്‍ തൊടുമ്പൊഴും
ഉള്ളിലെ പെരുമഴയത്തു നോവിന്റെ
വെള്ളിടി വെട്ടമായ്‌ത്തെളിഞ്ഞത്
നിന്നോടു ചൊല്ലുവാനെന്തോ മറന്നപോലെ.

തെളിനിലാവെഴുതിയ മായികരാവിന്റെ
തരളിത ഭാവങ്ങളുന്മത്തമാക്കുവാന്‍
കൈതപൂത്തൂ കടമ്പുപൂത്തൂ
കടവിലൊരുകിളി പാട്ടുപാടി.

അവള്‍ പിന്നിട്ടവഴിയിലൂടേകനായ്
ഞാനെന്റെ സ്വപ്നങ്ങള്‍ക്കുള്ള കടിഞ്ഞാണ്‍ തഴഞ്ഞതും
കാട്ടുമുല്ലകള്‍ കാറ്റുമായെന്തോ
കളിപറഞ്ഞെന്നെ നോക്കിച്ചിരിച്ചു.

അവളെന്തെടുക്കയാമവളെന്റെ 
പ്രിയയവള്‍ക്കരികിലെത്താനിപ്പോള്‍ ചിറകില്ലല്ലോ
അവളുറങ്ങുമ്പോളദൃശ്യനായ്
ജാലക വാതില്ക്കലെത്താന്‍ കഴിയില്ലല്ലോ.

ജാതിക്കൊരുമതില്‍ മതത്തിന്ന് മറ്റൊന്ന്
സമ്പന്നതക്കൊരു വന്മതിലങ്ങനെ
മതിലുകളില്ലാത്ത ലോകത്തിലിനിയൊരു
ജന്മമുണ്ടെങ്കില്‍ ഞാന്‍ ചൊല്ലിയേക്കാം
അന്നരികില്‍ നീ കാതോര്‍ത്തിരിക്കുവാനെത്തുകില്‍
ഒന്നും മറക്കാതെ ചൊല്ലിയേക്കാം.

വിജനമീ വീഥിയില്‍ തണല്‍ കൊഴിഞ്ഞൊരു മരം
ഏതോ നിനവില്‍ ലയിച്ചു നില്‌ക്കേ
വിറയാര്‍ന്ന നിഴലുമായ്
വ്യഥിതനാം പഥികന്‍ ഞാന്‍
ലക്ഷ്യമറ്റലയുമീ വേളയിലും
ഉള്ളില്‍ നിന്നാരോ സ്വകാര്യമായ് മൊഴിയുന്നു
നിന്നോടു ചൊല്ലുവാനെന്തോ മറന്നപോലെ...
--------------------
©jayan kallara

Post a Comment

0 Comments