രമേശന്‍ നായര്‍ അനുസ്മരണം | അനില്‍ നീര്‍വിളാകം

ramesha-nair-anusmaranam-anilneervilakam


പ്രശസ്ത മലയാളം കവിയും, ഗാന രചയിതാവുമായ എസ്. രമേശന്‍ നായരുടെ നിര്യാണ വാര്‍ത്ത ഒരുപാട് വേദനയോടെയാണ് കേള്‍ക്കാനായത്. അസുഖബാധിതന്‍ ആയിരുന്നു എന്നറിയുമായിരുന്നു എങ്കിലും ഈ വിയോഗം അപ്രതീക്ഷിതമായിരുന്നു. 

2018-ല്‍ അദ്ദേഹം ബഹ്റൈന്‍ സന്ദര്‍ശിക്കുകയുണ്ടായി. മലയാളക്കരയിലെ അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകള്‍ മാനിച്ച് ബഹ്റിനിലെ Kerala Social and Cultural Association (NSS Bahrain) ആ വര്‍ഷത്തെ മന്നം അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു നല്‍കിയത്. അതുവാങ്ങാന്‍ അദ്ദേഹത്തിന്റെ മകന്‍, സംഗീത സംവിധായകന്‍ മനുവുമായി ആയിരുന്നു ബഹറിനില്‍ എത്തിയത്. ബഹ്റൈന്‍ യാത്രക്ക് ബിസിനസ് ക്ലാസ് എടുക്കാം എന്ന് ഭാരവാഹികള്‍ പറഞ്ഞപ്പോള്‍ വളരെ സ്‌നേഹത്തോടെ അത് വേണ്ട ഇക്കോണമി ക്ലാസ് മതി എന്ന് പറഞ്ഞ ഇത്രയും സാധാരണക്കാരനായ ഒരു പ്രശസ്തനെ അന്ന് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. വളരെ നിര്‍ബന്ധിച്ചാണ്  അദ്ദേഹത്തെ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യിച്ചത്. പിന്നീട് എന്റെ ക്ഷണം സ്വീകരിച്ച് എന്റെ വീട്ടില്‍ വരികയും, ഞാന്‍ അദ്ദേഹത്തെ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും മറ്റും ചെയ്തു. അമ്പല നടയില്‍ നിന്ന് ഭഗവാനെ വര്‍ണ്ണിച്ച് രണ്ടു വരി എഴുതി നല്‍കിയതും ഒരു നിധിയായി ഞാന്‍ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെകൂടെ എനിക്ക് കിട്ടിയ കുറേ നിമിഷങ്ങള്‍ എന്റെ ഓര്‍മ്മയിലെ അമൂല്യ ശേഖരങ്ങള്‍ തന്നെ. ഒരച്ഛന്റെ സ്‌നേഹലാളനയോടെ കുറെ നേരം അദ്ദേഹവുമായി ഇടപെടാനായി എന്നത് എന്റെ കുടുംബത്തിന്റെ ഒരു സൗഭാഗ്യമായി ഞാന്‍ കരുതുന്നു. 

എത്രയെത്ര ഭക്തിഗാനങ്ങളാണ് അദ്ദേഹം മലയാളി മനസ്സുകളില്‍ സ്വര്‍ണ ലിപികളാല്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.  എഴുതിയിട്ട അതിമനോഹരങ്ങളായ സിനിമാഗാനങ്ങളും നമുക്കൊരിക്കലും മറക്കാനാകില്ല. അദ്ദേഹത്തിന്റെ വിയോഗം ഓരോ മലയാളികളുടേയും തീരാനഷ്ടമാണ്. പുതു തലമുറ അദ്ദേഹത്തിന്റെ ജീവിതം പഠന വിഷയം ആക്കണം എന്നാണെന്റെ അഭിപ്രായം.  ആ പുണ്യാത്മാവിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ എന്റെയും കുടുംബത്തിന്റെയും ബാഷ്പ്പാഞ്ജലികള്‍.

അനില്‍ നീര്‍വിളാകം

Anil-neervilakom

Post a Comment

0 Comments