പാതിരാവിന്‍ വിരിപ്പില് നിന്നെയോര്‍ത്തു
പേരറിയാ നോവു തിന്നണ പാട്ട്.
ഇവിടെ കാതരയാം വേട്ട പെണ്ണിന്‍
കരളില് ചാവു ചിന്തവട്ടം ചുറ്റുന്നു.
പതുങ്ങി നിന്നുടല് നേടണ വിരുതില്
വിതുമ്പി നില്‍ക്കെയുരുണ്ട് വീഴണ് കണ്ണീര്.
ഭീതികൊണ്ടു വാക്കു പൂട്ടിയ ചുണ്ടിണകള്‍
ഓതിയില്ലയുളളിന്നുള്ളില്‍ ആളി നിന്ന
ആധി മൂത്ത ഓര്‍മ്മ മൂടിയ ജീവിതം.
വക്കുടഞ്ഞു വാക്കു തെറ്റിച്ചുവടു മാറിയ
നിന്നെയോര്‍ത്തു പകലിരവിന്‍ ചെത്ത
കൊമ്പില് കൂമ്പി നില്‍ക്കും പെണ്ണുരുത്തി.
സുഖം പെരുക്കണൊരുലയില് ഊതിയൂതി
ഉരുക്കി നീട്ടിയൊരിരുമ്പ് പോലെ
അടിമുടിയുരുകി നീണ്ട പെണ്ണൊരുത്തി.
രാകി രാകി മൂര്‍ച്ചകൂട്ടിയൊരുടലില്
തോറ്റ പ്രാണന്റെ പിടച്ചിലൊന്നും കണ്ടില്ല.
കാട്ടരുവി പതഞ്ഞു തുളളി പാഞ്ഞു
പോകണ വേഗത്തില്‍ കരളെടുത്തു
കുത്തൊലിക്കണ് തുടു തുടുത്ത വേദന.
ഒറ്റമരത്തണലു പോലെ പെരുവഴിയായോള്‍.
വേരെടുക്കണ മഴയിലും ഉയിരെടുക്കണ
വെയിലിലും ഉടലിളക്കണ നോട്ടക്കാറ്റിലും
മാര്‍ഗ്ഗം തെറ്റി താളം തെറ്റി ഉളളടരുന്നു.
മുഴുത്ത ദേഹകാന്തി മാത്രം കണ്ട നിന്നെ
കൊഴുത്ത സ്‌നേഹ ചൂടു പറ്റിച്ച രാത്രിയോര്‍ത്തു
ഊരറിയാ നോവു തിന്നണ പാട്ട്.
കുടിയിലെയിരുളിലിന്നു നെടിയ മോഹ
തിരിയെരിയണ നേരത്ത് പുതിയ
ജീവിത പെരുക്കം കണ്ട് മദിച്ചു നില്‍പ്പു നീ.
നിന്റെ നേരറിയാ നോവറിയാ മനസ്സിനുളളില്‍
പൊള്ളി തീരണൊയിരുമായി നിത്യം
ഓര്‍ക്കെയോര്‍ക്കെ പ്രാകി തീര്‍ക്കണ് ജീവിതം.
അടക്കിയടക്കി ഉറക്കം കെട്ട രാത്രി പോകെ
കടുത്ത നോവുകള്‍ വാരിക്കെട്ടി വെളിച്ചം
വീഴണ പകലിടങ്ങളില്‍ ചുവന്ന് നില്‍ക്കണ്.
1 Comments
👍
ReplyDelete