ഈ വർഷത്തെ IFFKയിലെ ഏക റോഡ് മൂവിയാണ് ഒമാഹ. റോബർട്ട് മക്കോയൻ്റെ തിരക്കഥയിൽ കോൾ വെബ്ലി സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചിത്രമാണ്
ഒമാഹ.
ഒരു വലിയ ദുരന്തത്തിന് ശേഷം പ്രതിസന്ധിയിലായ ഒരച്ഛൻ, അമ്മ നഷ്‌ടപ്പെട്ട തൻ്റെ രണ്ട് കൊച്ചുമക്കളെയും അവരുടെ നായയെയും കൂട്ടി ഒരു യാത്ര പോകുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ജോൺ മഗാരോയാണ് ഈ അച്ഛൻ്റെ വേഷം കൈകാര്യം ചെയ്യുന്നത്. സ്വഭാവികവും അതിഭാവുകത്വമില്ലാത്തതുമായ അഭിനയമാണ് ഈ നടൻ കാഴ്ച്ചവെക്കുന്നത്.
2025 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം കൃത്രിമമായ സംഭാഷണങ്ങൾ ഒഴിവാക്കി, വൈകാരികമായി കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അവസാനം വരെ ഉദ്വേഗം നിലനിർത്തുന്ന കഥാകഥന രീതിയാണ് സിനിമയുടെത്. ദാരിദ്ര്യത്തിൻ്റെ വേദനയും പിതൃത്വത്തിൻ്റെ സങ്കീർണ്ണതകളും ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. നിസ്സഹായനായ ഒരച്ഛനെ ജോൺ മഗാരോ അതിഗംഭീരമായി അവതരിപ്പിച്ചപ്പോൾ, ബാലതാരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. യൂട്ടായിലെ ഖനന നഗരങ്ങളിലും ഉപ്പ് പാടങ്ങളിലുമായി ചിത്രീകരിച്ച സിനിമയുടെ ദൃശ്യങ്ങൾ വളരെ മനോഹരമാണ്. വിഷാദത്തിൻ്റെ ഒരു നേർത്ത പാളി സിനിമയിലുടനീളം ഉണ്ട്. അത് വൈകാരികമായി തന്നെ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്.
ഹൃദയസ്പർശിയായ റോഡ്-മൂവി എന്ന് "ഒമാഹ"യെ വിശേഷിപ്പിക്കാമെങ്കിലും, ഈ ഗണത്തിലെ പതിവ് സിനിമകളിൽ നിന്ന് ഇത് പലതുകൊണ്ടും വേറിട്ടുനിൽക്കുന്നു. സാധാരണയായി റോഡ്-മൂവികൾ സ്വാതന്ത്ര്യം, സാഹസികത, ആത്മാന്വേഷണം
എന്നിവയിലൂടെയുള്ള യാത്രയും അവയുടെ ആഘോഷവുമാണ് വിഷയമാക്കുന്നതായി കാണാറ്. എന്നാൽ ഒമാഹ യിൽ യാത്ര ഒരു ഒളിച്ചോട്ടമോ ആഘോഷമോ അല്ല, മറിച്ച് ഒരു ദുരന്തത്തിൽ നിന്ന് ഉടലെടുത്ത അനിവാര്യതകളുടെ കഥയാണ് പറയുന്നത്.
കഥാപാത്രങ്ങൾ എവിടേക്കാണ് യാത്ര ചെയ്യുന്നത് എന്നതിനേക്കാൾ, അവർ എന്തിൽ നിന്നാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നതാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. മറ്റ് റോഡ്-മൂവികളിൽ നിന്ന് വ്യത്യസ്തമായി, സംഭാഷണങ്ങളെക്കാൾ നിശ്ശബ്ദതയ്ക്കും ദൃശ്യങ്ങൾക്കുമാണ് ഒമാഹ പ്രാധാന്യം നൽകുന്നത്. കഥാപാത്രങ്ങളുടെ ഉള്ളിലെ സംഘർഷങ്ങൾ അവരുടെ നോട്ടങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കെയാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
ഇത് സിനിമയ്ക്ക് ഒരു ധ്യാനാത്മകമായ അനുഭവം നൽകുന്നുണ്ട്.
ചിത്രത്തിൻ്റെ ഒമാഹ എന്ന പേര് കൗതുകമുണർത്തുന്നതും പ്രതീകാത്മകവുമാണ്. സിനിമയുടെ പശ്ചാത്തലം യൂട്ടായിലെ വിജനമായ പ്രദേശങ്ങളാണ്, അല്ലാതെ നെബ്രാസ്കയിലെ ഒമാഹ നഗരമല്ല. ഇത് സൂചിപ്പിക്കുന്നത് ഒമാഹ എന്നത് ഒരു സ്ഥലമല്ല, മറിച്ച് ഒരു ആശയമോ നഷ്ടപ്പെട്ടുപോയ സന്തോഷമോ ആകാമെന്നാണ് കരുതേണ്ടത്.
ഒരുപക്ഷേ അത് അവർക്ക് നഷ്ടപ്പെട്ട വീടിനെയോ, സുരക്ഷിതമായ ഒരു ജീവിതസാഹചര്യത്തെയോ, അല്ലെങ്കിൽ ഒരിക്കലും എത്തിച്ചേരാൻ സാധിക്കാത്ത ഒരു നല്ല ഭാവിയെക്കുറിച്ചുള്ള സ്വപ്നത്തെയോ പ്രതിനിധീകരിക്കുന്നുണ്ടാവാം. അമേരിക്കയുടെ ഹൃദയഭാഗത്തുള്ള ഒരു നഗരം എന്ന നിലയിൽ, ഒമാഹ എന്ന പേര് സ്ഥിരതയുടെയും സാധാരണ
ജീവിതത്തിന്റെയും പ്രതീകമായിരിക്കാം. ഈ ജീവിതമാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് നഷ്ടമായതും അവർ വീണ്ടെടുക്കാൻ ശ്രമിക്കുന്നതും. അതിനാൽ, 'ഒമാഹ' എന്ന ലക്ഷ്യം ഒരു ഭൗതികമായ ഇടം എന്നതിലുപരി, മാനസികമായ ഒരു അഭയവും സുരക്ഷിതത്വവുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് കരുതാം.
ചുരുക്കത്തിൽ, 'ഒമാഹ' വെറുമൊരു റോഡ്-മൂവി മാത്രമായി കണക്കാക്കാനാവുമെന്ന് തോന്നുന്നില്ല. ഇത് പിതൃത്വത്തിൻ്റെയും നഷ്ടപ്പെടലിൻ്റെയും അതിജീവനത്തിൻ്റെയും കഥകൂടിയാണ്. സംഭാഷണങ്ങൾ കുറച്ച്, ദൃശ്യങ്ങൾ കൊണ്ടും നിശ്ശബ്ദതകൊണ്ടും കഥ പറയുന്ന സംവിധാന ശൈലി പ്രേക്ഷകരെ കഥാപാത്രങ്ങളുടെ വൈകാരിക ലോകത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ജോൺ മഗാരോയുടെ മികച്ച പ്രകടനവും ഹൃദയസ്പർശിയായ കഥയും ഈ സിനിമയെ അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുന്നു.
© A.V.Santhoshkumar


0 Comments