ഭ്രാന്തിയായ പ്രണയിനി

| ചെറുകഥ | ©വിനീത ജോണ്‍


രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണ...
ഞാന്‍ പാടും ഈണത്തോടാണോ... എന്നുള്ള മനോഹര സംഗീതം അമ്പലത്തില്‍ നിന്ന് മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു ..
തെരുവിലെ പെട്ടിക്കടകള്‍ക്കു മുന്നിലും ചായക്കടയിലുമായി ചെറുപ്പക്കാരായ യുവാക്കളുടെ കൂട്ടം തമ്പടിച്ചിരുന്നു.

'സരസമ്മെ ഒരു ജീവിതം തരുമോ?'... എന്ന ചോദ്യം, കൂട്ടം കൂടി നിന്ന യുവാക്കളില്‍ ഒരാളുടേതാണ്. ചോദ്യത്തിന് ശേഷമുള്ള യുവാക്കളുടെ കൂട്ട ചിരി തെരുവോരങ്ങളില്‍ നിന്നും ഉച്ചത്തില്‍ മുഴങ്ങി കേട്ടിരുന്നു.... ചോദ്യം ചോദിച്ച ആ ചെറുപ്പക്കാരനില്‍ താനെന്തോ വലിയ തമാശ പറഞ്ഞിരിക്കുന്നുവെന്ന ഭാവവും, അഭിമാനവും നിഴലിച്ചിരുന്നു.

കറുത്ത് മെലിഞ്ഞു ചുരുണ്ട മുടിയോടു കൂടിയ ഒരു യുവതി. അയഞ്ഞതും, തന്നെക്കാള്‍ വലിപ്പമുള്ളതുമായ, ഒരു ചുമപ്പ് നിറത്തിലെ വസ്ത്രം ആണ് അവര്‍ അണിഞ്ഞിരുന്നത്. നിറം ഇരുണ്ടിട്ടാണെങ്കിലും അവര്‍ സുന്ദരിയായിരുന്നു. ആരോ മുറിച്ചു കളഞ്ഞ മുടിയില്‍ അവശേഷിച്ച മുടികള്‍ ഒരു മുഷിഞ്ഞ നീല നിറമുള്ള റിബണ്‍ കൊണ്ട് കെട്ടിവെച്ചിരിന്നു.

അമ്പലമുറ്റത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടികള്‍ വിളിച്ചു കൂവിയിരിന്നു അയ്യോ........ 'സരസമ്മ ഭ്രാന്തി വരുന്നുണ്ട് ....... 'അതെ അവര്‍ ഒരു ചെറുപ്പക്കാരിയായ ഭ്രാന്തിയായിരിന്നു. അവര്‍ എന്നും ആ തെരുവിലൂടെ അലഞ്ഞു നടന്നു കൊണ്ടേയിരുന്നു .....

കുട്ടികളെ നന്നേ ഇഷ്ടമായതുകൊണ്ടു അവര്‍ വിളിച്ചാലുടന്‍ ഓടി വന്നിരിന്നു , ആ പാവം ഭ്രാന്തി. അതുകൊണ്ട് തന്നെ എന്റെ കൂട്ടുകാരി അനുവിന്റെ വിളികേട്ടവര്‍ ഓടിയെത്തി.

അവര്‍ വരുന്നെന്നു കണ്ടപ്പോഴേക്കും കൂടെയുള്ള കൂട്ടുകാര്‍ ഓടിയൊളിച്ചു. നിമിഷനേരം കൊണ്ട് കളിച്ചുകൊണ്ടിരുന്ന സ്ഥലം ശൂന്യമായി. പേടികൊണ്ടോ അമ്പരപ്പ് കൊണ്ടോ ഒരടി അനങ്ങാന്‍ എനിക്ക് പറ്റിയില്ല. അവര്‍ പതിയെ എന്റെ അരികിലെത്തി എന്റെ കുഞ്ഞി കവിള്‍ തടത്തില്‍ സ്‌നേഹത്തോടെ തഴുകി. അപ്പോഴേക്കും എന്റെ കരച്ചില്‍ കേട്ടു അമ്മ വന്നു എന്നെ കൂട്ടികൊണ്ടുപോയിരിന്നു.

വീടിന്റെ ജനലഴികളിലൂടെ നോക്കുമ്പോള്‍ വളരെ നിരാശയോടെ പെയ്തു പിറക്കി ആ ഭ്രാന്തി നടന്നകലുന്നത് കാണാമായിരുന്നു . ഉറക്കമെന്ന വിരുന്നുകാരനെയും കാത്തു അമ്മയുടെ ചൂടുപറ്റി കിടക്കുമ്പോള്‍ സരസമ്മ ഭ്രാന്തിയെ കുറിച്ച് ആകാംഷയോടെ തിരക്കി.കേട്ടയുടന്‍ അമ്മയ്ക്ക് ദേഷ്യമാണ് വന്നത്

'രാവിലെ കുട്ട്യോളുമായി കളിക്കാനെന്നോണം ഇറങ്ങിക്കോളണം, ഭക്ഷണവും വേണ്ട, ഉറക്കവുമില്ല.. കിടന്നു ഉറങ്ങു കുട്ട്യേ, നേരം ഒരുപാടായിരിക്കുന്നു '


 ഒന്നും തിരിച്ചു പറയാതെ ഉറങ്ങിയെന്ന വ്യാജേന കണ്ണുകള്‍ അടച്ചു കിടന്നു. അപ്പോളും മനസ്സില്‍ നിറയെ ഭ്രാന്തിയെ കുറിച്ചുള്ള ആകാംഷയായിരുന്നു.

സ്‌കൂള്‍ അവധിയായതിനാല്‍ പ്രധാന ഹോബി കൂട്ടുകാരുമായി കുറ്റികാട്ടില്‍ നിന്നും കാക്കമുള്ള് ശേഖരിക്കുക. പാരഗണ്‍ റബര്‍ ചെരുപ്പിട്ടു കാട്ടിനുള്ളില്‍ കയറിയാണ്  മുള്ള് ശേഖരണം. ഏറ്റവും കൂടുതല്‍ ലഭിക്കുന്നയാള്‍ വിജയി... അതിന്റെ തിരക്കില്‍ നില്‍ക്കുമ്പോളാണ് സരസമ്മ വീണ്ടും വരുന്നത്.

ശേഖരിച്ച മുള്ളുകള്‍ മാറ്റാന്‍ കഴിവതും നോക്കിയെങ്കിലും കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് വഴിയില്‍ കിടന്ന ഒരു മുള്ള് അവരുടെ കാലില്‍ തറച്ചു. വേദന കൊണ്ടാകാം ആ ഭ്രാന്തി ഉച്ചത്തില്‍ നിലവിളിച്ചു.

അതു വഴി വന്ന അമ്മിണി അമ്മ ഞങ്ങള്‍ കുട്ടികളെ ചീത്ത പറഞ്ഞു ആ മുള്ളുകള്‍ അവരുടെ കാലില്‍ നിന്നും വലിച്ചൂരി. അന്ന് എന്തോ മനസ്സില്‍ വലിയ കുറ്റബോധം തോന്നി. ഉച്ചയ്ക്ക് അമ്മ ഭക്ഷണം വിളമ്പിയെപ്പോള്‍ സരസമ്മ
 ഭ്രാന്തി എവിടുന്നു ഭക്ഷണം കഴിക്കുമെന്നായിരുന്നു ചിന്തമുഴുവനും .

ഊണ് കഴിക്കാന്‍ ഉച്ചയ്ക്കെത്തുന്ന അച്ഛനോട് ബാലരമ വാങ്ങാന്‍ എന്നവണ്ണം പത്തു രൂപ സങ്കടിപ്പിച്ചു അതുമായി അനുവും ഞാനും ഉച്ചവെയിലത്ത് നില്‍പ്പ് തുടങ്ങിയിട്ട് കുറച്ചായിരിക്കുന്നു. കണ്ടയുടന്‍ ഓടിച്ചെന്നു പത്തു രൂപ നോട്ടു അവര്‍ക്ക് നീട്ടി. അവരത് വാങ്ങി ചുരുട്ടി എറിഞ്ഞു. ഭ്രാന്തിയല്ലേ...

' പണത്തെ സ്‌നേഹിക്കാത്ത ബോധമില്ലാതെ ഭ്രാന്തി...'

സരസമ്മെ സരസമ്മെ... യെന്ന് അനു ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. അവര്‍ അതൊന്നും കേള്‍ക്കാതെ പെയ്തു പിറക്കി നടന്നകന്നിരിന്നു..
അപ്പോളേക്കും പത്തുരൂപ നോട്ടില്‍ എന്റെ കണ്ണീരിന്റെ നനവ് പടര്‍ന്നിരുന്നു.

അടുത്ത ദിവസം തന്നെ,  അമ്മ അതിഥികള്‍ വരുമ്പോള്‍ അവര്‍ക്കു നല്‍കാനായി കരുതിയിരുന്ന പലഹാരങ്ങള്‍ കുറച്ചു,  ആരും കാണാതെ കൂട്ടുകാരുമായി പങ്കുവെക്കുന്ന തിരക്കിനിടയില്‍ ഒരാള്‍ ഓടി വന്നു ഞങ്ങള്‍ക്ക് നേരെ കൈകള്‍ നീട്ടി.

ആദ്യം അമ്പരപ്പും ആശ്ചര്യവുമൊക്കെ തോന്നിയെങ്കിലും മനോബലം വീണ്ടെടുത്ത് കറുത്ത് നീണ്ട അഴുക്കു പുരണ്ട കൈകളിലേക്ക് ഞാന്‍ പലഹാരങ്ങള്‍ വെച്ചുകൊടുത്തു. ആര്‍ത്തിയോടെ അതു ഭക്ഷിക്കുന്നതിനിടയ്ക്കു എന്നെ അവര്‍ നോല്‍ക്കുന്നുണ്ടായിരുന്നു. പരിഗണനയുടെ ആദ്യ രുചികളാവാം ഒരു പക്ഷെ ആ ഭ്രാന്തി  അന്ന് രുചിച്ചിട്ടുണ്ടാവുക.

അവധിക്കാലം  കഴിഞ്ഞു സ്‌കൂള്‍ തുറന്നിരിക്കുന്നു. പഠിപ്പും, ഹോം വര്‍ക്ക് ഒക്കെ ആയി ആകെ തിരക്കിലായിരിക്കുന്നു. സ്‌കൂളില്‍ പോവുന്ന വഴി കാണാമായിരുന്നു ഒരു നേരത്തെ ഭക്ഷണത്തിനായി ചായപ്പീടികയുടെ വാതില്‍ക്കല്‍ ഒരിറ്റു വറ്റിനായി കാത്തു നില്‍ക്കുന്ന സരസമ്മയെ.

പിന്നീടെപ്പോഴോ അറിഞ്ഞു സരസമ്മ ഉറങ്ങാന്‍ കിടന്നപ്പോള്‍ കുറെ തെരുവുപട്ടികള്‍ കടിച്ചു ദേഹമാസകലം മുറിവേല്‍പ്പിച്ചിരിക്കുന്നുവെന്ന് .

 സ്‌കൂള്‍ കഴിഞ്ഞു വരുന്നവഴി കാണാമായിരുന്നു ആ മുറിവു കള്‍ക്കു മീതെ കുറെ ചെറിയ കഷ്ണം തുണികള്‍ വെച്ചു കെട്ടിയിരിക്കുന്നു, അപ്പോളും ഒരു തെരുവ് നായ കൂടെയുണ്ട് അവയെ ഊട്ടി ഉറക്കുകയിരുന്നു അവര്‍.

 ആരോടും പരിഭവം ഇല്ല,  ആരോടും പരാതിയില്ലാതെ പിറുപിറുത്തു കൊണ്ടേയിരുന്നു ആ ഭ്രാന്തി.

എല്ലാ സായാഹ്നങ്ങളിലും പതിവ് പടിയായി ഞാന്‍ വെച്ചു നീട്ടിയിരുന്ന പലഹാരങ്ങള്‍ മോഹിച്ചു മണിക്കൂറുകള്‍ എന്നെകാത്തവര്‍  നില്‍ക്കുമായിരുന്നു. സ്‌കൂള്‍ തുറന്നതിനാലും പഠനത്തിരക്കുമൂലവും പലവട്ടം എനിക്ക് പതിവുകള്‍ തെറ്റിക്കേണ്ടി വന്നിരിന്നു.

ഒരിക്കല്‍ പലഹാരവുമായി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്മ ചൂരല്‍ കഷായവുമായി മുന്നില്‍. അടിയുടെ വേദനയില്‍ ആ പലഹാര പൊതി ഞാന്‍ എവിടേയോ വലിച്ചെറിഞ്ഞു. കൂട്ടുകാരായ അക്ഷരങ്ങളോട് മല്ലടിച്ചു സമയം പോയതറിഞ്ഞില്ല.

പഠിച്ചു മടുത്തപ്പോള്‍ വേദനയോടെ
 ജനലിഴകളിലൂടെ കൂട്ടുകാരൊക്കെ പിരിഞ്ഞ ശൂന്യമായ മൈതാനതേയ്ക്കു നോക്കി.. അതിനരികിലായി  കെട്ടിയ കലിങ്കില്‍ നിറകണ്ണുകളുമായി എന്റെ പലഹാര പൊതിയും പ്രതീക്ഷിച്ചെന്നോണം ആ പാവം ഭ്രാന്തിയിരിന്നിരുന്നു.

എന്റെ വിഷമം അമ്മയ്ക്ക് മനസിലായതുകൊണ്ടാണോ എന്തോ ഒരു പൊതി എനിക്ക് നേരെ നീട്ടി അമ്മ പറഞ്ഞു

 'ഈ പലഹാര പൊതി കൊണ്ട് കൊടുക്ക് അവര്‍ക്ക്. ഇനി അതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ട '..

അമ്മയുടെ മുഖത്തേയ്ക്കു നോക്കി അമ്മ പുഞ്ചിരിക്കുകയാണ്. ഈശ്വരാ സമാധാനം...പലഹാര പൊതിയും വാങ്ങി ഞാന്‍ അവര്‍ക്കു നേരെ ഓടി ആ പലഹാര പൊതികള്‍ ഞാന്‍ അവര്‍ക്കു കൈമാറി. അവര്‍ ആര്‍ത്തിയോടെ അവ ആസ്വദിക്കുന്നുണ്ടായിരുന്നു

തൊട്ടടുത്ത ദിവസം ഊണ് കഴിക്കാന്‍ ചെന്നപ്പോള്‍ ഒരു കാഴ്ച കണ്ടു ഞെട്ടി. അടുക്കളയുടെ പിന്നാമ്പുറത്തിരിന്നു എന്റെ അമ്മയുടെ സ്വാദിഷ്ടമായ കറികളും കൂട്ടി ഊണുകഴിക്കുകയാണവര്‍. തൈര് വില്‍പനക്കായി വന്ന മോഹിനി ചേച്ചി അമ്മയോടായി പറഞ്ഞു

'നല്ല പഠിപ്പുള്ള കുട്ടിയായിരുന്നു, ഒരു വിധം നല്ല സാമ്പത്തികവും, പറഞ്ഞിട്ടെന്താ... പഠിച്ചിരുന്ന സമയം ഒരു പയ്യനുമായി പ്രണയത്തിലായി. വീട്ടുകാര്‍ ആ ബന്ധത്തെ എതിര്‍ത്തു. ആ പയ്യന്‍ ആത്മഹത്യ ചെയ്തു. ഇതറിഞ്ഞു ഇവര്‍ക്ക് ഭ്രാന്ത് ആകുകയും ചെയ്തു. ഇപ്പോള്‍ വീട്ടുകാരൊന്നും കയറ്റില്ല.. '

സ്‌നേഹിച്ച പുരുഷനോട് സാദൃശ്യം തോന്നുന്ന ചെറുപ്പക്കാരോട് അങ്ങോട്ട് ചെന്നു ചോദിക്കും

'ഒരു ജീവിതം തരുമോയെന്നു '.

സ്വപ്നങ്ങളും ജീവിതവും ആരുടെയൊക്കെയോ പിടിവാശിക്കും നിര്‍ബന്ധത്തിനും വേണ്ടി അടിയറവുവെച്ച ഒരു പാവം ഭ്രാന്തി.

കാലങ്ങള്‍ കഴിഞ്ഞുപോകുമ്പോളും തന്റെ ഇഷ്ടപുരുഷനോട് സാദൃശ്യമുള്ള ചെറുപ്പക്കാരോട് അവര്‍ ചോദിച്ചു കൊണ്ടേയിരുന്നു

'എനിക്കൊരു ജീവിതം തന്നുടെയെന്നു '.

ചോദ്യം കേട്ടു ആര്‍ത്തു ചിരിക്കുന്നവരും, അവരെ കളിയാക്കി, തിരിച്ചു ആ ചോദ്യം അവരോട് തന്നെ  ചോദിക്കുന്നവരും അറിഞ്ഞില്ല അവരെ ഭ്രാന്തിയാക്കിയ കഥ.

പഠനവുമായുള്ള തിരക്കില്‍ കാലങ്ങള്‍ ഒരുപാടു കഴിഞ്ഞു. നാട്ടില്‍ അവധിക്കെത്തുമ്പോള്‍ അനു പറഞ്ഞു 'ഇടയ്‌ക്കൊക്കെ വീട്ടിലേയ്ക്കും നോക്കി സന്ധ്യ വരെ പലഹാര പൊതികള്‍ക്കായി ആ പാവം ഭ്രാന്തി  കാത്തിരിന്നു, നിരാശയോടെ പോകുമായിരുന്നുവെന്നു  .

എന്റെ  അമ്മയുടെ മരണ ശേഷം അതിഥികളും കുറഞ്ഞു അവര്‍ക്കുവേണ്ടി കരുതിയിരുന്ന പലഹാരപാത്രങ്ങളും ശൂന്യമായി.

ഒരിക്കല്‍ ലീവിന് വീട്ടിലെത്തി വിശാലമായി കിടന്നിരുന്ന ഞങ്ങളുടെ മൈതാനത്തു കൂട്ടുകാര്‍ ഒത്തുകൂടുന്നു. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന കുറെ പാല്‍ പേടകള്‍  ഞാന്‍ സരസമ്മയ്ക്കായി കരുതിയിരുന്നു.
നേരം ഏറെ ആയിട്ടും കാണാതായതോടെ ഞാന്‍ അനു വിനോട് തിരക്കി ഭ്രാന്തിയെ കുറിച്ച്....

' നമ്മുടെ സരസമ്മ  ഭ്രാന്തി രണ്ടു മാസത്തിനു മുന്‍പ് തെരുവിലെ ഒരു പീടിക തിണ്ണയില്‍ തണുത്തു മരവിച്ചു കിടുന്നുവത്രെ..'

'ഈച്ചയും ഉറുമ്പും അരിച്ചു, ആരും നോക്കാനില്ലാതെ മരിച്ചു കിടന്നു '.

കണ്ണില്‍ നിന്നുവന്ന കണ്ണ് നീര്‍ തുള്ളികള്‍ മറയ്ക്കാന്‍ ഞാന്‍ നന്നേ  പാടുപെട്ടു. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന പേടകള്‍ എന്റെ കണ്ണുനീര്‍ തുള്ളികളില്‍ അലിഞ്ഞു തുടങ്ങിയിരിക്കുന്നു.

ആരുടെ മിഴികളിലേയ്ക്കും നോക്കാതെ  ഞാന്‍ വേഗം അവിടെനിന്നും നടന്നകന്നു.....

ഒരു പക്ഷേ അവര്‍ ഈശ്വരനോടും ചോദിച്ചിട്ടുണ്ടാകും

'ഒരു ജീവിതം തരുമോയെന്നു '

ആരുടെയോക്കയോ വാശിക്കുമുന്നില്‍ തോറ്റു കൊടുത്ത പാവം ഭ്രാന്തി....  എന്റെ സരസമ്മ ഭ്രാന്തി

അമ്പല മുറ്റത്തു നിന്നും എല്ലാ സായാഹ്നങ്ങളിലും ഇപ്പോഴും ആ സംഗീതം മുഴങ്ങി കൊണ്ടിരിന്നു.

'രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണ.... '.

തന്റെ കൃഷ്ണനെ ഗാഢമായി പ്രണയിച്ച ഒരു രാധയായിരുന്നില്ലേ ഭ്രാന്തില്ലാത്ത മാന്യന്മാര്‍ ' ഭ്രാന്തി' യെന്നു മുദ്ര കുത്തപെട്ട ആ പാവം ഭ്രാന്തിയും?






Post a Comment

10 Comments