കാഷായം പുതച്ചുറങ്ങുന്ന ചെകുത്താന്‍

P.B.Harikumar
| ചെറുകഥ | © പി.ബി. ഹരികുമാര്‍


വെല്‍ഡിംഗ് റാഡിന്റെ അഗ്രത്തെ തീയും ഗന്ധവും, സിഗരറ്റിന്റെ പുകയും തീര്‍ക്കുന്ന
 ചുമയുടെ ഇടവേളകള്‍ കുറഞ്ഞുവരുന്ന ആഗസ്റ്റിലെ ഒരു തിളയ്ക്കു പകലിലാണ് ആ ജലദോഷം വിരുന്നുകാരനായെത്തിയത്.  ദുബൈ ഗിസൈല്‍സിലെ പ്ലാന്റിന് മുകളില്‍ ഒരു തീഗോളം വന്നു തങ്ങിനില്ക്കുന്ന ചൂടാണ് അകത്ത്.

സുഗതന്‍ ദുബൈലെത്തിയിട്ട് ആദ്യത്തെ പനിയാണ്.  എല്ലാ ജലദോഷവും പനിയുടെ ഉത്തമ മൂര്‍ത്തികളായേ പിന്‍മാറൂ എന്നതാണ് പതിവ്.

വൈകുന്നേരം താമസസ്ഥലമായ ക്യാമ്പിലേക്ക് പേരിനു മാത്രം എയര്‍കണ്ടീഷനറുള്ള ട്രാവലിലെ യാത്ര.  വിയര്‍പ്പുഗന്ധവും, ക്ഷീണവും കുഴഞ്ഞുകിടക്കുന്ന വാഹനത്തിന്റെ നിശബ്ദതയില്‍ ഓരോരുത്തരും അവരവരുടെ വ്യഥകളില്‍ ചൂഴ്ന്നിരിക്കുകയാണ് പതിവ്.  വശങ്ങളിലൂടെ കടന്നുപോകുന്ന അംബരചുംബികളുടെ വിസ്മയക്കാഴ്ചകള്‍ ഒരേ നിസംഗതയോടെയാണ് എല്ലാ  രാജ്യക്കാരും കാണുന്നു  എന്നതാണ് പ്രത്യേകത.

നാട്ടിലെ വരുമാനം കുറഞ്ഞതും കല്യാണം ആകാത്തതും വിഷമമായപ്പോഴാണ് അമ്മ ഗള്‍ഫിലേക്കുപോകാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.  അമ്മ അടുക്കളയില്‍ സഹായിക്കാന്‍ പോകാറുള്ള വാര്യത്തെ കണ്ണന്‍ നാട്ടില്‍ വന്ന തക്കത്തിന് അമ്മ അത് അവതരിപ്പിക്കുകയും ചെയ്തു. സുഗതന്‍ അമ്മയുടെ സ്ഥാനം നല്‍കുന്ന കണ്ണന്റെ അമ്മ വാര്യത്തെ വിലാസിനിയമ്മയ്ക്കും ആവേശമായി.   ഉറ്റ മിത്രം ഭാര്‍ഗ്ഗവിയുടെ മകന് നല്ലതുവരുവാനുള്ള താല്പര്യം.

'വന്നിട്ടുവേണം കല്യാണം കേമമായിട്ടു നടത്താന്‍'.  മകന്‍ അയച്ച വിസയും കടലാസും അടങ്ങു കവര്‍ തന്റെ കയ്യിലേക്ക് തന്നുകൊണ്ട് വിലാസിനിയമ്മ പറഞ്ഞതിന് പ്രതികരണമായി വെറുതെ ചിരിക്കുക മാത്രമാണ്  ചെയ്തത്.

ക്യാമ്പിലെ തട്ടുകളിലായുള്ള ബഡ്ഡുകളിലൊന്നിലേക്ക് ചുരുളുമ്പോള്‍ ശരീരവേദന പടരുന്നുണ്ടായിരുന്നു.  പനിയുടെ ഉഷ്ണതരംഗങ്ങള്‍ പൊതിയുന്ന ദേഹത്തെ പുതപ്പിനടിയില്‍ തിരുകി സുഗതന്‍ കിടന്നു.  ആഹാരം വെണ്ടെന്നു വെച്ച്  കൂട്ടുകാര്‍ കൊടുത്ത  'പെനഡോള്‍'  മാത്രം കഴിച്ച് ശരീരത്തെ പൊതിയുന്ന പനിച്ചൂടില്‍ കണ്ണുകളിറുക്കി ഒരു മയക്കത്തിനായി കാത്തുകിടന്നു.

രാമച്ചവും കാട്ടുമഞ്ഞളും അരച്ചതു നെറ്റിയില്‍ പുരട്ടുന്ന തണുപ്പാണ് ഉണര്‍ത്തിയത്.  കണ്ണുകള്‍ തുറക്കാതെ തിരിച്ചറിഞ്ഞു അമ്മയുടെ വിരലുകള്‍.  'വേഗമെഴുന്നേല്‍ക്ക് ചൂടുകഞ്ഞിയും മുളകുടച്ചതുമുണ്ട്'.   കഞ്ഞിവെള്ളത്തിന്റെ തെളിയില്‍ ചുട്ടെടുത്ത മുളകും, വാളന്‍പുളിയും, ഉപ്പും ഉടച്ചെടുക്കുന്ന അമ്മയുടെ സ്പെഷ്യല്‍.  കനലില്‍ ചുട്ടെടുക്കുന്ന പപ്പടവും ഉണ്ടാകും.  പല്ലു തേച്ച് ഇടുങ്ങിയ ചായ്പ്പിലെ ബഞ്ചിലിരുന്നു.  കഞ്ഞിവിളമ്പുതിനിടയില്‍ അമ്മ പറഞ്ഞു.  'തെക്കേ നടീല്‍വയല്‍ മൊത്തം നികത്തി; ചെമ്പിലേത്തെ മാപ്പിളമാരുടെ കണ്ടമെല്ലാം തെക്ക്നിന്നും വന്ന ഒരു കൂട്ടരു വാങ്ങി.  ഗത്യന്തരമില്ലാതെ ചെറിയ കണ്ടങ്ങളും ആള്‍ക്കാര്‍ കിട്ടുന്ന വിലയ്ക്ക് അവര്‍ക്കു കൊടുക്കുകയാണ്.  നമ്മുടെ രണ്ടു നിലവും ഞാന്‍ അവര്‍ക്കങ്ങു കൊടുത്തു'.

അവനൊന്നും പറഞ്ഞില്ല.  അവനെ സംബന്ധിച്ച് അത്ര സുഖകരമായിരുില്ല ആ വര്‍ത്തമാനം.  വേഗം കഞ്ഞികുടിച്ചിട്ട് പടിഞ്ഞാറേ ചെറിയ തിണ്ണയിലിരുന്നു.  കൃത്യമായ ഇടവേളകളില്‍ പടിഞ്ഞാറേ ഇലഞ്ഞിക്കുള്ളില്‍ തുടങ്ങി പാലാന്തറക്കാരുടെ മൂവാണ്ടന്‍മാവിനെ ഉലച്ച് വടക്ക്വശത്തെ വരിക്കപ്ലാവില്‍ വന്ന് ചുറ്റിക്കറങ്ങാറുള്ള ചെറുകാറ്റിനായി അയാള്‍ വെറുതെ മോഹിച്ചു.  ചൂടുകഞ്ഞിയും മുളകുടച്ചതും  സമ്മാനിച്ച എരിപൊരി സുഖത്തിന് അനുബന്ധമില്ലാതെ വിയര്‍പ്പ് പൊടിഞ്ഞ ദേഹം അസ്വസ്ഥമായി.

പക്ഷേ അയാള്‍ വീടിനു ചുറ്റും കണ്ട കാഴ്ച അമ്പരിപ്പിക്കുതായിരുന്നു.  വയലേലകള്‍ മുഴുവന്‍ അപ്രത്യക്ഷമായിരിക്കുന്നു.  ചുക മണ്ണ് വലിയ കടല്‍പോലെ ചുറ്റും നിറച്ചിരിക്കുന്നു.  തെക്ക് കണ്ണെത്തുന്നിടം മുതല്‍ പടിഞ്ഞാറെ ഇലഞ്ഞിക്കുന്നു വരെ അത് വ്യാപിച്ചുകിടക്കുന്നു. പച്ചപ്പിനെ വിഴുങ്ങിയ ഗ്രാവലിന്റെ നരച്ച ചുവപ്പില്‍ കാണുന്ന  നിമ്ന്നോതങ്ങള്‍ കാഷായവസ്ത്രം പുതച്ച ഒരു രാക്ഷസന്‍ ഉറങ്ങുതിനെ ഓര്‍മ്മിപ്പിക്കുന്നു.

അവനുണര്‍ന്നാല്‍ നാടിന്റെ ജലസ്രോതസ്സായ പുതുവേലിച്ചിറയേയും, ഇലഞ്ഞിക്കുന്നിനേയും,  മാണിത്താന്‍ കുടിയാന്റെ കുടിലിനെയും എന്തിന് തന്റെ ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങുമെന്ന് അയാള്‍ ഭയന്നു.  പുതുവേലിച്ചിറയില്‍ നിന്നും ഒഴുകുന്ന കൈത്തോട് കുറച്ചപ്പുറത്ത് മുതല്‍ മായ്ച്ചുകളഞ്ഞതുപോലെ നികത്തിയിരിക്കുന്നു.  അവശേഷിച്ച തോടിന്റെ ഭാഗം അരണ കൊഴിച്ചിട്ടുപോയ വാലുപോലെ അനാഥമായി കിടക്കുന്നു.

ജ്വരക്കോളു കൂടുകയായിരുന്നു.  അഗ്‌നിച്ചിറകുകള്‍ വേദനയുടെ അലകളുതിര്‍ത്തു. കണ്ണുകള്‍ ചുകന്നു, രക്തം പ്രതിഫലിപ്പിക്കും പോലെയുള്ള കണ്ണീരില്‍ മുങ്ങി.  ആളും ആരവവും നേര്‍ത്ത് കേള്‍ക്കാം.  സ്ട്രെക്ച്ചറിലെ ചലനവും, വാഹനത്തിലെ യാത്രയും തിരിച്ചറിഞ്ഞു.  ഐ.സി.യൂ.വില്‍ മിന്നിക്കത്തുന്ന ബള്‍ബുപോലെ ബോധം വന്നുപോകുന്ന പ്രതീതിയില്‍ പിന്നിട്ട നിമിഷങ്ങള്‍.  പിന്നെപ്പോഴോ അകത്തേക്കുവന്ന  വാര്യത്തെ കണ്ണനും, കൂടെ ജോലി ചെയ്യുന്ന ദിവാകരനും കൈകള്‍ ചേര്‍ത്തുപിടിച്ച് ധൈര്യം തന്നു. പതിവുപോലെ പ്രവാസ സ്നേഹം ഐ.സി.യൂ.വിന്റെ പുറത്ത് കാവലിരുന്നു.

എമറേറ്റ്സ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ദിവസം പുറത്തിറങ്ങിയ ആദ്യ ചുവട് കോണ്‍ക്രീറ്റ് പാകിയ തറയിലുറപ്പിച്ചപ്പോള്‍ അതുവരെ നിശ്ചലം നിന്ന അന്തരീക്ഷത്തില്‍ ഇലഞ്ഞിക്കുന്നിലെ കാറ്റിനു സമാനമായ ഇളംകാറ്റ് അയാളെ പുണര്‍ന്നു. പുതുവേലിച്ചിറയില്‍ നിന്നും ഒഴുകുന്ന കൈത്തോടിന്റെ ഒരു പുത്തന്‍ ഉറവ ഈ മണലാരണ്യത്തിന്റെ അന്തരാളത്തിലെവിടെയോ പൊട്ടിയൊലിച്ചു പരക്കുന്നത് അയാളറിഞ്ഞു.

© പി.ബി. ഹരികുമാര്‍
    9539519543

Post a Comment

0 Comments