ഉപ്പ് * (കവിത) © രാജന്‍ കൈലാസ്

Rajan Kailas

' എനിക്ക് എന്റെ ഉപ്പ് തരൂ...
ഉപ്പ് മാത്രം....'
പ്രസിഡന്റും പ്രധാനന്ത്രിയും
ഞെട്ടി വിറച്ചു....
ഉപ്പുണ്ടാക്കി ഉപജീവനം നടത്തുന്ന
പാവം ടാറ്റ മുതല്‍
പെട്ടിക്കടയില്‍ ഉപ്പുകൂട്ടി വില്‍ക്കുന്ന
ഉസ്മാന്‍ കുട്ടി വരെ ഞെട്ടിവിറച്ചു..
കാരണം..
അലറിയത് ഗാന്ധിജി ആയിരുന്നു...
'എനിക് എന്റെ ഉപ്പ് തരൂ....
 ഉപ്പ് മാത്രം....
ദണ്ഡിയില്‍ ഞാന്‍ കാച്ചിക്കുറുക്കി
 ഈ മണ്ണില്‍ ചേര്‍ത്ത ഉപ്പെവിടെ?
 കടലമ്മയുടെ നിറകനിവില്‍
വിഷം ചേര്‍ക്കാന്‍
നിങ്ങള്‍ക്കാരു ധൈര്യം തന്നു??


ഗാന്ധിജി നിന്നു വിറയ്ക്കുക യായിരുന്നു....
പിറകില്‍ കോടിക്കണക്കായ
ഇന്ത്യന്‍ കുഞ്ഞുങ്ങളും..


2.
പക്ഷേ, ഗാന്ധിജി
ഒരുകാര്യം അറിഞ്ഞിരുന്നില്ല..
ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്
സ്വദേശികളാണെന്ന്...
അറിയും മുമ്പേ
ഗാന്ധിജിയുടെ നെഞ്ചില്‍ വീണ്ടും
വെടിയുണ്ട തറച്ചു കഴിഞ്ഞിരുന്നു


3.
ഇനി നമുക്ക്
ഉപ്പിനെപ്പറ്റി കവിത എഴുതാം
ലേഖനമെഴുതാം..
ടാറ്റയുടെ ചെലവില്‍
ഉപ്പു സത്യഗ്രഹത്തെ പറ്റി
ഗവേഷണവും ആവാം....
ഉപ്പു മാത്രം ചോദിക്കരുത്..
ഉപ്പു മാത്രം..

*****
*രാജന്‍ കൈലാസ്*
7025212005..മൊബൈല്‍.


* കല്ലുപ്പ് നിരോധിച്ചു അയഡിന്‍ ഉപ്പ് നിര്‍ബന്ധ മാക്കി നമ്മുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ആദ്യം കൈവച്ചപ്പോള്‍ എഴുതിയ കവിത!