കാഴ്ച/ അറിവ് | വാഹിദ് ചെങ്ങാപ്പള്ളി


ഗ്രാമ ഹൃദയങ്ങളിലൂടെ ട്രെയിന്‍ ലക്ഷ്യത്തിലേക്ക് പായുകയാണ്..
തൊട്ടുമുന്നിലെ സീറ്റിലിരുന്ന നാലുവയസുകാരന്‍ ട്രെയിന്‍ ജാലക കാഴ്ചകള്‍ വലിയ ആസ്വാദകനെപ്പോലെ കണ്ടു കൊണ്ടിരുന്നു... ഒരു പിണക്കവുമില്ലാതെ ...
 അവന്റെ
അമ്മയാവട്ടെ അഛന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു മയങ്ങുന്നു...
അഛന്‍ ലാപ്‌ടോപ്പില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുമ്പോഴും ഭാര്യയുടെ ഉറക്കത്തെ അയാള്‍ ശല്യപ്പെടുത്തിയതായി കണ്ടില്ല...

ഇടയ്ക്ക് ട്രെയിന്‍ നെല്‍പാടത്തിനു നടുവിലൂടെ പാഞ്ഞു പോകുമ്പോള്‍ , വിളഞ്ഞ നെല്‍ക്കതിരുകള്‍, സ്വര്‍ണ്ണ നിറം പേറി തലകുമ്പിട്ടുനില്കുന്ന കാഴ്ച ആ പിഞ്ചു പൈതലിനേയും ഏറെ സന്തോഷിപ്പിക്കുന്നതായി തോന്നി..

പെട്ടെന്നവന്‍ ഉറക്കത്തിലായിരുന്ന അമ്മയെയും ലാപ്പില്‍ മിഴി നട്ടിരുന്ന അച്ഛനേയും തട്ടിവിളിച്ചു ഏറെ സന്തോഷത്തില്‍ പറയുകയായിരുന്നു.
 'അച്ഛാ ... അമ്മേ.... ദേ നോക്കിയേ.....
ദേ... നോക്ക്.... നെല്ല് വിളയുന്ന മരം....'
കേട്ടപാടെ അവന്റെയച്ഛന്‍ തലയൊന്നു കുലുക്കിയിട്ട് പുറത്തേക്കൊന്നു നോക്കി : പിന്നെ ലാപ് ടോപ്പിലേക്ക് തിരിഞ്ഞു .. അമ്മ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു...
അനന്തമായ പാളങ്ങളിലൂടെ ട്രെയിന്‍
അതിന്റെ ഓട്ടവും തുടര്‍ന്നു കൊണ്ടിരുന്നു....

(ഫോട്ടോയും ലേഖകന്‍ തന്നെ പകര്‍ത്തിയതാണ്‌
)

Post a Comment

0 Comments