കലിക | സുഷമ ശിവരാമന്‍

ന്നലെ രാത്രിയില്‍ മുറ്റത്തങ്ങുലാത്തവേ,
കണ്ടുഞാന്‍ മുല്ലമൊട്ടിന്‍ പുഞ്ചിരിയെന്‍തൊടിയില്‍

തൂകുന്നു മന്ദഹാസം പാല്‍നിലാവൊളിപോലെ
വിരലാലൊന്നുതൊട്ടു തഴുകി ഞാനവളെ,

നുകര്‍ന്നു സുഗന്ധമാ പൂവിന്റെ ,നെറുകയില്‍
ഒരു ചുംബനം നല്‍കി, മുല്ലയും നാണിച്ചുവോ?

ഒരു കാറ്റലവന്നു കുണുങ്ങി മുല്ലയപ്പോള്‍
'വേണ്ടനീ തോഴായെന്നെ ,പിച്ചിയിന്നെടുക്കല്ലേ

പൂമണം പരത്തി , പൂന്തിങ്കള്‍ കണ്ടിങ്ങനെ
പുലരുംവരെയിന്നു സ്വപ്നങ്ങള്‍ കണ്ടിടട്ടെ

ഉതിര്‍ന്നു വീഴും ഞാനെന്നുയിരുമറ്റുപോകും
ഉലകമിതിങ്കലെന്‍ ആയുസ്സും കുറവല്ലോ

എങ്കിലും വെണ്മയേറും സൗന്ദര്യത്തികവാലും 
എന്റെയീനറുമണമേകിയും മോദം നല്കാം.

ഇറുത്തീടുവാന്‍ ചെന്നു അരികില്‍ നിന്നനേരം
മുല്ലതന്‍ വാക്കുകളെന്‍ കാതില്‍ വന്നലയ്ക്കുന്നു

'ഇല്ല ഞാനൊരിക്കലും നിന്റെയീ സൗന്ദര്യത്തെ
ആരാരുമിറുക്കാതെ പൊന്നുുപോല്‍ സംരക്ഷിക്കാം

വിടരാന്‍ കൊതിക്കുന്ന ഒരു പൂമൊട്ടിനേയും
കശക്കിയെറിയില്ല, കാവലായ് നിന്നീടാം ഞാന്‍

ആഹ്‌ളാദത്തോടെ നീയും ജീവിക്കയീ ഭൂമിയില്‍
ആരെയും പേടിക്കേണ്ട', കാത്തിടാം നിന്നെ ഞാനും'

ചിരിക്കും പൂമൊട്ടിന്റെ അഞ്ചിത ഭാവമെന്റെ
ചിന്തയില്‍ പുതിയൊരു വെളിച്ചമേകിയപ്പോള്‍

സുഗന്ധം പരത്തുവാന്‍ വിടരും പൂമൊട്ടുകള്‍
കാവലായവയ്ക്കു നാം ചുറ്റിലുമുണ്ടെന്നാകില്‍

കശക്കിയെറിയുവാന്‍, ചവിട്ടിമെതിക്കുവാന്‍
നരഭോജികളൊന്നും അരികില്‍ വരികില്ല

വീടിനു സുഗന്ധമായ്,നാടിനു വെളിച്ചമായ്
കലിക വിടരട്ടെ, കണ്ണുകള്‍ തുറക്കനാം.

Post a Comment

0 Comments