ചായ | കവിത | രാജ് കുമാര്‍ തുമ്പമണ്‍



തിളയ്ക്കുന്ന വെള്ളത്തില്‍
പഞ്ചസാരയും തേയിലയും
ആടിത്തിമര്‍ക്കുന്നു
പാലിനായ് കാത്തിരിക്കുന്നു
പ്ലേറ്റിലെ പരിപ്പുവടയ്ക്കരികില്‍
ഗ്ലാസ്സിലെ ബാഷ്പങ്ങളില്‍
വിപ്ലവം പുകയുന്നു.

പത്രത്താളിലെ തലക്കെട്ടുകള്‍ക്കൊപ്പം
ചായക്കടയില്‍
ഒരിറുക്കു ചായക്കൊപ്പം
ചര്‍ച്ച വിളമ്പുന്നു.

പെണ്ണുകാണാന്‍ പോയ ചെക്കന്‍
ചായക്കോപ്പയില്‍
ജീവിതത്തിന്റെ
ചിത്രം വരയ്ക്കുന്നു.

ഉണര്‍ന്നെണീക്കുമ്പോള്‍
ഒരുകപ്പു ചായ
ബലഹീനതയായിത്തുടരുന്നു.

ആരോ ഉപേക്ഷിച്ചുപോയ
തണുത്ത ചായയില്‍
ഒരീച്ചയുടെ ജഡം
പൊന്തിക്കിടക്കുന്നു.

തിരക്കൊഴിഞ്ഞ
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍
നിശ്ശബ്ദതയെ കീറിമുറിച്ച്
ആരോ വിളിക്കുന്നു
ചായ് ചായേ...
- - - - - - - - - - - - - - - - - - - - - - - - - - - 
© Rajkumar Thumpamon

Post a Comment

1 Comments