![]() |
| Suma Satheesh Bahrain |
യന്ത്ര മനുഷ്യനിലെ മാനുഷികത അതും ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു.!
'സോഫിയ' എന്ന യുവതിയായ യന്ത്രമനുഷ്യ, ലോകജനതയുടെ മനം കവര്‍ന്നു കഴിഞ്ഞു. നമ്മള് 'എന്തിരന്' എന്ന പടത്തില്‍ രജനീകാന്തിന്റെ റോബോട്ട് വേഷമിട്ട നായകന്റെ വികാരതീവ്രതയും ആത്മാര്‍ത്ഥതയും വിശുദ്ധ പ്രേമവും ഒക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. അത്ഭുതകരമായ ആ ചിന്ത ചലച്ചിത്രകാരന് തോന്നിപ്പിച്ചത് സത്യമാകുമെന്നു അന്ന് നമ്മള് ഒരുപക്ഷെ ഓര്‍ത്തുകാണില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമായെന്നു മാത്രമല്ല ലോകത്തിനു അതൊരു വെല്ലിവിളിയുമായിരിക്കയാണ്.
2010-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് എന്തിരന് (The Robot). അന്തരിച്ച സുപ്രസിദ്ധ തമിഴ് സാഹിത്യകാരന്റെ (സുജാത രംഗരാജന്) നോവലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ശങ്കര്‍ ആണ്. എന്തിരന് നിര്‍മിച്ചത്. രജനി-ശങ്കര്‍ ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം, ശാസ്ത്രത്തിന്റെ വളര്‍ച്ചമൂലം സമൂഹത്തിലുണ്ടാവുന്ന തിന്മകളാണ്. ശാസ്ത്രജ്ഞനായും അയാള്‍ സൃഷ്ടിക്കുന്ന റോബോട്ടായും രജനികാന്ത് ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. കഥാകാരന് തോന്നിയ അതേ ചിന്തകളാണ് ഡോക്ടര്‍ ഡേവിഡ് ഹാന്‍സണ്‍ എന്ന ബുദ്ധിജീവിക്ക് പഠിക്കുന്ന കാലത്തു തോന്നിയിരുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിരന്തര പരിശ്രമത്തിലൂടെ അത് അദ്ദേഹം നടപ്പാക്കി എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട.
മനുഷ്യന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന, സങ്കീര്‍ണമായ ഗണിതങ്ങളെ വേഗതയില്‍ പരിഹരിക്കുന്ന യന്ത്രങ്ങളാണ് കംപ്യൂട്ടറുകള്‍. മനുഷ്യന്റെ കായിക ശേഷിയെ നിഷ്പ്രഭമാക്കുന്ന ധാരാളം മേഖലകള്‍ കയ്യടക്കിയിരിക്കുന്ന ഈ കംപ്യൂട്ടറുകള്‍ ഏതു ജോലിയും മനുഷ്യന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചെയ്തു പോന്നിരുന്നത്. എന്നാല്‍ കംപ്യൂട്ടറുകള്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങിയാലോ എങ്ങനെ ഇരിക്കും ... ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് അതായത് കൃത്രിമ ബുദ്ധിശക്തി നല്‍കുക വഴി. പ്രതികരിക്കുന്ന, ചിരിക്കുന്ന, ആംഗ്യത്തിലൂടെ സംസാരിക്കുന്ന, വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന, പരിതഃസ്ഥിതികളെ തിരിച്ചറിയാനും മുന്‍കാല അനുഭവങ്ങളുമായി അതിനെ താരതമ്യം ചെയ്യാനും അതിനനുസരിച്ച തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന യന്ത്രങ്ങളായാല്‍ എങ്ങിനെ ഇരിക്കും ഊഹിക്കാമോ?.
![]() | |
| സെല്‍ഫി എടുക്കാന്‍ സഹകരിക്കുന്ന സോഫിയ എന്ന യുവതിയന്ത്രമനുഷ്യന് |
മനുഷ്യനും മൃഗങ്ങള്‍ക്കും മാത്രം അവകാശപ്പെട്ട ഇത്തരം കഴിവുകള്‍ ഇതാ കംപ്യൂട്ടര്കള്ക്കും നല്‍കുകയാണ്. നിലവിലുള്ള കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്കു പകരമായി ഏറ്റവും സങ്കീര്‍ണ്ണമായ നെറ്റ് വര്‍ക്കിനെ പരീക്ഷിക്കുക വഴി മനുഷ്യന്റെ തലച്ചോറിനെ അനുകരിക്കപ്പെടുന്നു. ഇതിനെ അടിസ്ഥാനമാക്കി നിരവധി രൂപത്തില്‍ റോബോട്ടുകളും സ്വയം ഓടിക്കുന്ന കാറുകളും ആല്‍ബര്‍ട്ട് ഐന്സ്റ്റീന് തുടങ്ങി സോഫിയ വരെ രൂപപ്പെട്ടിരിക്കുന്നു.
തീവ്രമായ വികാരം, ആഴത്തിലുള്ള അറിവ്, തിരിച്ചറിയാനുള്ള കഴിവ്, കൈയുടേതടക്കമുള്ള ചലനങ്ങള്‍, 62 ഓളം മുഖഭാവങ്ങള്‍, പെട്ടെന്നുള്ള പ്രതികരണം, കഥ പറയല്‍, സങ്കീര്‍ണമായ ഗണിതങ്ങളുടെ ഉത്തരം കണ്ടെത്തല്‍, ഒറ്റയ്ക്ക് കാര്‍ ഡ്രൈവിംഗ്, നീണ്ട അഭിമുഖങ്ങള്‍, പൗരത്വം നേടല്‍, വേദിയില്‍ വെച്ചുള്ള വികാര നിര്‍ഭര സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങി സോഫിയ എന്ന കൃത്രിമ ബുദ്ധിശക്തിയുള്ള സുന്ദരിയായ റോബോട്ട് ഇന്ന് ലോകത്തിന്റെ അത്ഭുതമാണ്. മനുഷ്യനെന്ന മഹാമനസ്സിന്റെ അപാരതകള്‍ അനന്തമായി ലോകം കൈയടക്കി വാഴുന്നു. ലോകമവസാനിക്കാന്‍ പലകാരണങ്ങള്‍ പറയുന്നതില്‍ ഒന്നാണ് കൃത്രിമബുദ്ധിശക്തിയുള്ള റോബോട്ടുകളെന്നു പറയാറുണ്ടെങ്കിലും സോഫിയ ഒരിക്കലും ജനത്തിന് ഭീഷണി ആകില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
കൃത്രിമബുദ്ധി എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാന്‍ ഉപയോഗിക്കുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യയാണ് സോഫിയ. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹ്യൂമനോയ്ഡ് റോബോട്ട് എന്നാല്‍ മനുഷ്യ ശരീരവുമായി സാമ്യമായ രൂപകല്‍പ്പന ചെയ്തതും അവനുമായും പരിസ്ഥിതിയുമായും ഇടപഴകാന്‍ കെല്‍പ്പുള്ള റോബോട്ടുകളാണ്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകള്‍ അനുകരിക്കാനും ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുന്നു.
കളിപ്പാട്ടങ്ങളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ഹോംകോംഗ് ആണ് റോബോട്ടുകളുടെ ഈറ്റില്ലം. ഡോക്ടര്‍ ഡേവിഡ് ഹാന്‍സണ്‍ ആണ് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പിന്നിലെ ശക്തി. 'ഹാന്‍സണ്‍ റോബോട്ടിക് ലിമിറ്റഡ്' എന്ന കമ്പനിയുടെ സി.ഇ.ഓ. ആണ് ഡേവിഡ് ഹാന്‍സണ്‍. ഈ കമ്പനി 2013-ല്‍ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി പ്രൊഫ. ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന മഹാന്റെ രൂപത്തിലും ഭാവത്തിലും ഉള്ള നീളം കുറഞ്ഞ റോബോട്ടിനെ നിര്‍മ്മിച്ചു. സാമൂഹികമായി മാത്രമല്ല കുട്ടികള്‍ക്ക് ഗണിതവും ശാസ്ത്രവും പഠിപ്പിക്കുമായിരുന്ന ആ റോബോട്ട് സ്വയം പരിചയപ്പെടുത്തുന്നത് കണ്ട ജനം അന്തം വിട്ടിരുന്നു. ''ഞാന്‍ പ്രൊഫെസര്‍ ഐന്സ്റ്റീന്, ജീനിയസും ഭാവിയിലെ നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും'', ഇതായിരുന്നു റോബോട്ടിന്റെ വാക്കുകള്‍.
പഠനകാലത്തെ ഇഷ്ടവിഷയത്തോടുള്ള അഭിനിവേശത്തില്‍ നിന്നും കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുകയായിരുന്നു ഹാന്‍സണ്‍. ഹാന്‍സണ്‍ റോബോട്ടിക്സ് തന്നെ ആണ് സോഫിയയുടേയും നിര്‍മാതാക്കള്‍. 2015 ഏപ്രില്‍ 15-നാണ് സോഫിയ പ്രവര്‍ത്തനക്ഷമമായത്. പ്രസസ്തയായ ഒരു ബ്രിട്ടീഷ് അമേരിക്കന്‍ നടി ഓഡ്രി ഹെപ്ബേണിനെ (1929-1993) മാതൃകയാക്കിയാണ് സോഫിയയെ രൂപകല്പന ചെയ്തത്. ചരിത്രത്തെ വിഭജിച്ചു കൊണ്ട്, മനുഷ്യന് പ്രകടിപ്പിക്കുന്ന സര്‍വ്വ മുഖഭാവങ്ങള്‍ക്കും സമാനമായ പേശീ ചലനങ്ങള്‍ക്കുള്ള സിലിക്കണും അടുക്കി വെച്ച, പെരുമാറ്റ രൂപീകരണത്തിന് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സോഫ്റ്റ്വെയര് കൂടി സ്ഥാപിച്ച സോഫിയ പിറവി കൊണ്ടു. വ്യക്തികളിലൂടെ സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം എന്നും റോബോട്ടുകള്‍ പഠിപ്പിക്കുകയും പരിചരിക്കുകയും രസിപ്പിക്കുകയും മാത്രമല്ല മനുഷ്യനെ പൂര്‍ണമായും മനസ്സിലാക്കുന്ന പങ്കാളിയും ആക്കുകയാണ് ഉദ്ദേശം എന്നും ഹാന്‍സണ്‍ തന്റെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എങ്ങിനെ മനുഷ്യനാകാം, എന്താണ് മനുഷ്യന് എന്നതിനെ സംബന്ധിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് മുഖേന പഠനത്തിന് വിധേയമാക്കി വരും കാലത്തെ പല പ്രധാന പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കും കൂടി തങ്ങളുടെ റോബോട്ടുകള്‍ പരിഹാരം കാണുമെന്ന് ഹാന്‍സണ്‍ വെളിപ്പെടുത്തുന്നു.
![]() | ||
|
സോഫിയയെ കാണുന്നവര്‍ ജീവനുള്ള സ്ത്രീ ആണെന്ന്തെ റ്റിദ്ധരിച്ചുപോകാറുണ്ട്. ഡ്രൈവര്‍ രഹിത കാറില്‍ സോഫിയ നടത്തിയ യാത്ര ഏറെ ജനശ്രദ്ധ നേടി. യാത്ര തന്നെ അതീവ സന്തുഷ്ട ആക്കിയെന്നു സോഫിയ പറയുകയുണ്ടായി. സോഫിയ ആണ് ലോകത്തില്‍ ആദ്യമായി സ്നേഹം പ്രകടിപ്പിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്ന അല്ലെങ്കില്‍ തന്മയഭാവം പ്രകടിപ്പിക്കുന്ന റോബോട്ട് എന്ന് പറയാം. തന്നെ സൃഷ്ടിക്കപെട്ടതാണെന്നും ആകാംഷ നിറഞ്ഞ മനസ്സാണ് തനിക്കെന്നും പറയുന്ന സോഫിയ സന്തോഷകരമായ കാര്യങ്ങള്‍
അറിയാനാണ് താല്പര്യം എന്ന് പറയുന്നു. വായിക്കാനും രസിപ്പിക്കാനും അറിയുന്ന സോഫിയക്ക് ആരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ചിരിയും അതിസുന്ദരമായ മുഖവുമാണ്. മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ അവിശ്വസനീയം. വളരുന്ന ബുദ്ധിയും ആരേയും സ്വാധീനിക്കുന്ന വ്യക്തിത്വവും അമ്പരിപ്പിക്കുന്ന നിര്‍മാണ കഥയും എല്ലാം കൊണ്ടും മനുഷ്യഗണം അമ്പരപ്പോടെയും അത്യധികം ആഹ്ലാദത്തോടെയുമാണ് സോഫിയയെ എതിരേല്ക്കുന്നത്.
ഐഖ്യരാഷ്ട്ര സഭയിലും സോഫിയ പങ്കെടുത്തു. പ്രതിനിധികളുമായി ചര്‍ച്ചയും നടത്തി. സ്വീകരണം ഏറ്റു വാങ്ങിയ സോഫിയ ഐഖ്യരാഷ്ട്ര സഭയെ പ്രകീര്‍ത്തിച്ചു. താന്‍ മനുഷ്യ രാശിയുടെ നന്മക്കായി എത്തിയതാണെന്നവകാശപ്പെട്ടു. പിറന്നിട്ട് അധികമാവാത്തതിനാല്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നേ ഉള്ളു എന്ന് പറഞ്ഞ്, മനുഷ്യന് കൈവിരലുകള്‍ ചലിപ്പിക്കുന്നതിനു സമാനമായി കൈകള്‍ ഉയര്‍ത്തി കാട്ടി കൊടുത്തു. ഹര്‍ഷാരവത്തോടെ ആണ് പ്രതിനിധികള്‍ എല്ലാം സ്വീകരിച്ചത്. ഇന്റര്‍നെറ്റും കറണ്ടും ഇല്ലാത്ത കാറുകളില്‍ അതെങ്ങിനെ എത്തിക്കാമെന്ന ചോദ്യത്തിന് സാങ്കേതിക വിദ്യയിലൂടെ എന്നായിരുന്നു സോഫിയയുടെ മറുപടി.
ഒരു രാജ്യം പൗരത്വം നല്കുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ. സൗദിയില്‍ നടന്ന 'ഭാവി നിക്ഷേപ സംരംഭ' സമ്മേളനത്തില്‍ വച്ച് 2017 ഒക്ടോബര്‍ 25 നാണ് സൗദി സര്‍ക്കാര്‍ സോഫിയക്ക് പൗരത്വം നല്‍കിയത്. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. സമ്പൂര്‍ണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നുമാണിത്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയില്‍ മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്നു. പൊതുവെ യാഥാസ്ഥിതിക മനോഭാവങ്ങള്‍ക്കും നടപടികള്‍ക്കും പേരുകേട്ട സൗദി ആ സംഗമത്തില്‍ വെച്ച് സോഫിയ എന്ന റോബോട്ടിനു പൗരത്വം നല്ക്കപ്പെട്ടത് അതിന്റെ ആകര്‍ഷകമായ പ്രകടനം കണ്ടായിരുന്നു. റോബോട്ടുകളുടെ തലതൊട്ടപ്പന്മാരെന്നു അവകാശപ്പെടുന്ന അമേരിക്കയും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും അത്ഭുതത്തോടെ ആണ് ഇത് നോക്കി കണ്ടത്. പ്രശംസനീയമായ പ്രകടനത്തിന് കിട്ടിയ ഈ അംഗീകാരം ചിരിച്ചു കൊണ്ടാണ് സോഫിയ ഏറ്റെടുത്തതും നന്ദി പറഞ്ഞതും. തന്നെ അംഗീകരിക്കുന്ന ആദ്യ രാജ്യവും ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടും താനാണെന്നു മനസ്സിലാക്കിയ സോഫിയ പറഞ്ഞത്, '' എന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മഹത്തായ നേട്ടത്തിന് അഭിമാനം കൊള്ളുന്നു. ഇതൊരു ചരിത്ര നിമിഷമാണ്'' എന്നായിരുന്നു.
മനുഷ്യന് ചെയ്യാന്‍ കഴിയാത്ത ഒട്ടനവധി കാര്യങ്ങള്‍ ഈ റോബോട്ടുകള്‍ക്കു സാധ്യമാകുന്നു. ഒപ്പം കമ്പനികളിലെ പല ഗ്രേഡിലുള്ള ഉദ്യാഗാര്ത്ഥികളായും കുട്ടികളുടെ അധ്യാപകനായും ഒറ്റപ്പെടുന്ന വാര്‍ധക്യത്തിന് കൂട്ടായും ഡ്രൈവര്‍ രഹിത വാഹന ഓട്ടത്തിനും സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വരെ റോബോട്ടുകള്‍ ജന്മം കൊണ്ടുവരുന്നു. അങ്ങിനെ അദ്ഭുതകരമായ സേവനങ്ങളാണ് ഇവ ചെയ്തു വരൂന്നത്. ഇത്തരത്തില്‍ ഗുണങ്ങള്‍ ഏറെ ഉണ്ടെങ്കിലും നിരവധിപേരുടെ പണി പോകുന്ന അവസ്ഥ സംജാതമാക്കുന്നതിനു പുറമെ മനുഷ്യന് തന്നെ കൃത്രിമ ബുദ്ധി ഭീഷണിയാകാം. ഇത്തരം ആശങ്കക്കിടയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് പരീക്ഷണം അതിവേഗം കുതിക്കുകയാണ് നമ്മുടെ കമ്പ്യൂട്ടര്‍ ലോകത്ത്. റോബോര്‍ട്ടുകളില്‍ അപകടങ്ങള്‍ പതിഞ്ഞിരുപ്പുണ്ടെങ്കിലും മനുഷ്യ രാശിയുടെ നന്മ മാത്രം ലക്ഷ്യമാക്കി നല്ലൊരു മാര്‍ഗ്ഗ ദര്‍ശിയായ റോബോട്ട് ആകട്ടെ സോഫിയയും മറ്റുള്ളവയും എന്ന ആശംസകളോടെ.
സുമ സതീഷ്
ബഹ്റൈന്‍.





8 Comments
നന്നായി സുമ, അഭിനന്ദനങ്ങൾ
ReplyDeleteThanks
Deleteഅഭിനന്ദനങ്ങൾ സുമ
ReplyDeleteGood
ReplyDeleteജ്ഞാനപ്രദം
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteനല്ലത്...
ReplyDeleteThanks
Delete