വ്യക്തമാകുന്ന വൃത്തങ്ങള്‍ | ശനിയന്‍


ങ്ങളുടെ നാട്ടില്‍ ഒരു കക്ഷി ഉണ്ട് പേര് പറയുന്നില്ല. ഇദ്ദേഹം എന്ത് ചെയ്യരുത് എന്ന് എഴുതിയിട്ടുണ്ടോ അത് ചെയ്യാന്‍ ശ്രെമിക്കും അത് ചെയ്തു അബദ്ധമായാലോ ? 'അറിയാമായിരുന്നു എങ്കില്‍ ചെയ്യുമോ ?' എന്ന് തിരിച്ചു ചോദിക്കും. ഏതാണ്ട് ഇതുപോലെ ഉള്ള ഒരു പാട് പേര് നമുക്കിടയില്‍ ഉണ്ടെന്നു പത്രങ്ങള്‍ വഴി കാണിച്ചു തന്ന നാളുകള്‍ ആണ് ഇപ്പോള്‍ കണ്ടത്. പുറത്തുനിന്ന് വന്നവരായാലും അകത്തു നിന്ന് ഉള്ളവരായാലും കൊറെന്റീനില്‍ പോകാന്‍ പറഞ്ഞാല്‍ പോയാല്‍ മാത്രം പോരാ അത് മര്യാദയ്ക്ക് നടപ്പാക്കണം. ചിലര്‍ അങ്ങനെ ആണോ എന്ന് അറിയില്ല. ലക്ഷണം ഒന്നും കാണിക്കുന്നില്ലെല്ലോ എന്ന പിന്നെ താമരാക്ഷന്‍ പിള്ളയുടെ വീട്ടില്‍ പോയി മിച്ചറും സര്‍ക്കാരിന്റെ ബാര്‍ലി വെള്ളവും കുടിക്കാം, കോറോണയെ പറ്റിച്ചു നാത്തൂന്റെ കുറ്റം പറയാന്‍ മാമന്റെ മോള്‍ടെ കല്യാണത്തിന് പോകാം അങ്ങനെ സാദ്ധ്യതകള്‍ അനന്തമാണ്. അലഞ്ഞു തിരിയാന്‍ ഓരോ കാരണം കണ്ടുപിടിച്ചു അങ്ങനെ കോറോണനെയും പറ്റിച് സര്‍ക്കാരുകളെ മണ്ടന്മാരായി കഥ ഉണ്ടാക്കി നടന്നു വീട്ടില്‍ എത്തുമ്പോ കാണും ചിലപ്പോള്‍ കൊറോണ. വയസ്സ് കാലത്തു മക്കളോ ബന്ധുക്കളോ താങ്ങാവും എന്ന് കരുതുന്ന വയസ്സായ മാതാപിതാക്കള്‍ക്ക് കിട്ടാവുന്നതിലും നല്ല താങ്ങാണ് ഇങ്ങനെ കൊണ്ട് കൊറോണ വിതരണം ചെയ്യുന്നവര്‍. അത് കൊണ്ട് പ്രിയപ്പെട്ട സുന്ദരന്മാരെ സുന്ദരിമാരെ അവനവന്റെ തുക്കടാ രാജ്യത്തെ ചക്ക വരട്ടികളെ വീട്ടുകാര്‍ക്കോ സ്വന്തം പിള്ളേര്‍ക്കൊ കൊറോണ മണ്‍സൂണ്‍ ബമ്പര്‍ അടിപ്പിക്കാന്‍ നോക്കാതെ വീട്ടില്‍ ഇരിക്കണം. ആരോട് പറയാന്‍ കൊറോണ വേണേല്‍ കാത്തു നിക്കും അതുപോലെ അല്ലല്ലോ പരദൂഷണവും മറ്റും എന്ന ലൈന്‍ ആണേല്‍ അധികം നീളം ഉണ്ടാവില്ല ഇമ്മാതിരി ലൈനുകള്‍ക്കു.
രാജാവ് തന്നെ പടപൊരുതാന്‍ പുട്ടുകുറ്റിയും പൊക്കി ഇറങ്ങി എന്നൊക്കെ മുഖപുസ്തകത്തില്‍ വായിച്ചു. ആരാധിച്ചോ ആരതിയും ഉഴിഞ്ഞോ എന്നും പറഞ്ഞു ലങ്ക ദഹനം മാതൃകയില്‍ പന്തവും കൊണ്ട് ഇറങ്ങല്ലേ. നിങ്ങള്‍ ഇങ്ങനെ അന്തമില്ലാതെ തള്ളി മറിച്ചത് കൊണ്ടാ അപകട ഘട്ടത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്ന് നാട്ടുകാര് പറയുന്നത്.  

പ്രധാനമന്ത്രിയുടെ സൈനികാശുപത്രി സന്ദര്‍ശനം വരെ കള്ളമാണ് എന്ന് പറഞ്ഞില്ലെ ? അത് കള്ളം അല്ലെന്നു പറയാന്‍ സൈന്യം തന്നെ വന്നു. ഈ തള്ളുകള്‍ കുറച്ചിരുന്നു എങ്കില്‍ ഈ 'വൃത്തങ്ങള്‍ വ്യക്തമാക്കി' എന്ന കലാപരുപാടി കുറയ്ക്കാമായിരുന്നു. ഇതിപ്പോ എന്താ ചേട്ടാ? രാജ്യത്തിന്റെ ഉന്നത പദവിയില്‍ ഉള്ള ഒരാളുടെ പ്രസ്താവന പത്രം അച്ചടിക്കും മുന്‍പേ ട്രോളന്മാര്‍ അച്ചടിക്കുന്ന അവസ്ഥ. എന്താണേലും മൊദി സര്‍ക്കാര്‍ ചെയ്ത ഒരു കാര്യം നന്നായി, ടിക്ടോക് ഉള്‍പ്പടെ കുറെ ആപ്പുകളുടെ ആപ്പീസ് പൂട്ടി. ഇനി ബാക്കി ഉള്ളത് കൂടെ പൂട്ടണം ചൈനയ്ക്ക് ഒരു പാഠം ആവട്ടെ. ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ നല്ലൊരു ശതമാനം ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്, ആയ കാലത്തു ഇന്ത്യയില്‍ വന്നു ഉണ്ടാകു അങ്ങനെ നമ്മുടെ പിള്ളാര്‍ക്ക് ഒരു ജോലി ആവും എന്ന് പറയാതെ ഇവിടെ ഉള്ളവര്‍ക്ക് കാര്യങ്ങള്‍ തുടങ്ങാന്‍ ഇന്ത്യയുടെ സ്വന്തം ആലിബാബ ഉണ്ടാക്കുവാന്‍ ശ്രെമിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ കണ്ട ചൈനക്കാരോട് ഈ കടിപിടി കൂടണമായിരുന്നോ? ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എംബിബിസ് കഴിഞ്ഞാല്‍ ഒരു വര്‍ഷം നിര്‍ബന്ധ സേവനം സര്‍ക്കാരിന്റെ കീഴില്‍ എന്ന് കേട്ടിട്ടുണ്ട് അറിയാവുന്നവര്‍ തെറ്റാണെങ്കില്‍ തിരുത്തുക, എന്തുകൊണ്ട് ഐ ഐ ടി കളും എന്‍ ഐ ടി കളും ഈ പരുപാടി നടത്തിക്കൂടാ? ഇന്ത്യന്‍ തലച്ചോറ് കണ്ട അമേരിക്കയും യൂറോപ്പും തട്ടി കൊണ്ട് പോകാതെ ഇവിടെ നിര്‍ത്തുവാന്‍ പറ്റുമായിരുന്നു എങ്കില്‍ ഇന്ത്യയുടെ ഹസ്തരേഖാ തന്നെ മാറിയേനെ. റാഫേലിനും വിമാനവാഹിനികള്‍ക്കും വേണ്ടി കാത്തു നില്‍ക്കേണ്ടി വരില്ലായിരുന്നു. ഇന്ത്യയുടെ നേരെ നോക്കാന്‍ ധൈര്യപ്പെടില്ല എന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം മൈക്കിന്റെ മുന്‍പില്‍ വിളിച്ചു പറയേണ്ടി വരില്ലായിരുന്നു. ഇതിപ്പോ എന്താ ചീന വല എന്ന് പറയാന്‍ പോലും പേടിക്കുന്നു എന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുന്നു.

ജോസ് മോന്‍ പുറത്തായി എന്ന് ബെന്നി ചേട്ടന്‍ പുറത്താക്കിയതല്ല കട്ടിളക്കാലു ഉറപ്പിക്കാന്‍ പടിക്കല്‍ നിര്‍ത്തിയതാണ് എന്ന് മനസാക്ഷി കോടതിക്കാര്‍ . നട്ടലോടെ ഒരു തീരുമാനം എടുക്കുവാന്‍ അടുത്തകാലത്തൊന്നും സാധ്യത ഇല്ലേ ? അല്ല , നട്ടലിന്റെ കാര്യം പറഞ്ഞാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും കണക്കാ. മാണി സാറിനെ ഇപ്പൊ കുപ്പിയില്‍ ആക്കാം എന്നും പറഞ്ഞു പിള്ളാരെയും യൂത്തന്മാരെയും നടുറോഡില്‍ ഇറക്കി റോഡിലൂടെ ഓടി നടന്നു കൊണ്ടും മേടിച്ചും കൂടിയ വാര്‍ത്തകളുടെ പത്രക്കെട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. അതവിടെ നിക്കട്ടെ, ധാരണ പ്രകാരം ഉണ്ടാക്കിയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ ജോസ് സാറെ ? ഈ ഒരു കാര്യത്തിന് ഇ പണി കാണിച്ചെങ്കില്‍ നാളെ ഒരു മന്ത്രി കസേര വരാനും വന്നാല്‍ കൈവിട്ടു പോകാതിരിക്കാനും എന്തൊക്കെ കാണിക്കും? പിതൃ സ്‌നേഹം ഉള്ള പുത്രനാ . അതുകൊണ്ടല്ലേ പറഞ്ഞ വാക്കിനു വില കൊടുക്കാത്ത കാരണം പറഞ്ഞു പുറത്തായപ്പോ 'മാണി സാറിനെയാണ് പുറത്താക്കിയത് എന്ന് പറഞ്ഞത് ' വര്‍ഷം കുറെ ആയില്ലേ ? സ്വന്തം പേരിലെ മാണി വലുതാക്കി അച്ചടിച്ചാലേ ഭക്ഷണം കിട്ടു എന്ന് പറഞ്ഞാല്‍ എന്തൊരു ദുരന്തമാ ? ഓടി വരുന്ന ജോസ് മോനെ വാരിപുണരാന്‍ ആയിരിക്കും ബഡ്ജറ്റില്‍ ഒരു മുഴം മുന്നേ എറിഞ്ഞത് . ഇതൊക്കെ ഇനി ഫേസ്ബുക് എന്ന കുരുക്ഷേത്രത്തില്‍ എങ്ങനെ ന്യായികരിച്ചു എടുക്കുമോ ആവൊ!.

ചൊറിതണം : അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയ പോലീസുകാരന്റെ നടപടിയെ ലോകം മുഴുവന്‍ അപലപിക്കുമ്പോ നമ്മള്‍ മലയാളികള്‍ എങ്ങനാ മിണ്ടാതിരിക്കുന്നത് . നമ്മളും ഇറങ്ങുക ആയി. പണിക്കു വരാന്‍ 'ബംഗാളികളും' 'പാണ്ടികളും' ഉണ്ടല്ലോ പിന്നെ ഇതിനായിട്ട് വെയിലു കൊണ്ട് നമ്മുടെ 'പാല്‍ പോലെ' വെളുത്ത ചര്‍മ്മം കറുക്കുമെന്ന പേടി വേണ്ട. കറുത്ത് പോയാല്‍ പിന്നെ ആളുകള്‍ എന്തൊക്കെ പറയും, ശോ ഓര്‍ക്കാന്‍ കൂടി വയ്യ. അല്ലെങ്കിലും സാധനം വാങ്ങാനും മറ്റും 'കോളനിയില്‍' ഉള്ള പിള്ളേരെ വിടാം. 'സാക്ഷര കേരളം , സുന്ദര കേരളം ' വരൂ നമ്മുക്ക് വര്‍ണ്ണ വെറിക്കെതിരെ ഘോരം ഘോരം അപലപിക്കാം.

Post a Comment

0 Comments