പരസ്പരം ആശയ വിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഭാഷ ഭാഷകള്‍ക്ക് മനുഷ്യ രാശിയോളം പഴക്കമുണ്ട്. കാലാകാലങ്ങളില്‍
ഭാഷകളില്‍ പുതിയ പദങ്ങളും ചിഹ്നങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.ലോകത്തിലുള്ള ഇരുനൂറോളം രാജ്യങ്ങളില്‍ വിവിധ ഭാഷകള്‍ പ്രചാരത്തിലുണ്ട്. പാശ്ചാത്യര്‍ ഇംഗ്ലീഷ് ഭാഷയും അതിന്റെ ഉപ ഭാഷകളും ഉപയോഗിക്കുമ്പോള്‍ മധ്യേഷ്യയില്‍ അറബി ഭാഷക്കാണ് മുന്‍തൂക്കം. നമ്മുടെ രാജ്യത്തു എറ്റവും കൂടുതല്‍ ഭാഷ ഉപയോഗിക്കുന്നു എന്ന പ്രത്യേകത എടുത്തു പറയേണ്ടിയിരിക്കുന്നു. കൂടാതെ വേദ ഗ്രന്ഥങ്ങളും ഉപനിഷത്തുകളുമെല്ലാം എഴുതിയിരിക്കുന്ന സംസ്‌കൃത ഭാഷ നമ്മുടേതാണെന്നതില്‍ നമുക്കഭിമാനിക്കാം.
ഇന്ന് സംസാര ഭാഷയായി സംസ്‌കൃതം ആരും ഉപയോഗിക്കുന്നില്ലെങ്കിലും സാരമായ താരതമ്യമുള്ള ഹിന്ദി, ഉറുദു, തെലുങ്ക് ഭാഷകള്‍ ഇന്ത്യയില്‍ ധാരാളം സംസാരിക്കുന്നവരുണ്ട്. ലോകത്തിലെ ആദ്യത്തെ സംസ്‌കാരമായ മെസൊപൊട്ടോമിയന്‍ സംസ്‌കാരം ഉടലെടുത്തത് യൂഫ്രട്ടിസ്, ടൈഗ്രീസ് നദീ തീരങ്ങളില്‍ നിന്നുമാണ്. അറബി ഭാഷയില്‍ നിന്നുളള നിരവധി പുസ്തകങ്ങള്‍ ഈ സംസ്‌കാരത്തിന്റെ ഭാഗമായിട്ട് ഉണ്ട്. അതു മാത്രമല്ല ഇന്ത്യ മഹാരാജ്യത്തു നിന്നും ഉടലെടുത്ത സിന്ധു നദീതട സംസ്‌കാരം അഥവാ ഹാരപ്പ മോഹന്‍ജെദാരോ സംസ്‌കാരത്തില്‍ നളന്ദയും തക്ഷശിലയും എന്ന സര്‍വകലാശാലകള്‍ തന്നെ ഉണ്ടായിരുന്നു. സംസ്‌കൃത ഭാഷയിലെഴുതിയ വിവിധ ഗ്രന്ഥങ്ങള്‍ ഇവിടെയും ഉണ്ടായിരുന്നു.
ഏതായാലും ഒരു ജനതയുടെ സാംസ്‌കാരിക മുന്നേറ്റം എന്നത് കലയും സാഹിത്യവും അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ്. ഇതില്‍ കലയും സാഹിത്യവും നില കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ നാടകാചാര്യന്‍ വില്യം ഷേക്‌സ്പിയര്‍ വരെയുള്ളവരെ നാം കാലാകാലങ്ങളില്‍ വായിച്ചെടുത്തത് അവരെഴുതിയ വിവിധ ഭാഷയിലെ ഗ്രന്ഥങ്ങളില്‍ നിന്നു തന്നെയാണ്. മാത്രമല്ല ഭാഷയുടെ അനന്ത സാധ്യതകള്‍ നമുക്ക് മുമ്പില്‍ തുറന്നിട്ട ആയിര കണക്കിന് മഹാരഥന്മാര്‍ ജീവിച്ചു മരിച്ച ഈ ഭൂമിയുള്ളിടത്തോളം അവരുടെ രചനകളോ ഭാഷ പ്രയോഗങ്ങളോ ഏതു ഭാഷയിലായാലും നിലനില്‍ക്കുന്നത് നമമുടെ സംസ്‌കാരവുമായി ഭാഷക്കുള്ള ഇഴയടുപ്പം കൊണ്ടു തന്നെയാണ്.
എന്നാല്‍ കൊച്ചു കേരളം മുതല്‍ അന്താരാഷ്ട്രതലം വരെ വര്‍ത്തമാന കാലത്തു വളച്ചൊടിച്ചു ഭാഷ ഉപയോഗിക്കുകയോ നിഘണ്ടുവിലില്ലാത്ത ചീത്ത വര്‍ത്തമാനങ്ങള്‍ ഉപയോഗിക്കുകയോ അര്‍ത്ഥമില്ലാത്ത സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തതും സമൂഹത്തിലെ അധഃസ്ഥിതരെ ഉള്‍പ്പടെ മനഃപൂര്‍വം അപമാനിക്കത്തക്കതരത്തില്‍ ഭാഷാ പ്രയോഗങ്ങള്‍ ഭരണ ചക്രത്തില്‍ വിവിധ പദവികളില്‍ വഹിക്കുന്നവരുള്‍പ്പടെ പ്രയോഗിക്കുമ്പോള്‍ സംസ്‌കാരമില്ലായ്മ തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഏതൊരു നാടിനെയും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാകുന്നത് ആ നാടിന്റെ ഭാഷയും സംസ്‌കാരവും അനുസരിച്ചാണ് എന്ന് സാമാന്യമായി പറയാം. നല്ല വാക്കും ചെമ്മാന്തരവുമില്ലാതെ ആര് എവിടെയെത്തിയാലും അവര്‍ സമൂഹത്തിനു ബാധ്യതയാണ്...
0 Comments