റോക്ക്‌സ്റ്റാറാവുന്ന ഇന്ധനവിലയും പ്രവാസി ബീമാനങ്ങളും | ശനിയന്‍






'നമ്മുക്ക് അതി രാവിലെ എഴുന്നേറ്റു ഗല്‍വാന്‍ താഴവരയിലേക്കു പോകാം അവിടെ ചൈനയുടെ കോടി പാറുന്നുവോ എന്നും അതിര്‍ത്തിയില്‍ അവര്‍ ശീമ കൊന്ന കമ്പുകള്‍ കൊണ്ട് വേലി തീര്‍ത്തോ എന്നും നോക്കാം. 


എന്റെ ദേശവാസിയോം അവിടെ വെച്ച് നിങ്ങള്‍ക്ക് ഞാന്‍ എന്റെ വെറും വാക് തരുന്നതായിരിക്കും.' ഒരു പത്മരാജന്‍ ഫാന്‍ എന്ന് മേനി നടിക്കുന്ന ഒരു ദേശദ്രോഹി എന്റെ സ്വപനത്തില്‍ വന്നു പറഞ്ഞതാണ് ഇന്നലെ നട്ടപ്പാതിരയ്ക്കു. 

 അഹ് അവനൊക്കെ സ്വപ്നത്തില്‍ എങ്കിലും പറയാം ബാക്കി ഉള്ളവന്റെ ചിറകും ചുണ്ടും ചുരിദാറിന്റെ ഷാള്‍ വരെ ക്ലിപ്പ് ഇട്ടു കളയും ഇതൊക്കെ പറഞ്ഞാല്‍. നമ്മുക്ക് പറയാന്‍ പറ്റുന്ന ഒരു പാട് എടുത്താല്‍ പൊങ്ങാത്ത, ഗാണ്ഡീവത്തിലെ അസ്ത്രങ്ങള്‍ പോലെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഷയങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ, പാക്കിസ്ഥാന്റെ തീവ്രവാദം, ബോളി വുഡ്, മോളി വുഡ് ടച്ച് വുഡ് എന്നിവയിലെ അടുക്കള രഹസ്യങ്ങള്‍ അങ്ങനെ പോകും. 

 ചൈന, ആക്രമണം എന്നൊന്നും മിണ്ടിപ്പോകരുത് . പ്രധാനപ്പെട്ട മന്ത്രി പറഞ്ഞില്ലേ ആരും ഇന്ത്യയുടെ സ്ഥലം കൈവശപ്പെടുത്തിയില്ല ഒരു ഇന്ത്യന്‍ സൈനിക പോസ്റ്റും നഷ്ടപ്പെട്ടിട്ടില്ല അപ്പൊ വിശ്വസിക്കാം. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക കുറിപ്പടിയും ഇറക്കിയിട്ടുണ്ട്. ആരും കടന്നു കയറിയിട്ടില്ല കടന്നു കയറാന്‍ ശ്രെമിച്ചവരെ ധീരമായി തുരത്തുവാന്‍ ശ്രെമിച്ച വേളയില്‍ ആണ് 20 സൈനികര്‍ ജീവന്‍ വെടിഞ്ഞത്. 

ഇന്ത്യയുടെ ഭൂപടത്തില്‍ എന്താണോ കാണിക്കുന്നത് അത് ഇന്ത്യയുടെ ആയിരിക്കും എന്ന് . ഗല്‍വാന്‍ താഴവര ഭാരതത്തിന്റെ ആണ് എന്നാണ് അര്‍ഥം ആക്കിയത്. കടന്നു കയറിയിട്ടില്ലെങ്കില്‍ എന്തിനാണ് വിദേശകാര്യ മന്ത്രീയും മന്ത്രിയുടെ വകുപ്പും പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങണം എന്ന് ചൈനീസ് സര്‍ക്കാരിനോട് പറഞ്ഞത് ? 

ഞാന്‍ ചോദിച്ചത് അല്ല പ്രതിപക്ഷ പരിഷകളാണ് ചോദിക്കുന്നത്. ഈ സമയത്തു സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് പറയരുത് എന്ന്. ഇന്ത്യന്‍ സൈന്യത്തിന്റെ കൈകരുത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ട് ആ വിശ്വാസത്തിന്റെ തണലില്‍ ആണ് കോടിക്കണക്കിനു ഭാരതീയര്‍ സുരക്ഷിതരായി കഴിയുന്നതും.

 ഇലക്ഷന്‍ ജയിക്കാനും ഭരണ പ്രതിപക്ഷ കടിപിടിയിലും ഇന്ത്യന്‍ സൈന്യത്തിന്റെ പേര് വലിച്ചിടരുത്. ഇന്ത്യന്‍ പതാക സ്വന്തം ജീവന്‍ കൊടുത്തും കാത്തു സൂക്ഷിക്കുന്നവരാണ്, സൈന്യത്തിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ. മൈക്കിന്റെ ചുവട്ടില്‍ പിടിച്ചിരുത്തി കഥ പറയാന്‍ പറയരുത് ഭരിക്കുന്നവര്‍ ആയാലും ഭരണം കിട്ടാത്തവര്‍ ആയാലും. മരണം പതിയിരിക്കുന്ന വഴികളില്‍ കാവല്‍ നില്‍ക്കുന്നവരാണ്, അവരെ കാത്തു ഒരു കുടുംബവും ഉണ്ട്. 

ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസമായ ശ്രീ മണിക് ഷാ പറഞ്ഞ ചില വാക്കുക്കള്‍ അന്നും ഇന്നും നിലനില്‍ക്കുന്നതാണ്. 

കോണ്‍ഗ്രസ് എന്താ ഇങ്ങനെ ? ചോദിക്കുന്നത് കമ്മി, മമ്മി, തുമ്മി വിഭാഗത്തില്‍ ഉള്ളവര്‍ അല്ല കോണ്‍ഗ്രെസ്സുകാര്‍ തന്നെയാണ് . സംഭവത്തിന്റെ തുടക്കം ചില തുടക്കക്കാര് പറയുന്നത് പോലെ കോന്നി ആനക്കൂട്ടില്‍ നിന്നോ അടൂരില്‍ പ്രകാശം പോരാത്തതു കൊണ്ടോ അല്ല. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയ ഗ്രൂപ്പിസം എന്ന വ്യാപന വൈറസ് കയറിയത് കൊണ്ടാണ്. 

ആലപ്പുഴയുടെ കിഴക്കന്‍ മേഖലയില്‍ ചവറുകള്‍ കൂടി ക്ഷമിക്കണം ചവറുകള്‍ കൂട്ടി കത്തിച്ചു പുക ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കമ്പനി കാണാത്ത യുദ്ധ തന്ത്രവും ആയി പടപൊരുതി ഒടുവില്‍ തോറ്റു തിരിഞ്ഞോടി കയറിയ കൊമ്പൊടിഞ്ഞു രാഷ്ട്രീയമായി കൈയൊടിഞ്ഞ അനുഭവം ഉള്ള നേതാവ് ഒരു വശത്തു. താമരക്കുളം ചാരുംമൂട് നൂറനാട് കോണ്‍ഗ്രസിന്റെ കൊടിയും പിടിച്ചു നടത്തുന്ന പരിപാടികള്‍ പത്രങ്ങളിലൂടെ മാത്രം അറിയുന്ന നേതൃത്വം വേറൊരു ഭാഗത്തു.

തോല്‍വി റീസൈക്കിള്‍ ചെയ്ത് അടുത്ത തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്ന് കരുതി എല്ലാ ദിവസവും അതി രാവിലെ മുതല്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ കസര്‍ത്തു കാണിച്ച നേതാവിനെ പഞ്ചായത്ത് നോക്കിയാല്‍ മതി ഭാരിച്ച പണി ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു ഒതുക്കി എന്നാണ് ചിലര്‍ പറയുന്നത്. 

 എന്നാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ചിതല് തിന്നാതിരിക്കാന്‍ തറ മാന്തി ചിതലുകളെ ഓടിക്കുക എന്ന തന്ത്രപ്രധാനമായ ജോലിയാണ് എന്നാണ് വേറെ ആളുകള്‍ പറയുന്നത്. എന്തായാലും ദുഃഖം പങ്കിടാന്‍ കൂട്ടായ്മ ഒക്കെ ഉണ്ട്. എന്തായാലും കൂട്ടില്‍ നിന്നും ചാടി പോയ അണികളെ വെള്ളത്തില്‍ മുക്കി തണുപ്പിച്ചു കൂട്ടില്‍ കയറ്റാന്‍ പ്രസിഡന്റ് തെക്കു വടക്കു ഓടി പതിരിളകി എന്നാണ് കേള്‍ക്കുന്നത്. 

അല്ല ഈ ഗ്രൂപ്പ് വഴക്കു ആരോടാ പറയാന്‍ പറ്റുന്നത്. നിപ്പ കാലത്തു ആരോഗ്യ മന്ത്രിയെ പോലെ ഗസ്റ്റ് ഹൗസില്‍ ഇരുന്നു കാര്യം നിയന്ത്രിച്ച നേതൃത്വം അല്ല കെ പി സി സി ക്കു ഉള്ളത് നിപ കണ്ടു കണ്ണുതള്ളിയ ജനങ്ങള്‍ക്കിടയില്‍ കഴുത്തറ്റം ഇറങ്ങി നിന്നാണ് പ്രവര്‍ത്തിച്ചത് എന്നാണ് വലിയ നേതാവ് പറഞ്ഞത് . 

തെന്തും ആവട്ടെ , നിപയുമായുള്ള പോരാട്ടത്തില്‍ സ്വന്തം ജീവന്‍ നഷ്ടപെട്ട നഴ്‌സിന്റെ പേരോ നേരെ ഓര്‍മയില്ല എന്നാല്‍ ആ കുടുംബത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാതിരുന്നുകൂടെ മിസ്റ്റര്‍ ? 7 കൊല്ലം എവിടെ മന്ത്രി ആയിരുന്നു എന്നാ പറഞ്ഞത് ഓര്‍മയില്ല അതു കൊണ്ട് ചോദിച്ചതാണ്. 'റോക്സ്റ്റാര്‍' എന്നത് ഇംഗ്ലീഷ് മലയാളം നിഘണ്ടു നോക്കി വെളുക്കെ ചിരിച്ചു വിളമ്പുമ്പോള്‍ താങ്കള്‍ എത്തിപിടിച്ചത് പുതിയൊരു താഴെകിട നിലവാരം ആയിരുന്നു. 'നികൃഷ്ട ജീവി ' എന്ന് വിളിച്ച മുഖ്യന് നേരെ ആയിരുന്നു എങ്കില്‍ പറയാം ഇപ്പൊ രണ്ടും തുല്യരായി എന്ന്. 

 ഇതിപ്പോ കൊറോണ കൈവിട്ട കളി എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍, സ്വാതന്ത്ര്യ സമര കാലത്തു രൂപം കൊണ്ട സ്വാതന്ത്ര്യം നേടുവാന്‍ പൊരുതിയ ഒരു പാര്‍ട്ടിയുടെ ( കാര്യം ഇപ്പോഴും പാരമ്പര്യത്തിന്റെ കഥ മാത്രമേ അവസാന ആയുധം ആയി എടുക്കാറുള്ളു) സമുന്നതനായ നേതാവത്രെ. ഇതിനെ ന്യായികരിക്കാന്‍ ഒരു കൂട്ടര്‍ എത്തി എന്നുള്ളതാണ്. വിവരം കേട്ട രാഷ്ട്രീയത്തിന് കൊടി നോക്കി അഭിപ്രായം പറയുന്ന സാമൂഹിക ബുദ്ധിജീവികളോട് എന്ത് പറയാന്‍. 

ഇതൊക്കെ നടക്കുമ്പോള്‍ പിന്നാമ്പുറത്തെ തിരശീലയ്ക്കു പിന്നില്‍ നില്‍ക്കുന്ന അനവധി കണ്ണുകളിലെ സന്തോഷം നാം കാണാതെ പോകരുത്. ഗതി പിടിക്കാത്തത് എന്ത് എന്ന് ചോദിക്കെരുത്. 

 ആരാ പറഞ്ഞെ ഇന്ത്യയില്‍ മുന്നേറ്റം ഇല്ലെന്നു? 15 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മുന്നേറ്റം ഇല്ലേ ? രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ കിടക്കുമ്പോള്‍ സര്‍ക്കാരിനെ സഹായിക്കേണ്ട നമ്മള്‍? ( സാമ്പത്തികം ഭദ്രമാണ് എന്ന ന്യായം വേറെ സ്ഥലത്തു ഉപയോഗിക്കാം ഇവിടെ മിണ്ടേണ്ട). ചില ദേശദ്രോഹികള്‍ പറയുന്നു ഈ സമയത്തു വില ഇങ്ങനെ ഇസ്രോ വിട്ട റോക്കറ്റ് പോലെ ( നാസ പറയാമായിരുന്നു ഇനി അതിന്റെ പേരില്‍ മെയ്ക് ഇന്‍ ഇന്ത്യ പ്രെശ്‌നം ഉണ്ടാക്കേണ്ട ) മുകളിലേക്ക് വിട്ടത് തെറ്റാണു എന്ന്. മുദ്ര ശ്രദ്ധിക്കണം മുദ്ര ! 

കൊറോണ കാലത്തു വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു കേട്ടില്ല, ഇന്ധന വില കൂട്ടിയാല്‍ അതും ലോക്ക് ഡൌണ്‍ കഴിയുന്ന സമയത്തു നല്ലതല്ലേ ? കൊറോണ പേടിച്ചു ആളുകള്‍ പൊതു ഗതാഗതം കുറയ്ക്കും സ്വന്തം വാഹനം ഉള്ളവര്‍ അതെടുക്കും അല്ലാത്തവര്‍ വല്ല ഓട്ടോയും പിടിക്കും, കാശില്ലാത്തവനോ ? അവന്റെ കാര്യം ആര് പറയുന്നു? അവര്‍ക്ക് കടി പിടികൂടാന്‍ ഉള്ള വാഗ്ദാനങ്ങള്‍ പ്രസംഗങ്ങള്‍ പടച്ചു വിറ്റാല്‍ പോരെ അവര്‍ അതിന്റെ പുറകെ പോകും. അങ്ങനെ സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ കൂടുമ്പോള്‍ പെട്രോള്‍ ഡീസല്‍ വഴി സര്‍ക്കാരിന് പൈസ കിട്ടില്ലേ ? അല്ല അപ്പൊ ഈ സാധനങ്ങളുടെ വില ?... ഇന്ധന വിലയുടെ എത്രയാണോ കൂടിയത് അതിലൊരംശം മാത്രമല്ലെ സാധങ്ങള്‍ക്കു കൂടുകയൊള്ളു ? അതേതു അംശം ജി ? ജീവനാംശം .

എഴുനേറ്റു പോയിനെടാ ക്ഷുദ്ര ജീവികളെ, ജനാധിപത്യം നില നിര്‍ത്താന്‍ എന്ത് വില കൊടുക്കണം എന്ന് നിങ്ങള്‍ക്ക് അറിയില്ല . 

 പ്രവാസികളെ ഇതിലെ ഇതിലെ. സെറിട്ടിഫിക്കറ്റ് ഇല്ലേല്‍ എതിലെ ? രോഗം ഇല്ലാത്തവര്‍ക്ക് ഒരു ബീമാനം രോഗം ഉള്ളവര്‍ക്ക് ബേറെ ബീമാനം. ഡോക്ടറെ എനിക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നും പറഞ്ഞു ഓടിച്ചെന്നാല്‍ കെട്ടി കിടക്കുന്ന പിടയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ് എടുത്തു ചാര്‍ത്തി കിട്ടില്ല ഗള്‍ഫില്‍ അതറിയില്ല എന്നാണെങ്കില്‍ സംവിധാനം ഒരുക്കണം സൗകര്യം ഒരുക്കണം എന്ന് വട്ടമേശയ്ക്കു ചുറ്റും ഇരുന്നു പറഞ്ഞാല്‍ പോരാ. 

 പ്ലാനിങ് ബോര്‍ഡ് മീറ്റിംഗ് അല്ല ഇത് ദുരിതം അനുഭവിക്കുന്ന പതിനായിരങ്ങളുടെ പ്രെശ്‌നം ആണ്. വിമാനത്തില്‍ വെച്ച് പിടിപെടാന്‍ സാധ്യത ഉണ്ട്, ശെരിയാണ്. ചിലര്‍ക്ക് രോഗം കാണിക്കുക ഇല്ല അങ്ങനെ ആരെങ്കിലും നാട്ടില്‍ വന്നു കറങ്ങി നടന്നാല്‍ രോഗം പടരാം. ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് , ഒരു സര്‍കാട് തീരുമാനം നടപ്പിലാവാന്‍ എന്ത് സമയം വേണ്ടി വരും എന്നറിയാവുന്ന സര്‍ക്കാര്‍ പറയുന്നു അതിനുള്ള സംവിധാനം ഉണ്ടാക്കണം എന്ന് അങ്ങ് ഗള്‍ഫില്‍. ഉടനെ നടക്കുന്ന കാര്യം വല്ലതും പറയണം മുഖ്യ സഖാവേ. രോഗ ലക്ഷണം മാത്രമായുള്ളവര്‍ക്കു അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളിലും മറ്റും കഷ്ടപ്പെടുന്നവര്‍ക്ക് മാത്രമായി വിമാനം ചാര്‍ട്ട് ചെയ്യാന്‍ കാശില്ലെ ? 

'വന്നോ വന്നോ' എന്ന് കാര്‍ട്ടൂണ്‍ വരച്ചിട്ടു വരാന്‍ ഭാവിക്കുമ്പോള്‍ വരണോ എന്ന ഇത് കൂടി കൊണ്ട് വാ എന്ന് പറയാന്‍ ഉളുപ്പില്ലേ ? എന്തിനാ കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്ക, ലോക മലയാളി ഏതാണ്ടൊക്കെ ഉള്ളതല്ലേ ഈ പരിശോധന കിറ്റുകളുടെ ഏര്‍പ്പാട് നേരത്തെ തുടങ്ങാമായിരുന്നെല്ലോ? ദിവസവും വന്നിരുന്നു ചിത്രഗുപ്തന്റെ കണക്കു പുസ്തകം പോലെ ലിസ്റ്റ് വായിക്കുമ്പോള്‍ അകലെ സ്വന്തം നാട്ടില്‍ ഒന്ന് എത്തിപെടുവാന്‍ കൊതിക്കുന്ന അനേകായിരങ്ങളെ പറ്റി ഓര്‍ക്കുന്നത് നന്ന് അല്ലെങ്കില്‍ പൊള്ളിയ കൈ ഉണങ്ങാന്‍ സമയം കിട്ടി എന്ന് വരില്ല.

ചൊറിതണം
: കഥ പറഞ്ഞു തീരാതെ പറന്നകന്ന കഥാകാരന് ബാഷ്പാഞ്ജലികള്‍ ...

"കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം നായകന്‍ വില്ലൊടിക്കണം കണ്ണീര് നീങ്ങി കളിചിരിയിലാവണം ശുഭം കയ്യടി പുറകേ വരണം എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഖമോ ബാക്കി വെയ്ക്കുന്നത് തിരശീലയില്‍ നമ്മുക്കി കണ്‍കെട്ടും കാര്‍ണിവലും മതി" 


 -സച്ചി

Post a Comment

0 Comments