കറക്ഷന്‍ ഫ്‌ലൂയിഡ് © റോഷിന്‍ എ റഹ്മാന്‍

കവിത
റോഷിന്‍ എ റഹ്മാന്‍













ഭൂതകാലത്തിന്റെ
കടലാസു കെട്ടുകള്‍
പൊടിതട്ടിയെടുക്കണം...
ഇഷ്ടമില്ലാത്ത താളുകള്‍
ചുരുട്ടി
മറവിയുടെ
ചവറ്റുകൊട്ടയിലെറിയണം...

വര്‍ത്തമാനത്തിന്റെ
കണ്ണട വച്ചു നോക്കി
ഭൂതകാല ജാള്യതകള്‍ക്കുമേല്‍
അഭിമാനത്തിന്റെ
കറക്ഷന്‍ ഫ്‌ലൂയിഡ്
പുരട്ടണം...
മായ്ച്ചതെന്നു
മനസ്സിലാവാത്തവണ്ണം
പിഞ്ഞിയ ട്രൗസറിനെ
പുതുപുത്തന്‍
പാന്റ്‌സാക്കണം...

തുരുമ്പിച്ച സൈക്കിള്‍
മായ്ച്ച്
ബൈക്ക്, പുതിയതൊരെണ്ണം,
വരച്ചു ചേര്‍ക്കണം...

കല്ലു കാച്ചിയ
കാല്‍പാദങ്ങളില്‍
തിളക്കമുള്ള
ഷൂസിടീക്കണം...

ഓട്ട വീണ
യൂണിഫോം ഷര്‍ട്ടിനുമേല്‍
ഓവര്‍ക്കോട്ടും ടൈയും
പ്രതിഷ്ഠിക്കണം...
പട്ടിണിയില്‍
പുറത്തു വന്ന
ഏമ്പക്കത്തിന്
ബര്‍ഗറിന്റെ
ഗന്ധം പൂശണം...

ഇന്നിനെ
ഇന്നലെയുടെ
തുടര്‍ച്ചയാക്കി മാറ്റി
ഞാന്‍
ഞാന്‍തന്നെയായിരുന്നെന്ന്
വരുത്തിത്തീര്‍ക്കണം...

ഒടുവിലൊന്നു
തിരിഞ്ഞു നോക്കുമ്പോള്‍
തിരുത്തലുകളെ
നിഷ്പ്രഭമാക്കി
ഓര്‍മ്മക്കടലാസ്സില്‍
ചില 'താന്തോന്നി' വരികള്‍
തലപൊക്കി നോക്കും,
തീര്‍ച്ച...

❤❤❤❤

Post a Comment

1 Comments