എന്റെ താല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ മറ്റൊന്നും പ്രസക്തമല്ല, എന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാതാപിതാക്കളെയും സഹോദരങ്ങളെയും ഹോമിച്ചേയ്ക്കാം. കാടും നാടും നശിപ്പിയ്ക്കാനശേഷം വിഷമവുമില്ല. സങ്കുചിത ചിന്തകളും വിഭാഗീയ ചിന്തകളുമാണ് ഇന്നു നമ്മെ ഭരിയ്ക്കുന്നത്. ഒരിയ്ക്കലും അവസാനിയ്ക്കാത്ത സങ്കട്ടനങ്ങളും സങ്കര്‍ഷങ്ങളുമാണിന്ന് ജീവിതത്തിന്റെ മുഖമുദ്ര. മറക്കുവാനും പൊറുക്കുവാനും നമ്മെ പഠിപ്പിയ്ക്കുന്ന ഹൃദയ വിശാലതയ്ക്ക് ഇന്ന് പ്രസക്തിയില്ല. ദേക്ഷ്യംകൊണ്ട് മതിമറന്ന് ചെറിയ ചെറിയ കാരണങ്ങളാല്‍ പ്രകോപിതരായി പരസ്പരം കുറ്റപ്പെടുത്താനും ആക്രമിക്കാനും തയാറാകുന്ന ഒരു സമൂഹത്തെയാണ് നമുക്കു ചുറ്റുമിന്ന് കാണാന്‍ കഴിയുന്നത്.നമുക്ക് നമ്മെത്തന്നെ എവിടെയോ നഷ്ടമായിരിയ്ക്കുന്നു.
ലഹരിയ്ക്കടിമയായി ലക്കുകെട്ട് അച്ഛനമ്മമാരെപ്പോലും വധിയ്ക്കാനും സ്വന്തം സഹോദരിയെപ്പോലും മാനഭംഗം ചെയ്യാനും മടിയില്ലാത്ത നമ്മുടെ തലമുറ എവിടേയ്ക്കാണു പോകുന്നത്.കൂണുകള്‍ പോലെ മുളച്ചുയരുന്ന മയക്കുമരുന്നു ലോബികള്‍ പുതിയ പുതിയ ലഹരികള്‍ എങ്ങിനെയുണ്ടാക്കണം എന്ന് ഗവേഷണങ്ങള്‍ നടത്തി, കൈമെയ് മറന്ന് ഉപഭോക്താക്കളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവരുടെ തീവ്രയജ്ഞം വിജയത്തിലെത്തന്നു എന്നതിന്റെ തെളിവുകള്‍ നമുക്ക് ചുറ്റും കാണുന്നു. അഞ്ചുവയസ്സുകാരന്റെ സഞ്ചിയിലും ഇന്ന് ലഹരി പായ്‌ക്കെറ്റുകള്‍ സൂക്ഷിയ്ക്കപ്പടുന്നു. ഇവിടെ നമുക്ക് നഷ്ടമാകുന്നത് നാളത്തെ തലമുറയുടെ വീര്യമാണ്. നാളത്തെ പൗരന്റെ പോരാട്ടവീര്യം നഷ്ടപ്പെടുത്തി ഒരു രാജ്യത്തിന്റെ ശക്തിഷയിപ്പിയ്ക്കാന്‍ ഇതിലധികം എളുപ്പമായ ഒരു വഴി വേറെയെന്തുണ്ട്? വിദേശ ശക്തികളുടെ അച്ചാരം വാങ്ങി സ്വന്തം രാജ്യത്തെ തന്നെ ചതിയ്ക്കുന്ന ധൂമകേതുക്കളെ നമ്മള്‍ കണ്ടുപിടിയ്ക്കണം, തടവറയ്ക്കുള്ളില്‍ തളയ്ക്കണം.
സ്വന്തം മക്കളാല്‍ ശിക്ഷിയ്ക്കപ്പെടുന്ന ഹതഭാഗ്യരായ മാതാപിതാക്കള്‍ ഇനിയുമിനിയുമുണ്ടായിക്കൊണ്ടിരിയ്ക്കും.മിഠായിയും ഐസ്‌ക്രീമും വാങ്ങിക്കൊടുക്കാത്ത മാതാപിതാക്കള്‍ കുഞ്ഞു മക്കളുടെ കണ്ണില്‍ നിഷ്ഠൂരരായ സ്‌നേഹമില്ലാത്തവരുമായി മാറും. വാങ്ങിക്കൊടുത്താലോ സ്വന്തം കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ ലഹരിയുടെ വിത്ത് പാകാന്‍ വിധിയ്ക്കപ്പെട്ടവരാകുന്നു എന്നതാണ് സത്യം. മാരകമായ ഈ വിപത്തിനെ എങ്ങിനെ നേരിടാം എന്നാണ് നമ്മളിനി ഒത്തുചേര്‍ന്ന് ആലോചിയ്‌ക്കേണ്ടത്. ഇത് രാജ്യത്തിന്റെ പരമമായ ആവശ്യമാണ്.അധികാരികള്‍ കണ്ണുതുറക്കണം, യുവ തലമുറ ലഹരി നിരോധനത്തിന്റെ പാതയില്‍ ചങ്കുറപ്പോടെ പങ്കു ചേരണം , ലഹരി വില്‍ക്കുന്നവരെ മാത്രമല്ല ഉപയോഗിയ്ക്കുന്നവരെയും കഠിനമായ ശിക്ഷക്ക് വിധേയമാക്കണം. കാരണം ഭയമാണ് അനുസരണയ്ക്ക് കാരണം.രാജ്യം എത്രമാത്രം സംപത്ഘടനയിലുയര്‍ന്നാലും സംസ്‌കാരവും ശക്തിയുമുള്ള ഒരു തലമുറയെ വാര്‍ത്തടുക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അതു നമ്മുടെ നഷ്ടമാണ്. സമരവീര്യം നിറഞ്ഞുനില്‍ക്കുന്ന, സ്വയം രാജ്യ സമര്‍പ്പണത്തിനു തയാറാകുന്ന ഒരു ജനതയേ നമുക്ക് നഷ്ടമാകും. ജനമില്ലങ്കില്‍ പിന്നെ എന്തു രാഷ്ട്രം. സരള സുന്ദര ചിന്താഗതിയും, വിശാലമായ കാഴ്ചപ്പാടും നമ്മില്‍ നിന്നും അകന്നു പൊയ്‌ക്കൊണ്ടിരിയ്ക്കുന്നു.
കണ്ണിന് കണ്ണ് പല്ലിനു പല്ല് ഇതാണിന്നത്തെ പ്രത്യയശാസ്ത്രം. കലാപം കാലുക്ഷ്യം ഇവ ചേര്‍ന്നൊരുക്കിയ വൈരാഗ്യം നിറഞ്ഞൊരു ചിത്തവൃത്തിയ്ക്കടിപ്പെട്ട് ജീവിതത്തിന്റെ പരമമായ സന്തോഷം എന്തെന്നുപോലുമറിയാതൊരു തലമുറയിപ്പോള്‍ വളര്‍ന്നു വരുന്നു അവരിപ്പോള്‍ തേടുന്നത് അയല്‍ക്കാരന്റെ ദുഖമാണ് . അയല്‍ക്കാരന്റെ വളര്‍ച്ചയില്‍ സന്തോഷിയ്ക്കാനും ഹൃദയംകൊണ്ടഭിനന്ദിയ്ക്കാനും കഴിയുംപോഴല്ലെ നമ്മിലെ മനുഷ്യന്‍ മനുഷ്യനാകുന്നുള്ളു. അന്യന്റെ സുഖം നമുക്കസുഖമായി മാറുംപോള്‍ അറിവും കരുണയുമില്ലാത്ത അസ്തമയങ്ങളിലൂടെയാണ് നമ്മള്‍ മുന്നേറുന്നത്. തൃഷ്ണയാണു ദുഖം. ആഗ്രഹങ്ങളൊഴിയാത്ത മനസ്സ് അതൃപ്തമാണ്. ആവശ്യങ്ങടങ്ങാത്തമനസ്സില്‍ ആര്‍ത്തിയുടെ ആവേശം നടമാടുന്നു. സ്ന്തമായി ഇനിയുമിനിയും വാരിക്കൂട്ടാന്‍ തത്രപ്പെടുംപോള്‍ ഒന്നുമില്ലാത്തവന്റെ സങ്കടം ആരു കാണുന്നു. ഒരിയ്ക്കലും ഒന്നിലും തൃപ്തിവരാതെ വീടിന്റെയുള്ളിലും അശാന്തി നിറച്ച് സ്വന്തം സമാധാനവും കുടുംബത്തിന്റെ സന്തോഷവും നഷ്ടപ്പെടുത്തുന്നു.അയല്‍ക്കാരന്റെ കൈവശമുള്ളതെല്ലാം അതുപോലെയോ അതില്‍ കൂടുതലായോ നമ്മുടെ കൈവശവും വേണം. ഇല്ലെങ്കില്‍ അവരുടെ മുന്‍പില്‍ നമ്മള്‍ തീരെ ചെറുതായിരിക്കും. കടത്തില്‍ മുങ്ങിക്കുളിച്ച് അയല്‍ക്കരനൊപ്പമെത്താന്‍ ശ്രമിയ്ക്കുംബോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ ആത്മഹത്യ എന്ന പരിഹാരത്തിലെത്തി നില്ക്കുന്നു. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ശത്രുത, രാജ്യത്തിനകത്ത് സ്വന്തം സഹോദരതുല്ല്യം കരുതേണ്ട നമ്മുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കാന്‍ അച്ചാരം വാങ്ങി മത തീവ്രവാദം മറയാക്കി മനുഷ്യ ജീവനു യാതൊരു വിലയുമില്ലന്നു തെളിയിക്കുന്നു.
ഉറ്റവരെ നഷ്ടപ്പെടുന്ന വേദന അനുഭവിച്ചവര്‍ക്കേ അറിയൂ, മറ്റാരുമതോര്‍ക്കില്ല. ജീവിതകാലം മുഴുവന്‍ ആ വേദനയുംപേറി ജീവിത ഭാരം ചുമക്കുന്നവര്‍, ആശ്രയമറ്റവര്‍, അവലംബമില്ലാതെ അലയുംബോള്‍ നമ്മള്‍ചിന്തിയ്ക്കുന്നില്ല എവിടെയാണിതിനൊരവസാനം. മഴയും വെയിലും നമ്മള്‍ വിചാരിയ്ക്കാതെയിരിയ്ക്കുംബോള്‍ തീവ്രവും അതി തീവ്രവുമൊക്കയായി മനുഷ്യനെ വേട്ടയാടുന്നു, നമ്മുടെ കണക്കുകള്‍ കാലഹരണപ്പട്ടുപോയി കാലാവസ്ഥയും മാറി മറിഞ്ഞു. എവിടെയാണ് ഇതിന്റെയെല്ലാം തുടക്കം, മനുഷ്യന്‍ എന്നുമുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുവാന്‍ തുടങ്ങിയോ അന്നുമുതല്‍ ഭൂമിയുടെയും മനുഷ്യന്റെയും ദുരിതത്തിന്റെ പുറപ്പാടായി. മനുഷ്യന്‍ പ്രകൃതിയെ തന്റെ ദുരയ്ക്കായി കൊള്ളയടിച്ചു, ഭൂമിയിലെ വിഭവങ്ങള്‍ ധൂര്‍ത്തടിച്ചു. ഭൂമിയുടെ ദുഖത്തിന്അറുതിയില്ലാതായി, പ്രകൃതിയുടെ ഹൃദയം ഭൂമിയാം അമ്മയ്ക്കുവേണ്ടി ആര്‍ത്തലച്ച് മഴയായി പെയ്തിറങ്ങി. മേഘവിസ്‌ഭോടനങ്ങള്‍ തീര്‍ത്ത് സകലതും തകര്‍ത്തെറിഞ്ഞ് തൂത്തുവാരി മനുഷ്യനും മണ്ണിനും വിലയില്ലന്നു വെളിപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുന്നു. അശാന്തിയുടെ തീരത്തു നിന്നുകൊണ്ട് മനുഷ്യന്‍ പുതിയ പുതിയ തത്വശാസ്ത്രങ്ങളുണ്ടാക്കി ഭൂമിയിലെ ദുഖം മാറ്റാന്‍ പണിപ്പെടുന്നു.
ഭൂമിയിലെ ദുഖങ്ങള്‍ മാറ്റാന്‍ ഒരു സിദ്ധാത്താന്തിനും കഴിയുകയില്ല. എവിടെയോ എന്തോ കുറവുണ്ട്. സത്യം തൊണ്ടയിലെ മുള്ളുപോലെ ഉടക്കി വലിയ്ക്കുന്നു.വേദനമാത്രം ബാക്കിയാവുന്നു മറ്റുള്ളവര്‍ എന്താണ് നിങ്ങളോട് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിയ്ക്കുന്നത് അതു തന്നെ മറ്റുള്ളവരോട് നിങ്ങളും അനുവര്‍ത്തിയ്ക്കണമെന്ന അറിവിലൂടെയേ ഭൂമിയിലെ ദുഖത്തിന് അറുതി വരുകയുള്ളൂ. മനുക്ഷ്യന്റെയുള്ളില്‍ മുളപൊട്ടുന്ന കരുണയുടെ നാംബുകളാണ് ഭൂമിയില്‍ വളര്‍ന്നു പടരേണ്ടത്. അതാണിന്നു ഭൂമിയുടെ അടിയന്തിരാവശ്യം. അന്യന്റെ വേദനയേപ്രതി സ്ഥായിയായി ഉരുകലാണ് ഇന്നിന്റെ ധര്‍മ്മം. വായില്‍നിന്നുതിര്‍വീഴുന്ന വാക്കുകള്‍ക്കും മഷിപുരണ്ട അക്ഷരങ്ങള്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. കാരുണ്യവും ശാസ്ത്രബോധവും സമന്വയിക്കണം. അപ്പോള്‍ മനുഷ്യന്റെയും ഭൂമിയുടെയും നിലനില്‍പ്പും അര്‍ത്ഥവത്താക്കാം.കാരുണ്യപൂര്‍വ്വമായ പ്രവര്‍ത്തിയിലൂടെ മാത്രമേ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം പഠിപ്പിയ്ക്കാന്‍ കഴിയുകയുള്ളു. കാരുണ്യപൂര്‍വ്വമായ പ്രവര്‍ത്തികള്‍ ബോധനമാര്‍ഗ്ഗമാക്കണം. കാരുണ്യ പൂര്‍വ്വമായ പ്രവര്‍ത്തികള്‍ ചെറുപ്പംതൊട്ട് കണ്ടുവളരണം.
നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളുംസസ്യജാലങ്ങളും നമ്മെപ്പോലെ ഈ ഭൂമിയുടെ അവകാശികളാണെന്ന സത്യം ഉള്‍ക്കൊണ്ടു വളരണം. നമുക്കു ചുറ്റുമുള്ള ചേതനവും അചേതനവുമായ വസ്തുക്കള്‍ പലതും നമ്മള്‍ പണിഞ്ഞുണ്ടാക്കുന്നതും, പ്രകൃതിയില്‍ നിന്നു നേരിട്ട് ലഭ്യമാകുന്നതുമായ പലതും നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്കൊപ്പം നില്‍ക്കുന്നതാണ്. സ്‌നേഹവും പരിചരണവും
നല്‍കുംബോള്‍ കല്ലുമലിയുമെന്ന സത്യം നമ്മുടെ പൂര്‍വികര്‍ മനസ്സിലാക്കിയിരുന്നു. തൂണിലും തുരുംബിലും ഈശ്വരന്റെ സ്‌നേഹം കണ്ടെത്തിയ അവര്‍ പ്രകൃതിയെ ആപാദചൂഢം സ്‌നേഹിച്ചു, വിശ്വസിച്ചു, സര്‍വ്വവും അവര്‍ക്കുചുറ്റും സ്‌നേഹിയ്ക്കപ്പടേണ്ടവയായി മാറി. തേങ്ങുന്ന തുടിയ്ക്കും, കരയുന്ന ചര്‍ക്കയ്ക്കും, തുരുംബിച്ച വിജാഗിരിയ്ക്കും അവര്‍ എണ്ണയൊഴിച്ച്. കാര്‍ഷികോപകരണങ്ങള്‍ വൃത്തിയാക്കി കുഞ്ഞുങ്ങളെ കുളിപ്പിച്ചു ശുദ്ധിയാക്കുന്ന സംതൃപ്തി അനുഭവിച്ചിരുന്നു. അചേതന വസ്തുക്കളോടുപോലുമുള്ള ഈ കാരുണ്യ പ്രകടനം അവരിലെ സ്‌നേഹത്തിന്റെ ഉറവ എത്ര ശക്തമായിരുന്നു എന്നു നമ്മെ മനസ്സിലാക്കിയ്ക്കുന്നു.കൊടുക്കല്‍ വാങ്ങലിന്റെ സാരള്യത നമ്മിലുണര്‍ത്തുന്ന ഹൃദയഹാരിയായ സ്‌നേഹത്തിന്റെ ആത്മീയ സൗന്ദര്യം നമ്മില്‍ നിന്നു നഷ്ടമായിക്കൊണ്ടിയ്ക്കുന്നു. സ്‌നേഹം പ്രകടനവും ആത്മസത്ത നഷ്ടപ്പെട്ട വെറും കാര്യ സാദ്ധ്യത്തിനുള്ള അഭിനയമായും പലപ്പോഴും തരം താഴ്ന്നു പോകുന്നതും നമുക്ക് ചുറ്റും പലപ്പോഴും നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള എല്ലാത്തിനോടും നാം മമത പുലര്‍ത്തിയിരുന്നു. അമ്മ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി മിനുക്കി, കുളിമുറിയും കക്കൂസും കഴുകി ശുദ്ധിയാക്കി വീടും പരിസരവും അടിച്ചുവെടിപ്പാക്കി, ഇഷ്ടഭക്ഷണങ്ങള്‍ പാകംചയ്തു നമ്മെയെല്ലാം കാത്തു പരിപാലിച്ചു. ഭൂമിയിലെ ഏറ്റവും ഉദാത്തമായ സ്‌നേഹം അമ്മയുടേതാണ്. നിസ്വാര്‍ത്ഥമായ ആ സ്‌നേഹമാണ് മനുഷ്യനെന്നും വിലപ്പട്ടത്. ഭൂമിയാം അമ്മയെ സ്‌നേഹിയ്ക്കുക പ്രകൃതിയെ ആദരിയ്ക്കാന്‍ പഠിയ്ക്കുക ഇവ നമ്മുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. കൊച്ചു കൊച്ചു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. അവ നമ്മളറിയാതെ നമ്മെ സ്വാധീനിച്ചിട്ടുമുണ്ട്. മുറ്റത്തെ തുളസിയ്ക്ക് വെള്ളം കൊടുത്തതിനു ശേഷം ജലപാനം ചെയ്യുന്ന മുത്തശ്ശിയും, കാക്കയ്ക്ക് ചോറു കൊടുത്തതിനു ശേഷം മക്കള്‍ക്കു പോലും ചോറു വിളംബുന്ന അമ്മയും കരുണയും കരുതലും ഉള്ളില്‍ സൂക്ഷിച്ചവരാണ് പ്രകൃതിയോട് ഇണങ്ങി നമുക്ക് ജീവിയ്ക്കാന്‍. ആവശ്യമായതെല്ലാം പ്രകൃതി നമുക്കായ് കാരുതിവെയ്ക്കും, പക്ഷെ പൊന്‍മുട്ടയിടുന്ന താറാവിനെ അറുക്കാനാണ് നമുക്ക് തിടുക്കം.
പ്രകൃതിയും ജീവജാലങ്ങളും നമുക്കന്ന്യമല്ല. അവ നമ്മുടെ ജിവ സന്ധാരണത്തിന് ഒപ്പം നില്‍ക്കുന്ന നമ്മുടെ സംരക്ഷണ കവചമാണ്. കീറിമുറിച്ച് നശിപ്പിച്ചു പുറത്തുകടക്കാനാണിപ്പോള്‍ മനുഷ്യന്‍ ശ്രമിയ്ക്കുന്നത്. അനന്തര ഫലങ്ങള്‍ നമ്മെ തേടിയെത്തുംബോള്‍ കരഞ്ഞിട്ടെന്തു കാര്യം.പാടത്തു പണിയെടുത്ത കര്‍ഷകനും, കയറു പിരിച്ചെടുത്ത തൊഴിലാളിയും, കാരുണ്യത്തിന്റെ പൊരുള്‍ അറിഞ്ഞവരായിരുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിലയറിഞ്ഞവരായിരുന്നു. ഭാരതീയ ഗ്രിമിണന്റെയുള്ളില്‍ പരുക്കനായ പുറംതോടിന്നുള്ളില്‍ പഴക്കം ചെന്നോരു സംസ്‌കാരം ഒളിഞ്ഞിരിക്കുന്നു. പരുഷമായ മുഖഭാവത്തിനപ്പുറം ആഴമേറിയ കാരുണ്യമുണ്ട്.ആ പുറംതോട് മാറ്റണം. അവന്റെ പട്ടിണിയും ഇന്നും വിട്ടൊഴിയാത്ത നിരക്ഷരതയും മാറ്റണം. സംസ്‌കാരചിത്തനായ ഒരു സ്വതന്ത്ര പൗരനായി അവന് ചിന്തിയ്ക്കാന്‍ കഴിയണം. എന്തിന്റെ പേരിലായാലും നിഷ്‌കളങ്കരെ കൊന്നൊടുക്കുന്ന ഭീകരവാദം ഒരിയ്ക്കലുമവന്റെ ഉണര്‍ത്തു പാട്ടാകില്ല. രാജ്യ സ്‌നേഹം അവനുള്ളില്‍ അലയടിയ്ക്കണം.അതിനു പൂര്‍ണ്ണമായും വിദ്യയുടെ വെളിച്ചം അവനിലേയ്ക്കു പകരണം. ഒരു തീവ്രവാദവും അവനെ സ്വാധീനിക്കുകയില്ല. സ്‌നേഹം, കലര്‍പ്പില്ലാത്ത സ്‌നേഹം അതൊന്നു മാതമേ നമ്മിലെ പൈശാചികതയേ അകറ്റി നിര്‍ത്തുകയുള്ളു.നഷ്ടമായതെല്ലാം തിരിച്ചെടുക്കാന്‍ നമുക്കാവില്ല, എങ്കിലുമൊരു നല്ല നാളേയ്ക്കുവേണ്ടികുറെയൊക്കെ നമുക്കും മാറാം
''സ്‌നേഹമാണഖിലസാരമൂഴിയില്‍''എന്ന് കുമാരനാശാന്‍ പാടി.
''സ്‌നേഹിയ്ക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു.'' തത്വശാസ്ത്രത്തെയും''ഇതാണു നാമും മനസ്സീലാക്കിയിരിയ്ക്കണ്ട തത്വം.


0 Comments